തിന്‍മയും അവിശ്വാസിയുടെ പ്രശ്നവും

വിശദീകരണം തേടുന്ന വിശ്വാസം അധ്യായം-36

ബിനു തോമസ്, കിഴക്കമ്പലം

തിന്മയെന്ന വിഷയത്തെ സമഗ്രമായി കഴിഞ്ഞ അദ്ധ്യായങ്ങളില്‍ നാം കണ്ടുകഴിഞ്ഞു. തിന്മയുടെ നിലനില്‍പ്പിനെ ദൈവത്തിന്‍റെ സര്‍വ്വനന്മയുമായി അനുരഞ്ജിപ്പിക്കുക എന്ന വെല്ലുവിളി ദൈവവിശ്വാസികള്‍മാത്രം മറുപടി പറയേണ്ട ഒരു പ്രശ്നമായി അവതരിപ്പിച്ച്, ഒരു വശത്തുമാറി നിന്ന് പുഞ്ചിരിക്കുന്നതാണ് അവിശ്വാസത്തിന്‍റെ പൊതുവേയുള്ള രീതി. പക്ഷേ, തിന്മയെന്ന പ്രശ്നത്തിന് വിശ്വാസി മാത്രമേ മറുപടി പറയേണ്ടതുള്ളോ?

തിന്മ അവിശ്വാസിക്ക് ഒരു യുക്തിവൈരുദ്ധ്യം
തികച്ചും നിക്ഷ്പക്ഷമായി ചിന്തിച്ചാല്‍, തിന്മ എന്ന പ്രശ്നം ഒരു ദൈവവിശ്വാസിയേപ്പോലെ തന്നെ ഒരു അവിശ്വാസിയേയും കുഴപ്പിക്കുന്ന ഒന്നാണ്. അതിന്‍റെ കാരണം ഇപ്രകാരം:

ഏതെങ്കിലും ഒരു കാര്യം തിന്മയാണെന്ന് അവിശ്വാസി പറഞ്ഞാല്‍, അതിനര്‍ത്ഥം ആ ദുരിതം ഇല്ലാത്ത ഒരു അവസ്ഥ കൂടുതല്‍ നന്മ ആയിരുന്നേനെ എന്നാണ്. അതായത്, തിന്മയെന്ന പ്രശ്നം ഉണ്ടെന്ന് അംഗീകരിക്കുന്ന ഒരാള്‍ തിന്മയുടെ ബദലായ ഒരു നന്മയെ അംഗീകരിക്കുകയാണ്.

ഒരു ജഗന്നിയന്താതാവ് ഇല്ലാത്ത ഒരു ലോകത്തില്‍ (അവിശ്വാസിയുടെ ലോകത്തില്‍), ആ ദുരിതം ഒരു തിന്മയാണെന്ന് എങ്ങനെയാണ് പറയാന്‍ സാധിക്കുന്നത്? ദുരിതം ഇല്ലാത്ത അവസ്ഥ കുറച്ചുകൂടി നന്മയാണെന്ന് എങ്ങനെയാണ് പറയാന്‍ കഴിയുക? അത്, പ്രപഞ്ചത്തിന്‍റെ ഒരു അവസ്ഥാ വിശേഷം മാത്രമാണ്. അതിനെ നന്മയെന്നോ തിന്മയെന്നോ വിളിക്കാന്‍ സാധ്യമല്ല. ധാര്‍മിക തിന്മയുടെ കാര്യവും അതുതന്നെ. പട്ടിണി എന്ന ഒരു അവസ്ഥ ഒരു തിന്മയാണെന്ന് പറയുവാന്‍ എങ്ങനെ സാധിക്കും? അത്, സ്വാഭാവികമായ ഒരു പ്രകൃതീപ്രക്രിയയുടെ ബാക്കിപത്രം മാത്രമാണ്. മനുഷ്യര്‍ മാത്രമല്ല പട്ടിണി കിടന്നു മരിക്കുന്നത്. അതും ഒരു കേവല പ്രകൃതീപ്രതിഭാസം മാത്രമാണ്. വിശപ്പോ, കാമമോ, വെറുപ്പോ ഒക്കെ ഒരു കെമിക്കല്‍ പ്രക്രിയമാത്രമായിരിക്കവേ, എന്തിനെയാണ്തിന്മയെന്ന് വിളിക്കുവാന്‍ സാധിക്കുന്നത്? കൊലപാതകമോ സ്നേഹമോ, സ്വാര്‍ത്ഥതയോ ത്യാഗമോ ഒക്കെ ഈ ലോകവീക്ഷണത്തില്‍ വെറും പ്രാപഞ്ചിക -ജൈവിക പ്രക്രിയകള്‍ മാത്രം.

ഇത്തരമൊരു ധാര്‍മിക നിഷ്പക്ഷലോകത്തില്‍ (Morally Neutral World), തിന്മ എന്നൊരു പ്രശ്നം ഉണ്ടെന്നു പറയുന്നയാള്‍, ആ പ്രപഞ്ചപ്രക്രിയയ്ക്കും അപ്പുറം നില്‍ക്കുന്ന ധാര്‍മികതയുടെ ഒരു അസ്ഥിത്വം അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു. ആ അസ്ഥിത്വം, തിന്മയെന്ന പ്രശ്നത്തിന്‍റെ ഒരു മുന്‍ധാരണയാണ് (Prior Assumption). അപ്പോള്‍ പ്രപഞ്ചത്തിനും അപ്പുറമുള്ള ഒരു ധാര്‍മികസങ്കല്‍പ്പത്തില്‍ നിന്നുകൊണ്ട് അതേ സങ്കല്‍പ്പത്തെ ചോദ്യം ചെയ്യുന്ന അവിശ്വാസി ഒരു യുക്തിവൈരുദ്ധ്യമാണ് (Logical Contradiction) ആണ് നടത്തുന്നത്.

അര്‍ത്ഥശൂന്യത സമം അര്‍ത്ഥശൂന്യത
ആ വൈരുദ്ധ്യം ഒഴിവാക്കാന്‍, ഒരു അവിശ്വാസിക്കുള്ള വഴി നന്മ തിന്മകള്‍ എന്നതുതന്നെ ഇല്ലെന്ന് അടിസ്ഥാനപരമായി അംഗീകരിക്കുക എന്നതാണ്. പക്ഷേ, അപ്പോള്‍ "തിന്മയുടെ പ്രശ്നം" എന്നത് അര്‍ത്ഥരഹിതമായ ഒരു വാചകം മാത്രമാകും. അതിന് ഉത്തരം പറയേണ്ട ബാധ്യത ആര്‍ക്കുമില്ല. ദൈവവിശ്വാസവും ആരാധനയും പ്രാര്‍ത്ഥനയുമൊക്കെ വിശാലമായ ഈ പ്രപഞ്ചപ്രക്രിയയിലെ കേവലം ക്ഷണികമായ ഒരു ജീവിതത്തില്‍ കാട്ടിക്കൂട്ടുന്ന എന്തൊക്കെയോ ചില കാര്യങ്ങള്‍. അവിശ്വാസി കാട്ടിക്കൂട്ടുന്ന പല കാര്യങ്ങളും അതുപോലെ തന്നെ. മൊത്തം അര്‍ത്ഥരഹിതമായ ഈ പ്രപഞ്ചക്രമത്തില്‍, ഒരാള്‍ ഒരു സങ്കല്‍പ്പത്തെ അംഗീകരിക്കുന്നതും മറ്റൊരാള്‍ അംഗീകരിക്കാതിരിക്കുന്നതും തമ്മില്‍ എന്താണ് വ്യത്യാസം? അര്‍ത്ഥശൂന്യത സമം അര്‍ത്ഥശൂന്യത.

ധാര്‍മിക ആപേക്ഷികത
ഈ വൈരുദ്ധ്യം ഒഴിവാക്കാന്‍ മറ്റൊരു വഴി, ധാര്‍മികതയും നന്മ തിന്മകളുമൊക്കെ മനുഷ്യന്‍റെ ഓരോരോ സാഹചര്യത്തിനനുസരിച്ച് തീരുമാനിക്കപ്പെടുന്നവയാണ് എന്നു വാദിക്കുന്നതാണ്. അതായത്, ആപേക്ഷികമായ നന്മതിന്മകള്‍. പക്ഷേ, ഈ ആപേക്ഷികതാവാദത്തിന് രണ്ടു പ്രശ്നങ്ങള്‍ ഉണ്ട്.

ഒന്ന് മനുഷ്യന്‍ എന്ന ജീവി ഉണ്ടായതും നിലനില്‍ക്കുന്നതുമെല്ലാം, അവനും അപ്പുറമുള്ള പ്രാപഞ്ചികപ്രക്രിയയിലൂടെ തന്നെയാണ്. അപ്പോള്‍, ധാര്‍മികനിഷ്പക്ഷത പ്രാപഞ്ചികപ്രക്രിയയുടെ അടിസ്ഥാനസ്വഭാവം Fundamental Nature) ആണെങ്കില്‍, അതിന്‍റെ ഒരു ഭാഗം മാത്രമായ മനുഷ്യനും അത് ബാധകമാണ്. മനുഷ്യന്‍ അതിന് അപവാദമാണെന്ന് (Exception) തെളിയിക്കുന്ന ഒന്നും ഈ പ്രപഞ്ചത്തില്‍ ലഭ്യമല്ല. ഉണ്ടെങ്കില്‍, അത് തെളിയിക്കേണ്ടത് അവിശ്വാസിയാണ്. അങ്ങനെ ആരും വാദിക്കുന്നതായി കേട്ടിട്ടില്ല.

രണ്ട്, ആപേക്ഷികത തികച്ചും വ്യക്തിപരമാണ്. ഈ ലോകത്തിലെ എല്ലാവരും സ്നേഹമുള്ളവര്‍ ആണെന്നതുകൊണ്ട്, ഞാനും സ്നേഹത്തോടെ ഈ പ്രകൃതിയില്‍ ജീവിക്കണം എന്നു വാശി പിടിക്കാന്‍ പറ്റില്ല. ഈ ലോകത്തിലെ എല്ലാവരും നീതിയും സമാധാനവും ആഗ്രഹിക്കുന്നു എന്നു കരുതി, ഞാനും അപ്രകാരം ആയിരിക്കണം എന്നു നിര്‍ബന്ധിക്കാന്‍ ഈ ആപേക്ഷിക ധാര്‍മികതയ്ക്ക് സാധ്യമല്ല. അപ്പോള്‍, അവിശ്വാസികള്‍ പോലും തിന്മയെന്ന് അംഗീകരിക്കുന്ന കാര്യങ്ങള്‍ -കൊലപാതകം, പീഢനങ്ങള്‍ ഉള്‍പ്പെടെയുള്ളവ യഥാര്‍ത്ഥത്തില്‍ തിന്മയല്ല, മറിച്ച്, ഭൂരിപക്ഷത്തിന്‍റെ ലോകവീക്ഷണവുമായി പൊരുത്തപ്പെടാത്ത കാര്യങ്ങള്‍ ചെയ്യുന്നവരെ "ഒതുക്കാനുള്ള" തന്ത്രം എന്നായി മാറുന്നു. ഫലത്തില്‍, തിന്മയെന്ന് നാം വിളിക്കുന്ന കാര്യങ്ങള്‍, ഭൂരിപക്ഷത്തിന്‍റെ പ്രയോജനം എന്ന നിര്‍വചനത്തിലേക്ക് മാറുന്നു, നന്മതിന്മകള്‍ എന്നത് ഫലപ്രദം ഫലരഹിതം എന്നായി മാറുന്നു. അതായത്, നന്മ തിന്മകള്‍ അര്‍ത്ഥശൂന്യമാകുന്നു. അപ്പോള്‍, ആപേക്ഷിക ധാര്‍മികതയിലും നന്മതിന്മകളെപ്പറ്റിയുള്ള ചോദ്യം ഉയര്‍ത്തുന്നത് യുക്തി വൈരുദ്ധ്യമായി മാറുന്നു.

അങ്ങനെ, തിന്മയുടെ പ്രശ്നം ഉന്നയിക്കുന്ന അവിശ്വാസി, ഒരു കാര്യം ആദ്യമേ അംഗീകരിച്ചുകഴിഞ്ഞു. പ്രപഞ്ചപ്രക്രിയയ്ക്കും അപ്പുറത്തുള്ള ധാര്‍മികമായ ഒരു തലം, അതിഭൗതികമായ ഒരു തലം. ഫലത്തില്‍, ഈ ലോകത്തില്‍ തിന്മയുണ്ടെന്ന് പറയുന്ന ഒരു അവിശ്വാസി ദൈവത്തെ അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു.

പക്ഷേ, ഇക്കാര്യം ചൂണ്ടിക്കാട്ടുന്നതുകൊണ്ട്, വിശ്വാസിയുടെ മുന്‍പിലുള്ള വെല്ലുവിളി അവസാനിക്കുന്നില്ല. എങ്ങനെ ദൈവാസ്ഥിത്വത്തെ ഈ ലോകത്തിലെ തിന്മയുമായി യുക്തിപരമായി അനുരഞ്ജിപ്പിക്കാം എന്ന് നമുക്ക് ഇനിയുള്ള അധ്യായങ്ങളില്‍ പരിശോധിക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org