അനിവാര്യമായ പ്രപഞ്ചാതീത യാഥാര്‍ഥ്യം

വിശദീകരണം തേടുന്ന വിശ്വാസം -16

ബിനു തോമസ്, കിഴക്കമ്പലം

എല്ലാ അനിശ്ചിതപ്രതിഭാസത്തിനും വിശദീകരണം ഉണ്ടെന്നും, പ്രപഞ്ചം ഒരു അനിശ്ചിത പ്രതിഭാസമാണെന്നും, പ്രപഞ്ചത്തിനും ഒരു വിശദീകരണം സാധ്യമാണെന്നും നമ്മള്‍ കണ്ടുകഴിഞ്ഞു. എന്താണ് ആ വിശദീകരണം? ആ വിശദീകരണത്തെക്കുറിച്ച് നമുക്ക് എന്തൊക്കെ യുക്തിപരമായി അനുമാനിക്കാന്‍ കഴിയും?

അനിശ്ചിത പ്രപഞ്ചത്തിന്‍റെ വിശദീകരണം
അനിവാര്യമായ ഒരു പ്രപഞ്ചാതീത യാഥാര്‍ഥ്യം
ഒന്ന്, ഈ പ്രപഞ്ചത്തിനും മുമ്പുള്ള ഭൗതികമായ മറ്റെന്തിലും അനിശ്ചിതപ്രപഞ്ചമാണ് ഈ പ്രപഞ്ചത്തിന്‍റെ വിശദീകരണം എന്നു കരുതുക. അപ്പോള്‍, ആ പ്രപഞ്ചത്തിന്‍റെ വിശദീകരണം നാം അന്വേഷിക്കേണ്ടി വരും കാരണം, അതും അനിശ്ചിതമായ ഒരു യാഥാര്‍ത്ഥ്യമാണ്. അങ്ങനെയങ്ങനെ പിന്നിലേക്ക് അനന്തമായി പോകേണ്ടിവരും. പക്ഷേ, നമ്മുടെ പ്രപഞ്ചത്തിലുള്ള ഒരു കാര്യത്തിനും അനന്തമായ വിശദീകരണ പരമ്പര നാം കണ്ടിട്ടില്ല. അത്തരമൊരു അനന്തമായ പിന്നോട്ടുപോകല്‍ സാധ്യവുമല്ല. അതിനര്‍ത്ഥം, അനിശ്ചിതമായ ഒരു പ്രപഞ്ചത്തിന്‍റെയോ അല്ലെങ്കില്‍ പ്രപഞ്ചപരമ്പരയുടെയോ വിശദീകരണം മറ്റൊരു അനിശ്ചിത യാഥാര്‍ത്ഥ്യം ആകുവാന്‍ സാധ്യമല്ല. അതായത്, അനിവാര്യമായ (Necessary) ഒരു യാഥാര്‍ത്ഥ്യം ആയിരിക്കണം ആ വിശദീകരണം.

രണ്ട്, അടിസ്ഥാന ഭൗതിക കണികകളോ വസ്തുതകളോ ഒന്നും തന്നെ അനിവാര്യമല്ല എന്ന് നാം മുമ്പേ തന്നെ കണ്ടുകഴിഞ്ഞു. അപ്പോള്‍, അനിവാര്യമായ ഒരു യാഥാര്‍ത്ഥ്യം എന്നത് ഭൗതികപ്രപഞ്ചത്തിനും അതീതമായിരിക്കണം.

ചുരുക്കത്തില്‍, അനിവാര്യമായ ഒരു പ്രപഞ്ചാതീത യാഥാര്‍ത്ഥ്യമാണ് (A Necessary and Transcendental Reality) ഈ അനിശ്ചിതപ്രപഞ്ചത്തിന്‍റെ ഏറ്റവും യുക്തിപരമായ (Rational) വിശദീകരണം. ഈ യാഥാര്‍ത്ഥ്യത്തെ ചിലര്‍ ദൈവമെന്നും മറ്റു ചിലര്‍ ഈശ്വരന്‍ എന്നും വേറേ ചിലര്‍ അള്ളാ എന്നുമൊക്കെ മാനുഷികഭാഷയില്‍ വിളിക്കുന്നു.

അപ്പോള്‍ ദൈവത്തിന് വിശദീ കരണം വേണ്ടേ?
പ്രപഞ്ചത്തിന്‍റെ വിശദീകരണമായി ദൈവത്തെ അവതരിപ്പിക്കുമ്പോള്‍, ഏറ്റവും കൂടുതലായി കേള്‍ക്കുന്ന ഒരു ചോദ്യമാണ് ദൈവത്തിന് വിശദീകരണമൊന്നും വേണ്ടേ എന്ന ചോദ്യം. റിച്ചാര്‍ഡ് ഡോക്കിന്‍സ് മുതലായ അഭിനവ ഭൗതികവാദികള്‍ മുതല്‍ ഫേസ് ബുക്കിലെ ട്രോള്‍ ഗുരുക്കന്‍മാര്‍ വരെ ചോദിക്കുന്ന ചോദ്യമാണിത്.

നാം ചര്‍ച്ച ചെയ്ത വിശദീകരണ തത്ത്വത്തിന്‍റെ പ്രധാനപ്പെട്ട ഒരു ഭാഗം വിസ്മരിക്കുമ്പോഴാണ് ഇങ്ങനെയൊരു ചോദ്യം ഉയരുന്നത്. അനിശ്ചിതമായ (Contingent) പ്രതിഭാസങ്ങള്‍ക്കാണ് നാം വിശദീകരണം അന്വേഷിക്കുന്നത്. ഈ പ്രപഞ്ചവും പ്രപഞ്ചത്തിന്‍റെ അടിസ്ഥാന ഭൗതികയാഥാര്‍ത്ഥ്യവുമെല്ലാം അനിശ്ചിതമാണ്.

ദൈവത്തെ ഈ അനിശ്ചിത ഭൗതിക യാഥാര്‍ത്ഥ്യത്തിന്‍റെ വിശദീകരണമായി അവതരിപ്പിക്കുമ്പോള്‍, നാം ദൈവത്തെ ഒരു അനിവാര്യമായ (Necessary) യാഥാര്‍ത്ഥ്യമായാണ് മനസ്സിലാക്കുന്നത്. എങ്കില്‍ മാത്രമേ, ദൈവത്തേയും ഭൗതികപ്രപഞ്ചത്തിന് ഒരു മതിയായ വിശദീകരണമായി എടുക്കാന്‍ സാധിക്കുകയുള്ളൂ. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, അനിവാര്യതയും പ്രപഞ്ചാതീതയും. ദൈവത്തിന്‍റെ ഒരു അടിസ്ഥാനപരമായ ഗുണം പ്രോപ്പര്‍ട്ടി ആണ്. ഈ ഗുണങ്ങളില്ലാതെ ദൈവത്തെ പ്രപഞ്ചത്തിന്‍റെ വിശദീകരണമായി അനുമാനിക്കുന്നതില്‍ അര്‍ത്ഥമില്ല.

അനിവാര്യമായ ഒരു യാഥാര്‍ത്ഥ്യത്തിന് വിശദീകരണം ബാധകമല്ല. അനിവാര്യമായതിനാല്‍, അതിന്‍റെ വിശദീകരണം അതിന്‍റെ തന്നെ സ്വഭാവത്തില്‍ -nature – അടങ്ങിയിരിക്കുന്നു. വെള്ളം എന്ന വസ്തുവില്‍ രണ്ടു മാത്ര ഹൈഡ്രജനും ഒരു മാത്ര ഓക്സിജനും ഉണ്ട് എന്നതുപോലെയാണ്, ദൈവത്തിന്‍റെ സ്വഭാവത്തില്‍ അനിവാര്യത അടങ്ങിയിരിക്കുന്നത്. അതു കൊണ്ട്, ദൈവത്തിന് വിശദീകരണം വേണ്ടേ എന്ന ചോദ്യം അര്‍ത്ഥരഹിതമാണ്. ദൈവത്തെ ഭൗതികപ്രപഞ്ചം പോലെയുള്ള ഒരു അനിശ്ചിതപ്രതിഭാസമായി തെറ്റിദ്ധരിക്കുന്നതില്‍ നിന്നുത്ഭവിക്കുന്ന ചോദ്യമാണത് (ഇതേ യുക്തി പ്രപഞ്ചത്തിനും എനിക്കും നിങ്ങള്‍ക്കുമൊക്കെ ബാധകമാണ്. പ്രപഞ്ചത്തെയോ എന്നെയോ നിങ്ങളേയോ ഒരു അനിവാര്യ പ്രതിഭാസമായി തെളിയിക്കാന്‍ കഴിഞ്ഞാല്‍, വിശദീകരണം അനാവശ്യമാണ്. പക്ഷേ, ഭൗതികപ്രതിഭാസങ്ങള്‍ അനിവാര്യമാകുവാന്‍ സാധ്യമല്ലെന്ന് കഴിഞ്ഞ അധ്യായങ്ങളില്‍ നാം കണ്ടുകഴിഞ്ഞു.)

പ്രപഞ്ചമെന്ന ഉറവിടത്തില്‍ നിന്ന് ദൈവാസ്ഥിത്വം തിരിച്ചറിയാനുള്ള ആദ്യത്തെ സങ്കേതമാണ് നാം കഴിഞ്ഞ നാല് അദ്ധ്യായങ്ങളില്‍ ചര്‍ച്ച ചെയ്തത്. ഈ അനിശ്ചിതപ്രപഞ്ചത്തിന്‍റെ ഏറ്റവും യുക്തിപരമായ വിശദീകരണം, അനിവാര്യവും പ്രപഞ്ചാതീത യാഥാര്‍ത്ഥ്യവുമായ ദൈവമാണെന്നുള്ള തിരിച്ചറിവ്. അടുത്ത അധ്യായങ്ങളില്‍, മറ്റൊരു പ്രധാനപ്പെട്ട വാദഗതി നമുക്ക് ചര്‍ച്ച ചെയ്യാം 'കലാം വിശ്വവിജ്ഞാനീയം."

കുറിപ്പ് 1 : വി. തോമസ് അക്വീനാസ് പ്രപഞ്ചത്തിന്‍റെ അനിശ്ചിതത്വം (Contingency) എന്ന വസ്തുതയില്‍നിന്നും ദൈവത്തിന്‍റെ അസ്ഥിത്വം തെളിയിക്കുന്ന ഈ വാദഗതി ലൈബനീസിനും മുമ്പേ അവതരിപ്പിച്ചിട്ടുണ്ട്. ഇത് യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തിന്‍റെ വാദമാണെങ്കിലും, ഇവിടെ അവതരിപ്പിച്ചത് പ്രധാനമായും ലൈബനീസിന്‍റെ ഭാഷ്യത്തിന്‍റെ (Version) ആധുനിക ആഖ്യാനമാണ്. പക്ഷേ, അക്വീനാസ് തന്നെയാണ് ഇതിന്‍റെ ഉപജ്ഞാതാവ്.

കുറിപ്പ് 2 : പല ശാസ്ത്രവസ്തുതകളും മുന്‍നിര്‍ത്തി നാം വാദങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. അതുകൊണ്ട്, ശാസ്ത്രം ദൈവത്തെ തെളിയിക്കുന്നു എന്ന് തെറ്റിദ്ധരിക്കാന്‍ പാടില്ല. ശാസ്ത്രം ഭൗതിക ലോകത്തെപ്പറ്റിയുള്ള അറിവുകള്‍ മാത്രമേ നല്‍കാന്‍ പര്യാപ്തമായിട്ടുള്ളൂ. ദൈവത്തെപ്പറ്റിയുള്ള പ്രസ്താവനകള്‍ അടിസ്ഥാനപരമായി തത്ത്വശാസ്ത്രപരമാണ്. പക്ഷേ, ശാസ്ത്രത്തില്‍നിന്നു ലഭിക്കുന്ന അറിവുകള്‍ തത്ത്വശാസ്ത്രത്തിന്‍റെ പ്രസ്താവനകളെ വിലയിരുത്താന്‍ വേണ്ടി ഉപയോഗിക്കാം. അതുമാത്രമാണ് നമ്മള്‍ ഇവിടെ ചെയ്യുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org