മത​ഗ്രന്ഥങ്ങളുടെ അക്ഷരാര്‍ത്ഥ വ്യാഖ്യാനം

വിശദീകരണം തേടുന്ന വിശ്വാസം അധ്യായം-49

ശാസ്ത്രവും മതവിശ്വാസവും തമ്മിലുള്ള ബന്ധമാണ് നാം ചര്‍ച്ച ചെയ്യുന്നത്. ശാസ്ത്രത്തിന്‍റെ പരിധികള്‍ മനസ്സിലാക്കാതെയുള്ള ശാസ്ത്രസംവാദം സയന്‍റിസം പോലുള്ള തെറ്റുകളിലേക്ക് ചിലരെ നയിക്കുന്നതും നാം കണ്ടു. ശാസ്ത്രത്തെ മനസ്സിലാക്കുന്നതില്‍ വിശ്വാസികള്‍ക്കുള്ള പരാജയത്തെപ്പറ്റി നമുക്ക് ഇനി പരിശോധിക്കാം.

മതഗ്രന്ഥങ്ങളുടെ അക്ഷരാര്‍ത്ഥ വ്യാഖ്യാനം ഏറിവരുന്ന ഒരു കാലമാണിത്. ഒരു തരത്തില്‍ ചിന്തിച്ചാല്‍, അത് ആശ്ചര്യജനകമാണ്. കാരണം, പുസ്തകങ്ങള്‍ എന്നത് ചിരപരിചിതമായ ഒരു കാലഘട്ടമാണിത്. പുസ്തകമെഴുത്തും വായനയുമൊക്കെ വളരെ പരിമിതമായിരുന്ന പൗരാണികകാലഘട്ടത്തില്‍ അവയെ എപ്രകാരം സമീപിക്കണമെന്ന് ആളുകള്‍ക്ക് ഗ്രാഹ്യമില്ലായിരുന്നുവെങ്കില്‍, അത് മനസ്സിലാക്കാന്‍ പ്രയാസമില്ല. പക്ഷേ, ഇന്നിന്‍റെ അവസ്ഥ അതല്ല. എപ്രകാരമാണ് ഒരു ഗ്രന്ഥം എഴുതപ്പെടുന്നത് എന്നും, എപ്രകാരമാണ് അത് പ്രചരിക്കുന്നതെന്നും ഏവര്‍ക്കും സുവ്യക്തമായ ഒരു കാലം. കാലഘട്ടത്തിന്‍റെ ഏത് കോണിലൂടെ, അല്ലെങ്കില്‍ സമകാലീനമായ ഏത് വിഷയത്തിന്‍റെ/ആശയത്തിന്‍റെ പശ്ചാത്തലത്തിലൂടെ, വേണം ഒരു പുസ്തകം വ്യാഖ്യാനിക്കേണ്ടത് എന്നും നാമൊക്കെ ചര്‍ച്ച ചെയ്യുന്ന യുഗം. സാഹിത്യരൂപങ്ങളെപ്പറ്റിയും, ആഖ്യാനശൈലിയെപ്പറ്റിയുമൊക്കെ ഗ്രാഹ്യമുള്ള ഒരു സമയം. ഈ കാലഘട്ടത്തില്‍, പുരാതനമായ ചില ഗ്രന്ഥങ്ങളെ, അവയുടെ സാംസ്കാരിക-ആദ്ധ്യാത്മിക-ചരിത്ര പശ്ചാത്തലത്തെ പരിഗണിക്കാതെ വായിക്കുക എന്നത് വളരെ വിചിത്രമായ ഒരു സംഗതിയാണ്. ഒരുതരം വിരോധാഭാസം തന്നെയാണത്.

അഗസ്തീനോസിന്‍റെ നിലപാട്
പക്ഷേ, പഴയകാലങ്ങളില്‍ പോലും, വിശുദ്ധഗ്രന്ഥങ്ങളെ അവയുടെ സാംസ്കാരിക-ചരിത്ര- ആദ്ധ്യാത്മിക പശ്ചാത്തലത്തില്‍ നിന്നുവേണം മനസ്സിലാക്കുവാന്‍ എന്ന തിരിച്ചറിവ് ഉണ്ടായിരുന്നു. അതുപോലെ, മനുഷ്യര്‍, ബുദ്ധിശേഷി കൊണ്ട് ലോകത്തെപ്പറ്റി മനസ്സിലാക്കുന്ന കാര്യങ്ങളുടെ വെളിച്ചത്തില്‍ വേണം മതഗ്രന്ഥങ്ങള്‍ മനസ്സിലാക്കുവാനെന്ന ആശയവും ഉണ്ടായിരുന്നു. ഒരുദാഹരണത്തിന്, പ്രാചീന ക്രൈസ്തവ സഭയിലെ വേദപാരംഗതനും, ബൈബിള്‍ വ്യാഖ്യാനത്തില്‍ പുരാതനസഭയിലെ എണ്ണപ്പെട്ട പണ്ഡിതരില്‍ ഒരാളുമായിരുന്ന വി. അഗസ്തീനോസ്, 'ഉല്‍പ്പത്തി പുസ്തകത്തിന്‍റെ അക്ഷരാര്‍ത്ഥം "Literal meaning of Genesis" എന്ന പുസ്തകത്തില്‍ ഇപ്രകാരം പറയുന്നു (അദ്ദേഹത്തിന്‍റെ വാക്കുകള്‍ ചുരുക്കി അവതരിപ്പിക്കുകയാണ്):

'ഒരു അക്രൈസ്തവന്‍ സൂര്യതാരചന്ദ്രാദികളെപ്പറ്റിയും പ്രപഞ്ചത്തെപ്പറ്റിയും യുക്തിയില്‍നിന്നും അനുഭവത്തില്‍നിന്നും പല കാര്യങ്ങളും മനസ്സിലാക്കുന്നു. അപ്പോള്‍, വിശുദ്ധഗ്രന്ഥത്തിന്‍റെ വ്യാഖ്യാനത്തില്‍, ഒരു ക്രൈസ്തവന്‍ ഇക്കാര്യങ്ങളില്‍ വിഡ്ഢിത്തങ്ങള്‍ പുലമ്പുന്നത് നാണക്കേടുളവാക്കുന്നതും അപകടകരവുമാണ്. കാരണം, യുക്തിയില്‍നിന്നും അനുഭവത്തില്‍നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്ന കാര്യങ്ങളില്‍ പോലും ഒരു ക്രൈസ്തവന്‍ അവരോട് അബദ്ധം പറഞ്ഞാല്‍, രക്ഷയെ സംബന്ധിക്കുന്ന കാര്യങ്ങളില്‍ അവര്‍ക്ക് എങ്ങനെയാണ് വിശുദ്ധഗ്രന്ഥത്തെ വിശ്വസ്സിക്കാന്‍ സാധിക്കുന്നത്?'

അതായത്, ഒരു ക്രൈസ്തവന്‍ മുമ്പോട്ടുവയ്ക്കുന്ന സത്യങ്ങള്‍ യുക്തിക്ക് നിരക്കുന്നതും, സത്യത്തോട് ചേര്‍ന്നു നില്‍ക്കുന്നതുമായിരിക്കണം, എങ്കില്‍ മാത്രമേ രക്ഷയുടെ സന്ദേശം മറ്റുള്ളവരില്‍ എത്തിക്കാന്‍ സാധിക്കുകയുള്ളൂ എന്നാണ് അഗസ്തീനോസ് പറഞ്ഞുവയ്ക്കുന്നത്. ക്രിസ്തുമതത്തിന്‍റെ സന്ദേശം മനുഷ്യന്‍റെ അറിവിനൊപ്പം എത്തിനില്‍ക്കുന്നില്ല എന്ന തോന്നല്‍ ഉളവായ ഇരുപതാം നൂറ്റാണ്ടിലാണ് പാശ്ചാത്യ സഭയില്‍നിന്ന് വിശ്വാസികള്‍ ഗണ്യമായി അപ്രത്യക്ഷമായി തുടങ്ങിയത് എന്ന വര്‍ത്തമാനകാല യാഥാര്‍ത്ഥ്യം ഈ വാക്കുകളുടെ ഗൗരവം വെളിവാക്കുന്നു.

ലോകത്തെപ്പറ്റിയുള്ള ശാസ് ത്രീയമായ അറിവും ബൈബിളിലെ ഭാഗങ്ങളും തമ്മില്‍ പൊരുത്തക്കേട് ഉണ്ടാകുമ്പോള്‍, എപ്രകാരമാണ് അത് പരിഹരിക്കേണ്ടതെന്ന രണ്ടു തത്ത്വങ്ങള്‍ വി. അഗസ്തീനോസ് പുരാതനസഭയ്ക്ക് സംഭാവന ചെയ്തിട്ടുണ്ട്. ഇതേ തത്ത്വങ്ങള്‍ തന്നെയാണ് പില്‍ക്കാല സഭയിലെ ഏറ്റവും മഹാനായ വേദപാരംഗതനായിരുന്ന വി. തോമസ് അക്വീനാസും പിന്തുടര്‍ന്നതും, സഭയുടെതന്നെ ഏകദേശ നിലപാടായി മാറിയതും. ഈ തത്ത്വങ്ങള്‍ ചുരുങ്ങിയ വാക്കുകളില്‍ ഇപ്രകാരമാണ്:

1) പ്രകൃതിയില്‍നിന്ന് കൃത്യമായി തെളിഞ്ഞ ഒരു സത്യവും വിശുദ്ധവചനങ്ങളും തമ്മില്‍ പൊരുത്തക്കേട് ഉണ്ടെങ്കില്‍, വിശുദ്ധ വചനങ്ങളെ ഗഹനമായി മനസ്സിലാക്കി പുനര്‍വ്യാഖ്യാനിക്കുക. 2) കൃത്യമായി തെളിയിക്കപ്പെടാത്ത ഒരു വാദവും വിശുദ്ധവചനങ്ങളും തമ്മില്‍ പൊരുത്തക്കേടുണ്ടെങ്കില്‍, ആ വാദം തെളിയിക്കപ്പെടുന്നതു വരെ വിശുദ്ധ വചനങ്ങളുടെ നിലവിലുള്ള വ്യാഖ്യാനം തുടരുക.

പിന്നോട്ടു നടത്തം
കത്തോലിക്കരും പ്രൊട്ടസ്റ്റന്‍റുകളും ഓറിയന്‍റലുകളുമുള്‍പ്പെടെ നാനാവിഭാഗങ്ങളിലുമുള്ള ക്രൈസ്തവരും പ്രഥമ ഗണനീയനായി കരുതുന്ന ഒരു പണ്ഡിതന് എ.ഡി. നാലാം നൂറ്റാണ്ടില്‍ ഇപ്രകാരമൊരു നിലപാട് എടുക്കാന്‍ സാധിച്ചെങ്കില്‍, താരതമ്യേന നിരക്ഷരമായിരുന്ന അന്നത്തെ സഭയ്ക്ക് ആ നിര്‍ദ്ദേശങ്ങള്‍ സ്വീകാര്യമായിരുന്നുവെങ്കില്‍, മനുഷ്യന്‍റെ അറിവ് ഇത്രമേല്‍ വളര്‍ന്നിരിക്കുന്ന ഈ നൂറ്റാണ്ടിലെ വിശ്വാസികള്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ മാത്രമേ വിശുദ്ധഗ്രന്ഥം മനസ്സിലാകുന്നുള്ളുവെങ്കില്‍ അത് വിചിത്രം തന്നെ. വി. അഗസ്തീനോസിന്‍റെ പേരിലുള്ള പള്ളികളും ഇടവകകളും സ്ഥാപനങ്ങളുമൊക്കെ ധാരാളമുള്ള നാട്ടില്‍ എന്തുകൊണ്ടാണ് ശാസ്ത്ര സത്യങ്ങളുമായി അക്ഷരാര്‍ത്ഥത്തില്‍ പൊരുത്തക്കേടുള്ള ബൈബിള്‍ ഭാഗങ്ങളെ ഇന്നും അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ പ്രചരിപ്പിക്കുന്നത് എന്ന് വിചിന്തനം ചെയ്യേണ്ടതുണ്ട്. ഈ പിന്നോട്ടു നടത്തം കൊണ്ട് നാം സത്യത്തില്‍ നിന്നുമല്ലേ അകലുന്നത് (അങ്ങനെ ദൈവത്തില്‍നിന്നും – ദൈവം സത്യമാണല്ലോ).

ചില കാര്യങ്ങളിലെങ്കിലും ബൈബിള്‍ ഭാഗങ്ങളും ശാസ്ത്രീയ സിദ്ധാന്തങ്ങളും തമ്മില്‍ പൊരുത്തക്കേടോ വിടവോ പ്രകടമാണ്. പ്രത്യേകിച്ചും ഉല്‍പ്പത്തിയിലെ സൃഷ്ടി വിവരണങ്ങള്‍, സ്ത്രീ പുരുഷ സൃഷ്ടിവിവരണങ്ങള്‍, ആദിപാപത്തിന്‍റെ സംഭവം, നോഹയുടെ പ്രളയം, മനുഷ്യവംശത്തിന്‍റെ വളര്‍ച്ച മുതലായ കാര്യങ്ങളില്‍ ഇത് വളരെ വ്യക്തമാണ്. ഈ കാര്യങ്ങളില്‍, കൃത്യമായ ഒരു വ്യാഖ്യാനം ഉണ്ടായിരിക്കുക എന്നത് ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ പരമപ്രധാനമാണ്. ഇക്കാര്യങ്ങളില്‍ തികച്ചും അക്ഷരാര്‍ത്ഥത്തില്‍ ബൈബിളിനെ വ്യാഖ്യാനിക്കുമ്പോള്‍, അത് വിശ്വാസത്തിന് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കും. ആ പ്രത്യാഘാതങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് അടുത്ത ലക്കത്തില്‍ ചര്‍ച്ച ചെയ്യാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org