പ്രാര്‍ത്ഥന സംഗ്രഹം

വിശദീകരണം തേടുന്ന വിശ്വാസം അധ്യായം-32

ബിനു തോമസ്, കിഴക്കമ്പലം

പ്രാര്‍ത്ഥനയെന്ന വിഷയമാണ് കഴിഞ്ഞ ഏതാനും അധ്യായങ്ങളില്‍ നാം ചര്‍ച്ച ചെയ്തുകൊണ്ടിരുന്നത്. വിശ്വാസികളുടെ പ്രാര്‍ത്ഥനകളെപ്പറ്റിയുള്ള പ്രധാനമായ ഏതാനും ചോദ്യങ്ങളെ നാം വിശകലനം ചെയ്തു. ദൈവ-മനുഷ്യബന്ധത്തില്‍ ആരാധനയുടെ ആവശ്യകതയും സമൂഹാരാധനയുടെ അനിവാര്യതയും യാചനാ പ്രാര്‍ത്ഥനയുടെ സ്ഥാനവും നാം ചര്‍ച്ച ചെയ്തു.

യാചനാപ്രാര്‍ത്ഥനഅക്വീനാസിന്‍റെ കാഴ്ചപ്പാടില്‍
യാചനാ പ്രാര്‍ത്ഥനയെക്കുറിച്ച് വേദപാരംഗതനായ വി. അക്വീനാസിന്‍റെ ചിന്തകള്‍ കൂടി പങ്കുവയ്ക്കുന്നത് ഇപ്പോള്‍ ഉചിതമാണ്. തന്‍റെ പ്രശസ്തമായ "സുമ്മാതി യോളോജിയ"യില്‍ അദ്ദേഹം പറയുന്നത് ചുരുക്കത്തില്‍ താഴെക്കൊടുക്കുന്നു.

നാം പ്രാര്‍ത്ഥിക്കുന്നത് ദൈവത്തിന്‍റെ മനസ്സ് മാറുന്നതിനല്ല. മറിച്ച്, നമ്മുടെ പ്രാര്‍ത്ഥനകള്‍ മൂലം പൂര്‍ത്തീകരിക്കേണ്ടതായി അനാദി മുതല്‍ ദൈവം നിശ്ചയിച്ചിരിക്കുന്ന കാര്യങ്ങള്‍ ലഭ്യമാകുന്നതിനു വേണ്ടിയാണ്… ദൈവത്തെ നമ്മുടെ ആവശ്യങ്ങള്‍ അറിയിക്കാന്‍ വേണ്ടിയല്ല നാം പ്രാര്‍ത്ഥിക്കുന്നത്. മറിച്ച്, അക്കാര്യങ്ങളില്‍ ദൈവസഹായത്തില്‍ ആശ്രയിക്കുന്നതിന്‍റെ ആവശ്യകത നമ്മെത്തന്നെ ഓര്‍മ്മിപ്പിക്കുന്നതിനാണ്… ദൈവം ചില കാര്യങ്ങള്‍ ചോദിക്കാതെ തന്നെ സംഭവിപ്പിക്കുന്നു. പക്ഷേ, ചില കാര്യങ്ങള്‍ നാം ചോദിക്കുന്നതിനാല്‍ ലഭ്യമാക്കുന്നതിന് തിരുമനസ്സായിരിക്കുന്നു അത് നമ്മുടെ നന്മയ്ക്കു വേണ്ടിയാണ്, നമ്മുടെ നന്മയുടെ ഉറവിടമായ ദൈവത്തെ നാം തിരിച്ചറിയുന്നതിനും അങ്ങനെ ദൈവാശ്രയത്തില്‍ വളരുന്നതിനും വേണ്ടി. (സുമ്മാതിയോളജിയ, രണ്ടാം ഭാഗത്തിന്‍റെ രണ്ടാം ഭാഗം, ചോദ്യം 83, ആര്‍ട്ടിക്കിള്‍ 2)

അക്വീനാസിന്‍റെ അഭിപ്രായത്തില്‍, പ്രാര്‍ത്ഥനമൂലം ലഭ്യമാകേണ്ട ചില കാര്യങ്ങളുണ്ട്. അവ അപ്രകാരം ആയിരിക്കുന്നതിന് അദ്ദേഹം നല്‍കുന്ന കാരണം ലളിതമാണ്, യുക്തിസഹവുമാണ്. അവയെല്ലാം ഒരുതരത്തിലുള്ള അടയാളങ്ങള്‍ ആയിട്ടാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. അതിഭൗതികമായതിനാല്‍ മനുഷ്യബുദ്ധിക്ക് അഗ്രാഹ്യനായ ദൈവത്തെ നമുക്ക് മനസ്സിലാക്കാന്‍ വേണ്ടിയുള്ള അടയാളങ്ങള്‍. സ്രഷ്ടാവിനെ സൃഷ്ടി തിരിച്ചറിയാന്‍ വേണ്ടിയുള്ള അടയാളങ്ങള്‍. ദൈവത്തോടുള്ള ആശ്രയത്തില്‍ സൃഷ്ടി സ്വയം വളരുന്നതിനുവേണ്ടിയുള്ള അടയാളങ്ങള്‍. അഗ്രാഹ്യമായ കാര്യങ്ങള്‍ അടയാളങ്ങള്‍ വഴി വിനിമയം ചെയ്യപ്പെടുന്നത് മനുഷ്യബുദ്ധിക്ക് സുപരിചിതമായ കാര്യമാണല്ലോ.

പ്രാര്‍ത്ഥന ദൈവശാസ്ത്ര പരമായ സമീപനം
പ്രാര്‍ത്ഥനയെപ്പറ്റി കഴിഞ്ഞ അധ്യായങ്ങളില്‍ പറഞ്ഞവയെല്ലാം, വെറും മാനുഷികമായ വശത്തുനിന്നും നോക്കുമ്പോള്‍ തന്നെ മനസ്സിലാക്കാന്‍ സാധിക്കുന്ന കാര്യങ്ങളാണ്. പക്ഷേ, ഇതിനപ്പുറം, ദൈവശാസ്ത്രപരമായ സമീപനവും ഒരു വിശ്വാസിക്ക് സ്വീകരിക്കാവുന്നതാണ്. ഉദാഹരണത്തിന്, പിതാവായ ദൈവത്തെ വിളിച്ച് പ്രാര്‍ത്ഥിക്കുവാന്‍ പഠിപ്പിച്ചത് ഒരു വിശ്വാസി ദൈവമാണെന്നു കരുതുന്ന ഈശോ തന്നെയാണ്. വചനഗ്രന്ഥത്തില്‍ പ്രാര്‍ഥനയുടെ മനോഭാവത്തെക്കുറിച്ചും ആവശ്യകതയെക്കുറിച്ചും അനേകമനേകം പരാമര്‍ശങ്ങളും ഉദാഹരണങ്ങളും നിറഞ്ഞിരിക്കുന്നു. അപ്പോള്‍, പ്രാര്‍ത്ഥനയെന്നത് വിശ്വാസജീവിതത്തിലെ പ്രധാനമായ ഒരു കാര്യമാണെന്നുള്ള മാതൃക വിശ്വാസിയുടെ മുമ്പില്‍ ഉണ്ട്. അതുകൊണ്ട്, അയാള്‍ ആ മാതൃക പിന്തുടരുന്നു. നാം പ്രാര്‍ത്ഥിക്കുമ്പോള്‍, നാം മാത്രമല്ല, ദൈവവും കൂടിയാണ് പ്രാര്‍ത്ഥിക്കുന്നത് എന്നാണ് കത്തോലിക്കാ സഭാ വിശ്വാസം. ഇതുപോലെ, ഒട്ടനവധി കാരണങ്ങള്‍, ഒരു വിശ്വാസിക്ക് തന്‍റെ ദൈവശാസ്ത്രത്തിന്‍റെ പിന്‍ബലത്തില്‍ നിരത്താന്‍ കഴിയും. ഈ പരമ്പരയുടെ ഊന്നല്‍, പരമ്പരാഗതമായ ഉറവിടങ്ങള്‍ക്ക് അപ്പുറമുള്ള വിശ്വാസത്തിന്‍റെ സ്രോതസുകള്‍ ആയതിനാല്‍ വചനഗ്രന്ഥപരവും ദൈവശാസ്ത്രപരവുമായ വിചിന്തനങ്ങളിലേക്ക് കടക്കുന്നില്ല.

പ്രാര്‍ത്ഥന ഒരു അടിസ്ഥാന ശീലം
ഒരു വിശ്വാസിക്ക് പ്രാര്‍ത്ഥിക്കുവാന്‍ നാം രണ്ട് അടിസ്ഥാനങ്ങള്‍ അവതരിപ്പിച്ചു. ഒന്ന്, ദൈവ-മനുഷ്യബന്ധത്തിന്‍റെ യുക്തിസഹമായ വിശകലനത്തിന്‍റെ അടിസ്ഥാനം. രണ്ട്, വചനഗ്രന്ഥം അടിസ്ഥാനമാക്കിയുള്ള ദൈവശാസ്ത്രപരമായ സമീപനം. പ്രാര്‍ത്ഥനയെ ആത്മവിശ്വാസത്തോടും പ്രതീക്ഷയോടും കൂടി സമീപിക്കുവാന്‍ ഈ അടിസ്ഥാനങ്ങള്‍ ധാരാളം മതി.

പ്രാര്‍ത്ഥിക്കുന്ന വിശ്വാസികളില്‍ ഭൂരിഭാഗവും ഇതൊന്നും കൃത്യമായി അറിഞ്ഞിട്ടോ അനുഭവിച്ചിട്ടോ അല്ല പ്രാര്‍ത്ഥിക്കുന്നത് എന്നൊരു വാദം ഉയര്‍ന്നേക്കാം. ഒരു ശീലമായിട്ടാണ് പ്രാര്‍ത്ഥിക്കുന്നത്, അതുകൊണ്ട് അതിന് മൂല്യമില്ല എന്നു പറയുന്നവരും ഉണ്ട്. പക്ഷേ, ആ വാദത്തിലും വലിയ കഴമ്പില്ല. ഒരു കാര്യത്തിന്‍റെ എല്ലാ അടിസ്ഥാനവും അറിഞ്ഞിട്ടല്ല മിക്കവാറും ആളുകളും അക്കാര്യം പ്രാവര്‍ത്തികമാക്കുന്നത്. പകര്‍ന്നു കിട്ടിയ ശീലങ്ങളിലാണ് മനുഷ്യന്‍റെ സിംഹഭാഗം ജീവിതവും അര്‍ത്ഥവും. ആ ശീലങ്ങളുടെയെല്ലാം അടിസ്ഥാനതത്ത്വം അറിഞ്ഞില്ല എന്നതുകൊണ്ട്, ശീലിക്കുന്ന പ്രവൃത്തികളുടെ മൂല്യം നഷ്ടപ്പെടുന്നില്ല.

ഉദാഹരണത്തിന്, എന്‍റെ രണ്ടു വയസ്സു പ്രായമായ മകളുടെ കാര്യം എടുക്കുക. അവള്‍ സ്വന്തം ജ്യേഷ്ഠസഹോദരന്മാര്‍ രാവിലെ പല്ലുതേക്കുമ്പോള്‍ ബ്രഷ് ചോദിച്ചുവാങ്ങി വായിലിട്ടു കിള്ളിക്കൊണ്ടിരിക്കും. പല്ലുതേക്കുന്നതിന്‍റെ ശാസ്ത്രം അറിഞ്ഞിട്ടൊന്നുമല്ല അവള്‍ അതു ചെയ്യുന്നത്. മറിച്ച്, നല്ല ശീലങ്ങളുടെ അനുകരണമാണ് അവിടെ കാണുന്നത്. ശാസ്ത്രമറിഞ്ഞില്ലെങ്കിലും, ആ അനുകരണം കൊണ്ട് അവള്‍ക്ക് കിട്ടാവുന്ന പ്രയോജനം കിട്ടാതിരിക്കുന്നില്ല. മിക്കവാറും നല്ല ശീലങ്ങള്‍ എല്ലാം തന്നെ മനുഷ്യര്‍ ഇങ്ങനെ അനുകരണത്തിലൂടെയാണ് സ്വായത്തമാക്കുന്നത്. അനുകരണത്തിലൂടെ ശീലമാക്കി എന്നതുകൊണ്ടോ, ആ ശീലം പിന്തുടരുന്നു എന്നതു കൊണ്ടോ, ഒരു കാര്യത്തിന്‍റെയും സത്തയോ ഫലപ്രാപ്തിയോ ഇല്ലാതാകുന്നില്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org