സ്വാതന്ത്ര്യത്തിന്‍റെ പ്രാധാന്യം

വിശദീകരണം തേടുന്ന വിശ്വാസം അധ്യായം-39

ബിനു തോമസ്, കിഴക്കമ്പലം

മനുഷ്യന്‍റെ സ്വതന്ത്രമനസ്സ് എന്ന അടിസ്ഥാനത്തിലാണ് ധാര്‍മികതിന്മകളുടെ ഉറവിടമെന്ന് നാം കണ്ടു. ഈ അടിസ്ഥാനത്തില്‍, ധാര്‍മികതിന്മകളുടെ ഉത്തരവാദിത്ത്വത്തില്‍നിന്ന് ദൈവത്തെ ഒഴിവാക്കാന്‍ സാധിക്കുമോ? ഇതിനെപ്പറ്റിയുള്ള ചില ചോദ്യങ്ങളാണ് ഈ അധ്യായത്തില്‍ പരിഗണിക്കു ന്നത്.

ചോദ്യം(5): സ്വാതന്ത്ര്യം എന്നത് അത്രയധികം മൂല്യമുള്ളതാകുന്നത് എന്തുകൊണ്ട്?

ഉത്തരം: മാനുഷികമായ ചില മാതൃകകളിലൂടെ നമുക്ക് ഈ ചോദ്യത്തിന്‍റെ ഉത്തരം ഊഹിക്കാന്‍ സാധിക്കും. സ്നേഹമാണ് ആത്യന്തിക നന്മ എന്നത് നമുക്ക് അനുഭവമുള്ളതാണ്. 'ദൈവം സ്നേഹമാണ്', 'സ്നേഹമാണഖിലസാര മൂഴിയില്‍' എന്നതൊക്കെ മനുഷ്യരാശിയെ സംബന്ധിച്ചിടത്തോളം സാര്‍വ്വത്രികതത്ത്വങ്ങളാണ്. പക്ഷേ, എങ്ങനെയാണ് സ്നേഹം മനുഷ്യന്‍ സാധ്യമാകുന്നത്? നാം പറയുന്നതൊക്കെ നമുക്ക് ചെയ്തുതരുന്ന ഒരു യന്ത്രം നമ്മെ സ്നേഹിക്കുന്നുണ്ടോ? ഒരു റോബോട്ടിന്‍ മറ്റൊരു റോബോട്ടിനെ സ്നേഹിക്കാന്‍ കഴിയുമോ?

മനുഷ്യന്‍റെ അനുഭവത്തില്‍, സ്വാതന്ത്ര്യമില്ലെങ്കില്‍ സ്നേഹം അസാധ്യമാണ്. സ്നേഹം ആത്മാര്‍ത്ഥമാകണമെങ്കില്‍, സ്വാതന്ത്ര്യം വേണം. ബുദ്ധിരാക്ഷസനായ ഒരു കമ്പ്യൂട്ടര്‍ സ്നേഹിക്കുന്നില്ല, അത് അനുസരിക്കുന്നത് മാത്രമേ ഉള്ളൂ. അത് സ്നേഹിക്കണമെങ്കില്‍, സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അനുവാദം നല്‍കുന്ന പ്രോഗ്രാം വേണ്ടിവരും. സ്വതന്ത്ര മനസ്സില്‍ നിന്നുള്ള സ്നേഹംമാത്രമേ തികച്ചും സ്നേഹമായി കരുതാന്‍ സാധിക്കൂ. തോക്കിന്‍കുഴലിന്‍റെ മുമ്പില്‍ നിര്‍ത്തി 'ഐ ലൗ യൂ' എന്നു പറയിക്കുന്നതില്‍ എന്താണ് അര്‍ത്ഥമുള്ളത്?

സ്നേഹം തന്നെയായ ദൈവത്തിന്‍, സൃഷ്ടിയില്‍ സ്വന്തം സ്നേഹം വെളിപ്പെടുത്തണമെങ്കില്‍, സ്വതന്ത്ര മനസ്സുള്ള സൃഷ്ടി അനിവാര്യമാണെന്നാണ് ഇതിനര്‍ത്ഥം. പക്ഷേ, സ്നേഹം സാധ്യമാക്കുന്ന സ്വതന്ത്രമനസ്സിന്‍റെ പാര്‍ശ്വഫലമാണ് അതിന്‍റെ ദുരുപയോഗം വഴിയുള്ള ധാര്‍മികതിന്മ. ഒന്നുകില്‍ നന്മതിന്മകളും അത് സാധ്യമാക്കുന്ന സ്വാതന്ത്ര്യവും ഇല്ലാത്ത ഒരു ലോകം. അല്ലെങ്കില്‍, സ്വാതന്ത്ര്യവും സ്നേഹവും അതിന്‍റെ പാര്‍ശ്വഫലമായ തിന്മയും ഉള്ള ഒരു ലോകം. ഇതാണ് ദൈവത്തിന്‍റെ മുമ്പില്‍ ഉള്ള രണ്ടു വഴികള്‍. ലോകസൃഷ്ടിയുടെ സമയത്തെ Design Choice എന്നു വേണമെങ്കില്‍ ആലങ്കാരികമായി പറയാം. സ്നേഹം തന്നെയായ ദൈവം, സ്നേഹം സാധ്യമാക്കുന്ന ലോകം തെരഞ്ഞെടുക്കുന്നു എന്നതില്‍ അസ്വാഭാവികത തെല്ലുമില്ല. ഏറ്റവും വലിയ മൂല്യമായ സ്നേഹം സാധ്യമാക്കുന്ന സ്വാതന്ത്ര്യത്തിന്‍റെ മൂല്യവും മറ്റെന്തിനേക്കാള്‍ മികച്ചതല്ലേ?

ചോദ്യം(6): സ്വാതന്ത്ര്യത്തിന്‍റെ അമൂല്യത അംഗീകരിച്ചാല്‍ തന്നെ, സ്വാതന്ത്ര്യത്തിന്‍റെ പാര്‍ശ്വഫലങ്ങള്‍ ഇല്ലാതാക്കുന്ന രീതിയില്‍ ലോകത്തെ സൃഷ്ടിക്കാന്‍ ദൈവത്തിനു കഴിയാത്തതെന്ത്?

ഉത്തരം: വളരെ ലളിതമായ ഒരുത്തരമുണ്ട്. അങ്ങനെ ചെയ്യുന്നത് ഒരു യുക്തിവൈരുദ്ധ്യമാണ്. പാര്‍ശ്വഫലങ്ങള്‍ ഒഴിവാക്കാവുന്ന സ്വാതന്ത്ര്യം യഥാര്‍ത്ഥ സ്വാതന്ത്ര്യമേയല്ല. ഇത് ചോദ്യം (2)-ല്‍ വിശദമായി പ്രതിപാദിച്ചിട്ടുള്ളതിനാല്‍ കൂടുതല്‍ വിശദീകരിക്കേണ്ടതില്ല. ദുരുപയോഗിക്കാന്‍ സാധിക്കാത്ത ഒരു സ്വാതന്ത്ര്യം എന്നുള്ളത് അതില്‍ത്തന്നെ വൈരുദ്ധ്യം നിറഞ്ഞതാണ്.

ചോദ്യം(6): തിന്മയുടെ ഉദ്ഭവം സ്വാതന്ത്ര്യത്തിന്‍റെ ദുരുപയോഗമാണെന്ന് അംഗീകരിച്ചാല്‍ത്തന്നെ, തിന്മയുടെ തിക്തഫലങ്ങള്‍ ഇല്ലാതാക്കാന്‍ ദൈവത്തിനു സാധ്യമല്ലേ? യുക്തിപരമായി അത് അസാധ്യമാണെന്നു പറയാന്‍ പറ്റില്ല. ഉദാഹരണത്തിന്, ഗോഡ്സേ തോക്കുചൂണ്ടി വെടിവച്ചത് അയാളുടെ സ്വതന്ത്രമനസ്സ്. പക്ഷേ, ഗാന്ധിജിയുടെ ജീവന്‍ എടുക്കാതിരിക്കാന്‍ ദൈവത്തിനു സാധിക്കും. അതില്‍ ഒരു യുക്തിവൈരുദ്ധ്യവുമില്ല. അപ്പോള്‍, ദൈവം എന്തു കൊണ്ട് അതു ചെയ്യുന്നില്ല?

ഉത്തരം: തിന്മയായ ഒരു പ്രവൃത്തിക്ക് രണ്ടുതലത്തിലുള്ള പരിണിത ഫലങ്ങള്‍ ഉണ്ടാകാം. ഒന്ന്, ഭൗതികമായ പരിണിതഫലം (ചോദ്യത്തിലെ ഉദാഹരണമെടുത്താല്‍, ഗാന്ധിജിയുടെ മരണം). രണ്ട്, ആത്മീയമായ പരിണിതഫലം (ഗോഡ്സേയ്ക്കും ഗാന്ധിജിക്കും ആത്മീയമായിവരുന്ന ഫലം).

ഭൗതികമായ പരിണിതഫലങ്ങള്‍ സംഭവിക്കുന്നത് ഭൗതിക പ്രകൃതിയുടെ പ്രവര്‍ത്തനങ്ങളിലൂടെയാണ്. വെടിയുണ്ട ഗാന്ധിജിയുടെ നെഞ്ചിനുനേരെ സഞ്ചരിക്കുന്നത് പ്രാപഞ്ചികനിയമങ്ങള്‍ അനുസരിച്ചാണല്ലോ. അതായത്, പ്രാപഞ്ചികക്രമത്തിന്‍റെ തിന്മയായിട്ട് അതിനെ കണക്കാക്കാന്‍ പറ്റും. പ്രാപഞ്ചികതിന്മകളെ വിശകലനം ചെയ്തതിനുശേഷം മാത്രമേ ഇതിനുള്ള മറുപടി പറയാന്‍ സാധിക്കൂ. അത് നമുക്ക് അടുത്ത അധ്യായങ്ങളില്‍ ചര്‍ച്ച ചെയ്യാം.

ആത്മീയമായ ദുര്‍ഫലങ്ങള്‍ ഇല്ലാതാക്കാന്‍ ദൈവം മനുഷ്യന്‍ മാര്‍ഗ്ഗം പഠിപ്പിച്ചിട്ടുണ്ട് എന്നതാണ് മിക്കവാറും എല്ലാ മതവിശ്വാസങ്ങളുടേയും കാതല്‍. ഉദാഹരണത്തിന്, ഒരു ക്രിസ്തുമത വിശ്വാസി പറയുന്നത് ദൈവം അത് മുന്‍കാലപ്രാബല്യത്തോടെ, എന്നേക്കുമായി സാധ്യമാക്കിക്കഴിഞ്ഞു എന്നാണ്. മനുഷ്യരുടെ സര്‍വത്ര സഹനങ്ങളും ഒരു കുരിശുമരണത്തോടെ ദൈവം തന്നെ ഏറ്റെടുത്തിരിക്കുന്നു, നാം അനുഭവിക്കുന്ന സഹനങ്ങള്‍ ക്രിസ്തുവില്‍ വിശ്വസിച്ച് ആ കുരിശിലെ ബലിയോട് ചേര്‍ത്തുവയ്ക്കേണ്ട ആവശ്യമേ ഉള്ളൂ. ഇതുപോലെ ഓരോ മതവും അതിന്‍റേതായ മാര്‍ഗ്ഗങ്ങള്‍ പഠിപ്പിക്കുന്നു. (ഇതിലെ ശരിതെറ്റുകള്‍ എന്ത് എന്നത് മറ്റൊരു ചോദ്യമാണ്. പക്ഷേ, തിന്മയുടെ ആത്മീയദുര്‍ഫലങ്ങള്‍ ഇല്ലാതാക്കാന്‍ ദൈവത്തിന് സാധ്യമാണ് എന്ന ഉത്തരം ലഭ്യമാണല്ലോ. അതിനപ്പുറം പോകേണ്ട ആവശ്യം ഇപ്പോള്‍ ഇല്ല).

ഇതു കൂടാതെ, മറ്റൊരു കാര്യവും ശ്രദ്ധിക്കണം. വെടിവച്ചാല്‍ ഗാന്ധിജി മരിക്കില്ല എന്നുണ്ടെങ്കില്‍, ഗോഡ്സേ വെടിവയ്ക്കാന്‍ ശ്രമിക്കുമോ? ഇല്ല. അപ്പോള്‍, ഫലത്തില്‍, തിന്മ ചെയ്യാന്‍ അസാധ്യമായ ഒരു ലോകത്തെപ്പറ്റിയാണ് ചോദ്യം. മുമ്പിലുള്ള ചോദ്യങ്ങളില്‍ വിശദമായി ഇതിന് ഉത്തരം നല്‍കപ്പെട്ടിട്ടുള്ളതാണ്.

ധാര്‍മിക തിന്മകളെപ്പറ്റിയുള്ള ഈ ചോദ്യോത്തരങ്ങള്‍ ഒരു കാര്യം സ്പഷ്ടമാക്കുന്നു-ധാര്‍മിക തിന്മകള്‍ ഉള്ള ഒരു ലോകം സര്‍വ നന്മയും സര്‍വശക്തനുമായ ഒരു ദൈവവുമായി പൊരുത്തപ്പെടുത്താവുന്നതാണ്. ഇനി അവശേഷിക്കുന്ന ചോദ്യം ഭൗതിക തിന്മകളെപ്പറ്റിയുള്ളതാണ്. ഇത് അടുത്ത അധ്യായങ്ങളില്‍ ചര്‍ച്ച ചെയ്യാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org