മതപരമായ ആരാധന

വിശദീകരണം തേടുന്ന വിശ്വാസം -30

ബിനു തോമസ്, കിഴക്കമ്പലം

പ്രാര്‍ത്ഥനയെ ചുറ്റിപ്പറ്റി ഉടലെടുക്കുന്ന ചോദ്യങ്ങളെയാണ്നാം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ അധ്യായങ്ങളില്‍ നാം കണ്ട കാര്യങ്ങള്‍ ഇവയാണ്: 1) മനുഷ്യന്‍റെ ജൈവസത്തയായ ആധ്യാത്മികതയുടെ ഒരു സ്വാഭാവികപ്രകടനമാണ് പ്രാര്‍ത്ഥനയുടെ ഉള്‍വിളി. 2) ഈ ഉള്‍വിളി മനുഷ്യനു സമ്മാനിച്ച സ്രഷ്ടാവായ ദൈവം അതിവിദൂരനല്ല, സമീപസ്ഥനാണ്. 3) അപരിമേയനായ ഈ സ്രഷ്ടാവിന് ബഹുമാനവും ആരാധനയും സമര്‍പ്പിക്കുന്നത് നീതിയുടെ ഒരു പൂര്‍ത്തീകരണമാണ്, അതുകൊണ്ടുതന്നെ ദൈവമു ണ്ടെന്ന് അറിയുന്ന ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ആരാധന ഒരു അനിവാര്യമായ മനോഭാവവുമാണ്.

ഈ സമയം ഒരു പുതിയ ചോദ്യം ഉയരാന്‍ സാധ്യതയുണ്ട്. ആരാധന എന്നത് ഒരു സൃഷ്ടിയും സ്രഷ്ടാവും തമ്മിലുള്ള ബന്ധത്തിന്‍റെ മനോഭാവമാണല്ലോ. അപ്പോള്‍, ആരാധന എന്നത് വ്യക്തിപരമായി ഇരുന്നാല്‍ പോരെ? ആളുകള്‍ കൂട്ടം കൂടി മൈക്കും കെട്ടിവച്ച് ആരാധിക്കണമെന്ന് അര്‍ത്ഥം വരുന്നില്ലല്ലോ?

മതപരമായ പരസ്യാരാധനയു ടെ സാംഗത്യമാണ് ചോദ്യം ചെയ്യ പ്പെടുന്നത്. എന്താണ് ഉത്തരം?

മനുഷ്യന്‍ – ഒരു സാമൂഹികജീവി
അധികം തെളിവുകളൊന്നും നിരത്തേണ്ട ആവശ്യമില്ലാത്ത ഒരു സത്യമാണ് മനുഷ്യന്‍ ഒരു സാമൂ ഹികജീവി ആണെന്ന കാര്യം. ഇത് പകല്‍ പോലെ വ്യക്തമായ ഒരു കാര്യമാണ്. ഇത് അംഗീകരിക്കാത്ത ആരെങ്കിലും ഉണ്ടെങ്കില്‍ കണ്ണടച്ച് ഇരുട്ടാക്കുന്നവര്‍ മാത്രമാണ് അവര്‍.

പക്ഷേ, മനുഷ്യന്‍ ഒരു സാമൂഹികജീവിയാണെന്ന യാഥാര്‍ത്ഥ്യത്തിന്‍റെ ആഴം പലപ്പോഴും നാം ശരിയായി ഗ്രഹിക്കാതെ വരുന്നുണ്ട്. പ്രായോഗികജീവിതം നയിക്കാന്‍ വേണ്ടി പരസ്പരം ആശ്രയിച്ചിരിക്കുന്ന ഒരു കൂട്ടം ആളുകള്‍ എന്ന രീതിയില്‍ ഈ യാഥാര്‍ത്ഥ്യത്തെ കാണാന്‍ ചിലപ്പോള്‍ തോന്നിയെന്നു വരാം. പക്ഷേ, അത് ഉപരിപ്ലവമായ ഒരു കാഴ്ചപ്പാട് മാത്രമാണ്.

മനുഷ്യന്‍റെ ജൈവസത്തയിലെ ഓരോ സ്വഭാവവിശേഷവും സഹജീവികളുമായ ഇടപഴകലുകളില്‍ പ്രതിഫലിക്കുമെന്നതാണ് ഈ യാത്ഥാര്‍ത്ഥ്യത്തിന്‍റെ ഗാഢമായ ഒരു കാഴ്ചപ്പാട്. ഉദാഹരണത്തിന്, സ്നേഹം എന്ന മാനുഷിക ത്വരയെ എടുക്കുക. ഒരു സമൂഹത്തില്‍ ആയിരിക്കുമ്പോള്‍ മനുഷ്യന്‍ പ്രായോഗികമായി നിലനില്‍ക്കാനും വളരാനും സ്നേഹം ഉപയോഗിക്കുന്നു എന്ന് നമുക്ക് വായിച്ചെടുക്കാം. ഇത് ശരിയെങ്കിലും ഉപരിപ്ലവമായ ഒരു വായനയാണ്. കുറച്ചുകൂടി ആഴത്തില്‍ നോക്കിയാല്‍, മനുഷ്യന്‍റെ ജൈവത്വരയായ സ്നേഹം അവന്‍റെ സാമൂഹികബന്ധങ്ങളില്‍ അനിവാര്യമായി പ്രതിഫലിക്കുന്നുവെന്നും, ആ പ്രതിഫലനം ഇല്ലെങ്കില്‍ അവന്‍റെ മനുഷ്യത്വത്തിന്‍റെ ഒരു ഭാഗം ഇല്ലായ്മ ചെയ്യപ്പെടുന്നുവെന്നും കാണാം. അതായത്, പ്രായോഗികമായ പ്രയോജനത്തിനുവേണ്ടി മാത്രമല്ല മനുഷ്യന്‍റെ ജൈവത്വരകള്‍ സമൂഹത്തില്‍ ഉപയോഗിക്കുന്നത്. മറിച്ച്, ആ ജൈവത്വരകള്‍ സാമൂഹികബന്ധങ്ങളില്‍ പ്രതിഫലിച്ചില്ലെങ്കില്‍, മനുഷ്യനായി ജീവിക്കുവാന്‍ ഒരു വ്യക്തിക്ക് അസാധ്യമാകുന്നു എന്നാണ് നാം മനസ്സിലാക്കേണ്ടത്. അങ്ങനെ സ്വാഭാവിക മാര്‍ഗ്ഗങ്ങളിലൂടെ പ്രതിഫലിക്കപ്പെടാതെ പോകുന്ന ജൈവത്വരകള്‍ ഭിന്നമായ രീതികളില്‍, അപകടകരമായ തലങ്ങളില്‍ പ്രകാശനം ചെയ്യപ്പെടുകയും ഒരു വ്യക്തിക്കും സമൂഹത്തിനും ദോഷം വരുത്തുകയും ചെയ്യുന്നതിന്‍റെ സാക്ഷ്യക്കുറിപ്പുകളാണ് വ്യക്തികളുടെ തലത്തില്‍ ആധുനികമനഃശാസ്ത്രവും സാമൂഹികതലത്തില്‍ നിയമരംഗവും ദിവസവും രേഖപ്പെടുത്തുന്നത്.

പരസ്യാരാധന പ്രാര്‍ത്ഥനയുടെ സാമൂഹികമായ പ്രകാശനം
ആധ്യാത്മികതയും ദൈവത്തോടുള്ള സാമീപ്യവും മനുഷ്യന്‍റെ ജൈവസത്തയുടെ ഭാഗമാണെന്ന് നമ്മള്‍ ആദ്യഭാഗങ്ങളില്‍ വിശദമായി ചര്‍ച്ച ചെയ്തതാണ്. പ്രാര്‍ത്ഥനയെന്നത് ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ഈ ആധ്യാത്മികതയുടെ ഒരു സ്വരരൂപമാണ്. മനുഷ്യന്‍റെ ജൈവത്വരയില്‍ ഉള്ള എന്തും അവന്‍റെ സാമൂഹികവ്യവസ്ഥയില്‍ പ്രതിഫലിക്കുന്നത് അനിവാര്യമാണെങ്കില്‍, ആധ്യാത്മികതയുടെ സ്വരരൂപത്തിന്‍റെ സാമൂഹികപ്രതിഫലനം എന്താണ്?

അതാണ് മതപരമായ പരസ്യാരാധന. സമൂഹമായി മനുഷ്യന്‍ അവന്‍റെ സ്രഷ്ടാവിനെ മഹത്ത്വപ്പെടുത്തുന്ന ക്രമം. കാലിക-സാംസ്കാരിക സാഹചര്യങ്ങള്‍ക്കനുസരിച്ച് അതിന്‍റെ ഭാവവും രീതിയും വിഭിന്നമാകുന്നുവെങ്കിലും, അക്രമങ്ങള്‍ രൂപപ്പെട്ടതിന്‍റെ അടിസ്ഥാനകാരണം മനുഷ്യന്‍റെ ഈ സാമൂഹികമായ ത്വരയാണ്. ചില നിരീശ്വരവാദികള്‍ പറയുന്നതു പോലെ പുരോഹിതകുലത്തിന് അന്നം ലഭിക്കാന്‍ വേണ്ടി അവര്‍ ആവിഷ്കരിച്ചെടുത്ത ഒരു തട്ടിപ്പല്ല മതപരമായ ആരാധനകള്‍. രണ്ടു മനുഷ്യര്‍ ഒന്നിച്ചുചേര്‍ന്ന് ഒരു മൃഗത്തെ വേട്ടയാടി, അതിന്‍റെ മാംസം കൊണ്ട് തങ്ങളുടെ വിശപ്പ് അടക്കിയതുപോലെതന്നെ ജൈവികവും സ്വാഭാവികവും അനിവാര്യവുമായ ഒരു പ്രക്രിയ ആയിരുന്നു രണ്ടു മനുഷ്യര്‍ ഒന്നിച്ചു ചേര്‍ന്ന് തങ്ങളുടെ ദൈവത്തെ ആരാധിച്ചത്.

പരസ്യാരാധനയെ നിഷേധിക്കുന്നവര്‍, മനുഷ്യന്‍റെ സത്താപരമായ സാമൂഹികമാനം തന്നെയാണ് നിഷേധിക്കുന്നത്. മനുഷ്യന്‍ വ്യക്തിപരമായി അനുഭവിക്കുന്ന ഭാവങ്ങളും ത്വരകളും അവന്‍ കൂട്ടം ചേരുമ്പോഴും പ്രദര്‍ശിപ്പിക്കുന്നു. സ്നേഹം പങ്കുവയ്ക്കാന്‍ കുടുംബമോ, സൗഹൃദം അനുഭവിക്കുവാന്‍ സുഹൃത്വലയങ്ങളോ ആവശ്യമില്ല എന്ന് ആരെങ്കിലും പറയുന്നതുപോലെ തന്നെയാണ് ആരാധനയ്ക്ക് പരസ്യമായ ഒരു രൂപം ആവശ്യമില്ല എന്നു പറയുന്നത്. അത്തരം നിലപാടുകള്‍ കപടവും യുക്തിവിരുദ്ധവുമാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org