വിശ്വാസത്തിന്‍റെ ഉറവിടങ്ങള്‍

വിശദീകരണം തേടുന്ന വിശ്വാസം-5

ബിനു തോമസ്, കിഴക്കമ്പലം

സവിശേഷ ഉറവിടങ്ങള്‍
മതവിശ്വാസത്തെക്കുറിച്ചുള്ള അന്വേഷണം സാധാരണഗതിയില്‍ ഒരു മതവിശ്വാസി ആരംഭിക്കുന്നത് പ്രധാനമായും സ്വന്തം മതത്തിനുള്ളിലെ ഉറവിടങ്ങളില്‍ നിന്നാണ്.

1, വെളിപാടുകള്‍

2, അത്ഭുതസംഭവങ്ങള്‍

3, മതസ്ഥാപകരുടെ വചനങ്ങള്‍ അല്ലെങ്കില്‍ ജീവിതം

4, മതഗ്രന്ഥങ്ങളും അവയുടെ പാഠഭേദങ്ങളും വ്യാഖ്യാനങ്ങളും

5, പ്രഗല്ഭരായ വ്യാഖ്യാതാക്കളുടെ പഠനങ്ങള്‍

6, തലമുറയായി കൈമാറ്റം ചെയ്യപ്പെടുന്ന അനുഷ്ഠാന വിധികള്‍/കര്‍മ്മങ്ങള്‍

ഇവയെയെല്ലാം നമുക്ക് സവിശേഷ ഉറവിടങ്ങള്‍ (Special Sources) എന്ന സംജ്ഞയുടെ കീഴില്‍ കൊണ്ടുവരാം. കാരണം, പ്രത്യേകമായ ചില വിശ്വാസസത്യങ്ങളാണ് ഇത്തരം ഉറവിടങ്ങള്‍ നല്കുന്നത്. അവ മറ്റു ഗ്രന്ഥങ്ങളില്‍ നിന്നോ പാരമ്പര്യങ്ങളില്‍ നിന്നോ വ്യത്യസ്തമായ ചില സവിശേഷ വസ്തുതകള്‍ പങ്കുവയ്ക്കുന്നു.

കഴിഞ്ഞ ലക്കങ്ങളില്‍ ചൂണ്ടിക്കാണിച്ചതുപോലെ, ഉറവിടങ്ങളുടെ വിശ്വാസ്യതയാണ് വിശ്വാസത്തിന്‍റെ ദൃഢത. നരവംശശാസ്ത്രത്തിന്‍റെയും പുരാവസ്തു ഗവേഷണത്തിന്‍റെയും ചരിത്രവിജ്ഞാനത്തിന്‍റെയും വളര്‍ച്ചയോടെ, മതഗ്രന്ഥങ്ങളുടെ വൈജ്ഞാനികതയും വ്യാഖ്യാനങ്ങളും ചോദ്യം ചെയ്യപ്പെട്ടു കഴിഞ്ഞു. ഉദാഹരണത്തിന്, ബൈബിളിലെ ഉല്പ്പത്തിയുടെ പുസ്തകത്തിലെ വിവരണങ്ങളില്‍ പലതും പൗരാണിക മെസപ്പൊട്ടേ മിയന്‍ സംസ്കാരങ്ങളിലെ മിത്തുകളുടെ പുനര്‍വ്യാഖ്യാനമാണെന്ന സങ്കല്പ്പം ദൃഢമായിരിക്കുന്നു. പഞ്ചഗ്രന്ഥിയെന്നത് മോശ രചിച്ച പുസ്തകസമുച്ചയമാണെന്ന അനുമാനം, പല പില്ക്കാല പാരമ്പര്യങ്ങളിലെ പണ്ഢിതന്മാരുടെ രചനയെന്ന നിഗമനത്തിനു വഴി മാറിയിരിക്കുന്നു. ബൈബിള്‍ മാത്രമല്ല, അറിയപ്പെട്ടിട്ടുള്ള എല്ലാ മതഗ്രന്ഥങ്ങളും തന്നെ ഇത്തരം പുനര്‍വായനയ്ക്ക് വിധേയമായിരിക്കുകയാണ്.

ഇപ്രകാരം, മതഗ്രന്ഥങ്ങളുടെ ആധികാരികതയും സവിശേഷ സ്ഥാനവും സംശയത്തിന്‍റെ നിഴലിലാകുമ്പോള്‍, മതവിശ്വാസത്തെക്കുറിച്ചുള്ള അന്വേഷണം അവിടെ നിന്നു തുടങ്ങുന്നതുതന്നെ വിശ്വസനീയമല്ലാതെ ആകുന്നു. അതുകൊണ്ട്, ആധുനികകാലത്തെ മതവിശ്വാസത്തിന്‍റെ അന്വേഷണം തുടങ്ങേണ്ടത് മനുഷ്യനു പരിചയമുള്ള, അവന് വിശ്വാസമുള്ള മറ്റുള്ള ഉറവിടങ്ങളില്‍ നിന്നാവണം. അതിനര്‍ത്ഥം മതഗ്രന്ഥങ്ങള്‍ ഒരു മൂലയിലേക്ക് മാറ്റിനിര്‍ത്തപ്പെടുന്നു എന്നല്ല. മറിച്ച്, മറ്റു മാര്‍ഗ്ഗങ്ങളിലൂടെ വിശ്വസനീയത ആര്‍ജ്ജിച്ച്, മതഗ്രന്ഥമെന്ന കേന്ദ്ര ബിന്ദുവിലേക്ക് യാത്ര ചെയ്യുന്നതാണ് അഭിലഷണീയം എന്നാണ്. ഇതു മാത്രമാണ് നല്ലതെന്നോ, മറ്റു വഴികള്‍ ഇല്ലെന്നോ ഒന്നും അതു കൊണ്ട് അര്‍ത്ഥമില്ല. പക്ഷെ, ആധുനികശാസ്ത്രത്തിന്‍റെ രീതികള്‍ കൊടികുത്തി വാഴുന്ന ഈ ബൗദ്ധിക-സാംസ്കാരിക കാലഘട്ടത്തിലെ അനുകരിക്കാവുന്ന മാതൃകകളില്‍ (MODEL) ഒന്നാണിത്.

പൊതു ഉറവിടങ്ങള്‍
സവിശേഷ ഉറവിടങ്ങള്‍ക്ക് അപ്പുറത്തേക്ക് ഒരു വിശ്വാസിക്ക് എന്തൊക്കെയാണ് ഉറവിടങ്ങള്‍? എല്ലാ മനുഷ്യരും പൊതുവായി പങ്കുവയ്ക്കുന്ന ചില കാര്യങ്ങളുണ്ട്:

1, മനുഷ്യന്‍ എന്ന ജീവിയുടെ അസ്തിത്വവും പ്രത്യേകതകളും

2, മനുഷ്യര്‍ പങ്കുവയ്ക്കുന്ന മൂല്യങ്ങള്‍

3, ദൃശ്യപ്രപഞ്ചം

സവിശേഷ ഉറവിടങ്ങളില്‍ പോലും ഈ പൊതു ഉറവിടങ്ങളിലൂടെ (General Sources) വെളിപ്പെടുന്ന വിശ്വാസസത്യങ്ങളെ പരാമര്‍ശിക്കുന്നുണ്ട്. പൗലോസിന്‍റെ റോമാക്കാര്‍ക്കുള്ള ലേഖനത്തിലെ ഒരു ഭാഗം ശ്രദ്ധിക്കുക. "ദൈവത്തെക്കുറിച്ച് അറിയാന്‍ കഴിയുന്നതൊക്കെ അവര്‍ക്ക് വ്യക്തമായി അറിയാം. ദൈവം അവയെല്ലാം അവര്‍ക്ക് വെളിപ്പെടുത്തിയിട്ടുണ്ട്. ലോകസൃഷ്ടി മുതല്‍ ദൈവത്തിന്‍റെ അദൃശ്യപ്രകൃതി, അതായത് അവിടുത്തെ അനന്തശക്തിയും ദൈവത്വവും സൃഷ്ടവസ്തുക്കളിലൂടെ സ്പഷ്ടമായി അറിഞ്ഞിട്ടുണ്ട്" (റോമാ 1:19-20). ദൃശ്യപ്രപഞ്ചത്തിലൂടെ മനുഷ്യബുദ്ധിക്കു വെളിപ്പെടുന്ന ഒരു അതീതശക്തിയെയാണ് ഈ ഭാഗത്ത് നമുക്ക് ഗ്രന്ഥകാരന്‍ പരിചയപ്പെടുത്തുന്നത്. ദൃശ്യലോകം ഒരു പ്രപഞ്ചാതീതശക്തിയുടെ മഹത്വത്തിന്‍റെ വെളിപാടാണെന്നത് പല യഹൂദസങ്കീര്‍ത്തനങ്ങളിലും കാണാന്‍ സാധിക്കുന്ന ഒരു ചിന്തയാണ് (ഉദാ: സങ്കീ. 19:1). അതുപോലെ, മനുഷ്യന്‍റെ മനഃസാക്ഷിയിലൂടെ ദൈവത്തിന്‍റെ നന്മ വെളിപ്പെടുന്നുവെന്ന ചിന്ത റോമാക്കാര്‍ക്ക് എഴുതിയ ലേഖനത്തില്‍ത്തന്നെ നമുക്ക് കാണാം (റോമാ 2:14-15). "തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നു" എന്നെഴുതാന്‍ കവിയെ പ്രേരിപ്പിച്ച ഹൈന്ദവചിന്താധാരയിലും, പൊതു ഉറവിടങ്ങളില്‍ നിന്ന് ആദികാരണത്തെ തിരയുന്ന മനുഷ്യപ്രേരണ നമുക്ക് കാണാന്‍ സാധിക്കും.

പല മതഗ്രന്ഥങ്ങളും വ്യാഖ്യാനങ്ങളും എഴുതപ്പെട്ട കാലഘട്ടങ്ങളില്‍, പൊതു ഉറവിടങ്ങള്‍ ദൈവത്തിന്‍റെ ശക്തിയുടെ പ്രകടനമാണെന്ന ചിന്ത വളരെ ആഴത്തില്‍ വേരൂന്നിയിരുന്നു. ആധുനികലോകം, ഭൂമി സൂര്യനെ ചുറ്റുന്നു എന്ന സത്യം അംഗീകരിക്കുന്നതുപോലെ ലളിതമായി പ്രസ്താവിക്കാവുന്ന, തെളിവുകള്‍ ചൂണ്ടിക്കാട്ടേണ്ടുന്ന ആവശ്യം ഇല്ലാതിരുന്ന ഒരു ചിന്തയായിരുന്നു പഴയകാലത്ത് ആ ചിന്ത. അതുകൊണ്ടുതന്നെ, ആ ചിന്തയുടെ പിന്നിലെ യുക്തി വിചാരം എന്തെന്നു വ്യക്തമാക്കുക ആ ഗ്രന്ഥകാരന്മാരുടെ ഒരു ലക്ഷ്യമേ ആയിരുന്നില്ല. അതു കൊണ്ടു തന്നെ, ലോകസൃഷ്ടി മുതലുള്ള ദൈവത്തിന്‍റെ അദൃശ്യ പ്രകൃതി മനുഷ്യര്‍ എങ്ങനെയാണ് സ്പഷ്ടമായി അറിയുന്നത് എന്നൊന്നും പൗലോസ് വിശദീകരിക്കുന്നില്ല. പക്ഷേ, ഇന്ന് ആ അനുമാനത്തിന് ഇളക്കം തട്ടിയിരിക്കു ന്നു. അതുകൊണ്ടുതന്നെ, ഈ പൊതു ഉറവിടങ്ങളില്‍ നിന്നും ദൈവവിശ്വാസത്തിലേക്ക് വളരുന്നതും ഒരു സങ്കീര്‍ണ്ണമായ പ്രക്രിയയായി മാറിയിരിക്കുന്നു.

പൊതു ഉറവിടങ്ങളില്‍ നിന്നുള്ള ദൈവാന്വേഷണത്തിന് പ്രധാനമായും മൂന്നു പ്രയോജനങ്ങളാണുള്ളത്:

ഒന്ന്, ഈ ഉറവിടങ്ങള്‍ മനുഷ്യര്‍ എല്ലാവരും പങ്കുവയ്ക്കുന്നതാണ്. അതുകൊണ്ടുതന്നെ, ഇത്തരം ഉറവിടങ്ങളില്‍ നിന്ന് സ്വായത്തമാക്കുന്ന ചിന്തകള്‍ക്ക് ബോധ്യവും വിശ്വസനീയതയും വര്‍ദ്ധിക്കുന്നു.

രണ്ട്, മനുഷ്യയുക്തിക്ക് മനസ്സിലാകുന്ന രീതിയില്‍ വിശ്വാസത്തെ അവതരിപ്പിക്കാന്‍ ഈ അന്വേഷണം സഹായിക്കുന്നു. കാരണം, ഈ പൊതു ഉറവിടങ്ങള്‍ മനുഷ്യ യുക്തിയാല്‍ മനസ്സിലാക്കുവാന്‍ സാധിക്കുന്നതും വിശദീകരണ യോഗ്യവുമായ കാര്യങ്ങളാണ്. എണ്ണപ്പെട്ട ശാസ്ത്രജ്ഞനായിരുന്ന ജോഹാനസ് കെപ്ലറുടെ അഭിപ്രായത്തില്‍, ദൈവം രണ്ടു ഗ്രന്ഥങ്ങളാണ് രചിച്ചിരിക്കുന്നത്, വചനഗ്രന്ഥവും പ്രപഞ്ചഗ്രന്ഥവും. ഇതിലെ പ്രപഞ്ചഗ്രന്ഥത്തിന്‍റെ വായനയിലൂടെ ദൈവത്തെ കണ്ടെത്താന്‍ സാധിക്കുമെന്ന ചിന്തയാണ് അദ്ദേഹത്തെ പ്രചോദിപ്പിച്ചിരുന്നത്. അങ്ങനെ ദൈവം എന്നത് മനുഷ്യന്‍റെ യാഥാര്‍ത്ഥ്യവുമായി കൂട്ടിയിണക്കി അവതരിപ്പിക്കാന്‍ സാധിക്കുന്നു.

മൂന്ന്, വിശ്വാസം എന്നത് ദൈവത്തില്‍ കേന്ദ്രീകരിച്ചിരിക്കുന്നെങ്കിലും, ദൈവസാന്നിധ്യം മൂര്‍ത്തിമത്തായ യാഥാര്‍ത്ഥ്യമായി സ്വയം അനുഭവപ്പെടുന്ന മനുഷ്യര്‍ തുലോം കുറവാണ്. പക്ഷേ, ഈ പൊതു ഉറവിടങ്ങള്‍ മനുഷ്യന്‍ എപ്പോഴും സ്വയം അനുഭവിക്കുന്നതാണ്. അതുകൊണ്ടുതന്നെ, ഈ ഉറവിടങ്ങളില്‍ നിന്നു സ്വായത്തമാക്കുന്ന ചിന്തകള്‍ വിശ്വാസത്തിന്‍റെ അനുഭവത്തിന് ഏറെ സഹായകരമാണ്. 'അംബരമനവരതം ദൈവ മഹത്ത്വത്തെ വാഴ്ത്തിപ്പാടുന്നു' എന്ന ഉറച്ചബോധ്യം ദൈവാനുഭവത്തിലേക്ക് വളരാന്‍ മനുഷ്യനെ ഏറെ സഹായിച്ചിരുന്നു എന്ന് ലോകമെമ്പാടുമുള്ള പുരാതനസൂക്തങ്ങളും പ്രാര്‍ത്ഥനകളും നിരീക്ഷിച്ചാല്‍ നിഷ്പ്രയാസം കണ്ടെത്താന്‍ സാധിക്കും. മനുഷ്യന്‍റെ മനഃസാക്ഷിയിലെ നന്മയിലൂടെയല്ലേ ഇന്നത്തെ പ്രളയകാലത്തും മനുഷ്യര്‍ ദൈവത്തെ അനുഭവിക്കുന്നത്?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org