ആദികാരണത്തിന്‍റെ സ്വഭാവം-3

വിശദീകരണം തേടുന്ന വിശ്വാസം-25

ബിനു തോമസ്, കിഴക്കമ്പലം

ആദികാരണത്തിന്‍റെ സ്വഭാവത്തെപ്പറ്റിയുള്ള യുക്തിപരമായ അനുമാനങ്ങളാണ് നാം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്. ആദികാരണം ഒരു "വ്യക്തി" ആണെന്നു കരുതാനുള്ള കാരണങ്ങളാണ് നാം ഈ അദ്ധ്യായത്തില്‍ അന്വേഷിക്കുന്നത്. കഴിഞ്ഞ അധ്യായത്തില്‍ സൂചിപ്പിച്ചതുപോലെ, "വ്യക്തി" എന്ന പദം, ഒരു മനുഷ്യനെയല്ല, മറിച്ച് "സജീവമായ ബോധമുള്ള ഒരു യാഥാര്‍ത്ഥ്യം" എന്ന വിശാലമായ അര്‍ത്ഥത്തിലാണ് മനസ്സിലാക്കേണ്ടത്.

രണ്ടു തരം കാരണങ്ങള്‍
ഏതു പ്രതിഭാസത്തിനും രണ്ടു തരത്തിലുള്ള വിശദീകരണങ്ങള്‍ മാത്രമേ ഉള്ളൂ എന്ന് തത്ത്വചിന്തകനായ റിച്ചാര്‍ഡ് സ്വൈന്‍ബേണ്‍ പറയുന്നു. ഒന്ന്, യാന്ത്രികമായ ശാസ്ത്രീയ വിശദീകരണങ്ങള്‍. രണ്ട്, "വ്യക്തി"യുടെ പ്രവര്‍ത്തനം. ഉദാഹരണത്തിന്, ഒരു ഗ്ലാസ് പാല്‍ നിലത്ത് തൂവിക്കിടക്കുന്നതിന്‍റെ കാരണം അന്വേഷിച്ചാല്‍ ഒന്നുകില്‍ അത് ഗ്രാവിറ്റി മൂലം താഴെവീണ ഗ്ലാസില്‍നിന്നും ദ്രാവകത്തിന്‍റെ ചലനതത്ത്വങ്ങള്‍ മൂലം പാല്‍ ഒലിച്ചിറങ്ങി എന്നു പറയാം. അല്ലെങ്കില്‍, പൂച്ച തട്ടിമറിച്ചിട്ടതാണെന്നും പറയാം. ചോദ്യത്തിന്‍റെ സാഹചര്യമനുസരിച്ച് ഇതില്‍ ഏതെങ്കിലുമാണ് ഉചിതമായ മറുപടി. ഏതു പ്രതിഭാസത്തിനും, ഈ രണ്ടു തരം വിശദീകരണങ്ങള്‍ മാത്രമേ നമുക്ക് സങ്കല്‍പ്പിക്കാനാവൂ.

ആദികാരണമെന്ന അതിഭൗതികവിശദീകരണം ഇതില്‍ ഏതു തരം ഉത്തരമാണ്? തീര്‍ച്ചയായും ഒരു ശാസ്ത്രീയ വിശദീകരണമല്ല. അപ്പോള്‍, ആദികാരണം, ഒരു "വ്യക്തി" സജീവബോധമുള്ള യാഥാര്‍ത്ഥ്യം ആണെന്ന് വ്യക്തമാണ്. സൃഷ്ടിയെന്നത് ആദികാരണത്തിന്‍റെ ബോധപൂര്‍വ്വമായ ഒരു കര്‍മ്മമാണ്.

കാര്യ-കാരണ ബന്ധത്തിന്‍റെ സവിശേഷത
ചില ഉദാഹരണത്തില്‍ നിന്നു തുടങ്ങാം. ഒരു കല്ല് ജനാലയുടെ ഗ്ലാസില്‍ എറിഞ്ഞാല്‍, ഗ്ലാസ് ഉടയുന്നു. ഇത്, ഒരു സംഭവം (കല്ല് ജനാലയില്‍ സ്പര്‍ശിക്കുന്നത്) മറ്റൊരു സംഭവത്തിന് (ചില്ല് തകരുന്നതിന്) കാരണമാകുന്ന പ്രക്രിയയാണ്. ഈ കാര്യകാരണ ബന്ധത്തെ നമുക്ക് സംഭവ-സംഭവ ബന്ധം എന്നു വിളിക്കാം. ഇത്തരം ബന്ധങ്ങള്‍ ഒരു പ്രത്യേക നിമിഷത്തില്‍ മാത്രം നിലനില്‍ക്കുന്ന ഒന്നാണ്. ആ നിമിഷം കടന്നുപോകുമ്പോള്‍, ആ ബന്ധവും അവസാനിക്കുന്നു.

മറ്റൊരു ഉദാഹരണം പരിശോധിക്കാം. ജലത്തിന്‍റെ താപനില പൂജ്യമാകുമ്പോള്‍, ജലം ഐസ് ആയി മാറുന്നു. ഇവിടെ ഒരു അവസ്ഥ (താപനില<=പൂജ്യം) മറ്റൊരു അവസ്ഥയ്ക്ക് (ജലം=ഐസ്) കാരണമാകുന്നു. താപനില പൂജ്യമോ അതില്‍ താഴെയോ നില്‍ക്കുന്ന സമയത്തോളം ജലം ഐസ് ആയി തുടരുന്നു അത് നിമിഷങ്ങളാകാം, വര്‍ഷങ്ങളാകാം, നൂറ്റാണ്ടുകളാകാം. ഈ കാര്യ-കാരണ ബന്ധത്തെ നമുക്ക് അവസ്ഥ-അവസ്ഥാബന്ധം എന്നു വിളിക്കാം.

പ്രപഞ്ചത്തിന്‍റെ നിലനില്‍പ്പ് എന്നത് ഒരു അവസ്ഥയാണ്. ഈ അവസ്ഥ ആരംഭിക്കുന്നത് ഒരു നിശ്ചിതസമയത്തിനു മുന്‍പാണ്. അനന്തമായി സ്ഥിതി ചെയ്യുന്ന ഒരു അവസ്ഥയല്ല പ്രപഞ്ചത്തിന്‍റെ നിലനില്‍പ്പ്. പക്ഷേ, ആദികാരണം അനന്തവുമാണ്. അപ്പോള്‍, പ്രപഞ്ചത്തിന്‍റെ നിലനില്‍പ്പ് ഒരു അവസ്ഥാ-അവസ്ഥാബന്ധം ആയിരുന്നെങ്കില്‍, പ്രപഞ്ചവും അനന്തമായേനെ. നേരത്തെ പരിഗണിച്ച ഉദാഹരണം നോക്കുക. അനാദി മുതലേ താപനില പൂജ്യത്തിനു താഴെ ആയിരുന്നെങ്കില്‍, ജലവും അനാദി മുതലേ ഐസ് ആയിരുന്നേനെ. പക്ഷേ, പ്രപഞ്ചത്തിന്‍റെ കാര്യത്തില്‍ സംഭവിക്കുന്നത് അതല്ല. അനാദി മുതലേ നിലനില്‍ക്കുന്ന ആദികാരണത്തോടൊപ്പം നിലനില്‍ക്കുന്ന ഒന്നല്ല പ്രപഞ്ചം. ആദികാരണത്തിന്‍റെ നിലനില്‍പ്പിലെ ഒരു പ്രത്യേക അവസരത്തില്‍ പ്രപഞ്ചം നിലനില്‍ക്കാന്‍ ആരംഭിക്കുകയാണ്.

ഇത്തരം അവസര-അവസ്ഥാ ബന്ധം നാം കാണുന്നത് ഒരു "വ്യക്തി"യുടെ പ്രവൃത്തികള്‍ വഴിയാണ്. ഉദാഹരണത്തിന്, ഒരു കാന്‍വാസിനു മുമ്പില്‍ ഒരു ചിത്രകാരന്‍ ഇരിക്കുന്നു. ചിത്രകാരന്‍ ഒന്നും ചെയ്യാത്തിടത്തോളം കാലം കാന്‍വാസ് ശൂന്യമാണ്. ചിത്രകാരന്‍ ഒരു പ്രത്യേക അവസരത്തില്‍ വരച്ചു തുടങ്ങുമ്പോഴാണ് കാന്‍വാസില്‍ ചിത്രം ദൃശ്യമാകുന്നത്.

അപ്പോള്‍, പ്രപഞ്ചവും ആദി കാരണവും തമ്മിലുള്ള പ്രത്യേകമായ അവസര-അവസ്ഥാബന്ധം, ആദികാരണം ഒരു "വ്യക്തി" ആണെന്ന സൂചനയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. യാന്ത്രികമായ ഏതെങ്കിലും പ്രവര്‍ത്തനമോ ശക്തിയോ ആയിരുന്നെങ്കില്‍, ഒന്നുകില്‍ ഒരു നിമിഷമാത്രം നിലനില്‍ക്കുന്ന ഒന്നായേനേ പ്രപഞ്ചം (സംഭവ-സംഭവബന്ധം). അല്ലെങ്കില്‍, പ്രപഞ്ചം അനാദിയായേനേ (അവസ്ഥ-അവസ്ഥാബന്ധം). ആദികാരണവും പ്രപഞ്ചത്തിന്‍റെ നിലനില്‍പ്പും തമ്മില്‍ ഒരു അവസര-അവസ്ഥാബന്ധം ഉള്ളതിനാല്‍, ആ അവസരം തെരഞ്ഞെടുത്ത ആദികാരണം വ്യക്തി ആണെന്നു വരുന്നു.

ദൈവം
അപ്പോള്‍, ദൃശ്യപ്രപഞ്ചം നമുക്ക് സൂചന തരുന്നത് ഇതാണ്: ഈ പ്രപഞ്ചത്തിന്‍റെ നിലനില്‍പ്പിനും ആരംഭത്തിനും കാരണഭൂതമായ, അനാദിയും അനന്തവുമായ, സജീവബോധമുള്ള ഒരു യാഥാര്‍ത്ഥ്യമുണ്ട്.

ഈ യാഥാര്‍ത്ഥ്യത്തിനെ ഒറ്റ വാക്കില്‍ നാം ദൈവം എന്നു വിളിക്കുന്നു.

പക്ഷേ, ഈ തിരിച്ചറിവിനും, മനുഷ്യന്‍റെ ദൈനംദിനജീവിതത്തിനും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? കൃത്യമായി പറഞ്ഞാല്‍, ഈ തിരിച്ചറിവ് നാലു തരം വെല്ലുവിളിയിലേക്കാണ് നമ്മെ നയിക്കുന്നത്.

1) സാമീപ്യത്തിന്‍റെ വെല്ലുവിളി: ദൈവം സൃഷ്ടികള്‍ക്ക് സമീപസ്ഥനാണെന്ന് കരുതാന്‍ സാധിക്കുമോ?

2) ആരാധനയുടെ വെല്ലുവിളി: ദൈവം ആരാധനയ്ക്ക് അര്‍ഹനാണോ?

3) വെളിപാടിന്‍റെ വെല്ലുവിളി: ദൈവം സ്വന്തം മനസ്സ് സൃഷ്ടികള്‍ക്ക് തുറന്നുകാണിക്കുമെന്ന് കരുതാന്‍ സാധിക്കുമോ? തുറന്നു കാണിച്ചിട്ടുണ്ടെങ്കില്‍, എങ്ങനെ അത് തിരിച്ചറിയും? കോടാനുകോടി വര്‍ഷങ്ങള്‍ കടന്നുപോയ ഈ പ്രപഞ്ചയാഥാര്‍ത്ഥ്യത്തിലെ ഒരു നിമിഷകീടം മാത്രമായ മനുഷ്യന്, ഈ സമയമത്രയും കഴിഞ്ഞിട്ട് ഇപ്പോള്‍ മാത്രം ദൈവം വെളിപ്പെട്ടു എന്നു പറയുന്നതില്‍ എന്തെങ്കിലും യുക്തിയുണ്ടോ?

4. നന്മതിന്മയുടെ വെല്ലുവിളി: ദൈവം ഉണ്ടെന്നു കരുതി നന്മതിന്മകള്‍ ഉണ്ടെന്നു കരുതാന്‍ സാധിക്കുമോ? ദൈവം ഉള്ളതുകൊണ്ട് മനുഷ്യന്‍ അവന്‍റെ ജീവിതം ഒരു പ്രത്യേക രീതിയില്‍ ചിട്ടപ്പെടു ത്തേണ്ടതുണ്ടോ? ദൈവം നന്മയാണോ? എങ്കില്‍ തിന്മകള്‍ എന്തു കൊണ്ട് ഉണ്ടായി?

ദൈവാസ്ഥിത്വവുമായി മനുഷ്യന്‍ സ്വയം സമരസപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്ന എല്ലാ ചോദ്യങ്ങളും ഈ 4 വെല്ലുവിളികളില്‍ സംഗ്രഹിക്കാന്‍ സാധിക്കും. ഈ വെല്ലു വിളികളിലേക്ക് ഇനിയുള്ള അധ്യായങ്ങളില്‍ നമുക്ക് ശ്രദ്ധ തിരിക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org