Latest News
|^| Home -> Pangthi -> വിശദീകരണം തേടുന്ന വിശ്വാസം -> സയന്‍റിസം – ശാസ്ത്രത്തില്‍ പൊതിഞ്ഞ ഭൗതികവാദം

സയന്‍റിസം – ശാസ്ത്രത്തില്‍ പൊതിഞ്ഞ ഭൗതികവാദം

ബിനു തോമസ്, കിഴക്കമ്പലം

വിശദീകരണം തേടുന്ന വിശ്വാസം അധ്യായം-48

ബിനു തോമസ്, കിഴക്കമ്പലം

ശാസ്ത്രവും മതവിശ്വാസവും തമ്മിലുള്ള ബന്ധമാണ് നാം ചര്‍ച്ച ചെയ്യുന്നത്. എന്താണ് ശാസ്ത്രം എന്നു നാം കണ്ടു. ശാസ് ത്രത്തിന്‍റെ ചില പരിധികളും നാം ചര്‍ച്ച ചെയ്തു. ഈ പരിധികള്‍ മനസ്സിലാക്കാതെയുള്ള ശാസ്ത്ര സംവാദം ചില തെറ്റിദ്ധാരണകളിലേക്ക് ചിലരെ നയിക്കാറുണ്ട്. അവയില്‍ പ്രധാനപ്പെട്ട ചിലത് നമുക്ക് പരിശോധിക്കാം.

1. സയന്‍റിസം
സയന്‍റിസം എന്ന വാക്ക് നമുക്ക് പരിചിതമായിരിക്കില്ല. പക്ഷേ, അത് ഉദ്ദേശിക്കുന്ന ആശയത്തിന്‍റെ പല അവസ്ഥാന്തരങ്ങള്‍ നമുക്ക് അറിയാവുന്നതായിരിക്കും. ഒരു ചിത്രത്തോടെ മാത്രമേ ഇത് എന്താണെന്ന് കൃത്യമായി മനസ്സിലാവുകയുള്ളൂ.

പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ അവസാനത്തോടെയും ഇരുപതാം നൂറ്റാണ്ടിന്‍റെ ആരംഭത്തിലും പാശ്ചാത്യരാജ്യങ്ങളില്‍ ശാസ്ത്ര- സാങ്കേതികവിദ്യയിലുള്ള പുരോഗതിയില്‍ ഒട്ടേറെ ആത്മവിശ്വാസം വളര്‍ന്നു. ഐസക് ന്യൂട്ടണും മറ്റും രൂപകല്‍പ്പന നല്‍കിയ യാന്ത്രികമായ പ്രപഞ്ചസങ്കല്പവും, ഡാര്‍വിന്‍റെ പരിണാമസിദ്ധാന്തത്തില്‍ ഊന്നിയുള്ള ജൈവസങ്കല്പവും, ചേര്‍ന്ന് നിര്‍ണ്ണയവാദം (Determinism) എന്ന ആശയത്തിന് ഏറെ പ്രചാരം നല്‍കി. ഈ ആശയം ഉദ്ദേശിക്കുന്നത് ഇതാണ് – നിരീക്ഷിക്കാനും അളക്കുവാനുമുള്ള ശാസ്ത്രത്തിന്‍റെ കഴിവ് വളര്‍ന്നുവളര്‍ന്നു വരുമ്പോള്‍, ഈ പ്രപഞ്ചത്തിലെ എന്തും, മനുഷ്യപ്രവൃത്തികള്‍ ഉള്‍പ്പെടെ, കൃത്യമായി പ്രവചിക്കാനും വിശദീകരിക്കാനും സാധ്യമാകും. ഈ പ്രപഞ്ചത്തെ നയിക്കുന്ന നിയമങ്ങള്‍ കൃത്യമായി അറിയുകയും, ഓരോ ഭൗതികപദാര്‍ത്ഥത്തിന്‍റെയും സ്ഥാനവും ചലനവും അളക്കുകയും ചെയ്യാന്‍ സാധിച്ചാല്‍, ഭൗതികപദാര്‍ത്ഥ മാത്രമായ ഒരു ലോകത്തില്‍ ഇത് സാധ്യമാണല്ലോ.

ഇതേ ആശയം തത്ത്വചിന്തയിലും പ്രതിഫലിക്കാതിരുന്നില്ല. അനുഭവസത്താവാദം (“ലോജിക്കല്‍ പോസിറ്റീവിസം,” അല്ലെങ്കില്‍ “വെരിഫിക്കേഷനിസം”) എന്ന പേരില്‍ തത്ത്വചിന്തയിലും സമാനമായ ആശയം ഉറവെടുത്തു. ഇന്ദ്രിയാനുഭവത്തിലൂടെ നേടുന്ന വസ്തുനിഷ്ഠമായ അറിവുകള്‍ മാത്രമാണ് യാഥാര്‍ത്ഥ അറിവെന്നും, മറ്റുള്ള അറിവുകള്‍ അയഥാര്‍ത്ഥങ്ങളാണെന്നുമാണ് “വിയന്ന സര്‍ക്കിള്‍” എന്ന പേരില്‍ പ്രശസ്തമായ ചിന്തകരുടെ കൂട്ടത്തിലെ ഒരു വിഭാഗം അവകാശപ്പെട്ടത്. ചുരുക്കത്തില്‍, ശാസ്ത്രത്തിനപ്പുറം അറിവില്ല എന്ന ആശയമാണ് ഇവര്‍ മുമ്പോട്ടു വയ്ക്കുന്നത്.

ഇരുപതാം നൂറ്റാണ്ടിലെ ക്വാണ്ടം ഭൗതികശാസ്ത്രത്തിന്‍റെ വരവും, ഗണിതശാസ്ത്രത്തിലെ അപൂര്‍ണ്ണതാസിദ്ധാന്തത്തിന്‍റെ (Go-del’s incompleteness theorems) രൂപീകരണവും, പോപ്പര്‍, കുണ്‍ മുതലായ ചിന്തകരുടെ ദാര്‍ശനികതയും സാങ്കേതികവിദ്യയുടെ ദുരുപയോഗവും (ലോകമഹായുദ്ധങ്ങള്‍) എല്ലാം കൂടിചേര്‍ന്നപ്പോള്‍ നിര്‍ണ്ണയവാദവും പോസിറ്റിവിസവുമെല്ലാം മെല്ലെ ദാര്‍ശനികതയുടെ മുഖ്യധാരയില്‍നിന്ന് തള്ളിക്കളയപ്പെട്ടു.

ഇപ്രകാരം ദാര്‍ശനികമായി നിലനില്പ് നഷ്ടപ്പെട്ട ഈ ആശയത്തിന്‍റെ സമകാലീന ഭാഷ്യമാണ് സയന്‍റിസം. ഒരു കാര്യത്തിന്‍റെ യാഥാര്‍ത്ഥ്യം അറിയുവാന്‍ ശാസ്ത്രത്തിന്‍റെ വിശദീകരണങ്ങള്‍ മാത്രം പിഞ്ചെല്ലുന്ന ഒരു നിലപാടാണ് സയന്‍റിസം പിന്തുടരുന്നത്. വളരെയധികം ജനകീയമായി മാറിക്കഴിഞ്ഞിരിക്കുന്ന ഈ ആശയം, “നവ നിരീശ്വരര്‍” (New atheists) എന്നു വിളിക്കപ്പെടുന്ന ചില ചിന്തകരിലൂടെയാണ് പുതുജീവന്‍ കൈക്കൊണ്ടത്. ഇന്ന് കേരളത്തില്‍ തന്നെ, ജനകീയരായ പല ഭൗതിക വാദികളും ചിന്തകരും ചില സാമൂഹികമാധ്യമ കൂട്ടായ്മകളുമെല്ലാം ഈ ആശയത്തിന്‍റെ വിഭിന്നമായ ഭാഷ്യങ്ങള്‍ അവസരത്തിലും അനവസരത്തിലുമെല്ലാം അവതരിപ്പിക്കുന്നത് സൂക്ഷിച്ചു വീക്ഷിച്ചാല്‍ മനസ്സിലാകും.

സയന്‍റിസത്തിന്‍റെ ദൗര്‍ബല്യങ്ങള്‍
എന്താണ് സയന്‍റിസത്തിന്‍റെ പ്രശ്നം?
1. താത്ത്വികമായി ഇരുപതാം നൂറ്റാണ്ടില്‍തന്നെ പരാജയപ്പെട്ട ഒരു ദര്‍ശനം പുതിയ കുപ്പിയിലാക്കി നല്‍കുന്ന ഒന്നാണ് സയന്‍റിസമെന്നതാണ് ഒന്നാമത്തെ ദൗര്‍ബല്യം. സ്വയം ഖണ്ഡിക്കുന്ന ഒരു ദര്‍ശനമാണിത്. “ശാസ്ത്രത്തിലൂടെ തെളിയിക്കപ്പെട്ട അറിവ് മാത്രമാണ് സത്യം” എന്ന പ്രസ്താവനയെടുക്കുക. ഇത് ഒരു ശാസ്ത്രവും തെളിയിച്ച സിദ്ധാന്തമല്ല. അപ്പോള്‍, ഈ ദര്‍ശനം സ്വയം ഖണ്ഡിക്കുന്ന ഒന്നായി പ്രശസ്ത തത്ത്വചിന്തകന്‍ ആല്‍വിന്‍ പ്ലാന്‍റിംഗ പറയുന്നു. ഈ പ്രസ്താവന സത്യമാണെങ്കില്‍തന്നെയും അത് മനുഷ്യന്‍റെ ആലോചനാശേഷിയില്‍ നിന്ന് മാത്രം ആവിര്‍ഭവിച്ച ഒന്നാണ്, അപ്പോള്‍ ആലോചനാ ശേഷിയിലൂടെയും സത്യങ്ങള്‍ കണ്ടുപിടിക്കാന്‍ സാധിക്കുമെന്ന് സാരം. നേരത്തെ സൂചിപ്പിച്ചതു പോലെ, 20-ാം നൂറ്റാണ്ടിലെ ചില എണ്ണം പറഞ്ഞ സിദ്ധാന്തങ്ങള്‍ ഈ ദര്‍ശനത്തിന് യുക്തിപരമായ അന്ത്യം കുറിക്കുന്നു.

2. ശാസ്ത്രം ഒരു തത്ത്വചിന്തയും അവതരിപ്പിക്കുന്നില്ല. ഒരു ശാസ്ത്രജ്ഞ്ഞന്‍ തത്ത്വചിന്ത പറഞ്ഞാല്‍ അത് ശാസ്ത്രവും ആകുന്നില്ല. ഈ അടിസ്ഥാനപരമായ സത്യങ്ങളെ വളച്ചൊടിച്ച്, ഭൗതികവാദമെന്ന തത്ത്വചിന്തയെ ശാസ്ത്രത്തിന്‍റെ പേരില്‍ ആധികാരികമാക്കാനുള്ള ഒരു ശ്രമമാണ് സയന്‍റിസം. ശാസ്ത്രത്തിന്‍റെ ആധികാരികതയിലും ജനകീയതയിലും ഭൗതികവാദം വില്‍ക്കാനുള്ള ഒരു ശ്രമമാണിത്. ശാസ്ത്രത്തിന്‍റെ പന്ഥാവ് തത്ത്വചിന്താ-നിരപേക്ഷ (philosophical neutral)മാണ്. ഏതെങ്കിലും തത്ത്വചിന്ത തെളിയിക്കാനോ ഇല്ലാതാക്കാനോ അല്ല ശാസ്ത്രം മുന്നേറേണ്ടത്. നിരപേക്ഷമായ ഭൗതികാന്വേഷണമാണ് ശാസ്ത്രം നടത്തേണ്ടത്. ശാസ്ത്രത്തിന്‍റെ നിരപേക്ഷതയില്‍ വെള്ളം ചേര്‍ത്ത്, ശാസ്ത്രത്തിന്‍റെ പേരില്‍ ഭൗതികവാദം പ്രചരിപ്പിക്കാനുള്ള ഒരു ശ്രമം മാത്രമാണ് സയന്‍റിസം.

3. അറിവിനെ ഭൗതികതയിലേക്ക് ഒതുക്കുന്നതു വഴി, തത്ത്വചിന്തയില്‍ ആസ്പദമാക്കിയുള്ള മറ്റ് അതിഭൗതികമായ അറിവുകള്‍ക്ക് മാനവബൗദ്ധിക ചിന്താമുഖ്യധാരയില്‍ അര്‍ഹമായ സ്ഥാനം നിഷേധിക്കുകയാണ് സയന്‍റിസം ചെയ്യുന്നത്. അതുവഴി, ഗഹനമായ തത്ത്വചിന്തയും യുക്തിസഹമായ സമീപനവുമുള്ള ആദ്ധ്യാത്മിക പന്ഥാവുകളെപ്പോലും അന്ധവിശ്വാസമെന്നും യുക്തിഹീനമെന്നും ചാപ്പ കുത്തുന്ന സമീപനം ജനമധ്യത്തില്‍ വളരുന്നതിന് കാരണമാകുന്നു.

അപ്പോള്‍, സയന്‍സിന്‍റെ പേരില്‍ അവതരിപ്പിക്കപ്പെടുന്ന കാര്യ ങ്ങളില്‍ ഏതാണ് യഥാര്‍ത്ഥ സയന്‍സ്, ഏതാണ് സയന്‍റിസം എന്നു വിവേചിച്ചറിയാന്‍ അറിവു നേടുക എന്നത് ഇന്നത്തെ കാലത്തിന്‍റെ ആവശ്യങ്ങളിലൊന്നാണ്.

സയന്‍റിസം എന്നത് ഭൗതിക വാദികള്‍ ശാസ്ത്രത്തിന്‍റെ പരിധികളെ വ്യാഖ്യാനം ചെയ്യുമ്പോള്‍ വരുത്തുന്ന പിഴവാണെങ്കില്‍, വിശ്വാസികള്‍ ആ പരിധികളെ മനസ്സിലാക്കാതിരിക്കുമ്പോഴും ചില അനഭിലഷണീയമായ പ്രവണതകള്‍ കടന്നുവരുന്നു. അത് അടുത്ത ലക്കത്തില്‍ ചര്‍ച്ച ചെയ്യാം.

Leave a Comment

*
*