|^| Home -> Pangthi -> വിശദീകരണം തേടുന്ന വിശ്വാസം -> സൃഷ്ടിയിലൂടെ വെളിപ്പെടുന്ന ദൈവാസ്ഥിത്വം ഒരു ചുരുക്കം

സൃഷ്ടിയിലൂടെ വെളിപ്പെടുന്ന ദൈവാസ്ഥിത്വം ഒരു ചുരുക്കം

Sathyadeepam

വിശദീകരണം തേടുന്ന വിശ്വാസം -26

ബിനു തോമസ്, കിഴക്കമ്പലം

കഴിഞ്ഞ ഇരുപത്തഞ്ച് അധ്യായങ്ങളില്‍ നാം ദൈവാസ്ഥിത്വത്തെപ്പറ്റി ചര്‍ച്ച ചെയ്ത കാര്യങ്ങളുടെ ഒരു സംഗ്രഹം ഈ അവസരത്തില്‍ ഉചിതമാണ്.

ഇന്നിന്‍റെ സാംസ്കാരിക-ഭൗതിക സാഹചര്യം, പാരമ്പര്യ മത സങ്കല്‍പ്പങ്ങളെ വെല്ലുവിളിക്കുന്ന ഒന്നായി മാറിയിരിക്കുന്നു. ദൈവാസ്ഥിത്വത്തിന്‍റെ വിശദീകരണം, മതവിശ്വാസങ്ങളും ആധുനികവിജ്ഞാനവും, മൂല്യങ്ങളുടെ ആപേക്ഷികത എന്ന സങ്കല്പം, തിന്മ എന്ന പ്രതിഭാസവും സര്‍വ്വനന്മയായ ദൈവവും, ഒരു ദൈവവും ആ ദൈവത്തിലേക്കുള്ള പല വഴികളും, വിശ്വാസികളുടെ വീഴ്ചകള്‍ എന്നീ തലങ്ങളില്‍ ആ സംഘര്‍ഷം ഏറെ ദൃശ്യമാണ്. പരമസത്യമായ ദൈവത്തില്‍ വിശ്വസിക്കുന്ന ഒരാള്‍ക്ക്, നാനാവിധ ശാസ്ത്രങ്ങളുടെയും മനുഷ്യയുക്തിയുടെയും സത്യങ്ങളെ ആ പരമസത്യത്തിന്‍റെ വെളിച്ചത്തില്‍ വായിക്കുവാന്‍ ബുദ്ധിമുട്ടുണ്ടാകേണ്ടതില്ല. ആ തിരിച്ചറിവില്‍ നിന്നുകൊണ്ട്, കത്തോലിക്കാ വിശ്വാസത്തിന്‍റെ യുക്തിപരമായ അടിത്തറയെ പരിചയപ്പെടാനാണ് നാം ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

ആദ്യമായി, കേവലവിശ്വാസം, ക്രൈസ്തവവിശ്വാസം എന്നിങ്ങനെ വിശ്വാസത്തിന് ഒരു പൊതു അര്‍ത്ഥവും ഒരു ദൈവ ശാസ്ത്രപരമായ അര്‍ത്ഥവുമുണ്ടെന്ന് നമ്മള്‍ കണ്ടു. കേവല വിശ്വാസം ഒരു അടിസ്ഥാന മാനുഷിക സത്തയാണ് – അത് വിശ്വാസിക്കും നിരീശ്വരവാദിക്കും മതത്തിനും ശാസ്ത്രത്തിനും ബാധകമായ ഒന്നാണ്. വിശ്വസനീയമായ ഉറവിടങ്ങള്‍ ഏത് വിശ്വാസത്തിനും അനുപേക്ഷണീയമാണ്. വിശ്വാസത്തിന്‍റെ പരമ്പരാഗതമായ ഉറവിടങ്ങളുടെ വൈജ്ഞാനീയത ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. മാനവീയവിജ്ഞാനത്തിന്‍റെ വെളിച്ചത്തില്‍ മതഗ്രന്ഥങ്ങള്‍ പുനര്‍വായിക്കപ്പെടുന്നു. ഈ അവസരത്തില്‍, പരമ്പരാഗതമായ ഉറവിടങ്ങള്‍ക്കും അപ്പുറത്തേയ്ക്ക്, മനുഷ്യര്‍ക്ക് പൊതുവായ ഉറവിടങ്ങളിലേക്ക് ദൈവാന്വേഷണം വ്യാപിപ്പിക്കേണ്ടിയിരിക്കുന്നു. പ്രപഞ്ചം, മനുഷ്യന്‍ എന്നീ രണ്ടു യാഥാര്‍ത്ഥ്യങ്ങളിലൂടെയാണ് നാം കഴിഞ്ഞ അധ്യായങ്ങളില്‍ ദൈവാസ്ഥിത്വം തേടിയത്.

ആദ്ധ്യാത്മികതയുടെ സ്വഭാവത്തിലൂടെ ദൈവാസ്ഥിത്വത്തിലേക്ക്
മനുഷ്യന്‍ ഒരു ആദ്ധ്യാത്മിക ജീവിയാണെന്ന് നാം മനസ്സിലാക്കുന്നു. ഈ ആദ്ധ്യാത്മികതയ്ക്ക്, കേവലം സാമൂഹികപരിണാമം മാത്രം ഒരു വിശദീകരണമല്ല എന്നും നാം കണ്ടു. കാരണം, മനുഷ്യന്‍റെ ജൈവാവസ്ഥയില്‍ത്തന്നെ ആധ്യാത്മികതയുടെ അനുരണനങ്ങള്‍ ദൃശ്യമാണെന്ന് ആധുനിക നരവംശശാസ്ത്രവും ന്യൂറോ സയന്‍സും സാക്ഷ്യപ്പെടുത്തുന്നു. ആധ്യാത്മികത, വിശപ്പും ദാഹവും പോലെ മനുഷ്യന്‍റെ ജൈവസത്തയില്‍ അലിഞ്ഞിരിക്കുന്നു.

ഒരേസമയം പ്രപഞ്ചത്തിലെ ഒരു കീടവും, അതേസമയം പ്രപഞ്ചത്തെ മുഴുവന്‍ തന്‍റെ കൊച്ചുമനസ്സില്‍ ഉള്‍ക്കൊള്ളാന്‍ പ്രാപ്തനുമായ ഒരു ജീവിയാണ് മനുഷ്യന്‍. പൂര്‍ണ്ണത തേടിയുള്ള മനുഷ്യന്‍റെ ദാഹം മനുഷ്യനെ അതിഭൗതികതയിലേക്ക് ആനയിക്കുന്നത് ചരിത്രത്തില്‍ നിന്നും വൈയക്തികാനുഭവങ്ങളില്‍നിന്നും നാം കാണുന്നു. ഇത് മനുഷ്യന്‍റെ ഒരു സ്വാഭാവിക-ആഗ്രഹമാണ്. സ്വാഭാവിക ആഗ്രഹങ്ങളും ജൈവസത്തയുടെ ഭാഗമായ ഘടകങ്ങളും ഭാവനാസൃഷ്ടിയല്ല. അതുകൊണ്ട്, ആദ്ധ്യാത്മികതയെ തൃപ്തിപ്പെടുത്തുന്ന ലക്ഷ്യവിഷയം മനുഷ്യന്‍റെ ഭാവനയല്ല എന്ന് നാം കാണുന്നു. അത് അതിഭൗതികമായ ഒരു യാഥാര്‍ത്ഥ്യത്തിലേക്കുള്ള സൂചനയായി പരിഗണിക്കുന്നതാണ് ഉചിതം.

പ്രപഞ്ചത്തിന്‍റെ നിലനില്‍പ്പില്‍ നിന്ന് ദൈവാസ്ഥിത്വത്തിലേക്ക്
പ്രപഞ്ചം എന്ന യാഥാര്‍ത്ഥ്യം ഒരു വലിയ പ്രഹേളികയായി നമ്മുടെ മുമ്പില്‍ നില്‍ക്കുന്നു. ഈ പ്രപഞ്ചത്തിലെ ഒരു കണികപോലും സ്വയമേവ നിലനില്‍ക്കുന്നില്ല എന്നു നമ്മള്‍ കണ്ടു. അനിവാര്യമായ നിലനില്‍പ്പ് ഭൗതികമായ ഒന്നിനും അവകാശപ്പെടാനാവില്ല. അപ്പോള്‍, ഈ പ്രപഞ്ചത്തിന്‍റെ നിലനില്പ്, ചതുര്‍മാന ദേശ-കാല പ്രപഞ്ചത്തിന് ഉപരിയായ ഒരു യാഥാര്‍ത്ഥ്യത്തില്‍ യുക്തിപരമായി അധിഷ്ടിതമായിരിക്കുന്നു എന്ന് അംഗീകരിക്കേണ്ടി വരുന്നു. ഈ അനുമാനത്തിന് ബദലായിട്ടുള്ള ഭൗതികമാത്രമായ അനുമാനങ്ങള്‍ ഒട്ടുംതന്നെ യുക്തിസഹമല്ല. അതുകൊണ്ട്, പ്രപഞ്ചത്തിന്‍റെ നിലനില്‍പ്പിന്ഏറ്റവും അനുയോജ്യമായ വിശദീകരണം, അതിഭൗതികമായ ഒരു യാഥാര്‍ത്ഥ്യമാണ്.

പ്രപഞ്ചത്തിന്‍റെ ആരംഭത്തില്‍ നിന്ന് ദൈവാസ്ഥിത്വത്തിലേക്ക്
ദൃശ്യപ്രപഞ്ചവും കാലവും ആരംഭമുള്ളതാണ് എന്നതാണ് ആധുനികശാസ്ത്രത്തിന്‍റെ നിലവിലിരിക്കുന്ന അനുമാനം. അതിലുപരി, ഭൗതികമായ പ്രപഞ്ചത്തിന്‍റെ ആരംഭം, തത്ത്വചിന്താപരമായിത്തന്നെ അനുമാനിക്കാന്‍ സാധ്യമാണെന്നും നാം കണ്ടു. ആരംഭമുള്ള എന്തിനും ഒരു ആരംഭകാരണം ഉണ്ടാകുമെന്ന സാമാന്യ തത്ത്വം മുന്‍നിര്‍ത്തി ചിന്തിച്ചാല്‍, പ്രപഞ്ചത്തിന്‍റെ ആരംഭകാരണം പ്രപഞ്ചത്തിനും അതീതമായ ഒരു വസ്തുത ആയിരിക്കുമെന്ന് അനുമാനിക്കാന്‍ സാധിക്കുന്നു. അപ്രകാരം, പ്രപഞ്ചത്തിന്‍റെ ആരംഭവും ഒരു പ്രപഞ്ചാതീത യാഥാര്‍ത്ഥ്യത്തിലേക്ക് വിരല്‍ചൂണ്ടുന്നു.

പ്രപഞ്ചാതീത യാഥാര്‍ത്ഥ്യത്തിന്‍റെ സ്വഭാവം
മനുഷ്യന്‍റെ സ്വാഭാവികബുദ്ധി പ്രകാശത്താല്‍, പ്രപഞ്ചത്തിന്‍റെ നിലനില്‍പ്പില്‍നിന്നും ആരംഭത്തില്‍നിന്നും, ഈ ആദികാരണത്തിന്‍റെ ചില പ്രത്യേകതകള്‍ അനുമാനിക്കാന്‍ സാധിക്കുമെന്ന് നാം കണ്ടു. അനാദിയും, അതിഭൗതികവും, വ്യക്തിയുമായ (സജീവമായ ബോധമുള്ള യാഥാര്‍ത്ഥ്യം എന്ന അര്‍ത്ഥത്തില്‍) ഒരു ആദി കാരണത്തെയാണ് നമുക്ക് തിരിച്ചറിയാന്‍ സാധിക്കുന്നത്. ഈ ആദി കാരണത്തെ നാം ദൈവം എന്നു വിളിക്കുന്നു.

ഈ ദൈവവും മനുഷ്യവ്യക്തികളുടെ ജീവിതവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്നതാണ് ഇനി പരിശോധിക്കപ്പെടേണ്ടത്. ദൈവം സൃഷ്ടിക്ക് സമീപസ്ഥനാണോ, നന്മതിന്മകള്‍ ദൈവവുമായി എങ്ങനെ സമന്വയിപ്പിക്കാം, ദൈവത്തെ ആരാധിക്കേണ്ടതുണ്ടോ, ദൈവം പ്രത്യേകമായി മനുഷ്യനു വെളിപ്പെട്ടിട്ടുണ്ടോ എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ അവശേഷിക്കുന്നു. നമുക്ക് അവയിലേക്ക് കടക്കാം.

Leave a Comment

*
*