പ്രാഥമികകാരണവും ദ്വിതീയകാരണവും

വിശദീകരണം തേടുന്ന വിശ്വാസം അധ്യായം-52

ശാസ്ത്രനിയമങ്ങള്‍ എന്നത് തെറ്റാതെ നില്‍ക്കുന്ന ഒന്നാണെങ്കില്‍, ഈ പ്രപഞ്ചത്തിന്‍റെ പ്രവര്‍ത്തനത്തില്‍ ദൈവത്തിന് എന്താണ് സ്ഥാനം? ദൈവാസ്തിത്വത്തെപ്പറ്റിയുള്ള ചര്‍ച്ചയില്‍ കണ്ടതുപോലെ, പ്രപഞ്ചാരംഭം ദൈവത്തിന്‍റെ പ്രവൃത്തിയാണെന്ന് അംഗീകരിച്ചാല്‍ പോലും, പ്രപഞ്ചാരംഭത്തിനുശേഷമുള്ള ഊര്‍ജ്ജം (പദാര്‍ത്ഥം matter) കൃത്യമായ ശാസ്ത്രനിയമങ്ങള്‍ക്ക് വിധേയമായാണ് പ്രവര്‍ത്തിക്കുന്നത്. അപ്പോള്‍, ഈ പ്രപഞ്ചത്തില്‍ പ്രവര്‍ത്തനത്തില്‍ ദൈവത്തിന് എന്തെങ്കിലും പങ്കുണ്ടോ?

യാന്ത്രികമായ ദൈവസങ്കല്‍പ്പം
ഐസക്ക് ന്യൂട്ടണ്‍ പോലുള്ള മഹാന്മാരായ ശാസ്ത്രജ്ഞരെ കുഴക്കിയ ഒരു ചോദ്യമാണിത്. അതു കൊണ്ടുതന്നെയാണ് അക്കാലത്തുണ്ടായിരുന്ന വില്ല്യം പാലി മുതലായ ഒരു കൂട്ടം ചിന്തകര്‍ ഡീസം (Deism) എന്ന ചിന്താഗതിയിലേക്ക് നീങ്ങിയത്. അവരുടെ അഭിപ്രായത്തില്‍, ഒരു വാച്ചിനു കീ കൊടുത്തപോലെയാണ് പ്രപഞ്ചം പ്രവര്‍ത്തിക്കുന്നത്. കീ കൊടുത്തു വിടുക എന്നതിനപ്പുറം വാച്ചുണ്ടാക്കുന്ന ആള്‍ക്ക് ഒന്നും ചെയ്യേണ്ടതില്ല (ഒരിക്കലും തീര്‍ന്നുപോകാത്ത കീയാണെന്നു സങ്കല്പിക്കുക). ദൈവം ആദിയില്‍ നിയമങ്ങള്‍ പാലിക്കുന്ന ഒരു പ്രപഞ്ചത്തെ നിര്‍മ്മിച്ചു. അതിനുശേഷം പ്രപഞ്ചം ആ നിയമങ്ങളുടെ പുറത്ത് പ്രവര്‍ത്തിക്കുന്നു. ആ നിയമങ്ങള്‍ കണ്ടെത്തുക എന്നതാണ് ശാസ്ത്രം ചെയ്യുന്നത്. ഈ പ്രവര്‍ത്തനത്തില്‍ ദൈവത്തിനു പങ്കില്ല ഇതായിരുന്നു ഈ ചിന്തകരുടെ ആശയം.

പക്ഷേ, ദൈവത്തിന്‍റെ സ്വഭാവത്തെപ്പറ്റിയുള്ള നമ്മുടെ ചര്‍ച്ചയില്‍ കണ്ടതുപോലെ, സൃഷ്ടിച്ചശേഷം സൃഷ്ടിയില്‍ താത്പര്യമില്ലാത്ത ഒരുവനാണ് ദൈവമെന്ന് യുക്തിപരമായി നമുക്ക് അനുമാനിക്കാനാവില്ല. സൃഷ്ടിയില്‍ താത്പര്യമുള്ളതുകൊണ്ടാണല്ലോ സൃഷ്ടിക്കുന്നതുതന്നെ. അപ്പോള്‍, ഡീസ്റ്റുകള്‍ (Deists) അവതരിപ്പിക്കുന്ന ശുഷ്ക മായ ദൈവസങ്കല്പം മതിയായ ഒരു വിശദീകരണമല്ല. ഈ യാന്ത്രികമായ (Mechanical) വിശദീകരണത്തേക്കാള്‍ കുറച്ചുകൂടി യുക്തിപരമായത് ഒരു കലാകാരനായ (Artistic) ദൈവമെന്ന സങ്കല്പമാണ്. ഒരു എഴുത്തുകാരന്‍ കഥ എഴുതുന്നതുമായി നാം സൃഷ്ടികര്‍മ്മത്തെ ഉപമിച്ചിരുന്നത് ഓര്‍മ്മിക്കുമല്ലോ?

കലാകാരനായ ദൈവം
കലാകാരനായ ദൈവം എന്ന സങ്കല്പം കുറച്ചു കൂടി ഉന്നതവും ഭാവനാപൂര്‍ണ്ണവും അതേസമയം യുക്തിസഹവുമാണ്. കാരണം, നിരന്തരമായി സൃഷ്ടിയെ സ്നേഹിക്കുകയും അതില്‍ താത്പര്യം കാണിക്കുകയും ചെയ്യുന്നവനാണ് കലാകാരന്‍. സൃഷ്ടി എന്ന യാഥാര്‍ത്ഥ്യത്തെ കുറച്ചുകൂടി തനിമയില്‍ അവതരിപ്പിക്കുന്ന സങ്കല്‍പ്പവുമാണിത്.

പക്ഷേ, കലാകാരനായ ദൈവമെന്ന സങ്കല്പത്തില്‍ ശാസ്ത്രത്തിനും നിയമങ്ങള്‍ക്കും എവിടെയാണ് പ്രസക്തി? ഒരു എഴുത്തുകാരന്‍ അവനിഷ്ടമുള്ളതുപോലെ എഴുതുന്നു. അവിടെ നിയമങ്ങള്‍ അപ്രത്യക്ഷമാകുന്നില്ലേ? ഈ ചോദ്യത്തിനുള്ള മതിയായ ഉത്തരം ലഭിക്കേണ്ടത് അനിവാര്യമാണ്.

കലയിലെ നിയമങ്ങള്‍
ഒരു എഴുത്തുകാരന്‍ എന്തിനെപ്പറ്റിയെഴുതുമെന്നും ഏതു ഭാഷയില്‍ എഴുതുമെന്നും ഏതു ശൈലിയില്‍ എഴുതുമെന്നുമെല്ലാം സ്വതന്ത്രമായ തീരുമാനമാണ്. ആ തീരുമാനങ്ങളില്‍, നിയമത്തിന് പ്രസക്തിയില്ല. പക്ഷേ, വിഷയവും കഥയും കഥാപാത്രങ്ങളും ഭാഷയും ശൈലിയും തീരുമാനിച്ച് എഴുത്ത് ആരംഭിച്ചുകഴിഞ്ഞാല്‍, നിയമങ്ങള്‍ക്ക് സാംഗത്യമുണ്ട്. എഴുത്തുകാരന്‍റെ ഭാവനയിലെ ഒരു രംഗം അനുവാചകനു മനസ്സിലാകുന്ന ഭാഷയില്‍ ഭംഗിയായി കുറിച്ചിടണമെങ്കില്‍, എഴുതുന്ന ഭാഷയ്ക്ക് ഒരു വ്യാകരണം ഉണ്ടായിരിക്കണം, ഒരു ഘടന ഉണ്ടായിരിക്കണം, ഓരോ അക്ഷരത്തിനു പോലും അതിന്‍റേതായ വടിവും ആകൃതിയും ഉണ്ടായിരിക്കണം. ഒരു കഥ പറയുമ്പോള്‍, ആ കഥയ്ക്ക് ചേര്‍ന്ന പശ്ചാത്തലം വേണം, കഥാപാത്രങ്ങള്‍ക്ക് നിശ്ചിതമായ സ്വഭാവസവിശേഷതകള്‍ വേണം, കഥയിലെ സംഭവങ്ങള്‍ ഇതിവൃത്തത്തിനു ചേര്‍ന്ന രീതിയില്‍ അവതരിപ്പിക്കപ്പെടണം. അതേസമയം, ഈ കാര്യങ്ങളിലെല്ലാം കലാകാരന്‍റെ സൃഷ്ടിപരത വെളിവാകുന്ന സ്വതന്ത്രമായ കയ്യൊപ്പും ഉണ്ടായിരിക്കണം.

അപ്പോള്‍, ഏറ്റവും നിസ്സാരമായ ഒരു സൃഷ്ടികര്‍മ്മം പോലും, സ്വതന്ത്രമായ ഒരു കലാവിരുതിന്‍റെയും അതേസമയം നിശ്ചിതമായ ഘടനയുടെയും പരസ്പരപൂരകമായ പ്രതിപ്രവര്‍ത്തനം വഴിയാണ് സംഭവിക്കുന്നത്. അങ്ങനെയെങ്കില്‍ ഏറ്റവും ഉന്നതമായ കലാസൃഷ്ടിയായ ഈ പ്രപഞ്ചവും അങ്ങനെതന്നെയാണ് എന്ന് അനുമാനിക്കുന്നതില്‍പരം യുക്തിസഹമായ എന്തു നിലപാടാണ് കൈക്കൊള്ളാന്‍ സാധിക്കുന്നത്?

പ്രാഥമികകാരണവും ദ്വിതീയകാരണങ്ങളും
വി. തോമസ് അക്വീനാസ്, ദൈവത്തിന്‍റെ സ്വതന്ത്രമനസ്സും പ്രപഞ്ചത്തിന്‍റെ നിയമങ്ങളും കൂട്ടിയോജിപ്പിക്കുന്നത് പ്രാഥമിക കാരണങ്ങളും ദ്വിതീയകാരണങ്ങളും എന്ന ആശയം വഴിയാണ്. അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ പ്രപഞ്ചത്തിലെ എന്തിനേയും നില നിര്‍ത്തുന്നതും എന്തിനും പ്രാഥമികകാരണമാകുന്നതും ദൈവത്തിന്‍റെ സ്വതന്ത്രമനസ്സാണ്. എഴുത്തുകാരന്‍റെ മനസ്സില്‍ ഒരു ആശയം ഉണ്ടെങ്കില്‍ മാത്രമേ അത് എഴുത്തായി പരിണമിക്കുന്നുള്ളൂ എന്നതുപോലെ, ദൈവത്തിന്‍റെ മനസ്സില്‍ ഉണ്ടെങ്കില്‍ മാത്രമേ എന്തും നിലനില്‍ക്കുന്നുള്ളൂ.

പക്ഷേ, പ്രത്യക്ഷമായി നാം കാണുന്ന കാരണങ്ങള്‍ ദ്വിതീയ കാരണങ്ങളാണ്. കടലാസില്‍ അക്ഷരം തെളിയുന്നത് മഷി വീഴുന്നതുകൊണ്ടാണ് എന്നത് ഒരു കഥ എഴുത്ത് എന്ന പ്രതിഭാസത്തിന്‍റെ ദ്വിതീയ കാരണമാണ്. ശാസ്ത്രം അന്വേഷിക്കുന്നത് ഈ ദ്വിതീയ കാരണങ്ങളെയാണ്.

അപ്പോള്‍ ഒരു ചോദ്യം ഉയരുന്നു. പ്രാഥമിക കാരണമായ ദൈവത്തിന് ദ്വിതീയകാരണങ്ങളില്‍ ഇടപെടാന്‍ സാധിക്കുമോ? ഈ ചോദ്യം അടുത്ത അദ്ധ്യായത്തില്‍ പരിശോധിക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org