പ്രപഞ്ചാരംഭം ഒരു ചരിത്രാവലോകനം

വിശദീകരണം തേടുന്ന വിശ്വാസം, അധ്യായം-17

ബിനു തോമസ്, കിഴക്കമ്പലം

പ്രപഞ്ചമെന്ന ഉറവിടത്തില്‍ നിന്ന് ദൈവാസ്ഥിത്വം തിരിച്ചറിയാനുള്ള മുഖ്യസങ്കേതങ്ങളില്‍ രണ്ടാമത്തേതാണ് പ്രപഞ്ചത്തിന്‍റെ ആരംഭമെന്ന സവിശേഷത. പ്രപഞ്ചത്തിന്‍റെ ആരംഭവുമായി ബന്ധപ്പെട്ട ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന വാദഗതി "കലാം വിശ്വവിജ്ഞാനീയം" എന്ന പേരിലാണ് അറിയപ്പെടുന്നത്.

പ്രപഞ്ചാരംഭം ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം
പ്രപഞ്ചത്തിന് ഒരു ആരംഭമുണ്ടോ എന്ന് ഇന്ന് ആരോടെങ്കിലും ചോദിച്ചാല്‍, ഉണ്ട് എന്നാണ് സാമാന്യേന ഉത്തരം കിട്ടുക. 13.7 ബില്ല്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പ്രപഞ്ചം ആരംഭിച്ചതെന്ന് ശാസ്ത്രം പറയുന്നു. "ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു" എന്നാണ് ബൈബിളിലെ ആദ്യവാക്യം. മനുഷ്യരാശി എല്ലാ കാലത്തും ഇപ്രകാരമാണോ ചിന്തിച്ചിരുന്നത്?

ആയിരുന്നില്ല എന്നാണ് ഉത്തരം. അരിസ്റ്റോട്ടില്‍, പ്ലേറ്റോ മുതലായ പുരാതന ഗ്രീക്ക് റോമന്‍ ചിന്തകന്മാര്‍, പ്രപഞ്ചം അനന്തമാണ് എന്ന സങ്കല്‍പ്പമാണ് പുലര്‍ത്തിയിരുന്നത്. അനന്തമായ ഭൂതകാലത്തിലൂടെ സഞ്ചരിക്കുന്ന ഒന്നായി അവര്‍ പ്രപഞ്ചത്തെ സങ്കല്‍പ്പിച്ചു. ഈ പ്രപഞ്ചത്തിന് ക്രമം നല്‍കുന്ന ശക്തികളായാണ് അവര്‍ ദേവന്മാരെ കണ്ടത്. ഈ ദേവന്മാര്‍ക്ക് ആരംഭമുണ്ട്, പക്ഷേപ്രപഞ്ചത്തിന് ആരംഭമില്ല എന്ന് അവര്‍ കരുതി.

ഇനി, പൗരസ്ത്യസംസ്കാരങ്ങളില്‍ നോക്കിയാലും സ്ഥിതി മറ്റൊന്നുമല്ല. അനന്തമായ ചാക്രിക പ്രപഞ്ചം എന്ന ആശയമാണ് പൗരാണികഭാരതത്തില്‍ വേരോടിയത്. നാലുയുഗങ്ങളുടെ ആവര്‍ത്തനത്തിലൂടെ അനന്തമായി നീളുന്ന ഒന്നാണ് പ്രപഞ്ചത്തിന്‍റെ ഭൂതവും ഭാവിയും എന്നാണ് സങ്കല്‍പ്പം. ചൈനീസ്, ഈജിപ്ഷ്യന്‍ മുതലായ എല്ലാ പൗരാണികസംസ്കാരങ്ങളും പ്രപഞ്ചത്തെ ആരംഭമില്ലാത്ത ഒരു അനന്തപ്രതിഭാസമായിട്ടാണ് കണ്ടത്.

പ്രപഞ്ചത്തിന് ഒരു പരിമിതമായ ഭൂതകാലമേ ഉള്ളൂ എന്ന ചിന്ത ദൃഢമാകുന്നത്, ഉല്‍പ്പത്തിയുടെ വിവരണം കേന്ദ്രമാക്കി യഹൂദ- ക്രിസ്ത്യന്‍ പാരമ്പര്യങ്ങളിലും, തുടര്‍ന്ന് ഇസ്ലാമിക പാരമ്പര്യത്തിലുമാണ്. പക്ഷേ, ഈ മതങ്ങള്‍ വേരോടിയ സമയത്തും, പണ്‍ഡിതാഭിപ്രായം അനന്തമായ പ്രപഞ്ചമെന്ന സങ്കല്‍പ്പത്തോടൊപ്പമായിരുന്നു. വളരെ ആഴത്തില്‍ വേരോടിയ പൗരാണികസാംസ്കാരിക സ്വാധീനത്തെ അപ്പാടെ തകര്‍ക്കുവാന്‍ മതവിശ്വാസത്തിനും കഴിഞ്ഞില്ല.

കലാം വാദം
ആറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അലക്സാണ്ട്രിയന്‍ ചിന്തകനും ക്രിസ്തീയദൈവശാസ്ത്രജ്ഞനുമായിരുന്ന ജോണ്‍ ഫിലിപ്പോനുസ് ആണ് പാശ്ചാത്യലോകത്ത് അരിസ്റ്റോട്ടിലിന്‍റെ അനന്തമായ പ്രപഞ്ചമെന്ന സങ്കല്‍പ്പത്തെ ചോദ്യം ചെയ്തവരില്‍ ആദ്യകാല പ്രമുഖന്‍. അദ്ദേഹത്തിന്‍റെ വാദഗതികള്‍ പിന്നീടുവന്ന ഇസ്ലാമികചിന്തകരെ സ്വാധീനിക്കുകയും, പ്രപഞ്ചാരംഭം താത്വികമായി തെളിയിക്കാന്‍ സാധിക്കുമെന്ന് അവര്‍ വാദിക്കുകയും ചെയ്തു. ഈ വാദത്തെയാണ് "കലാം വാദം" എന്നു പറയുന്നത്. കലാം എന്നത് മധ്യകാല കാലഘട്ടത്തിലെ ഇസ്ലാമിക തത്ത്വചിന്തയുടെ പേരാണ്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അല്‍-ഗസാലി എന്ന ഇസ്ലാമിക പണ്ഡിതനാണ് ഈ വാദത്തിന്സൈദ്ധാന്തികമായ ഘടന നല്‍കിയത്.

ശാസ്ത്രത്തിന്‍റെ സമീപനം
ഇസ്ലാമിക തത്ത്വചിന്തയ്ക്ക് ശേഷം പ്രബലമായ ക്രിസ്ത്യന്‍ സ്കോളാസ്റ്റിക് തത്വചിന്തയും അരിസ്റ്റോട്ടിലിന്‍റെ പ്രപഞ്ചവീക്ഷണമാണ് കൈക്കൊണ്ടത് എന്നത് ഒരു വിരോധാഭാസമായി തോന്നാം. ക്രിസ്തീയതത്ത്വചിന്തകരില്‍ അഗ്രഗണ്യനായ വി. തോമസ് അക്വീനാസ് ദൈവാസ്ഥിത്വം തെളിയിക്കാന്‍ വേണ്ടി രൂപീകരിച്ച "പഞ്ചമാര്‍ഗ"ങ്ങളില്‍പോലും പ്രപഞ്ചാരംഭം ഊന്നിപ്പറയുന്നില്ല എന്നത് അതിന്‍റെ തെളിവാണ്. സ്കോളാസ്റ്റിക് തത്ത്വചിന്തയ്ക്കു ശേഷം പാശ്ചാത്യലോകത്ത് ഉയര്‍ന്നുവന്ന ആധുനികശാസ്ത്രത്തിലെ അഗ്രഗണ്യരും സ്ഥിരമായ ഒരു അനന്തപ്രപഞ്ചമെന്ന (Eternal Static Universe) ആശയമാണ് കടമെടുത്തത്.

ഒടുവില്‍, ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യപകുതിയില്‍, ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍ ആവിഷ്കരിച്ച പൊതുആപേക്ഷികതാ സിദ്ധാന്തം, പ്രപഞ്ചം സ്ഥിരമല്ല എന്ന സൂചന നല്‍കിയിരുന്നു. പക്ഷെ, "കോസ്മോളജിക്കല്‍ കോണ്‍സ്റ്റന്‍റ്" എന്ന സാങ്കല്‍പ്പികമൂല്യത്തെ അവതരിപ്പിച്ചുകൊണ്ട്, ഐന്‍സ്റ്റൈന്‍ സ്ഥിരപ്രപഞ്ചമെന്ന സങ്കല്‍പ്പം നിലനിര്‍ത്തി. ഒടുവില്‍, ലെമായറ്ററും ഹബിളും നടത്തിയ പഠനങ്ങളിലൂടെ വളര്‍ന്നുവന്ന "ബിഗ് ബാംഗ്" സിദ്ധാന്തം ഈ സങ്കല്‍പ്പത്തെ തകിടം മറിക്കുകയും ഐന്‍സ്റ്റൈന്‍ തന്‍റെ കോസ് മോളജിക്കല്‍ കോണ്സ്റ്റന്‍റിനെ ഉപേക്ഷിക്കുകയും ചെയ്തു.

ബിഗ് ബാംഗ് തിയറി, പ്രപഞ്ചത്തിന്‍റെ ആരംഭത്തേയും, അതുവഴി ഒരു സ്രഷ്ടാവിനേയും സൂചിപ്പിക്കുന്നു എന്നു തിരിച്ചറിഞ്ഞ ഭൗതികവാദികളായ പല ശാസ്ത്രജ്ഞരും ഈ സിദ്ധാന്തത്തെ അംഗീകരിക്കാന്‍ മടികാണിച്ചു. "ബിഗ് ബാംഗ്" എന്ന പേര്, ഈ സിദ്ധാന്തത്തെ കളിയാക്കാന്‍ വേണ്ടി വിളിച്ചതാണ് എന്നതാണ് ചരിത്രസത്യം. പക്ഷേ, നിരന്തരമായി ലഭിച്ച തെളിവുകള്‍ ഈ സിദ്ധാന്തത്തെ ഏറെക്കുറെ സ്ഥിരീകരിച്ചു. (തന്‍റെ പഠനങ്ങള്‍ രൂപംകൊടുത്ത സിദ്ധാന്തത്തില്‍ പേരു ചേര്‍ക്കപ്പെടാന്‍ കത്തോലിക്കാ വൈദികനായ ലെമായത്തറിന് ഒരു നൂറ്റാണ്ടോളം കാത്തിരിക്കേണ്ടി വന്നു എന്നതും ഇതിന്‍റെ കൂടെ കൂട്ടിച്ചേര്‍ത്തു വായിക്കേണ്ടിയിരിക്കുന്നു. ഏതു ശാസ്ത്രസിദ്ധാന്തവും താല്‍ക്കാ ലികം (provisional) ആണെന്നുകൂടി കൂട്ടിച്ചേര്‍ക്കുന്നു. നാളെ, ഈ സിദ്ധാന്തവും തിരുത്തപ്പെടാനുള്ള സാധ്യത നിലനില്‍ക്കുന്നു. പക്ഷേ, ഇപ്പോള്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള സിദ്ധാന്തം ഇതുതന്നെ).

"കലാ"മിന്‍റെ തിരിച്ചുവരവ്
1970-കളില്‍, അമേരിക്കന്‍ ദൈവശാസ്ത്രജ്ഞനും തത്ത്വചിന്തകനുമായ വില്യം ലെയിന്‍ ക്രേയ്ഗ്, പഴയ ഇസ്ലാമിക പണ്ഡിതനായ അല്‍-ഗസാലിയുടെ "കലാം" വിശ്വവിജ്ഞാനീയം, ആധുനികവിജ്ഞാനീയത്തിന്‍റെ വെളിച്ചത്തില്‍ പുനരവതരിപ്പിച്ചു. ദൈവാസ്ഥിത്വത്തിന്‍റെ പ്രധാനമായ ഒരു വാദഗതിയായി ഇത് ഇന്ന് തത്ത്വശാസ്ത്രത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. പ്രപഞ്ചാരംഭത്തില്‍നിന്ന് ദൈവാസ്ഥിത്വത്തിലേക്ക് നീങ്ങുന്ന ഈ വാദത്തിന്‍റെ വിശദാംശങ്ങള്‍ അടുത്ത അദ്ധ്യായങ്ങളില്‍ ചര്‍ച്ച ചെയ്യാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org