ദൈവികപദ്ധതിയും അപൂര്‍ണ്ണതയും

വിശദീകരണം തേടുന്ന വിശ്വാസം അധ്യായം-42

ഭൗതികതിന്മകളെ ദൈവാസ്തിത്വവുമായി പൊരുത്തപ്പെടുത്താന്‍ കഴിയുമോ എന്ന ചോദ്യമാണ് നാം കഴിഞ്ഞ അധ്യായത്തില്‍ ചര്‍ച്ച ചെയ്തത്. സൃഷ്ടി എന്ന നിലയില്‍ പ്രപഞ്ചം പേറുന്ന അപൂര്‍ണ്ണതയുടെ പ്രതിഫലനമാണ് പ്രാപഞ്ചികതിന്മകള്‍ എന്നു നാം കണ്ടുകഴിഞ്ഞു. ഈ നിഗമനത്തിന്‍റെ തുടര്‍ച്ചയായ ചില ചോദ്യങ്ങള്‍ നമുക്ക് ഈ അധ്യായത്തില്‍ പരിശോധിക്കാം.

ദൈവികപദ്ധതിയും അപൂര്‍ണ്ണതയും
ചോദ്യം(9): അപൂര്‍ണ്ണമായ പ്രപഞ്ചസൃഷ്ടിയാണ് സംഭവിച്ചതെങ്കില്‍, എന്തുകൊണ്ട് ഈ അപൂര്‍ണ്ണതകള്‍ ദൈവികപദ്ധതിയുടെ ഭാഗമാകുന്നു? എന്തുകൊണ്ട് കുറച്ചുകൂടി പൂര്‍ണ്ണത ആകാമായിരുന്ന മറ്റൊരു പ്രാപഞ്ചികക്രമം ദൈവം തെരഞ്ഞെടുത്തില്ല?

ഉത്തരം: ഭാഗം 1. ലളിതമായ ഉത്തരം നല്‍കാന്‍ സാധിക്കുന്ന ഒരു ചോദ്യമാണിത്. ദൈവം ഒരു സ്വതന്ത്രമനസ്സിന്‍റെ ഉടമയാണ്. ആത്യന്തികമായി, തന്‍റെ സ്വഭാവത്തിനു ചേര്‍ന്നവിധം സൃഷ്ടിയെ ഒരുക്കാന്‍ ദൈവത്തിന്‍റെ സ്വതന്ത്ര മനസ്സിനു സാധ്യമാണ്. ഒരു ശില്‍പ്പിക്ക് സ്വന്തം ശില്‍പ്പത്തിന്‍റെ രൂപകല്‍പ്പന ചെയ്യാന്‍ അവകാശമില്ലേ? ഒരു എഴുത്തുകാരന് സ്വന്തം കഥയുടെ ഒഴുക്ക് നിശ്ചയിക്കാന്‍ അവകാശമില്ലേ? പണിതീര്‍ന്ന ഒരു ശില്‍പ്പമായി ഈ ലോകത്തെ കാണുമ്പോള്‍ മാത്രമാണ് ശില്‍പ്പത്തിന്‍റെ അഭംഗികള്‍ ഒരു ചോദ്യ ചിഹ്നമായി കാഴ്ചക്കാരന്‍റെ മുമ്പില്‍ പ്രത്യക്ഷപ്പെടുന്നത്. ആ കാഴ്ച്ചപ്പാട് തെറ്റാണ്. ഈ ലോകം പണിതീര്‍ന്ന ഒരു ശില്‍പ്പമല്ല, മറിച്ച് പണിയപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ശില്‍പ്പമാണ്. പലപ്പോഴും വിശ്വാസികള്‍ പോലും തിരിച്ചറിയാത്തതോ അവഗണിക്കുന്നതോ മറക്കുന്നതോ ആയ ഒരു പ്രപഞ്ച വീക്ഷണമാണിത്. ബൈബിളിലെ വെളിപാട് ഗ്രന്ഥകാരന്‍റെ ഭാഷ യില്‍ പറഞ്ഞാല്‍ "ഒരു പുതിയ ആകാശവും പുതിയ ഭൂമിയും" ആകുന്നതുവരെ തുടരാനുള്ള നിര്‍മ്മാണമാണ് ഈ പ്രപഞ്ചത്തില്‍ നടക്കുന്നത്. ശില്‍പ്പം പണിയപ്പെടുന്ന പ്രക്രിയയെയാണ് അതിന്‍റെ അപൂര്‍ണ്ണതയും അഭംഗിയുമായി നാം വ്യാഖ്യാനിക്കുന്നത്.

ഉത്തരം: ഭാഗം 2. മറ്റൊരു രീതിയിലും ഈ ചോദ്യത്തെ സമീപിക്കാന്‍ നമുക്ക് സാധിക്കും. സൃഷ്ടി കര്‍മ്മം നിര്‍വ്വഹിക്കുന്ന ദൈവത്തിന്‍റെ സ്വതന്ത്രമനസ്സിനെ മനസ്സിലാക്കാന്‍ ഒരു സൃഷ്ടിക്ക് സാധ്യമാണോ? സ്ഥലകാലങ്ങളാല്‍ പരിമിതപ്പെടുത്തപ്പെട്ട നമ്മുടെ ബുദ്ധിക്ക്, ഈ സൃഷ്ടപ്രപഞ്ചത്തിനും അപ്പുറമുള്ള ദൈവത്തിന്‍റെ മനസ്സ് മുഴുവനായി ഗ്രഹിക്കാന്‍ സാധിക്കുമെന്ന് കരുതുന്നതുതന്നെ അബദ്ധമാണ്. ഈ ലോകത്തില്‍ വെളിവായിരിക്കുന്ന കാര്യങ്ങളില്‍നിന്ന് അനുമാനങ്ങള്‍ നടത്തുക എന്നതു മാത്രമാണ് സാധ്യമായിരിക്കുന്നത് (നാം ഇപ്പോള്‍ ചെയ്യുന്നതുപോലെ). സൃഷ്ടിയില്‍ വെളിപ്പെടാത്ത സത്യങ്ങള്‍ അജ്ഞാതമായി തുടരുന്നു. പൗലോസ് അപ്പസ്തോലന്‍റെ വാക്കുകളില്‍, 'ദൈവത്തോട് വാഗ്വാദം നടത്താന്‍ മനുഷ്യാ, നീ ആരാണ്? നീ എന്തിനാണ് എന്നെ ഈ വിധത്തില്‍ നിര്‍മ്മിച്ചതെന്ന് പാത്രം കുശവനോട് ചോദിക്കുമോ? ഒരേ കളിമണ്‍പിണ്ഡത്തില്‍നിന്ന് ശ്രേഷ്ഠമോ ഹീനമോ ആയ ഉപയോഗത്തിനുള്ള പാത്രങ്ങള്‍ നിര്‍മ്മിക്കാന്‍ കുശവന് അവകാശമില്ലേ?' സ്വന്തം പരിമിതികള്‍ക്കുള്ളില്‍ നിന്നു മാത്രമേ ഉത്തരം തേടാന്‍ സൃഷ്ടിക്ക് ആവുകയുള്ളൂ. മറ്റൊരു തരത്തിലുള്ള, കുറച്ചുകൂടി പൂര്‍ണ്ണതയുള്ള ഒരു ലോകം ദൈവത്തിന് സൃഷ്ടിക്കാമായിരുന്നു എന്നു വാദിക്കുന്നത്, ഈ രീതിയില്‍ നോക്കിയാല്‍, അര്‍ത്ഥരഹിതമാണ്.

അപൂര്‍ണ്ണതയില്‍ ദൈവത്തിന്‍റെ ഉത്തരവാദിത്വം
ചോദ്യം(10): അപ്പോള്‍ മറ്റൊരു ചോദ്യം ഉയര്‍ന്നുവരുന്നു പ്രപഞ്ചത്തിന്‍റെ അപൂര്‍ണ്ണമായ രൂപകല്‍പ്പന ദൈവത്തിന്‍റെ സ്വതന്ത്ര മനസ്സാണെങ്കില്‍, ആ അപൂര്‍ണ്ണതയില്‍ നിന്നു സംഭവിക്കുന്ന തിന്മകള്‍ക്ക് ദൈവമല്ലേ ഉത്തരവാദി?

ഉത്തരം 10: തീര്‍ച്ചയായും അങ്ങനെതന്നെ. അപൂര്‍ണ്ണമായ ശില്‍പ്പത്തിന്‍റെ അഭംഗിയുടെ ഉത്തരവാദി ശില്‍പ്പി ആകുന്നതു പോലെ, അപൂര്‍ണ്ണമായ പ്രാപഞ്ചികക്രിയകളുടെ അനന്തരഫലങ്ങള്‍ക്ക് ദൈവം തന്നെയാണ് ഉത്തരവാദി. ഒരു ഭൂകമ്പത്തില്‍ ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് ഏതെങ്കിലും മനുഷ്യന്‍ സമാധാനം പറയേണ്ടിവരുമെന്ന് ഒരു ദൈവ വിശ്വാസവും പഠിപ്പിക്കുന്നില്ല. മനുഷ്യര്‍ അവരുടെ സ്വതന്ത്ര മനസ്സിന്‍റെ വ്യാപാരങ്ങള്‍ മൂലം ചെയ്യുന്ന പ്രവൃത്തികള്‍ക്കു മാത്രമേ നാം തിന്മയുടെ ധാര്‍മികമാനം കല്‍പ്പിക്കാറുള്ളൂ.

ചോദ്യം(11): അപൂര്‍ണ്ണതയുടെ തിന്മകള്‍ക്ക് ദൈവം ഉത്തരവാദിയാണെങ്കില്‍, ദൈവത്തിനുള്ള ശിക്ഷ/നീതി എവിടെ?

ഉത്തരം 11. ഒരു ശില്‍പ്പത്തിന്‍റെ നിര്‍മ്മാണത്തിനിടെ രൂപപ്പെടുന്ന അഭംഗികള്‍ക്ക് ശില്‍പ്പി എന്തു ശിക്ഷയാണ് അനുഭവിക്കുന്നത്? അതിനെ നാം അനീതിയായി സങ്കല്‍പ്പിക്കാറില്ല. അതിന് വിധിന്യായം പുറപ്പെടുവിക്കാറുമില്ല. ശില്‍പ്പിയെ സംബന്ധിച്ചിടത്തോളം അതൊരു പ്രക്രിയ മാത്രമാണ്, വിധി കല്‍പ്പിക്കേണ്ടുന്ന ഒരു പ്രക്രിയയല്ല. എന്നു മാത്രമല്ല, നേരത്തെ സൂചിപ്പിച്ചതുപോലെ, ശില്‍പ്പ നിര്‍മ്മാണം കഴിഞ്ഞെങ്കില്‍ മാത്രമേ ഏതെങ്കിലും തരത്തിലുള്ള വിമര്‍ശനത്തിനും സാംഗത്യമുള്ളൂ. നിര്‍മ്മിക്കപ്പെട്ടുകൊണ്ടിരിക്കുന്ന പ്രപഞ്ചത്തിന്‍റെ കാര്യത്തില്‍ അത് ബാധകമല്ല.

അതുമാത്രമല്ല, ഇത്തരം അപൂര്‍ണ്ണതകളില്‍നിന്ന് നന്മ സൃഷ്ടിക്കാന്‍ ദൈവത്തിനു സാധ്യമാണെന്നു കരുതിയാല്‍ ആ ഉത്തരവാദിത്വം ദൈവം സ്വയം ഏറ്റെടുക്കുന്നുണ്ടെന്നും കരുതണം. ഒരു ഉദാഹരണം: പരിണാമം എന്നത് വിനാശകാരമായ ഒരു പ്രക്രിയയാണ്. പക്ഷേ, അതിന്‍റെ ഓരോ പടവിലും ജന്മമെടുക്കുന്ന ജീവജാലങ്ങള്‍ എത്രയോ മഹത്തരങ്ങളാണ്. പ്രകൃതി എന്നത് ദൈവത്തിന്‍റെ സൗന്ദര്യാത്മകതയുടെ ഒരു പ്രകടനമായി ഒരു വിശ്വാസിക്ക് കാണാന്‍ സാധിക്കും. ഒരു സ്ത്രീയുടെ പ്രസവവേദനയോളം വരുന്ന വേദനകള്‍ കുറവാണ്. പക്ഷേ, ആ വേദനയ്ക്കൊടുവില്‍ പുതു ജീവന്‍റെ നന്മയാണ് കൈവരുന്നത്. കേവലം ചപലമായ ഭൗതിക പ്രകൃതിയില്‍ തിന്മകള്‍ നന്മകളിലേക്ക് നയിക്കപ്പെടുന്നുണ്ടെങ്കില്‍, സര്‍വ്വശക്തനായ ഒരു ദൈവത്തിന് സര്‍വ്വ അപൂര്‍ണ്ണതകളില്‍ നിന്നും കുറച്ചുകൂടി മെച്ചപ്പെട്ട അവസ്ഥ സൃഷ്ടിക്കാന്‍ സാധിക്കുമെന്ന് അനുമാനിക്കാന്‍ കഴിയും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org