പ്രാപഞ്ചികനിയമങ്ങളിലുള്ള ദൈവത്തിന്‍റെ ഇടപെടല്‍

വിശദീകരണം തേടുന്ന വിശ്വാസം അധ്യായം-53

ദൈവത്തെ സര്‍വതിന്‍റെയും പ്രഥമകാരണമായി നാം കഴിഞ്ഞ അദ്ധ്യായത്തില്‍ ചര്‍ച്ച ചെയ്തു. പ്രാഥമിക കാരണമായ ദൈവത്തിന്‍ ദ്വിതീയകാരണങ്ങളില്‍ ഇടപെടാന്‍ സാധിക്കുമോ എന്ന ചോദ്യമാണ് ഈ അദ്ധ്യായത്തില്‍ പരിശോധിക്കുന്നത്.

കര്‍ത്തൃത്വ (AGENCY)വിശദീകരണങ്ങള്‍
ഇത് മനസ്സിലാക്കാന്‍ ആദ്യം നമുക്ക് പരിചിതമായ ചില ഉദാഹരണങ്ങളില്‍ കാണാവുന്ന രണ്ടു തരം വിശദീകരണങ്ങളെ പരിഗണിക്കാം.

ആദ്യത്തെ വിമാനം എങ്ങനെയാണ് പറന്നത് എന്ന ചോദ്യം എടുക്കുക. നിങ്ങളുടെ മുമ്പില്‍ രണ്ട് ഉത്തരങ്ങള്‍ അവതരിപ്പിക്കപ്പെടുന്നുണ്ട്. ഒന്ന്, ആ വിമാനത്തിന്‍റെ എന്‍ജിനും മറ്റു യന്ത്രഭാഗങ്ങളും ശരിയായി പ്രവര്‍ത്തിച്ചതുകൊണ്ട്. രണ്ട്, റൈറ്റ് സഹോദരന്മാരുടെ ബുദ്ധിയും രൂപകല്‍പ്പനയും കൊണ്ട്. ഇതില്‍ ഏത് ഉത്തരമാണ് ശരി?

അവ രണ്ടും ശരിയാണ് എന്നതാണ് കൃത്യമായ ഉത്തരം. ആദ്യത്തെ ഉത്തരം യാന്ത്രികവിശദീകരണവും (Mechanical Explanation) രണ്ടാമത്തേത് കര്‍ത്തൃത്വവിശദീകരണവും (Agency Explanation) ആണെന്നു മാത്രം. ഇതില്‍ ഏതെങ്കിലും ഒരു വിശദീകരണം മാത്രം അംഗീകരിക്കുന്ന ആളുടെ ഉത്തരം പൂര്‍ണ്ണമല്ല. യാഥാര്‍ത്ഥ്യത്തിന്‍റെ തമസ്കരണമാണ് ഇതിലെ ഏതെങ്കിലും ഉത്തരം മാത്രം ശരി യെന്നു പറയുന്ന ആള്‍ ചെയ്യുന്നത്.

ദൈവമെന്ന പ്രാഥമിക കാരണത്തെ ഒരു കര്‍ത്തൃത്വവിശദീകരണമായി കണക്കാക്കാം. ശാസ്ത്ര സത്യങ്ങളെ യാന്ത്രികവിശദീകരണമായും.

ഇവിടെ സംഗതമായ ഒരു ചോദ്യം, എല്ലാ കാര്യത്തിലും ഏജന്‍സി ഉണ്ടോ എന്നതാണ്. ഒരു മഴ പെയ്യുമ്പോള്‍ അതില്‍ എവിടെയാണ് ഏജന്‍സി? വിമാനം പോലെ ഒരാള്‍ രൂപകല്‍പ്പന ചെയ്ത് ഉണ്ടാക്കിയെടുക്കുന്നതല്ലല്ലോ മഴ. തികച്ചും യാന്ത്രികമായ വിശദീകരണം കൊണ്ടു മാത്രം തൃപ്തിപ്പെടുത്താവുന്ന ഒന്ന്. ഏതെങ്കിലും കര്‍ത്താവ് (Agent) ഇടപെടു മ്പോള്‍ മാത്രമല്ലേ കര്‍ത്തൃത്വവിശദീകരണം കൊണ്ടുവരേണ്ടതുള്ളൂ?

പക്ഷേ, ഇവിടെയാണ് ദൈവാസ്ഥിത്വത്തിന്‍റെയും ദൈവസ്വഭാവത്തിന്‍റെയും പ്രത്യേകത. ദൈവാസ്ഥിത്വവും, സൃഷ്ടിയിലുള്ള ദൈവത്തിന്‍റെ താല്‍പ്പര്യവും യാഥാര്‍ത്ഥ്യമെന്ന് അനുമാനിച്ചുകഴിഞ്ഞാല്‍, കഴിഞ്ഞ അദ്ധ്യായത്തില്‍ ചൂണ്ടിക്കാണിച്ചതുപോലെ, ദൈവത്തെ എന്തിന്‍റെയും പ്രാഥമികകാരണമായി കണക്കാക്കുന്നതാണ് യുക്തിസഹം. അപ്പോള്‍, പ്രപഞ്ചത്തിലെ എന്തിനും പിന്നിലായി ദൈവത്തിന്‍റെ കര്‍ത്തൃത്വം ഉണ്ട് എന്നു സാരം.

ഒരെഴുത്തുകാരന്‍റെ യഥാര്‍ത്ഥ ഭാവന അനുവാചകനില്‍ നിന്ന് മറക്കപ്പെട്ടിരിക്കുന്നതുപോലെ, ദൈവമെന്ന പ്രാഥമികകാരണം നമ്മില്‍ നിന്ന് മറയ്ക്കപ്പെട്ടിരിക്കുന്നു. ആ ഭാവനയെപ്പറ്റി നമുക്ക് അറിയാന്‍ രണ്ടു മാര്‍ഗ്ഗങ്ങളേ ഉള്ളൂ. ഒന്ന്, നമ്മുടെ മുന്‍പില്‍ എഴുതപ്പെട്ടുകൊണ്ടിരിക്കുന്ന കഥ (ആ കഥ വായിച്ചെടുക്കുന്ന പ്രക്രിയയാണ് ശാസ്ത്രം. ദ്വിതീയകാരണങ്ങള്‍ തേടിയുള്ള മനുഷ്യന്‍റെ അന്വേഷണം). രണ്ട്, എഴുത്തുകാരന്‍ സ്വയമേവ കഥയെപ്പറ്റി നല്‍കുന്ന വിവരണം. (അതിനെ നമ്മള്‍ വിശുദ്ധ ഗ്രന്ഥം എന്നു പറയുന്നു – ദൈവം വെളിപ്പെടുത്തിയ സത്യങ്ങള്‍).

കര്‍ത്താവിന്‍റെ (AGENT) ഇടപെടല്‍
സ്വതന്ത്രമനസ്സുള്ള ഒരു ഏജന്‍റിന് യാന്ത്രികമായ കാരണങ്ങളിന്മേല്‍ ഇടപെടാന്‍ സാധിക്കും. അപ്രകാരമുള്ള ഇടപെടലുകള്‍ മൂലം യാന്ത്രികനിയമങ്ങളില്‍ സംഭവിക്കുന്ന വ്യതിയാനങ്ങള്‍, ആ നിയമങ്ങളെ ഇല്ലാതാക്കുന്നില്ല. ഒരുദാഹരണമായി, ഗ്രാവിറ്റി എന്ന സാര്‍വത്രികനിയമം എടുക്കുക. എന്‍റെ കയ്യില്‍ ഉള്ള ഒരു പേന, പിടിവിട്ടാല്‍ താഴെ പോകുന്നതാണ് ഗ്രാവിറ്റിയുടെ സാര്‍വത്രിക നിയമം. പക്ഷേ, ഒരു ഏജന്‍റ് (അടുത്തു നില്‍ക്കുന്ന എന്‍റെ സുഹൃത്ത്), താഴേക്ക് സഞ്ചരിക്കുന്ന ആ പേന കടന്നുപിടിച്ചാല്‍, ഗ്രാവിറ്റി എന്ന നിയമത്തെ അതിലംഘിക്കുന്നു, പക്ഷേ, ഗ്രാവിറ്റിയുടെ നിയമം ഇല്ലാതാകുന്നില്ല (എന്‍റെ സുഹൃത്തിന്‍റെ കൈകളും ഭൗതികമായതിനാല്‍, അതിനെ വിശദീകരിക്കുന്ന മറ്റു നിയമങ്ങളും ഉണ്ട് എന്നത് ഒരു വസ്തുതയാണ്. അതുകൊണ്ട്, അതിഭൗതികതയുടെ ഇടപെടലില്‍ ഒരു സാദൃശ്യം (Analogy) എന്നതിനപ്പുറത്തേക്ക് ഈ ഉദാഹരണത്തെ വിശ്ലേഷണം ചെയ്യേണ്ടതില്ല). ഇതുപോലെതന്നെ, അതി ഭൗതികനായ ദൈവത്തിന്, ഭൗതിക നിയമങ്ങളെ ഇല്ലായ്മ ചെയ്യാതെ തന്നെ ദ്വിതീയകാരണങ്ങളെ സ്വാധീനിക്കാനും സാധിക്കും എന്നു കരുതുക യുക്തിസഹമാണ്.

ഇടപെടലിന്‍റെ രീതിശാസ്ത്രം (METHODOLOGY)
ഇപ്പോഴും വ്യക്തമാകാതെ നില്‍ക്കുന്ന ഒരു വിഷയം, എപ്രകാരമാണ് – ഏതു രീതിയിലൂടെയാണ് – അതിഭൗതികത, ഭൗതികതയുമായി ഇടപഴകുന്നത് എന്നതാണ്. അതിനുള്ള ഉത്തരം ഭൗതികമായ അറിവുകള്‍ മാത്രമുള്ള മനുഷ്യന് അജ്ഞാതമാണ്. ഏതെങ്കിലും നിരീക്ഷണങ്ങളിലൂടെ അത് കണ്ടുപിടിക്കാന്‍ സാധിക്കും എന്നു കരുതുന്നതും വൃഥാവിലാണ്. കാരണം, അതിഭൗതികതയെ നിരീക്ഷിക്കാന്‍ സാധിക്കില്ലല്ലോ. യുക്തിയുടെ വെളിച്ചത്തിലുള്ള ഏതാനും ഊഹങ്ങള്‍ മാത്രമാണ് മനുഷ്യനു സാധിക്കുക.

ഒന്നാമതായി, പത്തൊമ്പതാം നൂറ്റാണ്ടിലെ യാന്ത്രിക പ്രപഞ്ചസങ്കല്‍പ്പം ഇരുപതാം നൂറ്റാണ്ടിലെ ശാസ്ത്രം തിരുത്തിയിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. ന്യൂട്ടോണിയന്‍ ഫിസിക്സിനു പകരം ഐന്‍സ്റ്റീനിയന്‍ ഫിസിക്സും ക്വാണ്ടം തിയറിയും ആവിര്‍ഭവിച്ചതോടെ, നിശ്ചിതമായ യാന്ത്രികത ഭൗതികശാസ്ത്രത്തിന് നഷ്ടപ്പെട്ടിരിക്കുന്നു. അതുപോലെ ഡാര്‍വീനിയന്‍ പരിണാമം, പൊടുന്നനെയുള്ള ജനിതകമാറ്റം (Random mutation) വഴിയായുള്ള പരിണാമത്തിലേക്ക് വളര്‍ന്നിരിക്കുന്നു. മഹാവിസ്ഫോടനസിദ്ധാന്തം ഒരു സിന്‍ഗുലാരിറ്റിയിലേക്ക് പ്രപഞ്ചാരംഭത്തെ എത്തിച്ചിരിക്കുന്നു. സൃഷ്ടിയിലെ ഇത്തരം അനിശ്ചിതത്വങ്ങള്‍ – ക്വാണ്ടം അനിശ്ചിതത്വം, റാന്‍ഡം മ്യൂട്ടേഷന്‍, സിന്‍ഗുലാരിറ്റി മുതലായവ – അതിഭൗതികത ഭൗതികതയുമായി സമ്മേളിക്കുന്ന ബിന്ദുക്കളായിരിക്കാം (points) എന്നാണ് തത്ത്വചിന്തകനായ ആല്വിന്‍ പ്ലാന്‍റ്റിംഗ പറയുന്നത്. (ഇതൊരു തത്ത്വചിന്ത മാത്രമാണ്. അത് ശാസ്ത്രീയമായി സ്ഥിരീകരിക്കുക അസാധ്യവുമാണ്. അതിഭൗതികത സ്ഥിരീകരിക്കുന്നത് ശാസ്ത്രത്തിന്‍റെ പരിധിക്ക് പുറത്താണല്ലോ).

രണ്ടാമതായി, ഭൗതികമായ ഈ പ്രപഞ്ചത്തിന് ഒരു ആവിര്‍ഭാവമുണ്ടെന്ന് നാം കണ്ടുവല്ലോ. അപ്പോള്‍, അതിഭൗതികത ഭൗതികതയുമായി ഇടപെട്ടതായി നമുക്ക് പരിചയമുള്ള ഒരു ബിന്ദുവെങ്കിലുമുണ്ട്. അങ്ങനെ, അതിഭൗതികതയും ഭൗതികതയും സമ്മേളിക്കുമെന്ന് നമുക്ക് ഉദാഹരണമുണ്ട്, അതിന്‍റെ രീതിശാസ്ത്രം (methodology) നമുക്ക് അജ്ഞാതമാണെങ്കിലും. അപ്പോള്‍, രീതിശാസ്ത്രം അജ്ഞാതമാണ് എന്നതുകൊണ്ട്, അത്തരമൊരു സമ്മേളനമോ ഇടപെടലോ ഇല്ല എന്നു പറയുന്നത് യുക്തിസഹമല്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org