സൃഷ്ടിവിവരണങ്ങളുടെ അതിരുകള്‍

വിശദീകരണം തേടുന്ന വിശ്വാസം അധ്യായം-58

ഉല്‍പ്പത്തിയിലെ സൃഷ്ടി വിവരണങ്ങളെ മിത്തോ-ഹിസ്റ്റോറിക്കല്‍ സാഹിത്യരൂപമെന്ന രീതിയില്‍ സമീപിക്കുമ്പോള്‍, ആ വിവരണങ്ങള്‍ നല്‍കുന്ന സന്ദേശം എന്താണെന്ന് സഭയുടെ മതബോധനഗ്രന്ഥത്തിലൂടെ നാം കഴിഞ്ഞ അധ്യായത്തില്‍ കണ്ടു. എന്താണ് സൃഷ്ടിവിവരണം നമ്മോട് പറയുന്നത് എന്നതുപോലെ തന്നെ പ്രധാനമാണ് എന്ത് നമ്മോട് പറയുന്നില്ല എന്നു തിരിച്ചറിയുന്നതും. നമ്മുടെ വ്യാഖ്യാനങ്ങള്‍ കാടുകയറാതിരിക്കാന്‍ ഈ അതിരുകള്‍ തിരിച്ചറിയേണ്ടതുണ്ട്.

സൃഷ്ടിവിവരണങ്ങളുടെ ഭൗതികവിശദാംശങ്ങള്‍
സൃഷ്ടികര്‍മ്മത്തിന്‍റെ സമയവും അതുപോലുള്ള ചില ഭൗതികവസ്തുതകളും (ഏഴു ദിവസങ്ങള്‍, പകല്‍, രാത്രി, ഭൂമിക്കു മീതെയുള്ള ജലവിതാനം മുതലായവ) ഉല്‍പ്പത്തിയിലെ സൃഷ്ടി വിവരണത്തില്‍ ദൃശ്യമാണ്. ഈ വസ്തുതകളെ നാം എങ്ങനെയാണ് മനസ്സിലാക്കേണ്ടത്?

1. ഇത്തരം വസ്തുതകള്‍, സൃഷ്ടിവിവരണങ്ങള്‍ പറയപ്പെട്ട/എഴുതപ്പെട്ട കാലഘട്ടങ്ങളിലെ സംസ്കാരങ്ങള്‍ ലോകത്തെ മനസ്സിലാക്കിയിരുന്ന രീതി ആണെന്ന് വ്യക്തമാണ്. അവയെ യഥാര്‍ത്ഥ സത്യങ്ങള്‍ എന്ന രീതിയിലല്ല സഭയുടെ മതബോധനഗ്രന്ഥവും അവതരിപ്പിച്ചിരിക്കുന്നത്. അപ്പോള്‍, സൃഷ്ടി വിവരണം അവതരിപ്പിക്കുന്ന യഥാര്‍ത്ഥ താത്ത്വികസത്യങ്ങളു ടെ മിത്തോ-ഹിസ്റ്ററിക്കല്‍ മാധ്യമമെന്ന രീതിയില്‍ അത്തരം വിശദാംശങ്ങളെ മനസ്സിലാക്കുന്നതാണ് ഉചിതം. എപ്രകാരമാണ് ഓരോ സൃഷ്ടിയും ഉണ്ടായതെന്നോ, ഓരോ സൃഷ്ടിയും ഉരുത്തിരിഞ്ഞ സമയക്രമമോ പഠിപ്പിക്കുവാനല്ല ഉല്‍പ്പത്തി ഗ്രന്ഥകാരന് (മാര്‍) ആ ആഖ്യാനങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. മറിച്ച്, ഒരു ചിത്രകാരന് ചിത്രം വരയ്ക്കാന്‍ ഉപയോഗിക്കുന്ന ക്യാന്‍വാസുപോലെ ഈ വിശദാംശങ്ങളെ മനസ്സിലാക്കണം. ചിത്രകാരന്‍റെ ഭാവനയില്‍ വിരിയുന്ന സൃഷ്ടി, ആ ക്യാന്‍വാസില്‍ പതിയുന്ന ചിത്രമാണ്. ആ ചിത്രത്തിന് നിലനില്‍ക്കാനുള്ള ഒരു പശ്ചാത്തലം മാത്രമേ ക്യാന്‍വാസ് പ്രദാനം ചെയ്യുന്നുള്ളൂ. സൃഷ്ടിവിവരണത്തിലെ ഭൗതികവിശദാംശങ്ങളെയും ഇപ്രകാരമാണ് മനസ്സിലാക്കേണ്ടത്.

2. ശാസ്ത്രീയമായ അറിവുകള്‍ വികസിക്കാത്ത കാലത്ത് മനുഷ്യര്‍ ഈ വിവരണങ്ങളെ അവരുടെ ശാസ്ത്രമായി പരിഗണിച്ചിരുന്നു എന്നത് ഒരു വസ്തുതയാണ്. പക്ഷേ, അന്നത്തെ ഭൗതിക വിശദീകരണങ്ങള്‍ എന്നെന്നും തുടരേണ്ടതാണ് എന്ന ആശയമൊന്നും ഈ വിവരണങ്ങളില്‍ നാം കാണുന്നില്ല. അക്ഷരാര്‍ത്ഥത്തില്‍ പരസ്പരം പൊരുത്തപ്പെടാത്ത ചില വിശദാംശങ്ങള്‍ ഈ വിവരണങ്ങളില്‍ നമുക്ക് കാണാന്‍ കഴിയുമെന്ന് നാം ഇതിനകം കണ്ടിരുന്നല്ലോ. അപ്പോള്‍, ഈ ഭൗതികവിശദാംശങ്ങളുടെ ശാസ്ത്രീയയാഥാര്‍ത്ഥ്യം ഗ്രന്ഥകാരന് പ്രധാനമായിരുന്നില്ല എന്നു നമുക്ക് ഊഹിക്കാം. പ്രപഞ്ചത്തെപ്പറ്റി നമ്മുടെ അറിവുകള്‍ വികസിക്കുന്നതനുസരിച്ച്, ഇത്തരം വിശദാംശങ്ങളെ നാം പുനര്‍വ്യാഖ്യാനം ചെയ്യുന്നതില്‍ അസ്വാഭാവികത കാണേണ്ടതില്ല.

സൃഷ്ടിയുടെ ശാസ്ത്രീയ സിദ്ധാന്തങ്ങള്‍
സൃഷ്ടപ്രപഞ്ചത്തിന്‍റെ വികാസത്തെപ്പറ്റി, ഇന്ന് ശാസ്ത്രലോകം പരക്കെ അംഗീകരിച്ചിരിക്കുന്ന സിദ്ധാന്തങ്ങളാണ് മഹാവി സ്ഫോടനവും (പ്രപഞ്ചസൃഷ്ടിയും അതിന്‍റെ വികാസവും) പരിണാമ സിദ്ധാന്തവും (ഭൂമിയിലെ ജീവജാലങ്ങളുടെ വികാസം). ഇവയെയോ, അല്ലെങ്കില്‍ ഇവയ്ക്ക് ബദലായി ശാസ്ത്ര ലോകം ചര്‍ച്ച ചെയ്യുന്ന മറ്റു സിദ്ധാന്തങ്ങളോ ഉള്‍ക്കൊള്ളാതിരിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്ന വിശ്വാസ-ധാര്‍മികതത്ത്വങ്ങള്‍ ഒന്നും തന്നെയും ഉല്‍പ്പത്തിയിലെ സൃഷ്ടിവിവരണങ്ങളില്‍ ദൃശ്യമല്ല. അതുകൊണ്ടുതന്നെ, പ്രപഞ്ചത്തിന്‍റെയും ജീവന്‍റെയും വികാസത്തിന് ശാസ്ത്രം നല്‍കുന്ന അറിവുകളെ സംശയിക്കുവാനും ചോദ്യം ചെയ്യുവാനും ഉല്‍പ്പത്തിയുടെ സൃഷ്ടിവിവരണം ഒരു കാരണമല്ല. പക്ഷേ, അത്തരമൊരു സംശയം വിശ്വാസികളുടെ പൊതുബോധത്തില്‍ പലപ്പോഴും ദൃശ്യമാണ്. ഈ മനോഭാവത്തെ ഉടച്ചുവാര്‍ക്കുവാന്‍ വിശ്വാസികളും സഭാനേതൃത്വവും വ്യക്തിപരമായും കൂട്ടായും ബോധപൂര്‍വം പ്രവര്‍ത്തിക്കേണ്ട സമയം വൈകിയിരിക്കുന്നു.

പക്ഷേ, ഇതോടൊപ്പം, ശാസ്ത്രീയവിശദീകരണങ്ങളെ ശാസ്ത്രം മൗനമായിരിക്കുന്ന തലങ്ങളിലേക്ക് വ്യാഖ്യാനിച്ച് ശാസ്ത്രത്തെ വിശ്വാസത്തിനു വിരുദ്ധമായി ചിത്രീകരിക്കുന്ന കേന്ദ്രങ്ങളെ തിരിച്ചറിയാനും വിശ്വാസിക്ക് സാധിക്കണം. മുമ്പ് വിശദമായി പ്രതിപാദിച്ചിരുന്ന 'സയന്‍റിസം' എന്ന ലോകവീക്ഷണത്തില്‍ നിന്നാണ് ഇത്തരം വ്യാഖ്യാനങ്ങള്‍ വരുന്നത്. ഉദാഹരണത്തിന്, പരിണാമസിദ്ധാന്തം ദൈവത്തെ അപ്രസക്തമാക്കിയിരിക്കുന്നു എന്ന മട്ടിലുള്ള വാദങ്ങള്‍ ഇത്തരം സയന്‍റിസത്തിന് ഉദാഹരണമാണ്. കഴിഞ്ഞ അദ്ധ്യായങ്ങളില്‍ വിശദീകരിച്ചിരുന്നതനുസരിച്ച്, പരിണാമം ജീവന്‍റെ വികാസത്തിന്‍റെ ദ്വിതീയ- യാന്ത്രിക കാരണമായും, സൃഷ്ടി വിവരണത്തിലെ വിശ്വാസസത്യങ്ങള്‍ ദൈവത്തിന്‍റെ പ്രാഥമിക- കര്‍തൃത്വ കാരണമായും മനസ്സിലാക്കുന്നതാണ് ഒരു വിശ്വാസിക്ക് കരണീയമായിട്ടുള്ളത്.

അമേരിക്കയിലെ കെമിക്കല്‍ സയന്‍റിസ്റ്റും തിയോളജിയനുമായ ഡോ. സ്റ്റേസി ട്രാന്‍സ്കോസ്, ഒരു ലളിതമായ ഉദാഹരണത്തിലൂടെ ഈ സമന്വയം വിശദീകരിക്കുന്നുണ്ട്. തന്‍റെ കണ്‍പോളകള്‍ ചിമ്മുന്നതുപോലും ദൈവമനസ്സോടെ ആണെന്നാണ് ഒരു വിശ്വാസി കരുതുന്നത്. ദൈവമില്ലാതെ തനിക്കോ താന്‍ ഏര്‍പ്പെടുന്ന ഒരു പ്രക്രിയയ്ക്കുമോ അസ്ഥിത്വമില്ല എന്ന തിരിച്ചറിവാണത്. പക്ഷേ, കണ്‍പോളകള്‍ ചിമ്മുന്നതിന് ഒരു ശാസ്ത്രീയ വിശദീകരണം ഉണ്ടെന്ന് ആരെങ്കിലും പറഞ്ഞാല്‍ ആ വിശ്വാസിക്ക് ഞെട്ടലൊന്നും ഉണ്ടാകുന്നുമില്ല, ആ വിശദീകരണം അംഗീകരിക്കാന്‍ അയാള്‍ മടി കാണിക്കുന്നുമില്ല. അങ്ങനെയെങ്കില്‍, ജീവജാലങ്ങള്‍ പരിണമിക്കുന്നതിനും ഒരു ശാസ്ത്രീയവിശദീകരണം ഉണ്ടെന്ന് തിരിച്ചറിഞ്ഞാല്‍ ഒരു വിശ്വാസിക്ക് ഞെട്ടലോ, ആ വിശദീകരണം അംഗീകരിക്കാന്‍ മടിയോ ഉണ്ടാകേണ്ടതില്ല. കണ്‍പീളകള്‍ ചിമ്മുന്നതുപോലെ തന്നെയുള്ള മറ്റൊരു ജൈവികപ്രവര്‍ത്തനം മാത്രമല്ലേ പരിണാമത്തിന്‍റെ ജൈവികമാറ്റങ്ങളും?

ഏതെങ്കിലും ശാസ്ത്രസത്യത്തില്‍ വിശ്വസ്സിക്കണമെന്നോ വിശ്വസിക്കരുതെന്നോ സഭ പഠി പ്പിക്കുന്നില്ല. വിശ്വാസസത്യങ്ങളുടെ പ്രമേയം അതല്ലല്ലോ. പക്ഷേ, ശാസ്ത്രീയമായി തെളിയിക്കപ്പെട്ട കാര്യങ്ങളെ അംഗീകരിക്കുന്നതാണ് ആര്‍ക്കും കരണീയം. പരിണാമത്തെ പോപ്പ് ഫ്രാന്‍സിസ് അംഗീകരിച്ചു സംസാരിച്ചത് ഇക്കഴിഞ്ഞ നാളുകളില്‍ വലിയ വാര്‍ത്ത ആയിരുന്നല്ലോ. ഏതോ പുതിയകാര്യം നടന്ന രീതിയില്‍ ചില കേന്ദ്രങ്ങള്‍ ആ വാര്‍ത്ത പ്രചരിപ്പിച്ചു. എന്നാല്‍, മുക്കാല്‍ നൂറ്റാണ്ടു മുന്‍പ്, 1950-ലെ 'ഹുമാനി ജനരിസ്' എന്ന ചാക്രികലേഖനത്തില്‍ പന്ത്രണ്ടാം പിയൂസ് പാപ്പാ എഴുതിയത് ശ്രദ്ധിക്കുക – 'ശാസ്ത്രത്തിന്‍റെയും ദൈവശാസ്ത്രത്തിന്‍റെയും ഇന്നത്തെ നില അനുസരിച്ച്, ജൈവപദാര്‍ത്ഥത്തില്‍ നിന്ന് മനുഷ്യശരീരം ഉണ്ടായതിനെപ്പറ്റി അന്വേഷിക്കുന്നതില്‍, ഈ ഇരുമേഖലകളിലും ഗവേഷണവും ചര്‍ച്ചകളും നടത്തുന്നതിന് സഭയുടെ പ്രബോധനാധികാരം തടസ്സം നില്‍ക്കുന്നില്ല – മനുഷ്യാത്മാവിന്‍റെ സ്രഷ്ടി ദൈവം നടത്തുന്നു എന്നാണ് സഭയുടെ വിശ്വാസം.'

ഈ ചാക്രികലേഖനം മുക്കാല്‍ നൂറ്റാണ്ട് പിന്നിട്ടിട്ടും, അതിന്‍റെ അന്തസത്ത ഇന്നും ഉള്‍ക്കൊള്ളുവാന്‍ മടിക്കുന്ന അനേകം വിശ്വാസപ്രചാരകരെയും വിശ്വാസികളേയും നമുക്ക് കാണാം. ഈ നിലപാട് സഭയുടെയും വിശ്വാസത്തിന്‍റെയും വിഹായസ്സുകളെ ചുരുക്കുന്ന ഒന്നാണ്. സത്യത്തെ അംഗീകരിക്കേണ്ടതും അതിനോടൊപ്പം ചേര്‍ന്നുപോകേണ്ടതും ഒരു വിശ്വാസിയുടെ കടമയാണല്ലോ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org