ശാസ്ത്രം – നിര്‍വചനവും അതിരുകളും

വിശദീകരണം തേടുന്ന വിശ്വാസം അധ്യായം-47

ശാസ്ത്രം – ഒരു നിര്‍വചനം
ലത്തീന്‍ ഭാഷയിലെ "സയന്‍റ് റിയ" (അറിവ്) എന്ന വാക്കില്‍ നിന്നാണ് സയന്‍സ് എന്ന വാക്ക് ഉത്ഭവിക്കുന്നത്. ഇന്ത്യയിലാകട്ടെ, "ശാസിക്കപ്പെട്ടത്" എന്ന അര്‍ത്ഥത്തിലും "ശാസ്ത്രം" എന്ന പദം ഉപയോഗിച്ചിരുന്നു (അതുകൊണ്ടാണ് അമ്പലങ്ങളിലെ പൂജാവിധികള്‍ക്കും പാരമ്പര്യങ്ങള്‍ക്കും വരെ "ശാസ്ത്രം" എന്ന പ്രത്യയം കൂട്ടിച്ചേര്‍ക്കുന്നത്).

"വ്യവസ്ഥാപിതമായ പരീക്ഷണ നിരീക്ഷണങ്ങളാല്‍ പരിശോധിക്കപ്പെടാവുന്ന അനുമാനങ്ങളാണ് ശാസ്ത്രം" എന്നതാണ് ആധുനികശാസ്ത്രത്തിന്‍റെ ഒരു അംഗീകൃതനിര്‍വചനമായി പൊതുവെ ഉപയോഗിക്കപ്പെടുന്നത്. ആവര്‍ത്തിക്കപ്പെടാവുന്ന പരീക്ഷണ-നിരീക്ഷണങ്ങളാണ് ശാസ്ത്രീയ മാര്‍ഗ്ഗത്തിന്‍റെ മുഖമുദ്ര. ആധുനിക സൈദ്ധാന്തികന്മാരില്‍ ചിലര്‍ (കാള്‍ പോപ്പര്‍ മുതലായവര്‍) 'ഫാള്‍സിഫയബിലിറ്റി" (ഒരു കാര്യം തെറ്റാണെന്നു തെളിയിക്കാനുള്ള സാധ്യത-ഖണ്ഡനസാധ്യത) ഉള്ളതെന്തും ശാസ്ത്രത്തിന്‍റെ പരിധിയില്‍ വരുന്നതായി കണക്കാക്കുന്നു. എന്താണ് ഫാള്‍സി ഫയബിലിറ്റി? ഭൂമി ഉരുണ്ടതാണെന്ന പ്രസ്താവന എടുക്കുക. ഏതെങ്കിലും തരത്തില്‍ ഭൂമി ഉരുണ്ടതാണോ അല്ലയോ എന്ന് പരിശോധിക്കാന്‍ നമുക്ക് കഴിയും. അത്തരം ഓരോ പരിശോധനയും, ആ പ്രസ്താവന തെറ്റിക്കാനുള്ള ഒരു അവസരമാണ് നമുക്ക് തരുന്നത്. ഇത്തരം അവസരങ്ങളില്‍ എല്ലാം ശരിയായി വരുന്ന പ്രസ് താവനയെ നമ്മള്‍ ശാസ്ത്രീയമെന്നു പറയുന്നു. ഏതെങ്കിലും അവസരത്തില്‍ തെറ്റിയാല്‍, അത് തെറ്റായ പ്രസ്താവനയായി നാം അംഗീകരിക്കും. ഇപ്രകാരം, പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ഖണ്ഡിക്കുവാന്‍ സാധിക്കുന്ന സിദ്ധാന്തങ്ങളാണ് ശാസ്ത്രം എന്നാണ് പോപ്പര്‍ പറഞ്ഞത്.

ഇത്തരം നിര്‍വചനങ്ങള്‍ എല്ലാ ചിന്തകരും അംഗീകരിക്കുന്നില്ല. പക്ഷെ, നിര്‍വചനം എന്തുമാകട്ടെ, ആവര്‍ത്തിക്കാവുന്ന പരീക്ഷണനിരീക്ഷണങ്ങള്‍ ശാസ്ത്രത്തിന്‍റെ ഒരു അടിസ്ഥാന സ്വഭാവമാണ് എന്നത് ഏവരും അംഗീകരിക്കുന്ന ഒന്നാണ്.

ശാസ്ത്രം-ചില അതിരുകള്‍
ശാസ്ത്രത്തിന്‍റെ ഈ അടിസ്ഥാനസ്വഭാവം അതിന് ചില അതിരുകള്‍ നിര്‍ണ്ണയിക്കുന്നുണ്ട്.

ഒന്നാമതായി, ശാസ്ത്രം എന്നത് ആഗമനാത്മകമായ (Induction) ഒരു ജ്ഞാനസമ്പാദന മാര്‍ഗ്ഗമാണ്. എന്താണ് ആഗമനാത്മകം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്? ആവര്‍ത്തിച്ച് കാണപ്പെടുന്ന ഒരു പ്രത്യേക പ്രതിഭാസത്തില്‍ നിന്ന് ഒരു പൊതുസത്യം ഊഹിച്ചെടുക്കുന്ന ഒരു മാര്‍ഗ്ഗമാണിത്. ഉദാഹരണത്തിന്, സൂര്യന്‍ ഉദിച്ചുവരുന്നത് എല്ലാ ദിവസവും നിരീക്ഷിക്കുന്ന ഒരാള്‍, സൂര്യന്‍ ഉദിക്കുന്നത് ഒരു പ്രത്യേക ദിശയില്‍ ആണെന്ന് മനസ്സിലാക്കുന്നു. അതില്‍ നിന്ന്, എല്ലാ ദിവസവും സൂര്യന്‍ ഉദിക്കാന്‍ പോകുന്നത് ആ ദിശയില്‍ ആണെന്ന ഒരു പൊതുതത്ത്വം രൂപീകരിക്കുന്നു.

പക്ഷെ, ഈ മാര്‍ഗ്ഗം എല്ലായ്പ്പോഴും ശരിയാകണമെന്നില്ല. തത്ത്വചിന്തകനായ ബെര്‍ട്രെന്‍ഡ് റസല്‍ ഒരുദാഹരണം അവതരിപ്പിക്കുന്നു. കൂട്ടില്‍കിടക്കുന്ന ഒരു കോഴി, തന്‍റെ അടുക്കല്‍ വരുന്ന യജമാനന്‍ തനിക്ക് എല്ലാ ദിവസവും തീറ്റ തരുന്നത് കണ്ട്, ഒരു സത്യം തിരിച്ചറിയുന്നു – യജമാനന്‍ കോഴിക്കൂട്ടില്‍ വരുന്നത് കോഴിയെ തീറ്റിക്കാന്‍ ആണെന്ന്. പക്ഷെ, ഒരു ദിവസം യജമാനന്‍ വന്ന് കോഴിയെ പിടിച്ച് കശാപ്പുകത്തി കഴുത്തില്‍ വയ്ക്കുമ്പോള്‍ മാത്രമാണ് തന്‍റെ അറിവ് തെറ്റായിരുന്നു എന്നത് കോഴിക്ക് മനസ്സിലാവുകയുള്ളൂ. ഇത്, ആഗമനാത്മകമായ എല്ലാ അറിവുകളുടെയും ഒരു പരിമിതിയാണ്. അതു കൊണ്ടു തന്നെ, ശാസ്ത്രത്തിനും ഈ പരിമിതി ബാധകമാണ്. അതുകൊണ്ട്, ശാസ്ത്രീയമായ അറിവുകളെ പലപ്പോഴും "സോപാധികമായ (provisional) അറിവുകള്‍" ആയിട്ടാണ് കണക്കാക്കുന്നത്. ശരിക്കും ചിന്തിച്ചാല്‍, ഫാള്‍സിഫയബിലിറ്റി എന്നത്, ആഗമനാത്മകമായ ജ്ഞാനസമ്പാദനത്തിന്‍റെ പരിമിതി കൊണ്ട് സംഭവിക്കുന്ന ഒന്നാണ്; അതാണ് ശാസ്ത്രത്തിന് കരുത്ത് നല്‍കുന്നതും. "Induction is the glory of science and scandal of philosophy" എന്നാണ് തത്ത്വചിന്തകനായ ബ്രോഡ് ഇതിനെപ്പറ്റി പറഞ്ഞത്. ഭൂതകാലത്തില്‍ നടന്നത് ഭാവിയിലും നടക്കും എന്ന ഒരു ഊഹം (assumption of uniformity) ശാസ്ത്രത്തിന്‍റെ ഒരു മുന്നനുമാനമാണ് (prior assumption). അതുപോലെ, പ്രപഞ്ചനിയമങ്ങള്‍ എല്ലായിടത്തും എല്ലായ്പ്പോഴും ബാധകമാണ് എന്നതും മറ്റൊരു മുന്നനുമാനമാണ്.

രണ്ട്, ഭൗതികതയ്ക്കുള്ളില്‍ ഒതുക്കപ്പെട്ടിരിക്കുന്ന ജ്ഞാനമാണ് ശാസ്ത്രം. കാരണം, പരീക്ഷണ നിരീക്ഷണങ്ങള്‍ സാധ്യമാകുന്നത് ഭൗതികപ്രതിഭാസങ്ങളില്‍ മാത്രമാണ്. അതിഭൗതികമായത് എന്തെങ്കിലും ഉണ്ടെങ്കില്‍, അതിനെപ്പറ്റിയുള്ള അറിവ് ശാസ്ത്രം വഴി ലഭ്യമാകുമെന്ന് പ്രതീക്ഷിക്കാന്‍ സാധ്യമല്ല. (ഭൗതികതയ്ക്ക് അപ്പുറം എന്തെങ്കിലും ഉണ്ടെന്നോ ഇല്ലെന്നോ ശാസ്ത്രത്തിന് തീര്‍പ്പു കല്‍പ്പിക്കാന്‍ സാധ്യമല്ല എന്ന് ചുരുക്കം, അത് തത്വചിന്തയുടെ തലത്തിലാണ് തീര്‍പ്പു കല്പിക്കപ്പെടേണ്ടത്.)

മൂന്ന്, പരീക്ഷണനിരീക്ഷണങ്ങളിലൂടെ സാധ്യമായ അറിവുകള്‍ നമ്മുടെ ആകെ അറിവിന്‍റെ ഒരു ചെറിയ ഭാഗം മാത്രമാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, വിജ്ഞാനമേഖല(Epistemology)യുടെ ഒരു ശാഖ മാത്രമാണ് ശാസ് ത്രം. തത്വചിന്ത, ലോജിക്, ചരിത്രം, ഗണിതം, സൗന്ദര്യശാസ് ത്രം, ധാര്‍മികശാസ്ത്രം എന്നിവയൊക്കെ നിശ്ചിതമായ പരീക്ഷണ നിരീക്ഷണങ്ങള്‍ക്ക് വെളിയിലാണ്. പ്രായോഗികമായ അനേകം അറിവുകള്‍ – നമ്മുടെ അച്ഛന്‍ ആര് എന്നതുപോലും (DNA ടെസ്റ്റ് നടത്തിയല്ലല്ലോ നമ്മള്‍ അത് മിക്കവാറും അറിയുന്നത്, കഴിഞ്ഞ തലമുറയില്‍ പെട്ടവര്‍ക്ക് ആ മാര്‍ഗ്ഗം അപ്രാപ്യവും ആയിരുന്നു) – അത്തരമൊരു അറിവല്ല. പക്ഷെ, പരീക്ഷണങ്ങള്‍ക്ക് അപ്രാപ്യമായ ഇത്തരം അറിവുകളും, യുക്തിപൂര്‍ണ്ണമായ ചിന്തയില്‍ നിന്നുതന്നെയാണ് നാം രൂപീകരിക്കുന്നത്. അപ്പോള്‍, യുക്തിസഹമായ അറിവുകളുടെ ഒരു ഉപഗണം (subset) മാത്രമാണ് ശാസ്ത്രം (ഫാള്‍സിഫയബിലിറ്റി മാത്രമായി ശാസ്ത്രത്തെ നിര്‍വചിച്ചാല്‍, ഈ പ്രശ്നം കുറയുമെങ്കിലും ഇല്ലാതാകുന്നില്ല).

ഏതു ശാസ്ത്ര-മതസംവാദത്തിലും ശ്രദ്ധിക്കേണ്ട ചില പരിധികളാണ് ഇവ. ഈ പരിധികള്‍ കണ്ടില്ലെന്നു നടിക്കുമ്പോഴാണ് തെറ്റിദ്ധാരണകള്‍ ഉടലെടുക്കുന്നത്. അത്തരം തെറ്റിദ്ധാരണകളിലേക്ക് നമുക്ക് വരും അദ്ധ്യായങ്ങളില്‍ കണ്ണോടിക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org