Latest News
|^| Home -> Pangthi -> വിശദീകരണം തേടുന്ന വിശ്വാസം -> ആത്മീയത ദൈവമെന്ന യാഥാര്‍ത്ഥ്യത്തിനു തെളിവ്

ആത്മീയത ദൈവമെന്ന യാഥാര്‍ത്ഥ്യത്തിനു തെളിവ്

Sathyadeepam

വിശദീകരണം തേടുന്ന വിശ്വാസം അധ്യായം-11

ബിനു തോമസ്, കിഴക്കമ്പലം

പൂര്‍ണ്ണതയെതേടിയുള്ള മനുഷ്യന്‍റെ അലച്ചിലിന്‍റെ – ആദ്ധ്യാത്മികതയുടെ – സാധ്യമായ വിശദീകരണങ്ങളില്‍ ഏറ്റവും യുക്തമായ വിശദീകരണം, ആ ദാഹം മനുഷ്യനില്‍ നിക്ഷേപിച്ച പൂര്‍ണ്ണമായ ഒരു യാഥാര്‍ത്ഥ്യം ഉണ്ട് എന്നതുതന്നെയാണ് എന്ന് നമ്മള്‍ കഴിഞ്ഞ അധ്യായത്തില്‍ കണ്ടു. ഈ വിശദീകരണത്തിന്, ഒരു തികഞ്ഞ ഭൗതികവാദിക്ക് നല്കാവുന്ന മറുപടികള്‍ എന്തൊക്കെയാവും?

ആദ്ധ്യാത്മികത ഒരു തെറ്റിദ്ധാരണയോ?
ഒന്ന്, നമ്മള്‍ അലൗകികതയെന്ന് വിളിക്കുന്ന ആദ്ധ്യാത്മികത ലൗകികമായ ഒരു ചോദനയെ തെറ്റിദ്ധരിക്കുന്നതാണ് എന്ന് കരുതാമോ? രണ്ട്, പരിണാമപ്രക്രിയയില്‍ വന്നുപോയ ഒരു “അബദ്ധവികാസം” ആണോ ആദ്ധ്യാത്മികത? പരിണാമത്തില്‍, ഒരു ജീവിയുടെ നിലനില്‍പ്പിന് ആവശ്യമില്ലാത്ത ശരീരഭാഗങ്ങളോ, കഴിവുകളോ വളരുന്നത് സ്വാഭാവികമാണ്. അതുപോലെ, തികച്ചും ആകസ്മികമായി, യാതൊരു കാരണവുമില്ലാതെ ആവിര്‍ഭവിച്ച ഒരു ചോദനയാണ് ആദ്ധ്യാത്മികത എന്നാണ് ഈ വാദം. അലര്‍ജിക്കുള്ള മരുന്ന് കഴിക്കുമ്പോള്‍, പാര്‍ശ്വഫലമായി ഉറക്കം ഉണ്ടാകുന്നതുപോലെ, തലച്ചോറിന്‍റെ പരിണാമത്തില്‍ സംഭവിച്ചുപോയ ഒരു പാര്‍ശ്വഫലമാണ് ആദ്ധ്യാത്മികചോദന എന്ന് ഈ വാദം ഉന്നയിക്കുന്നവര്‍ പറയുന്നു.

പ്രതികരണം
മനുഷ്യന്‍റെ ജൈവസത്തയിലുള്ള ഏത് ആഗ്രഹവും അവയുടെയെല്ലാം ലക്ഷ്യവിഷയവും യഥാര്‍ത്ഥ സത്യങ്ങളാണെന്ന് ഏവരും സമ്മതിക്കുന്നു. പിന്നെ, ആത്മീയതയെന്ന ആഗ്രഹത്തിന്‍റെ ലക്ഷ്യവിഷയമായ അലൗകികത മാത്രം യഥാര്‍ത്ഥസത്യമല്ല എന്നു പറയുന്നതിന് ഭൗതികവാദിക്ക് എന്തെങ്കിലും കാരണമുണ്ടോ? ഒരേയൊരു കാരണം, അഭൗതികത അസാധ്യമാണ് എന്ന പിടിവാശി യാണ്. പക്ഷേ, അത് നിഷ്പക്ഷ മായ ഒരു നിലപാടല്ല. നമ്മുടെ എല്ലാ ഊഹങ്ങളും മാറ്റിവച്ച്, ശൂന്യമായ ഒരു മനസ്സില്‍ വാദപ്രതിവാദം തുടങ്ങിയാല്‍, അഭൗതികത അസാധ്യമാണ് എന്നു വാശിപിടി ക്കാന്‍ പറ്റില്ല. അപ്പോള്‍, ആത്മീയത ഒരു തെറ്റിദ്ധാരണയാണ് എന്ന വാദം ഒരു വെറും മുന്‍വിധിയുടെ മുകളില്‍ കെട്ടിപ്പടുത്തതാണ് (തത്ത്വചിന്തയില്‍, ഇതിനെ “ബെഗ്ഗിംഗ് ദ ക്വസ്സ്റ്റ്യന്‍” എന്ന യുക്തിഭംഗമായിട്ട് കാണാന്‍ സാധിക്കും), അതുകൊണ്ട് അത് യുക്തിപരമായി അംഗീകരിക്കേണ്ടതില്ല.

അതുപോലെ, ആദ്ധ്യാത്മികത ഒരു പാര്‍ശ്വഫലമാണെങ്കില്‍, നമ്മുടെ മറ്റു പല കഴിവുകളും യുക്തിചിന്തയും ബുദ്ധിയും ഭാവനയും എല്ലാം യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത പാര്‍ശ്വഫലങ്ങള്‍ ആകുവാനുള്ള സാധ്യതയുമുണ്ട്. ആത്മീയത മാത്രം ഒരു പരിണാമത്തിന്‍റെ “അബദ്ധവികാസ”വും, അതേ തലച്ചോറില്‍ നിന്നുള്ള യുക്തിചിന്തയും ബുദ്ധിയും കലയും മറ്റനേകം കഴിവുകളും അങ്ങനെയല്ലാതിരിക്കുകയും ചെയ്യുന്നു എന്നു പറയുന്നതിന്‍റെ യുക്തി എന്താണ്? അതിന് പ്രത്യേകിച്ചു കാരണങ്ങള്‍ ഒന്നും തന്നെ ഭൗതികവാദിക്ക് ചൂണ്ടിക്കാട്ടാനാവില്ല. (മുകളില്‍ പറഞ്ഞ മുന്‍വിധി മാത്രമേയുള്ളൂ കാരണം).

ചുരുക്കത്തില്‍, ദൈവമില്ല എന്ന ഒരു മുന്‍വിധിയുടെ മുകളില്‍ കെട്ടിപ്പടുക്കുന്ന മറുവാദങ്ങള്‍ മാത്രമാണ് ഒരു ഭൗതികവാദിക്ക് ഉന്നയിക്കാന്‍ സാധിക്കുകയുള്ളൂ. മനുഷ്യസത്തയില്‍ നാം കാണുന്ന വസ്തുതകള്‍, ആദ്ധ്യാത്മികതയുടെ അലൗകികമായ ഒരു അടിസ്ഥാനത്തിലേക്കാണ് യുക്തിപൂര്‍വ്വം വിരല്‍ ചൂണ്ടുന്നത്.

ആദ്ധ്യാത്മികതയുടെ ദൈവാടിസ്ഥനം ഒരു സംഗ്രഹം
കഴിഞ്ഞ കുറേ അധ്യായങ്ങളിലായി നാം വിശദമായി ചര്‍ച്ച ചെയ്യുന്ന ആത്മീയതയുടെ ദൈവാടിസ്ഥാനം എന്ന വിഷയത്തെ ഒന്നു സംഗ്രഹിക്കുന്നത് ഈ സമയത്ത് ഉചിതമായിരിക്കും:

1) മനുഷ്യനെന്ന ജീവി ഒരു കടംകഥയാണ്. ഒരേ സമയം പ്രപഞ്ചത്തിലെ ഒരു കീടവും, അതേ സമയം പ്രപഞ്ചത്തെ മുഴുവന്‍ തന്‍റെ കൊച്ചുമനസ്സില്‍ ഉള്‍ക്കൊള്ളാന്‍ പ്രാപ്തനുമായ ഒരു ജീവി.

2) മനുഷ്യനെന്ന ഈ ജീവി ഈ ലോകത്തില്‍ ദുഃഖാര്‍ത്ഥനാണ്. അവന്‍ പൂര്‍ണ്ണതയ്ക്കു വേണ്ടി ദാഹിക്കുന്നു. ഈ ദാഹം ഭൗതികലോകത്തില്‍ മനുഷ്യന് ശമിപ്പിക്കാന്‍ സാധിക്കുന്നില്ല എന്നത് സ്വാനുഭവത്തില്‍നിന്ന് ഒരു വ്യക്തിക്ക് മനസ്സിലാക്കാം.

3) പൂര്‍ണ്ണത തേടിയുള്ള മനുഷ്യന്‍റെ ദാഹം മനുഷ്യനെ അതിഭൗതികതയിലേക്ക് ആനയിക്കുന്നത് ചരിത്രത്തില്‍നിന്നും വൈയക്തികാനുഭവങ്ങളില്‍നിന്നും നാം കാണുന്നു. ഈ ദാഹത്തെ നമുക്ക് ആത്മീയത എന്ന് പൊതുവായി വിളിക്കാം.

4) ഈ ആത്മീയത മനുഷ്യന്‍ കൃത്രിമമായി സൃഷ്ടിച്ചതല്ല. സാമൂഹികചട്ടക്കൂടുകള്‍ തീര്‍ക്കുവാന്‍ ഏതെങ്കിലും ഒരു ദശാസന്ധിയില്‍ കൃത്രിമമായി മനുഷ്യന്‍ സൃഷ്ടിച്ച ഒന്നല്ല ആത്മീയത. അത് ചരിത്രത്തില്‍ സാര്‍വത്രികമായി കാണപ്പെടുന്ന ഒന്നാണ്. അത് മനു ഷ്യന്‍റെ ഒരു സ്വാഭാവിക ആഗ്രഹവും, അവന്‍റെ ജൈവസത്തയുടെ ഭാഗവുമാണ്.

5) സ്വാഭാവിക ആഗ്രഹങ്ങളും ജൈവസത്തയുടെ ഭാഗമായ ഘടകങ്ങളും ഭാവനാസൃഷ്ടിയല്ല. അതുകൊണ്ട്, ആദ്ധ്യാത്മികതയെ തൃപ്തിപ്പെടുത്തുന്ന ലക്ഷ്യ വിഷയം മനുഷ്യന്‍റെ ഭാവനയല്ല.

6) ഭൗതികപ്രതിഭാസങ്ങള്‍ കൊണ്ട് ഭൗതികമായ ലക്ഷ്യവിഷയങ്ങള്‍ വിശദീകരിക്കാന്‍ സാധിക്കും. പക്ഷേ, ഭൗതികത കൊണ്ട്, അതിഭൗതികമായ നൈസര്‍ഗ്ഗിക ചോദനകള്‍ വിശദീകരിക്കാന്‍ സാധിക്കുകയില്ല. തന്മൂലം, ആദ്ധ്യാത്മികതയുടെ ലക്ഷ്യവിഷയത്തെ വിശദീകരിക്കാന്‍ ഭൗതിക പ്രതിഭാസങ്ങള്‍ കൊണ്ട് സാധിക്കുകയില്ല.

7) ആയതിനാല്‍, ആദ്ധ്യാത്മികതയുടെ ഏറ്റവും തൃപ്തികരമായ വിശദീകരണം അതിഭൗതികമായ ഒരു യാഥാര്‍ത്ഥ്യമുണ്ടെന്ന് അംഗീകരിക്കുകയാണ്. മുന്‍വിധികള്‍ ഇല്ലാതെ ഈ ജൈവസത്തയെ സമീപിച്ചാല്‍, അതിന്‍റെ ലക്ഷ്യവിഷയമായ അതിഭൗതികമായ ഒരു യാഥാര്‍ത്ഥ്യത്തിന്‍റെ യുക്തിപരമായ ഒരു തെളിവാണ് ആത്മീയത.

8) മനുഷ്യന്‍റെ ആത്മീയതയുടെ ലക്ഷ്യമായ ഈ അതിഭൗതിക യാഥാര്‍ത്ഥ്യത്തെ മനുഷ്യന്‍ വിളിക്കുന്ന പേരാണ് “ഈശ്വരന്‍.”

വിശ്വാസത്തിന്‍റെ പ്രാപഞ്ചിക ഉറവിടങ്ങളില്‍, ആദ്യമായി നാം ചര്‍ച്ചയ്ക്ക് എടുത്ത വിഷയമാണ് മനുഷ്യനെന്ന ജീവിയുടെ സവിശേഷ ജൈവസത്തയും, മനുഷ്യരില്‍ സാര്‍വത്രികമായി കാണപ്പെടുന്നതുമായ ആത്മീയത. ഈ ആത്മീയത എങ്ങനെ ഈശ്വരന്‍റെ യാഥാര്‍ത്ഥ്യത്തിന് തെളിവായി മനസ്സിലാക്കാം എന്ന് നമ്മള്‍ കണ്ടു. അടുത്ത ലക്കങ്ങളില്‍, വിശ്വാസത്തിന്‍റെ രണ്ടാമത്തെ പ്രാപഞ്ചിക ഉറവിടമായ മൂല്യങ്ങളെ നമുക്ക് ചര്‍ച്ച ചെയ്യാം.

Leave a Comment

*
*