പ്രപഞ്ചവും ആരംഭവും ശാസ്ത്രീയ വിശദീകരണങ്ങള്‍ – ഭാഗം 1

വിശദീകരണം തേടുന്ന വിശ്വാസം -20

ബിനു തോമസ്, കിഴക്കമ്പലം

പ്രപഞ്ചത്തിന് ഒരു ആരംഭമുണ്ടോ? ശാസ്ത്രീയ സിദ്ധാന്തങ്ങളുടെ വെളിച്ചത്തില്‍ ഈ ചോദ്യത്തിന് ഒരുത്തരം കണ്ടെത്താനാണ് ഇനി നമ്മള്‍ പരിശ്രമിക്കുന്നത്.

സ്ഥിരപ്രപഞ്ചവാദവും ഐന്‍സ്റ്റൈന്‍റെ ഒളിച്ചുകളിയും
അല്‍-ഗസാലിയെപ്പോലുള്ള പ്രാചീനചിന്തകര്‍, പ്രപഞ്ചത്തിന്ഒരു ആരംഭമുണ്ടെന്ന് താത്വികമായി സമര്‍ത്ഥിക്കുമ്പോഴും, ശാസ്ത്രീയമായ ഒരു വിശദീകരണം അവര്‍ക്ക് അന്യമായിരുന്നു. ആധുനിക ശാസ്ത്രത്തിന്‍റെ ആചാര്യന്മാര്‍ പോലും സ്ഥിരപ്രപഞ്ചമെന്ന നിലപാടിനു പിന്നില്‍ നിലയുറപ്പിച്ചു. അതിന് ആദ്യമായി ഇളക്കം തട്ടുന്നത് 1917-ല്‍ ഐന്‍സ്റ്റൈന്‍ ആവിഷ്കരിച്ച പൊതു ആപേക്ഷികതാ സിദ്ധാന്തത്തിലൂടെയാണ്.

തന്‍റെ സിദ്ധാന്തം പ്രപഞ്ചത്തിന്‍റെ ഗ്രാവിറ്റിയില്‍ പ്രയോഗിക്കുമ്പോള്‍, ഒരു ബലൂണ്‍ പോലെ വികസിക്കുകയോ അല്ലെങ്കില്‍ വീര്‍ത്ത ബലൂണിന്‍റെ കാറ്റു പോകുന്നതുപോലെ ചുരുങ്ങുകയോ ചെയ്യുന്ന ഒരു പ്രപഞ്ചമാണ് തെളിഞ്ഞു വരുന്നതെന്ന് ഐന്‍സ്റ്റൈന്‍ മനസ്സിലാക്കി. പ്രപഞ്ചത്തിന്‍റെ സ്ഥിരതയില്‍ വിശ്വസിച്ചിരുന്ന ഐന്‍സ്റ്റൈന്‍, തന്‍റെ സമവാക്യങ്ങളില്‍ എന്തോ പിശകുണ്ടെന്നു കരുതി. ഒടുവില്‍, സമവാക്യങ്ങളില്‍ ഒരു സ്വേച്ഛാപരമായ സ്ഥിരാങ്കം (arbi-trary constant) തിരുകിക്കയറ്റിയാണ് സ്ഥിരപ്രപഞ്ചമെന്ന സങ്കല്‍പ്പ ത്തിന് അദ്ദേഹം സാധുത നല്‍കിയത്. എന്തുകൊണ്ട് മഹാനായ ആ ശാസ്ത്രജ്ഞന്‍ അപ്രകാരം ചെയ്തു എന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ടതു തന്നെയാണ്.

വികസിക്കുന്ന പ്രപഞ്ചം
പക്ഷേ, ഐന്‍സ്റ്റൈന്‍റെ ഈ ഒളിച്ചുകളി അധികനാള്‍ നീണ്ടുനിന്നില്ല. റഷ്യന്‍ ഗണിതശാസ്ത്രജ്ഞനായ അലക്സാണ്ടര്‍ ഫ്രീഡ്മാന്‍, ബെല്‍ജിയന്‍ വാനശാസ്ത്രജ്ഞന്‍ ജോര്‍ജ്ജ് ലെമായത്തര്‍ എന്നിവര്‍ ഐന്‍സ്റ്റൈന്‍റെ പൊതുആപേക്ഷികതയുടെ സമവാക്യങ്ങള്‍ മുഖവിലയ്ക്ക് എടുക്കുകയും, വികസിക്കുന്ന ഒരു പ്രപഞ്ച മാതൃക അവതരിപ്പിക്കുകയും ചെയ്തു. 1929-ല്‍ അമേരിക്കന്‍ വാന നിരീക്ഷകന്‍ എഡ്വിന്‍ ഹബിള്‍ ഇവരുടെ സിദ്ധാന്തം നിരീക്ഷണങ്ങളിലൂടെ സ്ഥിരീകരിക്കുകയും ചെയ്തു. ഈ നിരീക്ഷണങ്ങളാണ് മഹാവിസ്ഫോടനമെന്ന പേരില്‍ (ബിഗ് ബാംഗ്) പ്രപഞ്ചാരംഭത്തിന്‍റെ സിദ്ധാന്തത്തിന് അടിസ്ഥാനമായത്. 1940 കളില്‍, ജോര്‍ജ് ഗാമോ എന്ന ശാസ്ത്രജ്ഞനാണ് ലെമായത്തറിന്‍റെയും ഹബിളിന്‍റെയും നിരീക്ഷണങ്ങളെ ഒരു പ്രപഞ്ചമാതൃകയാക്കി അവതരിപ്പിച്ചത്.

(ലെമായത്തര്‍ ഒരു കത്തോലിക്കാ പുരോഹിതന്‍ ആയിരുന്നുവെന്നും, മഹാവിസ്ഫോടനത്തില്‍ അദ്ദേഹത്തിന്‍റെ പങ്ക് ശാസ്ത്രലോകം പേരുചേര്‍ത്ത് അംഗീകരിച്ചത് ഈയിടെ ആണെന്നും പത്രവാര്‍ത്തകളിലൂടെ ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ. എന്തുകൊണ്ടാണ് അദ്ദേഹത്തിന്‍റെ പേര്‍ ഇക്കാലമത്രയും തഴയപ്പെട്ടത് എന്നതും ചര്‍ച്ച ചെയ്യപ്പെടേണ്ട മറ്റൊരു വിഷയമാണ്. വിശ്വാസവും ശാസ്ത്രവും ഒത്തുപോകില്ല എന്ന തത്ത്വത്തില്‍ വിശ്വസിക്കുന്ന ശാസ്ത്രലോകത്തിലെ ആളുകളുടെ ഒരു തമസ്കരണതന്ത്രമായിരുന്നോ ഇത് എന്ന ചോദ്യം അവശേഷിക്കുന്നു).

മഹാവിസ്ഫോടന സിദ്ധാന്തം
പ്രപഞ്ചം 13 ബില്ല്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഒരു സിംഗുലാരിറ്റി (Singularity) യില്‍നിന്ന് ആ വിര്‍ഭവിച്ചുവെന്നും പ്രപഞ്ചം പിന്നീട് വികസിച്ചുകൊണ്ടിരിക്കുന്നു എന്നതുമാണ് മഹാവിസ്ഫോടനത്തിന്‍റെ കാതലായ തത്ത്വം. സ്ഥലവും കാലവും (Space and Time) ആരംഭിക്കുന്നത് ആ സിംഗുലാരിറ്റിയില്‍ ആണ്. സ്ഥിരപ്രപഞ്ചത്തില്‍ വിശ്വസിച്ചിരുന്ന നിരീശ്വരവാദിയായ ഫ്രെഡ് ഹോയില്‍ എന്ന ശാസ്ത്രജ്ഞനാണ് "ബിഗ് ബാംഗ്" എന്ന് ഈ സിദ്ധാന്തത്തിനെ കളിയാക്കി വിളിക്കുകയും, ആ പേര് ശാസ്ത്രലോകം ഏറ്റെടുക്കുകയും ചെയ്തത്.

മഹാവിസ്ഫോടനത്തെപ്പറ്റി പൊതുവായുള്ള കുറച്ചു തെറ്റിദ്ധാരണകള്‍ കൂടി തിരുത്തുന്നത് ഈ അവസരത്തില്‍ നല്ലതാണെന്നു തോന്നുന്നു.

1. മഹാവിസ്ഫോടനം എന്ന പേര് ഒരു കളിവാക്കാണെന്നു സൂചിപ്പിച്ചല്ലോ. പ്രപഞ്ചത്തിന്‍റെ വലിപ്പമുള്ള ഒരു ആറ്റം ബോംബ് പൊട്ടുന്ന ഒരു രംഗമാണ് ഈ വാക്ക് കേള്‍ക്കുമ്പോള്‍ മനസ്സില്‍ കടന്നു വരുന്നത്. അത് തികച്ചും തെറ്റായ ചിത്രീകരണമാണ്. ഒരു ബലൂണ്‍ വികസിക്കുന്നതുപോലെയാണ് ഈ പ്രപഞ്ചവികാസത്തെ കാണേണ്ടത്. ചുരുങ്ങിയിരിക്കുന്ന ഒരു ബലൂണിന്‍റെ പുറത്ത് കുറേ ചെറിയ കടലാസുകഷണങ്ങള്‍ ഒട്ടിച്ചുവച്ചു എന്നു സങ്കല്‍പ്പിക്കുക. ബലൂണ്‍ കാറ്റുകയറി വികസിക്കുമ്പോള്‍, ഈ കടലാസുകഷണങ്ങള്‍ അകന്നുപോകുന്നു. ഇതു പോലെയാണ് പ്രപഞ്ചം വികസിക്കുന്നത്. അല്ലാതെ, ഒരു ബോംബ് സ്ഫോടനം നടന്നതുപോലെ ചിന്നിത്തെറിച്ചുപോവുകയല്ല.

2. ബിഗ് ബാംഗിന് മുന്‍പ് എന്തായിരുന്നു എന്നതാണ് സാധാരണയായി ഉയര്‍ന്നു കേള്‍ക്കുന്ന മറ്റൊരു ചോദ്യം. ഈ ചോദ്യവും വളരെ തെറ്റിദ്ധാരണാജനകമാണ്. ബിഗ് ബാംഗിലാണ് സമയം ആരംഭിക്കുന്നത്. അതുകൊണ്ടുതന്നെ 'അതിനുമുന്‍പ്' എന്ന വാക്കിന് ഭൗതികശാസ്ത്രത്തില്‍ സാധുതയില്ല. സിംഗുലാരിറ്റിയില്‍, എല്ലാ ശാസ്ത്രസത്യങ്ങളും അപ്രസക്തമാവുകയാണ്. അതുകൊണ്ട്, അതിനുമുന്‍പ് എന്ന അവസ്ഥയെ ശാസ്ത്രീയമായി അപഗ്രഥിക്കാന്‍ സാധ്യമല്ല, അത് ശാസ്ത്രീയമായ ഒരു ചോദ്യവുമല്ല.

കുറിപ്പ് 1: പ്രപഞ്ചാരംഭത്തെക്കുറിച്ചുള്ള ഈ ശാസ്ത്രീയസിദ്ധാന്തങ്ങളും ക്രൈസ്തവവിശ്വാസവും തമ്മില്‍ എന്താണ് ബന്ധം എന്ന് ആരെങ്കിലും സംശയിച്ചാല്‍, അഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വിശുദ്ധ അഗസ്തീനോസിന്‍റെ ഒരുപാട് പള്ളികള്‍ സ്വന്തം പേരിലുള്ള ഒരു വിശുദ്ധന്‍ – ഒരു വാക്യമാണ് മറുപടിയായി ഉയര്‍ത്തിക്കാണിക്കാനുള്ളത് – "ദൈവം ലോകത്തെ സമയത്തിന്‍റെ ഉള്ളില്‍ അല്ല സൃഷ്ടിച്ചത്, മറിച്ച്, സമയത്തിന് ഒപ്പമാണ്." വിശുദ്ധ അഗസ്തീനോസിന്‍റെ ധ്യാനചിന്തകളില്‍ കടന്നു കൂടിയ കാര്യങ്ങള്‍ നമ്മുടെ ധ്യാനചിന്തകളിലും കടന്നുകൂടുന്നതില്‍ തീര്‍ച്ചയായും തെറ്റില്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org