തിന്മയുടെ പ്രശ്നത്തോടുള്ള പ്രതികരണങ്ങള്‍

വിശദീകരണം തേടുന്ന വിശ്വാസം അധ്യായം-37

ബിനു തോമസ്, കിഴക്കമ്പലം

സ്വന്തം മുമ്പില്‍ കാണുന്ന ദുരിതങ്ങളോടും തിന്മകളോടും മനുഷ്യരുടെ പ്രതികരണങ്ങള്‍ രണ്ട് തലങ്ങളിലോ അവയുടെ മിശ്രണമായിട്ടോ ആണ് പ്രധാനമായും കാണപ്പെടുന്നത്. ഒന്ന്, വൈകാരികമായ പ്രതികരണം. രണ്ട്: ബൗദ്ധികമായ പ്രതികരണം.

തിന്മയോടുള്ള വൈകാരികപ്രതികരണം
സ്വന്തം കണ്മുന്നില്‍ അക്രമം വിജയിക്കുന്നത് കാണുമ്പോള്‍, അല്ലെങ്കില്‍ ദുരിതങ്ങള്‍ കാണുമ്പോള്‍, മനുഷ്യന് സ്വാഭാവികമായ ഒരു രോഷമോ നിരാശയോ ദുഃ ഖമോ ഒക്കെയാണ് അനുഭവപ്പെടുന്നത്. ആ രോഷം, നിരാശ, ദുഃഖം ഇതെല്ലാം ഒരു പ്രതിഷേധമായി പുറപ്പെടുന്നു. പലപ്പോഴും വാക്കുകള്‍ നഷ്ടപ്പെട്ടു പോകുന്ന ഒരു അവസ്ഥയാണ് ദുരിതങ്ങളുടേയോ അക്രമങ്ങളുടേയോ ഒക്കെ ഇരയായ ഒരാളുടെ മുമ്പിലെത്തിയാല്‍. സ്വന്തം പൈതലിനെ ക്യാന്‍സര്‍ രോഗത്താല്‍ നഷ്ടപ്പെട്ട അമ്മയോടു ചെന്ന് ദൈവത്തിന്‍റെ പേരില്‍ എത്രമാത്രം വാദമുഖങ്ങള്‍ അവതരിപ്പിക്കാന്‍ സാധിക്കും? വളരെ അപഹാസ്യമായ ഒരു സമീപനം മാത്രമായിരിക്കും അത്. ഇത്, തിന്മയുടെ വൈകാരികമായ ഒരു പ്രശ്നമാണ്.

തിന്മയുടെ ഈ വൈകാരികമായ വശത്തിനെ ഒരു വിശ്വാസി എങ്ങനെയാണ് സമീപിക്കേണ്ടത്? എനിക്ക് തോന്നുന്നത്, ഈ വൈകാരികവശത്തിന്, കൃത്യമായ ഒരു മറുപടിയേ ഉള്ളൂ. അത് സഹനത്തിന്‍റെയും ദുഃഖത്തിന്‍റെയും പങ്കുപറ്റല്‍ മാത്രമാണ്. വൈകാരികമായ പ്രക്ഷോഭത്തിലൂടെ കടന്നുപോകുന്ന ഒരുവന് ദൈവത്തിന്‍റെ സര്‍വ്വനന്മ വെളിവാകുന്നത് നന്മയുടെ അനുഭവങ്ങളിലൂടെ മാത്രമാണ്. നന്മയെന്നാല്‍ പ്രവൃത്തിയാണ്, വാദങ്ങളോ യുക്തിയോ ഒന്നും അതിന് ബദലാവില്ല. സഹനത്തിലുള്ള ഉള്‍ച്ചേരലിലൂടെ, സഹായത്തിലൂടെ മാത്രമേ തിന്മയുടെ വൈകാരികമായ പ്രശ്നത്തിന് പരിഹാരം കണ്ടെത്താന്‍ സാധിക്കൂ.

പക്ഷേ, ആ പങ്കുചേരല്‍ കൊണ്ടു മാത്രം തിന്മയുടെ പ്രശ്നം പരിഹരിക്കപ്പെടുന്നില്ല എന്ന കാര്യവും ഒരു വിശ്വാസി മനസ്സിലാക്കേണ്ടതുണ്ട്. തിന്മയുടെ ഇര ഒരുപക്ഷേ വൈകാരികമായി പൊരുത്തപ്പെട്ടെന്നു വരും. പക്ഷേ, തിന്മയുടെ ഇരയുടെ മനസ്സില്‍ വൈകാരികമായ തലങ്ങള്‍ക്കും താഴെ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ അവശേഷിക്കുന്നുണ്ടാവാം. അതുപോലെ, ചുറ്റുമുള്ള ആളുകളുടെ, തിന്മയ്ക്ക് സാക്ഷികളായ മനുഷ്യരുടെ – മനസ്സിലെ ചോദ്യങ്ങളും പരിഹരിക്കപ്പെടാതെ കിടക്കുന്നു. ഒന്നോ രണ്ടോ നിരവധിയോ ആയ അവസരങ്ങളില്‍ അടിച്ചമര്‍ത്തപ്പെടുന്ന ചോദ്യങ്ങള്‍ മറ്റൊരവസരത്തില്‍ അഗ്നിപര്‍വ്വതം പോലെ ചീറ്റിയൊഴുകുകയും വിശ്വാസത്തിന്‍റെ പച്ചപ്പുകളെ ദഹിപ്പിക്കുകയും ചെയ്തെന്നു വരാം. അവിടെയാണ് തിന്മയുടെ ബൗദ്ധികമായ പ്രതികരണത്തിന്‍റെയും അതിനുള്ള പരിഹാരത്തിന്‍റെയും പ്രസക്തി.

തിന്മയോടുള്ള ബൗദ്ധികമായ പ്രതികരണം
നന്മ തിന്മയുടെ ബൗദ്ധികമായ പ്രശ്നം പല രീതിയില്‍ രൂപീകരിക്കപ്പെട്ടിട്ടുണ്ട്. പൗരാണിക ഗ്രീക്ക് തത്ത്വചിന്തകനായിരുന്ന സോക്രട്ടീസ് 'യൂത്തിഫ്രോ' എന്ന പേരില്‍ അവതരിപ്പിച്ച വാദഗതി മുതല്‍, എപ്പിക്യൂരിയസ്, ഡേവിഡ് ഹ്യൂം തുടങ്ങിയ മഹാരഥന്മാരായ ചിന്തകരിലൂടെ ഇത് പല രീ തിയില്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇതിന്‍റെ ഏറ്റവും സാധാരണയായി കാണുന്ന രൂപം ഇതാണ്.

1. ദൈവം സര്‍വ്വനന്മയും സര്‍വ്വജ്ഞനും സര്‍വ്വശക്തിയുമാണ്.
2. തിന്മ ഉണ്ടെങ്കില്‍, ഒന്നുകില്‍ ദൈവം തിന്മയെ തടയാന്‍ ശക്തനല്ല.
3. അല്ലെങ്കില്‍, ദൈവത്തിന് തിന്മയെക്കുറിച്ച് സര്‍വ്വജ്ഞാനം ഇല്ല.
4. അല്ലെങ്കില്‍, ദൈവത്തിന് തിന്മ തടയാന്‍ മനസ്സില്ല.
5. തിന്മ നിലനില്ക്കുന്നു
6. തിന്മ നിലനില്ക്കുന്നതിനാല്‍, ഒന്നാമത്തെ പ്രസ്താവനയിലെ ദൈവം ഇല്ല.

ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം, ഇത് ഒരു ഊരാക്കുടുക്കാണ്. ഇത് അഴിക്കാന്‍ സാധ്യമാണോ?

ബൗദ്ധികമായ പ്രതികരണം – ചില സമീപനങ്ങള്‍
ലോകത്തിലെ പല തരത്തിലുള്ള വിശ്വാസസംഹിതകള്‍ പല രീതിയിലാണ് ഈ പ്രശ്നത്തോട് സൈദ്ധാന്തികമായി പ്രതികരിച്ചിട്ടുള്ളത്. അവയില്‍ പ്രധാനപ്പെട്ട ചില സമീപനങ്ങള്‍ ചുരുങ്ങിയ രീതിയിലെങ്കിലും അവലോകനം ചെയ്യുന്നത് നല്ലതാണ്.

ഒന്നാമത്തെ സമീപനം, ദൈവത്തെക്കുറിച്ചുള്ള സങ്കല്പ്പം അഴിച്ചുപണിയുക എന്നതാണ്. ദൈവം സര്‍വ്വശക്തനോ, സര്‍വ്വനന്മയോ അല്ലെങ്കില്‍ സര്‍വ്വജ്ഞാനിയോ ആയ ഒരു വൈയക്തികസാന്നിധ്യം അല്ലെങ്കില്‍ തിന്മയുടെ പ്രശ്നം സൈദ്ധാന്തികമായി പരിഹരിക്കപ്പെടുന്നു. പൗരാണികമായ പല ദൈവസങ്കല്പ്പങ്ങളിലും – ഗോത്രദൈവങ്ങള്‍, ഗ്രീക്ക് ദൈവ സങ്കല്പ്പങ്ങള്‍ മുതലായവയില്‍- ദേവന്മാര്‍ ചാപല്യമുള്ളവര്‍ ആയിരുന്നു. അതായത്, സര്‍വ്വനന്മയെന്ന് അവകാശപ്പെടാന്‍ സാധ്യമല്ലാത്ത ദൈവങ്ങള്‍. അത്തരം ദൈവസങ്കല്പ്പങ്ങളില്‍, തിന്മയും നന്മയും ദേവന്മാരുടെ കഴിവുകളിലും സ്വഭാവസവിശേഷതകളിലും അധിഷ്ഠിതമാണ്. ഇത്തരം മതങ്ങളില്‍, ഈ ചപലനായ ദൈവത്തെ പ്രീതിപ്പെടുത്തുക എന്നതിലാണ് പ്രാധാന്യം. ഇത്, ആദിമമതങ്ങളിലെ ദൈവസങ്കല്പ്പങ്ങളുടെ പൊതുസ്വഭാവമാണ്.

രണ്ടാമത്തെ സമീപനം, നന്മയും തിന്മയും പരസ്പര വിരുദ്ധമായ രണ്ട് ഉറവിടങ്ങളില്‍ നിന്ന് വരുന്നു എന്ന സങ്കല്പ്പമാണ്. അതായത്, ദൈവത്തിനു ബദലായ ഒരു ശക്തിയെ തിന്മയുടെ സ്രോതസ്സായി അവതരിപ്പിക്കുക. പാര്‍സി മതം പോലുള്ള പുരാതനമായ ചില ലോകവീക്ഷണങ്ങള്‍ ഈ മാര്‍ഗ്ഗമാണ് തിന്മയുടെ പ്രശ്നത്തിന് പരിഹാരമായി അവതരിപ്പിച്ചത്. ചുരുക്കത്തില്‍, ദൈവത്തിന്‍റെ സര്‍വ്വശക്തിയെ താല്ക്കാലികമായെങ്കിലും മാറ്റിനിര്‍ത്തുക എന്നതാണ് ഈ സമീപനം.

മൂന്നാമത്തെ രീതി, നന്മതിന്മകളുടെ വിഭജനം യഥാര്‍ത്ഥമല്ല എന്ന് സങ്കല്പ്പിക്കുന്നതാണ്. നന്മയും തിന്മയുമായി നാം അനുഭവിക്കുന്ന കാര്യങ്ങളുടെ യാഥാര്‍ത്ഥ്യം നമ്മില്‍ നിന്ന് മറക്കപ്പെട്ടിരിക്കുന്നു എന്ന സങ്കല്പ്പം. അഥവാ, അനുഭവങ്ങള്‍ മായയാണ് എന്ന ചിന്ത. ഹൈന്ദവപാരമ്പര്യത്തിലെ അദ്വൈതസങ്കല്പ്പം ഈ വഴിയാണ് സ്വീകരിച്ചിരിക്കുന്നത്. ചുരുക്കത്തില്‍, നന്മതിന്മകളുടെ യാഥാര്‍ത്ഥ്യമാണ് ഈ സമീപനത്തില്‍ ഇല്ലാതാക്കിയിരിക്കുന്നത്.

പക്ഷേ, ക്രൈസ്തവ സങ്കല്പ്പത്തിലെ ദൈവവുമായി ഇത്തരം സമീപനങ്ങള്‍ ഒത്തുപോകുന്നില്ല. സര്‍വ്വനന്മയെന്നും സര്‍വ്വശക്തനെന്നും ആദികാരണമെന്നും ദൈവത്തെ വാഴ്ത്തുന്ന ക്രൈസ്തവ വിശ്വാസികള്‍ക്ക് ഈ പരിഹാരങ്ങളൊന്നും മതിയാവില്ല. അപ്പോള്‍, തിന്മയുടെ ബൗദ്ധികപ്രശ്നത്തിന്‍റെ ക്രൈസ്തവദൈവസങ്കല്പ്പത്തില്‍ നിലനിന്നുകൊണ്ടുള്ള പരിഹാരമെന്ത്? അടുത്ത അദ്ധ്യായങ്ങളില്‍ അത് കാണാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org