Latest News
|^| Home -> Pangthi -> വിശദീകരണം തേടുന്ന വിശ്വാസം -> ആത്മീയത-ദൈവദാഹം

ആത്മീയത-ദൈവദാഹം

Sathyadeepam

വിശദീകരണം തേടുന്ന വിശ്വാസം-9

ബിനു തോമസ്, കിഴക്കമ്പലം

ആത്മീയതയുടെ അഭൗതികമാനവും അതിന്‍റെ ജൈവമാനവും പരസ്പരം പൊരുത്തപ്പെട്ടിരിക്കുന്നുവെന്നും അവ പരസ്പരപൂരകങ്ങളായി കാണാന്‍ ഒരു വിശ്വാസിക്ക് തടസ്സമൊന്നുമില്ല എന്ന് നമ്മള്‍ കഴിഞ്ഞ അധ്യായത്തില്‍ കണ്ടു കഴിഞ്ഞു. പക്ഷേ, ഒരുപടി കൂടി കടന്ന്, ആദ്ധ്യാത്മികതയുടെ പിറവിയെ ദൈവസങ്കല്പ്പത്തില്‍ അടിസ്ഥാനപ്പെടുത്താന്‍ യുക്തിപരമായി സാധിക്കുമോ എന്ന് നമുക്ക് ഈ അധ്യായത്തില്‍ പരിശോധിക്കാം.

ആദ്ധ്യാത്മികതയുടെ പ്രത്യക്ഷമാനങ്ങള്‍
ആദ്ധ്യാത്മികത വളരെയേറെ മാനങ്ങളുള്ള ഒരാശയമാണ്. ചിലര്‍ക്ക് ആദ്ധ്യാത്മികത എന്നാല്‍ ദൈവത്തോടുള്ള സ്തുതിപ്പുകളാണ്. ചിലര്‍ക്ക്, അത് നേര്‍ച്ചകാഴ്ച്ചകളിലൂടെ ദൈവത്തെ പ്രീതിപ്പെടുത്തുന്ന സമ്പ്രദായമാണ്. അല്ലെങ്കില്‍, തീര്‍ത്ഥാടനങ്ങളിലൂടെ ദൈവമഹത്ത്വം അനുഭവിക്കുവാനുള്ള ത്വരയാണത്. മറ്റു ചിലര്‍ക്ക്, ഏകാന്തധ്യാനത്തിലൂടെ ദൈവസമ്പര്‍ക്കം നേടാനുള്ള യജ്ഞമാണത്. പിന്നെ ചിലര്‍ക്ക്, യോഗ പോലുള്ള ശാരീരികമാര്‍ഗ്ഗങ്ങളിലൂടെ ദൈവത്തില്‍ ലയിക്കാനുള്ള പ്രയത്നമാണ്. അല്ലെങ്കില്‍, മനുഷ്യനും സര്‍വ്വജീവജാലങ്ങള്‍ക്കും പൊതുവായുള്ള ഒരു പ്രാപഞ്ചികശക്തിയെ പ്രപഞ്ചാത്മാവ് സ്പര്‍ശിക്കാനുള്ള വെമ്പലാണ്.

ഇവയെല്ലാം ആത്മീയതയുടെ പ്രത്യക്ഷപ്രകാശനങ്ങളായി നമുക്ക് കാണാന്‍ സാധിക്കും. ആദ്ധ്യാത്മികതയുടെ പ്രത്യക്ഷപ്രകാശനങ്ങള്‍ എന്തൊക്കെയാണെങ്കിലും, അതിന്‍റെ ലക്ഷ്യങ്ങള്‍ താഴെപ്പറയുന്നവയില്‍ ഏതെങ്കിലുമായിരിക്കും.

ഒന്ന്, ഈശ്വരചൈതന്യം നേടുക, അല്ലെങ്കില്‍ ഈശ്വരനെ അനുഭവിച്ചറിയുക, ആ ചൈതന്യത്തില്‍ മുഴുകുക. ആ അനുഭവത്തില്‍ നിന്ന് നേടുന്ന ജീവിതസത്യങ്ങള്‍ പ്രയോഗത്തില്‍ വരുത്തുക. ആ സത്യങ്ങളിലേക്ക് മറ്റുള്ളവരെ ആകര്‍ഷിക്കുക. പല ഗുരുക്കന്മാരും ആചാര്യന്മാരും ഈ ലക്ഷ്യത്തിനു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്.

രണ്ട്, മോക്ഷം കൈവരിച്ച്, ഈ ലോകത്തിന്‍റെ കെട്ടുപാടുകളില്‍ നിന്ന് വിമുക്തി നേടുക.

മൂന്ന്, ഈശ്വരന്‍റെ പ്രീതി സമ്പാദിക്കുക. ആ പ്രീതിയിലൂടെ ലൗകികൈശ്വര്യങ്ങള്‍ സ്വന്തമാക്കുക. വിശ്വാസികളുടെ നിയോഗ പ്രാര്‍ത്ഥനകള്‍ ഈ ലക്ഷ്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

നാല്, ഈശ്വരമഹത്ത്വം അംഗീകരിക്കുകയും പ്രകീര്‍ത്തിക്കുകയും ചെയ്യുക. നന്ദിയുടേയും സ്തുതിപ്പിന്‍റെയും ആരാധനയുടെയും ലക്ഷ്യം ഇതാണ്. അനന്ത മഹിമയായ ഈശ്വരചൈതന്യത്തെ മഹത്ത്വപ്പെടുത്തുക വഴി, മനുഷ്യന്‍ തന്‍റെ നിസ്സാരതയും ക്ഷണികതയും തിരിച്ചറിയുന്നു. അങ്ങനെ, ആ വ്യക്തി എളിമയുടേയും വിശുദ്ധിയുടെയും മനഃസ്ഥിതിയിലേക്ക് നടന്നടുക്കുന്നു.

അഞ്ച്, അന്തിമമായി ഈശ്വര സായൂജ്യം നേടുവാന്‍, ഈ ലോകത്തിലായിരുന്നു കൊണ്ട് ഈശ്വര കൃപ സ്വീകരിക്കുക.

ഈശ്വരനെ കണ്ടെത്താനുള്ള ദാഹം
ഈ ലക്ഷ്യങ്ങള്‍ വിലയിരുത്തിയാല്‍, ഒരു കാര്യം വ്യക്തമാണ് – ഈശ്വരനെ തേടുന്ന മനുഷ്യനെയാണ് നമ്മള്‍ ആദ്ധ്യാത്മികതയില്‍ കണ്ടുമുട്ടുന്നത്. അവന്‍ ഈശ്വരനെ തേടുന്നത് പല ഉദ്ദേശ്യത്തിലായിരിക്കാം. സ്വന്തം അയല്‍ക്കാരന്‍റെ നാശം കാണുവാനുള്ള മ്ലേഛമായ ആഗ്രഹം മുതല്‍, ഈശ്വരസായൂജ്യം പ്രാപിക്കുക എന്ന ശ്രേഷ്ഠമായ ആഗ്രഹം വരെ നമ്മള്‍ കാണുന്നു. പക്ഷേ, ആഗ്രഹം എന്തുതന്നെയായാലും മനുഷ്യന്‍ തേടുന്നത് ഈശ്വരനെയാണ്.

“ദൈവമേ, നീ ഞങ്ങളെ നിനക്കായി സൃഷ്ടിച്ചു. നിന്നില്‍ വിലയം പ്രാപിക്കുന്നതു വരെ ഞങ്ങളുടെ ഹൃദയം അസ്വസ്ഥമായിരിക്കും.” ഏതു വിശ്വാസിയും ഹൃദിസ്ഥമാക്കുകയും ധ്യാനിക്കുകയും ചെയ്യേണ്ട, വി. അഗസ്തീനോസിന്‍റെ പ്രശസ്തമായ വാക്കുകളാണിത്. ആദ്ധ്യാത്മികതയുടെ അന്തഃസത്തയാണ് ഈ വാക്യങ്ങളില്‍ പ്രകടമാകുന്നത് – ഈശ്വരനില്‍ വിലയം പ്രാപിക്കുവാനുള്ള മനുഷ്യാത്മാവിന്‍റെ ത്വര. അതാണ്, ഒറ്റവാക്യത്തില്‍ ആദ്ധ്യാത്മികത.

മനുഷ്യന്‍ – പൂര്‍ണ്ണത തേടുന്ന ജീവി
മനുഷ്യന്‍ പൂര്‍ണ്ണത കൊതിക്കുന്ന ഒരു ജീവിയാണ്. നമ്മുടെ ചുറ്റിലും നമ്മുടെ ഉള്ളിലും എപ്പോഴും കാണാന്‍ കഴിയുന്ന ഒരു യാഥാര്‍ത്ഥ്യമാണത്. ഒരു കുരുവിയെപ്പോലെ ശാന്തമായി പറക്കാന്‍ അവന്‍റെ മനസ്സിനു സാധിക്കുന്നില്ല. വയറു നിറച്ച് ഭക്ഷണം കഴിച്ച ഒരു സിംഹത്തെപ്പോലെ സംതൃപ്തമായി ഉറങ്ങാന്‍ അവന് കഴിയില്ല. മത്സ്യത്തെപ്പോലെ ഒരു കുളത്തില്‍ ഒതുങ്ങാന്‍ അവന് കഴിയുന്നില്ല. മറ്റുള്ള ജീവികള്‍ പ്രകൃതിയുടെ അതിര്‍വരമ്പുകള്‍ക്കുള്ളില്‍ സമാധാനം കണ്ടെത്തുമ്പോള്‍, മനുഷ്യന് അത് മണ്ണിലോ, മനുഷ്യരിലോ, മാനത്തോ, സമ്പത്തിലോ, പ്രശസ്തിയിലോ, അധികാരത്തിലോ, അംഗീകാരത്തിലോ കണ്ടെത്താന്‍ കഴിയുന്നില്ല. കുടിലില്‍ ഉറങ്ങുന്നവര്‍ ബംഗ്ലാവ് സ്വപ്നം കാണുന്നു. ബംഗ്ലാവുള്ളവന്‍ കൊട്ടാരം സ്വപ്നം കാണുന്നു. കൊട്ടാരമുള്ളവര്‍ മറ്റെന്തെങ്കിലും സ്വപ്നം കാണുന്നു. കമിതാക്കള്‍ക്ക് സ്നേഹം മതിയാവുന്നില്ല. ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് പങ്കാളിത്തം മതിയാകുന്നില്ല. ക്രിമിനലുകള്‍ പോലും പൂര്‍ണ്ണത തേടു ന്നു. ഒരാളെ കൊല ചെയ്തവന്‍ അടുത്ത ഇരയെ അന്വേഷിക്കുന്നു. നൂറു വേശ്യകളെ സമീപിച്ചവന്‍ നൂറ്റൊന്നാമത് തേടി അലയുന്നു.

മനുഷ്യന്‍റെ പൂര്‍ണ്ണത തേടിയുള്ള അലച്ചില്‍ ഈ ലോകത്തില്‍ നിന്ന് മറ്റൊരു ലോകത്തേക്ക് വ്യാപിക്കുന്നു. ലൌകികതയില്‍ നിന്ന് അലൌകികതയിലേക്ക് മനുഷ്യന്‍റെ തിരച്ചില്‍ പടരുന്നു. അസ്വസ്ഥമായ ഹൃദയത്തോടെ മനുഷ്യന്‍ പൂര്‍ണ്ണത തേടുന്നു.

പ്രശസ്ത ഗണിതശാസ്ത്രജ്ഞനും തത്ത്വചിന്തകനുമായ ബ്ലേസ്പാസ്ക, മനുഷ്യന്‍റെ ഈ പൂര്‍ണ്ണത തേടിയുള്ള അലച്ചിലിനെ ഒരു വലിയ കടങ്കഥയായിട്ടാണ് കാണുന്നത്. അദ്ദേഹം പറയുന്നു മനുഷ്യന്‍ ഒരേ സമയം ദുഃഖാര്‍ത്തനും ഉത്കൃഷ്ടനുമാണ്. ബോധിമരച്ചുവട്ടില്‍ ബുദ്ധന്‍ കണ്ടുപിടിച്ച മഹാസത്യവും മനുഷ്യന്‍ ദുഃഖാര്‍ത്തനാണെന്ന യാഥാര്‍ത്ഥ്യമായിരുന്നു. പക്ഷേ, പാസ്കല്‍ ഒരുപടി കൂടി കടന്ന്, മനുഷ്യന്‍റെ മാഹാത്മ്യവും ദര്‍ശിക്കുന്നു. അദ്ദേഹം പറയുന്നു:

“എന്തൊരു വിചിത്രജീവിയാണ് മനുഷ്യന്‍! എന്തൊരു അപൂര്‍വ്വത! എന്തൊരു ഭീകരജന്തു! എന്തൊരു ആശയക്കുഴപ്പം! എന്തൊരു വൈരുദ്ധ്യം! എന്തൊരു അത്ഭുതജനം! എന്തിന്‍റെയും ന്യായാധിപന്‍, എങ്കിലും ഒരു ഭോഷനായ കൃമി! സത്യത്തിന്‍റെ ഭണ്ഡാരം, എങ്കിലും തെറ്റിന്‍റെയും ആശയക്കുഴപ്പത്തിന്‍റെയും ഒരു അഴുക്കുചാല്‍. പ്രപഞ്ചത്തിന്‍റെ അഭിമാനവും വിസര്‍ജ്ജ്യവും. ആര്‍ക്ക് ഈ ഊരാക്കുടുക്ക് അഴിക്കാന്‍ സാധിക്കും?

പാസ്കല്‍ മനോഹരമായി വര്‍ണ്ണിക്കുന്ന ഈ ഊരാക്കുടുക്ക് ഹൃദയത്തില്‍ അനുഭവിക്കാത്ത ഒരു ചിന്തിക്കുന്ന മനുഷ്യനും ഉണ്ടാവില്ല. പ്രപഞ്ചത്തിനും അപ്പുറത്തെ ഒരു പൂര്‍ണ്ണതയില്‍ ഈ ഊരാക്കുടുക്കു തേടുന്ന ജീവിയാണ് മനുഷ്യന്‍. പാസ്കല്‍ തുടരുന്നു: “സ്ഥലകാലം കൊണ്ട് പ്രപഞ്ചം എന്നെ ഒരു പൊടി പോലെ വിഴുങ്ങിക്കളയുന്നു. പക്ഷെ, എന്‍റെ ചിന്തയില്‍ ഞാന്‍ പ്രപഞ്ചത്തെ ഉള്‍ക്കൊള്ളുന്നു.”

പൂര്‍ണ്ണതയ്ക്ക് വേണ്ടിയുള്ള മനുഷ്യന്‍റെ ഈ ആഗ്രഹത്തിന് കാരണം എന്തായിരിക്കും? ഈ ചോദ്യത്തിന്‍റെ സാധ്യമായ വിശദീകരണങ്ങള്‍ നമുക്ക് അടുത്ത ലക്കത്തില്‍ പരിശോധിക്കാം.

Leave a Comment

*
*