സൃഷ്ടിവിവരണങ്ങളുടെ വായന

വിശദീകരണം തേടുന്ന വിശ്വാസം അധ്യായം-57

ഉല്‍പ്പത്തിയുടെ പശ്ചാത്തലവും സാഹിത്യരൂപവും നാം ഉപരിപ്ലവമായെങ്കിലും കഴിഞ്ഞ അദ്ധ്യായത്തില്‍ പരിചയപ്പെട്ടു. ഉല്‍പ്പത്തിയിലെ ആദ്യഭാഗങ്ങളെ മിത്തോ-ഹിസ്റ്റോറിക്കല്‍ ആയിട്ടുള്ള സാഹിത്യരൂപമായിട്ടാണ് കാണേണ്ടതെന്നും നാം കണ്ടു. പശ്ചാത്തല സംസ്കാരങ്ങളുടെ സമാനതകളില്‍നിന്നും വ്യത്യസ്ഥതയില്‍ നിന്നും മിത്തോ-ഹിസ്റ്ററിക്കല്‍ ആയിട്ടുള്ള ഗ്രന്ഥങ്ങളെ സമീപിക്കേണ്ടതിന്‍റെ ആവശ്യകതയും നാം കണ്ടുകഴിഞ്ഞു. ഉല്‍പ്പത്തിയിലെ ആദ്യഭാഗങ്ങളില്‍ നിന്ന് ഇപ്രകാരമുള്ള സമീപനത്തിലൂടെ വായിച്ചെടുക്കാവുന്ന സന്ദേശം എന്താണെന്ന് നമുക്ക് പരിശോധിക്കാം.

സൃഷ്ടിവിവരണങ്ങളുടെ വായന – ഒരു പശ്ചാത്തല താരതമ്യം
മദ്ധ്യപൂര്‍വ്വ ദേശത്തെ സമാനമായ വിവരണങ്ങളില്‍നിന്ന് ഉല്‍പ്പത്തിയുടെ വിവരണങ്ങള്‍ എപ്രകാരമാണ് വ്യത്യസ്തമായിരിക്കുന്നത്? ഒട്ടനവധി വിവരണങ്ങളും വ്യത്യസ്ഥതകളും ഉള്ളതിനാല്‍ അവയെല്ലാം വിശദമായി സ്പര്‍ശിക്കുന്ന ഒരു വായന ഈ പരമ്പരയില്‍ അസാധ്യമാണ്. അതുകൊണ്ട്, ഒരു ചെറിയ ഉദാഹരണം മാത്രം എടുത്തുകൊണ്ട്, എപ്രകാരം ഈ വായന നടത്താന്‍ നമുക്ക് സാധിക്കുമെന്ന് നോക്കാം.

ഉല്‍പ്പത്തിയുടെ ഒന്നാം അദ്ധ്യായത്തിലെ സൃഷ്ടിവിവരണം, ബാബിലോണിയന്‍ സൃഷ്ടിവിവരണമായ 'എനുമ എലിഷ്'-മായി സദൃശ്യമാണ്. ഈ രണ്ടു വിവരണങ്ങള്‍ക്കും പരസ്പരബന്ധം ഉണ്ടാകാനാണ് സാധ്യത. ഇവ തമ്മിലുള്ള സാദൃശ്യങ്ങള്‍ പ്രകടമാണ് – സൃഷ്ടികള്‍ക്ക് എല്ലാം മുമ്പേ ഉള്ള 'ജലം', ജലമധ്യത്തിലെ വിതാനം, അവസാനമായുള്ള മനുഷ്യന്‍റെ സൃഷ്ടി തുടങ്ങിയവ ഉദാഹരണങ്ങള്‍.

പക്ഷേ, എന്തൊക്കെയാണ് ബാബിലോണിയന്‍ സംസ്കാരത്തിന്‍റെയും യഹൂദ പാരമ്പര്യങ്ങളുടേയും സൃഷ്ടിവിവരണങ്ങള്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍? ഒരേയൊരു ദൈവം എന്ന ചിന്തയും, സൃഷ്ടിയുടെ ക്രമവും നന്മയും മുതലായ ആശയങ്ങള്‍ ഉല്‍പ്പത്തിയുടെ വിവരണത്തിന്‍റെ സവിശേഷതകളാണ്. 'എനുമ എലിഷ്' എന്ന ബാബിലോണിയന്‍ സങ്കല്‍പ്പം അവതരിപ്പിക്കുന്നത് പരസ്പരം മത്സരിക്കുന്ന അനേകം ദേവന്മാരെയാണ്. അവരുടെ മത്സരങ്ങളുടെ ഒരു ഫലവും വേദിയുമാണ് പ്രപഞ്ചം. അതുകൊണ്ടു തന്നെ പ്രപഞ്ചസൃഷ്ടിക്കോ വികാസത്തിനോ കൃത്യമായ ഒരു ക്രമവും നന്മയും ഈ സങ്കല്‍പ്പം അവതരിപ്പിക്കുന്നില്ല.

ബൈബിളിലെ സൃഷ്ടിവിവരണത്തിലേക്ക് വരുമ്പോള്‍, ദേവന്മാരും അവരുടെ മാത്സര്യവും അപ്രത്യക്ഷമാകുന്നു. ഏകദൈവം പ്രത്യക്ഷപ്പെടുന്നു. ഈ ഏകദൈവം സൃഷ്ടിക്കുന്നത് നന്മയും ക്രമവുമുള്ള ഒരു സൃഷ്ടിയെയാണ്. ഇതാണ് ബൈബിളിലെ സൃഷ്ടിവിവരണത്തില്‍നിന്ന് വായിച്ചെടുക്കാവുന്ന നൂതനമായ ഒരു കാഴ്ച്ചപ്പാട്.

ഇത് ഒരു ഉദാഹരണം മാത്രമാണ്. ഉല്‍പ്പത്തിയുടെ ആദ്യഭാഗത്തെ സമീപിക്കേണ്ടതെന്നതിന്‍റെ രീതിശാസ്ത്രത്തിന്‍റെ ഒരു ആവിഷ്കാരം. ഇതുപോലെയുള്ള മറ്റു സാദൃശ്യങ്ങളും വ്യത്യസ്തതകളും കൂട്ടിച്ചേര്‍ത്ത് വായിക്കുമ്പോഴാണ് ഉല്‍പ്പത്തിയുടെ സൃഷ്ടിവിവരണം അന്നത്തെ ജനതയോട് പറയുന്ന സത്യങ്ങള്‍ വെളിപ്പെടുന്നത്.

സൃഷ്ടിവിവരണങ്ങള്‍ നമ്മോട് എന്തു പറയുന്നു?
ഇപ്രകാരമുള്ള വായനകള്‍ കൊണ്ട് വികസിക്കുന്ന ബൈബിള്‍ വ്യാഖ്യാനം എന്താണ്? മതബോധനഗ്രന്ഥം 289 ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. 'ഉല്‍പ്പത്തിയിലെ ആദ്യത്തെ മൂന്ന് അധ്യായങ്ങള്‍ക്ക് അനന്യമായ സ്ഥാനമാണുള്ളത്. സാഹിത്യരൂപത്തിന്‍റെ കോണില്‍നിന്നു നോക്കിയാല്‍, ഇവയ്ക്ക് വിഭിന്നമായ ഉറവിടങ്ങളുണ്ട്. ദൈവനിവേശിതരായ ഗ്രന്ഥകാരന്മാര്‍, അവയെ വിശുദ്ധ ലിഖിതങ്ങളുടെ തുടക്കത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്നു. അത്, സൃഷ്ടിയെപ്പറ്റിയുള്ള സത്യം ആവിഷ്കരിക്കുന്നതിനു വേണ്ടിയാണ് – ദൈവത്തിലുള്ള സൃഷ്ടിയുടെ ആരംഭവും അവസാനവും, നന്മയുടെ ക്രമം, മനുഷ്യന്‍റെ വിളി, പാപവും രക്ഷയുടെ പ്രതീക്ഷയും.'

മതബോധനഗ്രന്ഥം 337 മുതല്‍ 349 വരെയുള്ള ഖണ്ഡികകള്‍, ഉല്‍പ്പത്തിയിലെ സൃഷ്ടിവിവരണത്തില്‍ നിന്ന്, ഇപ്രകാരമുള്ള വ്യാഖ്യാനത്തിലൂടെ നാം വായിച്ചെടുക്കേണ്ട സന്ദേശങ്ങള്‍ വിശദീകരിക്കുന്നുണ്ട്. ചുരുങ്ങിയ വാക്യങ്ങളില്‍, എന്താണ് സൃഷ്ടിവിവരണത്തിന്‍റെ സന്ദേശമെന്ന് സഭ പഠിപ്പിക്കുന്നു.

1. സൃഷ്ടിയുടെ അസ്ഥിത്വത്തിന് ദൈവത്തിന്മേലുള്ള ആശ്രയത്വം. സര്‍വ്വസൃഷ്ടിയും നിലനില്‍പ്പിന്‍റെ അടിസ്ഥാനത്തിന് ആശ്രയിക്കുന്നത് ദൈവത്തിലാണ്.

2. ഓരോ സൃഷ്ടിക്കും തനതായുള്ള നന്മയും അതിന്‍റേതായ പൂര്‍ണ്ണതയും. അനന്യമായ അനേകം സൃഷ്ടികളാണ് ദൈവഭാവനയില്‍ ഉരുത്തിരിഞ്ഞത്.

3. സൃഷ്ടികളുടെ പാരസ്പര്യം. പരസ്പരം ബന്ധപ്പെട്ടു നില്‍ക്കുന്ന സൃഷ്ടപ്രപഞ്ചം.

4. സൃഷ്ടിയുടെ നന്മയും സൗന്ദര്യം. എല്ലാം 'നല്ലത്' ആയിട്ടാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.

5. സൃഷ്ടിയുടെ ക്രമം. സൃഷ്ടവസ്തുക്കള്‍ക്ക് ഒരു ക്രമമുണ്ട്. ആ ക്രമം സൃഷ്ടിയുടെ അന്തസത്തയാണ്.

6. സൃഷ്ടിയില്‍ മനുഷ്യന്‍റെ ഔന്നത്യം. മനുഷ്യന് ദൃശ്യമായ സൃഷ്ടവസ്തുക്കളില്‍ ദൈവവുമായി ഏറ്റവും അടുത്തായി നില്‍ക്കുന്നു.

7. സൃഷ്ടികളുടെ പരസ്പര ഐക്യമത്യം. ഒന്നായി ദൈവമഹത്ത്വത്തെ വിളിച്ചോതേണ്ടതാണ് സൃഷ്ടികള്‍.

8. സൃഷ്ടികളുടെ നിയോഗം ദൈവാരാധനയും ദൈവ മഹത്വീകരണവും. സൃഷ്ടിക്ക് ഒരു നിയോഗമുണ്ട്, ലക്ഷ്യമുണ്ട് – അത് സൃഷ്ടാവിനെ മഹത്വീകരിക്കുക എന്നതാണ് (സാബത്ത്).

വിസ്താരഭയത്താല്‍, ഈ സന്ദേശങ്ങളുടെ തുടര്‍ വിശദീകരണങ്ങള്‍ ഇവിടെ എടുത്ത് അവതരിപ്പിക്കുന്നില്ല. എപ്രകാരമാണ് ഈ വ്യാഖ്യാനങ്ങളിലേക്ക് സഭ എത്തിച്ചേര്‍ന്നത് എന്നും വിശദീകരിക്കേണ്ടതുമില്ല. വളരെ ലളിതവും, കാര്യമാത്ര പ്രസക്തവുമാണ് ഈ വായന.

ഈ വിശദീകരണങ്ങള്‍ സസൂക്ഷ്മം വിലയിരുത്തിയാല്‍, നമുക്ക് ഊഹിക്കാന്‍ സാധിക്കുന്ന ഏതാനും അനുമാനങ്ങള്‍ ഇവയിലുണ്ട്. എന്താണ് സൃഷ്ടിവിവരണം നമ്മോട് പറയുന്നത് എന്നതുപോലെ തന്നെ പ്രധാനമാണ് എന്ത് നമ്മോട് പറയുന്നില്ല എന്നു തിരിച്ചറിയുന്നതും. നമ്മുടെ വ്യാഖ്യാനങ്ങള്‍ കാടുകയറാതിരിക്കാന്‍ ഈ അതിരുകള്‍ തിരിച്ചറിയേണ്ടതുണ്ട്. എന്തൊക്കെയാണ് അവയെന്ന് നമുക്ക് അടുത്ത അധ്യായത്തില്‍ കാണാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org