Latest News
|^| Home -> Pangthi -> വിശദീകരണം തേടുന്ന വിശ്വാസം -> പ്രാര്‍ത്ഥനയുടെ അനിവാര്യത

പ്രാര്‍ത്ഥനയുടെ അനിവാര്യത

Sathyadeepam

വിശദീകരണം തേടുന്ന വിശ്വാസം-29

ബിനു തോമസ്, കിഴക്കമ്പലം

പ്രാര്‍ത്ഥനയെപ്പറ്റിയാണ് നാം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്. മനുഷ്യനില്‍ ആധ്യാത്മികതയുടെ വിത്തുവിതച്ചതു വഴി, അതിന്‍റെ മാറ്റൊലിയായ പ്രാര്‍ത്ഥന മനുഷ്യനില്‍ ഉണര്‍ത്തുന്നതു വഴി, ദൈവം സൃഷ്ടിക്ക് സമീപസ്ഥനാണെന്ന് നാം കണ്ടുകഴി ഞ്ഞു. അതായത്, സൃഷ്ടാവ് സൃഷ്ടിയില്‍നിന്ന് അനന്തദൂരത്തിലല്ല. മറിച്ച്, ഒരു വിളിപ്പുറത്താണ് അവന്‍റെ സ്ഥാനം.

പ്രാര്‍ത്ഥന അനിവാര്യമോ?
ദൈവം ഒരു വിളിപ്പുറത്താണ് എന്ന് അനുമാനിച്ചാലും മറ്റൊരു ചോദ്യം ഉയരുന്നു പ്രാര്‍ത്ഥന അനിവാര്യമോ? നമ്മുടെ പ്രാര്‍ത്ഥനകള്‍ക്കു വേണ്ടി കാത്തിരിക്കുന്ന, പ്രാര്‍ത്ഥിക്കാത്ത മനുഷ്യരെ ശിക്ഷിക്കാന്‍ കാത്തിരിക്കുന്ന ഒരു വലിയ അഹങ്കാരോന്മാദി (Megalomaniac) ആണോ ദൈവം? ബൈബിളിലും, മറ്റു മതഗ്രന്ഥങ്ങളിലും പല രീതിയില്‍ ആവര്‍ത്തിക്കപ്പെടുന്നുണ്ട് എന്ന സാധൂകരണത്തിനപ്പുറം എന്തെങ്കിലും ഉത്തരമുണ്ടോ?

പ്രാര്‍ത്ഥന: പ്രാപഞ്ചികനീതിയുടെ പ്രതിഫലനം
പ്രാര്‍ത്ഥനയെന്നത് സൃഷ്ടിയില്‍ അടങ്ങിയിരിക്കുന്ന ഒരു പ്രാപഞ്ചികനീതിയുടെ അനിവാര്യമായ ഒരു പ്രതിഫലനം ആണെന്നാണ് യുക്തിപരമായി നല്‍കാന്‍ കഴിയുന്ന ഒരു ഉത്തരം. എന്താണ്ഇവിടെ ഉദ്ദേശിക്കുന്നത്?

“അര്‍ഹിക്കുന്നത് അര്‍ഹിക്കുന്നവര്‍ക്ക്” ഇതാണ് നീതിയുടെ സാമാന്യമായ നിര്‍വചനം. സാമൂഹിക നൈയാമിക മണ്ഡലങ്ങളില്‍ മനുഷ്യര്‍ പൊതുവായി നീതിയെ മനസ്സിലാക്കുന്നതും അനുവര്‍ത്തിക്കുന്നതും ഇപ്രകാരമാണ്. ദൈവികനീതിയെപ്പറ്റി സംസാരിക്കുമ്പോള്‍ പോലും ഇതേ നിര്‍വചനം തന്നെയാണ് നാം പിന്തുടരുന്നത്. വിധിയും സ്വര്‍ഗ്ഗവും നരകവും ദൈവത്തിന്‍റെ നീതിയോട് ബന്ധപ്പെടുത്തിയാണ് മതങ്ങള്‍ മനസ്സിലാക്കുന്നത്. സര്‍വ്വതും നഷ്ടപ്പെടുത്തിയതിനുശേഷം തിരിച്ചുവന്ന ധൂര്‍ത്തപുത്രനെ സ്വീകരിച്ച പിതാവിനെ ദൈവകരുണയുടെ മാതൃകയാക്കി ഉയര്‍ത്തിപ്പിടിച്ച ഈശോതന്നെയാണല്ലോ അന്തിമ വിധിയില്‍ ദുഷ്ടര്‍ക്ക് അര്‍ഹമായിരിക്കുന്ന കെടാത്ത തീയായ ദൈവികനീതിയുടെ കാര്യവും അവതരിപ്പിച്ചത്.

എന്തുകൊണ്ടാണ് പ്രാര്‍ത്ഥനയെ നീതിയുമായി ബന്ധിപ്പിക്കാന്‍ കഴിയുന്നത്? ഇതു മനസ്സിലാക്കാന്‍ വേണ്ടി നമുക്ക് ഒരു പിതൃ-പുത്ര ബന്ധം മാതൃകയായി എടുക്കാം. ദൈവം ജഗന്നിയന്താതാവും സൃഷ്ടാവും എന്ന നിലയില്‍ നമ്മുടെ പിതൃസ്ഥാനത്താണല്ലോ. മനുഷ്യനെ സംബന്ധിച്ചിടത്തോളം, ദൈവം തന്നെ ജനിപ്പിച്ച, പരിപാലിക്കുന്ന ഒരു പിതാവാണ്. അതികായനായ ആ ദൈവത്തിന്‍റെ മുമ്പില്‍, എട്ടും പൊട്ടും തിരിയാത്ത ഇളം പ്രായത്തിലുള്ള ഒരു കുഞ്ഞ് മാത്രമാണ് മനുഷ്യന്‍ എന്നു മനസ്സിലാക്കാന്‍ വിഷമമില്ല.

തന്നെ പരിപാലിക്കുന്ന, തനിക്ക് അറിയാത്ത കാര്യങ്ങള്‍ അറിയുന്ന, തന്‍റെ ആദ്യവും അന്തവും അറിയുന്ന ഒരു പിതാവിനോട് ഒരു കുഞ്ഞിന് തോന്നുന്ന തോന്നേണ്ട – മനോഭാവം എന്താണ്? തീര്‍ച്ചയായും ബഹുമാനവും ആരാധനയും തന്നെ. ഇത് മനുഷ്യപ്രകൃതിയില്‍ തന്നെ ഉള്ള സ്വഭാവമാണ്. അപ്പോള്‍, മനുഷ്യരെ സംബന്ധിച്ചിടത്തോളം, ദൈവം ബഹുമാനവും ആരാധനയും ആവോളം അര്‍ഹിക്കുന്നവനാണ്.

നീതിയെന്നാല്‍ അര്‍ഹിക്കുന്നവര്‍ക്ക് അര്‍ഹിക്കുന്നത് നല്‍കുക എന്നതാണെങ്കില്‍, അളവില്ലാത്ത രീതിയില്‍ ബഹുമാനവും ആരാധനയും അര്‍ഹിക്കുന്ന ദൈവത്തിന്, അളവില്ലാത്ത രീതിയില്‍ ബഹുമാനവും ആരാധനയും അര്‍പ്പിക്കുക എന്നത് നീതിയാണെന്നു വരുന്നു. അതായത്, നീതിയില്‍ വിശ്വസിക്കുന്ന, നീതി ആഗ്രഹിക്കുന്ന ഏതു മനുഷ്യരും സൃഷ്ടാവായ ദൈവത്തെ ആരാധിക്കാന്‍ കടപ്പെട്ടിരിക്കുന്നു അത് ദൈവത്തിനോ മനുഷ്യര്‍ക്കോ എന്തെങ്കിലും പ്രയോജനമുണ്ടാകാനോ മറ്റോ അല്ല, മറിച്ച്, സ്വാഭാവികമായ നീതിയുടെ പൂര്‍ത്തീകരണം എന്ന നിലയിലാണ്.

ഈ പൂര്‍ത്തീകരണത്തിന്‍റെ രൂപ-ഭാവ-വേഷങ്ങള്‍ കാലികവും സാംസ്കാരികവുമായി വ്യത്യസ്തമായിരിക്കാം, പക്ഷേ, ലോകത്ത് എല്ലായിടത്തും എല്ലാ സമയത്തും ഒരു ദൈവവിശ്വാസിക്ക്, ദൈവത്തോടുള്ള ഈ അടിസ്ഥാന-സ്വഭാവിക-മനോഭാവം ഇല്ലാതെ നീതിയില്‍ ചരിക്കാനാവില്ല. വലുതിനെ, ബഹുമാന്യമായതിനെ, അംഗീകരിക്കേണ്ടതിനെ വ്യക്തമായി, ബോധപൂര്‍വ്വം അംഗീകരിക്കുക, സ്തുതിക്കുക, നന്ദി പറയുക എന്നതൊക്കെ മനുഷ്യന്‍റെ മനുഷ്യത്വത്തിന്‍റെ ഭാഗവും തെളിവുമാണ്.

ദൈവവിശ്വാസിയായിരിക്കേ, പ്രാര്‍ത്ഥിക്കാതിരിക്കുക എന്നത് നിന്ദയും അഹങ്കാരവുമായിട്ടാണ് ഇങ്ങനെ നോക്കിയാല്‍ നമുക്ക് മനസ്സിലാകുന്നത്. ഒക്ടോബര്‍ രണ്ടാം തീയതി ഗാന്ധിജിയുടെ ഫോട്ടോ കാണുമ്പോള്‍, ആ ഫോട്ടോ ഒന്നു നോക്കി മനസ്സുകൊണ്ടെങ്കിലും ഒന്ന് തൊഴുക എന്നത് ഗാന്ധിജി അര്‍ഹിക്കുന്ന ബഹുമാനത്തിന്‍റെ ലക്ഷണമാണ്. രക്തസാക്ഷികളുടെ ഫോട്ടോയില്‍ പൂമാല ചാര്‍ത്തുന്ന ഒരു കമ്യൂണിസ്റ്റുകാരനിലും കാണുന്നത് ഇതേ സ്വാഭാവിക പ്രേരണയുടെ മറ്റൊരുദാഹരണമാണ്. അത് ചെയ്തില്ല എന്നതുകൊണ്ട് ഗാന്ധിജിക്കോ രക്തസാക്ഷിക്കോ ഒന്നും നഷ്ടപ്പെടാനില്ല. പക്ഷേ, നഷ്ടപ്പെടുന്നത് അങ്ങനെ ചെയ്യാത്ത മനുഷ്യന്‍റെ മനുഷ്യത്വത്തിന്‍റെ ഒരംശമാണ്. കണ്ടിട്ടും “ഹും” എന്ന് മനസ്സില്‍ പറഞ്ഞുകൊണ്ട് തലതിരിച്ച് നടന്നുപോകുന്നവന്‍ അസ്വാഭാ വികമായിട്ടാണ് പെരുമാറുന്നത്, മനുഷ്യന്‍റെ നന്മപ്രകൃതിക്കും നീതിയുടെ മനോഭാവത്തിനും വിരുദ്ധമായിട്ടാണ് അത് ചെയ്യുന്നത്.

നിസ്സാരരായ രക്തസാക്ഷികളേയും സഹജീവികളേയും സ്തുതിക്കുന്ന മനുഷ്യന് അപാരനായ, ജീവിക്കുന്ന ദൈവത്തെ സ്തുതിക്കുക എന്നതും സ്വാഭാവികമാണ്. ദൈവം ഉണ്ടെന്ന് അറിയുകയും, അതേസമയം ദൈവത്തെ ആരാധിക്കേണ്ട ആവശ്യമില്ല എന്നു പറയുകയും ചെയ്യുന്നത് എളിമയുടെയോ നന്ദിയുടെയോ ഭാവമല്ല, മറിച്ച് നിന്ദയുടെയും താന്‍ പോരിമയുടേയും ഭാവമാകാനാണു സാധ്യത. അതു സൂചിപ്പിക്കുന്നത് മനുഷ്യത്വത്തിന്‍റെ കുറവിനേയാണ്. അത്തരം മനോഭാവത്തി ലൂടെ ഇല്ലാതാകുന്നത് നീതിയുടെ പൂര്‍ത്തീകരണമാണ്.

Leave a Comment

*
*