പ്രാര്‍ത്ഥനയും ദൈവസാമീപ്യവും

വിശദീകരണം തേടുന്ന വിശ്വാസം -28

ബിനു തോമസ്, കിഴക്കമ്പലം

പ്രാര്‍ത്ഥനയെ ചുറ്റിപ്പറ്റി ഉടലെടുക്കുന്ന വെല്ലുവിളികളെയാണ് നാം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്. ദൈവസാമീപ്യത്തെ മൂന്നു രീതിയില്‍ വ്യക്തിപരമായ സാക്ഷ്യം, പ്രത്യേക വെളിപാടിലുള്ള വിശ്വാസം, സ്വാഭാവിക ബുദ്ധിപ്രകാശം അവതരിപ്പിക്കാന്‍ സാധിക്കും എന്നു നമ്മള്‍ കണ്ടു. ഇതിലെ ആദ്യത്തെ രണ്ടും ഏവര്‍ക്കും പരിചിതമാകയാല്‍, സ്വാഭാവിക ബുദ്ധിപ്രകാശമെന്ന മാര്‍ഗത്തെപ്പറ്റിയാണ് വിശദമായി അപഗ്രഥിക്കാന്‍ പോകുന്നത്.

പ്രാര്‍ത്ഥന ആദ്ധ്യാത്മികതയുടെ മാറ്റൊലി
എന്താണ് അടിസ്ഥാനപരമായി പ്രാര്‍ത്ഥന? ഹൃദയം ദൈവത്തെ സ്മരിക്കുന്ന സന്ദര്‍ഭമാണത് എന്ന് ലളിതമായി പറയാം. Prayer is a longing of the soul (ആത്മാവിന്‍റെ വാഞ്ഛയാണ് പ്രാര്‍ത്ഥന) എന്നാണ് മഹാത്മാ ഗാന്ധി പറഞ്ഞത്. പ്രാര്‍ത്ഥന ദൈവവുമായുള്ള സമ്പര്‍ക്കവും സംവേദനവും ആണെന്ന് പൊതുവായി പറയാം.

ആദ്ധ്യാത്മികത എന്നതും അതിഭൗതികതയോടുള്ള മനുഷ്യന്‍റെ ദാഹമാണെന്ന് മുന്‍ അധ്യായങ്ങളില്‍ നാം കണ്ടതാണ്. അമ്മയില്‍നിന്നും വേര്‍പെട്ട ഒരു കൊച്ചുകുട്ടിയെ സങ്കല്‍പ്പിക്കുക. അമ്മയുടെ കൈകളിലേക്ക് തിരിച്ചു ചെല്ലാന്‍ ആ കുട്ടി അദമ്യമായി ആഗ്രഹിക്കുന്നു. ആ ആഗ്രഹം ആ കുട്ടിയുടെ മനസ്സിനുള്ളിലാണ് കുടികൊള്ളുന്നത്. പക്ഷേ, 'അമ്മേ' എന്നു വിളിച്ചുകൊണ്ട് കരയാന്‍ ആ കുട്ടിയെ സ്വന്തം മനസ്സിലെ ആഗ്രഹം പ്രേരിപ്പിക്കുന്നു. അപ്പോള്‍, 'അമ്മേ' എന്നുള്ള വിളി, മനസ്സിലെ ആഗ്രഹത്തിന്‍റെ ഒരു മാറ്റൊലിയാണ്. ഇതേ ബന്ധമാണ് പ്രാര്‍ത്ഥനയും ആധ്യാത്മികതയും തമ്മില്‍.

ഇതേ കാര്യം മറ്റൊരു രീതിയില്‍ ചിന്തിക്കുക. കുട്ടിക്ക് അമ്മയുടെ കൈകളില്‍ എത്താന്‍ ആഗ്രഹമുണ്ട്. പക്ഷേ, ആ കുട്ടിക്ക് ആ ആഗ്രഹം പ്രകടിപ്പിക്കാന്‍ സാധിക്കുന്നതേയില്ല. അങ്ങനെയൊരു സന്ദര്‍ഭത്തില്‍, ആ കുട്ടിക്ക് മാനസികമായോ ശാരീരികമായോ എന്തോ കുറവുണ്ട് എന്ന ഒരു നിഗമനത്തില്‍ മാത്രമേ നമുക്ക് എത്താന്‍ സാധിക്കുകയുള്ളൂ. അത് അസ്വാഭാവികമായി നാം കരുതുന്നു. അത്തരം പ്രകടനമില്ലാതെ, ആ ആഗ്രഹത്തിന് പൂര്‍ണ്ണതയില്ല.

ദൈവത്തെ തേടാനുള്ള ദാഹവും, ആ ദാഹത്തിന്‍റെ മാറ്റൊലിയായ പ്രാര്‍ത്ഥനയും ഇതുപോലെ പരസ്പരം സ്വാഭാവികമായി ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ്. ഒന്നിന് മറ്റൊന്ന് ഇല്ലെങ്കില്‍ അതൊരു കുറവാണെന്നാണ് നാം മനസ്സിലാക്കേണ്ടത്. മനുഷ്യന്‍റെ നൈസര്‍ഗ്ഗികമായ ജൈവത്വരയാണ് ആദ്ധ്യാത്മികത. മനുഷ്യന്‍റെ ജൈവത്വരകള്‍ എല്ലാം പ്രകടിപ്പിക്കാന്‍ മനുഷ്യന് സ്വാഭാവികമായ കഴിവുണ്ട്. വിശപ്പോ ദാഹമോ കാമമോ ഒക്കെ പ്രകടിപ്പിക്കുമ്പോള്‍ മാത്രമാണ് അതിന്‍റെ ലക്ഷ്യത്തിലേക്ക് അടുക്കുന്നത്. ആദ്ധ്യാത്മികത എന്ന ജൈവത്വരയും അതിന് അപവാദമാകാന്‍ കാരണമൊന്നും കാണുന്നില്ല.

സൃഷ്ടിയില്‍ തന്നിലേക്കുള്ള വിളി എഴുതിച്ചേര്‍ത്ത കഥാകാരന്‍
ദൈവത്തെ ഒരു കലാകാരനോട് നമ്മള്‍ മുമ്പുള്ള അധ്യായങ്ങളില്‍ ഉപമിച്ചതാണ്. ഒരു കഥാകൃത്ത്, തന്‍റെ സൃഷ്ടിയായ കഥയില്‍, കഥാകാരനെ വിളിക്കുന്ന ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നു സങ്കല്പിക്കുക. എന്താണ് അതിന്‍റെ അര്‍ത്ഥം? ആ കഥാപാത്രത്തിലൂടെ ആ കഥയില്‍ ഭാഗഭാക്കാകുവാന്‍ കഥാകാരന്‍ ആഗ്രഹിക്കുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

തന്നെ തേടുന്ന ദാഹവും, അതിന്‍റെ മാറ്റൊലിയായ പ്രാര്‍ത്ഥനയും മനുഷ്യനെന്ന സൃഷ്ടിയില്‍ ദൈവം നിക്ഷേപിച്ചെങ്കില്‍, എന്താണ് അതിന്‍റെ അര്‍ത്ഥം? തന്‍റെ സൃഷ്ടിയോട് ചേര്‍ന്നിരിക്കാന്‍ ദൈവം ആഗ്രഹിക്കുന്നു എന്നാണ് അതിന്‍റെ ഉത്തരം. ഒരു കഥ എഴുതിയ കടലാസുകള്‍ കീറിയെടുത്ത് കടലില്‍ ഒഴുക്കി നടന്നുനീങ്ങുന്ന നിസ്സംഗനായ, വിദൂരസ്ഥനായ ഒരു കഥാകാരനെയല്ല മനുഷ്യന്‍റെ ജൈവസത്തയില്‍ നാം കണ്ടുമുട്ടുന്നത്. മറിച്ച്, സൃഷ്ടിയില്‍ തനിക്കുവേണ്ടി ഒരു വലിയ ശൂന്യത വരച്ചുവച്ച ഒരു കലാകാരനേയാണ്. There is a God-shaped vaccum in the heart of man (ദൈവത്തിന്‍റെ ആകൃതിയിലുള്ള ഒരു ശൂന്യത മനുഷ്യനിലുണ്ട്) എന്നാണ് പാസ്കല്‍ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

മറ്റു സൃഷ്ടവസ്തുക്കളില്‍ ഏതെങ്കിലും തരത്തില്‍ ഈ ശൂന്യതയുണ്ടോ എന്നു നമുക്ക് അറിയില്ല. ഒരുപക്ഷേ, ഇല്ലമായിരിക്കാം. അല്ലെങ്കില്‍, ഒരുപക്ഷേ, എല്ലാ സൃഷ്ടികളും ദൈവത്തെ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ കാംക്ഷിക്കുന്നുണ്ടാകണം എന്നതും ഒരു സാധ്യതയാണ്. എന്തായാലും, സ്വബോധത്തോടെ ദൈവത്തെ വിളിക്കുന്ന ഒരു ജീവിയെ നമുക്ക് അറിയാം, മനുഷ്യന്‍. അപ്പോള്‍, ചുരുങ്ങിയത്, ഒരു സൃഷ്ടിയെങ്കിലും തന്നെ സ്വയമേവ അന്വേഷിക്കണമെന്നും വിളിക്കണമെന്നും സ്രഷ്ടാവ് ആഗ്രഹിക്കുന്നു എന്നു നമുക്ക് അറിയാം. തികച്ചും യുക്തിപരമായി ചിന്തിച്ചാല്‍, ഇവിടെ രണ്ട് സാധ്യതകളുണ്ട്. ഒന്ന്, ദൈവം ഒരു സേഡിസ്റ്റ് (Sadist) ആണ്. കുഞ്ഞിന്‍റെ വിളി കേള്‍ക്കാന്‍ താത്പര്യമില്ലാത്ത അമ്മയെപ്പോലെ നിസ്സംഗനായ ദൈവം. രണ്ട്, ദൈവം മനുഷ്യന്‍റെ വിളിക്ക് സമീപസ്ഥന്‍ തന്നെയാണ്. ഇത്രമാത്രം സുന്ദരവും അവര്‍ണ്ണനീയവുമായ ലോകം പടുത്തുയര്‍ത്തി, സ്നേഹബന്ധനങ്ങളില്‍ അര്‍ത്ഥം കാണാനുള്ള ജൈവികപന്ഥാവ് തുറന്നു തന്ന സ്രഷ്ടാവ് ഒരു നിസ്സംഗന്‍ ആണെന്നു കരുതുന്നത് ഒരു വിപ്രതിപത്തി (self-cotnradiction) ആണെന്നു കാണാന്‍ വലിയ പ്രയാസമില്ല. അപ്പോള്‍, ദൈവം സൃഷ്ടിക്ക് സമീപസ്ഥന്‍ ആണെന്നുതന്നെ കരുതേണ്ടിവരും. നന്മയുള്ള ഒരു സൃഷ്ടാവ് അപ്രകാരമാണ് എന്നത് മാനുഷികാനുഭവങ്ങള്‍ കൊണ്ടു വ്യക്തിപരമായി അനുമാനിക്കാവുന്നതാണ്. സൃഷ്ടിയോട് നിസ്സംഗതയുള്ള കലാകാരന്‍ സൃഷ്ടികര്‍മ്മത്തിന് ഒരുമ്പെടില്ലല്ലോ.

ചുരുക്കത്തില്‍, മനുഷ്യനില്‍ ആധ്യാത്മികതയുടെ വിത്തു വിതച്ചതു വഴി, അതിന്‍റെ മാറ്റൊലിയായ പ്രാര്‍ത്ഥന മനുഷ്യനില്‍ ഉണര്‍ത്തുന്നതു വഴി, താന്‍ സൃഷ്ടിക്ക് സമീപസ്ഥനാണെന്ന് ദൈവം സ്വയം വെളിപ്പെടുത്തിയിരിക്കുന്നു എന്നു പറയാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org