ഉല്‍പ്പത്തി ആഖ്യാനങ്ങളുടെ പശ്ചാത്തലം

വിശദീകരണം തേടുന്ന വിശ്വാസം അധ്യായം-56

ഒരു ഗ്രന്ഥം എഴുതപ്പെട്ട പശ്ചാത്തലത്തില്‍ നിന്നുകൊണ്ടാണ് അതിനെ വ്യാഖ്യാനിക്കേണ്ടതെന്ന് നാം കഴിഞ്ഞ അധ്യായത്തില്‍ കണ്ടുകഴിഞ്ഞു. ഒരു ഉദാഹരണമായി ഉല്‍പ്പത്തിയുടെ ആദ്യഭാഗങ്ങളുടെ (1 മുതല്‍ 11 വരെയുള്ള അദ്ധ്യായങ്ങള്‍) പശ്ചാത്തലമെന്താണ് എന്നു നമുക്ക് പരിശോധിക്കാം.

മിത്തോ-ഹിസ്റ്ററി എന്ന സാഹിത്യരൂപം
അച്ചട്ടായ ഒരു ചരിത്രമായി ഉല്‍പ്പത്തിയെ വായിക്കുന്ന പ്രവണത നമുക്ക് മാറ്റിവയ്ക്കാം. എന്താണ് ഉല്‍പ്പത്തിയുടെ ആദ്യഭാഗത്തിന്‍റെ ശരിയായ സാഹിത്യരൂപം? പഴയനിയമപുസ്തകങ്ങള്‍ വരമൊഴിയായും ലിഖിതമായും രൂപപ്പെട്ട മദ്ധ്യപൂര്‍വ്വദേശത്തെ സാഹിത്യരൂപങ്ങളുമായി ഉല്‍പ്പത്തിക്ക് സാദൃശ്യം വരുന്നതാണല്ലോ സ്വാഭാവികമായി സംഭവിക്കുന്നത്. ഈ ലേഖനം ഞാന്‍ ഈ ശൈലിയില്‍ എഴുതുന്നത്, ഇന്നത്തെ ലേഖനങ്ങളുടെ പൊതുവായ ശൈലി പിന്തുടര്‍ന്നുകൊണ്ടാണ്. നൂറു വര്‍ഷം മുമ്പത്തെ ലേഖനശൈലി ഇങ്ങനെ ആയിരുന്നില്ല, ഇനി നൂറു വര്‍ഷം കഴിഞ്ഞുള്ള സമയത്തെ ശൈലിയും ഇതുപോലെ ആയിരിക്കണമെന്നില്ല. ഇതേ തത്ത്വം ബൈബിളിലെ പുസ്തകങ്ങള്‍ക്കും ബാധകമാണെന്നു കാണാന്‍ പ്രയാസമില്ലല്ലൊ.

മദ്ധ്യപൂര്‍വ്വദേശങ്ങളില്‍ നിലനിന്നിരുന്ന സുമേരിയന്‍ സാഹിത്യരൂപമാണ് മിത്തോ-ഹിസ്റ്ററി. ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയിലെ പ്രമുഖ അസ്സീറിയോളജിസ്റ്റ് (മദ്ധ്യപൂര്‍വ്വദേശത്തെ ആദ്യകാല സംസ്കാരമായിരുന്ന സുമേരിയന്‍ -അസ്സീറിയന്‍-ബാബിലോണിയന്‍ സംസ്കാരങ്ങളെപ്പറ്റിയുള്ള ഒരു ഗവേഷണശാഖയാണിത്) തോര്‍ക്കില്‍ഡ് ജേക്കബ്സണ്‍-ന്‍റെ അഭിപ്രായത്തില്‍, സുമേരിയന്‍ സംസ്കാരം തങ്ങളുടെ ചരിത്രം പറഞ്ഞുകൊണ്ടിരുന്നത് ചില മിത്തുകളുടെ രൂപത്തിലാണ്. ഈ ശൈലിയെ ആണ് മിത്തോ-ഹിസ്റ്ററി എന്നു വിളിക്കുന്നത്. ഒരു കഥയ്ക്ക് പറയാനുള്ള ഒരു ചരിത്രമുണ്ട്, ഒരു യാഥാര്‍ത്ഥ്യമുണ്ട്. പക്ഷേ, ആ കഥയില്‍ അവതരിപ്പിക്കുന്ന ഓരോ സന്ദര്‍ഭവും കൃത്യമായ ചരിത്രമായിരിക്കണമെന്നുമില്ല.

ഇന്ന് നമ്മുടെ അറിവുകളും ചരിത്രവും ലിഖിതരൂപത്തിലാണ്. അറിവുകള്‍ ഓര്‍മ്മയില്‍ സൂക്ഷിക്കേണ്ട ആവശ്യം ഇന്ന് നമുക്കില്ല. പക്ഷേ, ലിഖിതരൂപത്തില്‍ അറിവുകള്‍ സൂക്ഷിക്കുന്നത് വലിയ ബാധ്യതയും വെല്ലുവിളിയുമായിരുന്ന പുരാതനസംസ്കാരങ്ങള്‍ക്ക് അറിവുകള്‍ ഓര്‍മ്മയില്‍ സൂക്ഷിക്കേണ്ടിയിരുന്നു. കാര്യങ്ങളെ ഓര്‍മ്മിക്കാന്‍ അന്നും ഇന്നും മനുഷ്യന് ഏറ്റവും എളുപ്പമായ മാര്‍ഗ്ഗം അറിവുകളെ കഥകളായി മാറ്റുക എന്നതാണ്. പച്ചയായ വാക്യങ്ങള്‍ ഓര്‍മ്മകളില്‍ നഷ്ടപ്പെട്ടു പോകുന്നു. കഥകള്‍ ഓര്‍മ്മകളില്‍ എന്നും ജീവിക്കും. ഈ മനുഷ്യ യാഥാര്‍ത്ഥ്യത്തിന്‍റെ സാഹിത്യ ആവിഷ്കാരമാണ് മിത്തോ- ഹിസ്റ്ററി.

(മിത്തോ-ഹിസ്റ്ററി എന്നത് മദ്ധ്യപൂര്‍വ്വസംസ്കാരങ്ങളുടെ മാത്രം അവകാശവാദമല്ല. ഭാരതത്തിലെ പൗരാണികഗ്രന്ഥങ്ങളും ഇപ്രകാരമുള്ള രചനകള്‍ ആയിരിക്കാം. പക്ഷേ, ബൈബിളില്‍ നടക്കുന്ന പഠനങ്ങള്‍ പോലെ കാര്യക്ഷമവും വിപുലവും നിക്ഷ്പക്ഷവുമായി അത്തരം പഠനങ്ങള്‍ നടക്കുന്നുണ്ടോ എന്നത് സംശയമാണ്, അത് ദൗര്‍ഭാഗ്യകരവുമാണ്).

സുമേരിയന്‍-അസ്സീറിയന്‍- ബാബിലോണിയന്‍ സംസ്കാരങ്ങള്‍ കൈമാറിയിരുന്ന സൃഷ്ടിവിവരണങ്ങളും വെള്ളപ്പൊക്കത്തിന്‍റെ കഥകളും വംശാവലികളും ഉല്‍പ്പത്തിയിലെ സദൃശ്യമായ വിവരണങ്ങളോട് ചേര്‍ത്തുവച്ചു വായിക്കുമ്പോള്‍, സമാനതകള്‍ കാണാന്‍ സാധിക്കും. ഹീബ്രു ജനത ഈ സംസ്കാരങ്ങളുമായി ഏറ്റവുമധികം ഇടപഴകി ജീവിച്ചിരുന്നതിനാല്‍, ഈ സംസ്കാരങ്ങളുടെ പാരമ്പര്യം പഴയനിയമത്തില്‍ ദൃശ്യമാകുന്നത് വളരെ സ്വാഭാവികമാണ്, നാം പ്രതീക്ഷിക്കേണ്ടതുമാണ്. ഈ സമാനതകള്‍ കൊണ്ട്, ഉല്‍പ്പത്തി എന്നത് പ്രാചീനമായ ഒരു വെറും കെട്ടുകഥയാണ് എന്നു പറഞ്ഞു തള്ളിക്കളയാനുള്ള പ്രവണത നമ്മുടെ സമകാലീന സാംസ്കാരികമണ്ഡലത്തില്‍ വളരെയേറെ ദൃശ്യമാണ്. പക്ഷേ, മിത്തോ-ഹിസ്റ്ററിയെന്ന നിലയില്‍ ഇതിനെ സമീപിക്കുന്ന പണ്ഡിതര്‍ ഇപ്രകാരമല്ല ഈ കഥകളെ കാണുന്നത്. അവര്‍ ഇത്തരം കഥകളില്‍ തേടുന്നത് സമാനതകള്‍ മാത്രമല്ല, വൈവിധ്യങ്ങള്‍ കൂടിയാണ്. വൈവിധ്യങ്ങളിലൂടെയാണ് മിത്തോ-ഹിസ്റ്ററി സാഹിത്യ രൂപത്തിന്‍റെ യഥാര്‍ത്ഥ സന്ദേശം വെളിവാകുന്നത്.

സമാനകഥകളിലെ വൈവിധ്യം
നമുക്കെല്ലാവര്‍ക്കും അറിയാവുന്ന ഒരു കഥയാണ് ആമയുടെയും മുയലിന്‍റെയും ഓട്ട മല്‍സരത്തിന്‍റെ കഥ. അലസത മൂലം പരാജയപ്പെടുന്ന മുയലിന്‍റെയും നിരന്തരപരിശ്രമം മൂലം വിജയിക്കുന്ന ആമയുടേയും കഥ. ഈ കഥയില്‍ ഞാന്‍ ഒരു ചെറിയ മാറ്റം വരുത്തുകയാണ്. ആമ മെല്ലെമെല്ലെ വിജയത്തിലേക്ക് നീങ്ങവേ, ഉറക്കമുണര്‍ന്ന മുയല്‍, തന്‍റെ തെറ്റ് മനസ്സിലാക്കി, സര്‍വ്വകഴിവുകളും സംഭരിച്ച് കുതിച്ചുചാടി. പക്ഷേ, ആമയെ മറികടക്കാന്‍ കഴിഞ്ഞില്ല. എങ്കിലും, മുയല്‍ തന്‍റെ അവസാനത്തെ പരിശ്രമത്തില്‍ സംതൃപ്തനായി മടങ്ങിപ്പോയി.

എന്‍റെ കഥ, സാധാരണകഥയ്ക്ക് സമാനമാണ്. പക്ഷേ, അതില്‍ വ്യത്യാസവുമുണ്ട്. ഈ കഥ പറയുന്നതിലൂടെ ഞാന്‍ എന്താണ് ഉദ്ദേശിക്കുന്നത്? പ്രതീക്ഷ നഷ്ടപ്പെടുന്ന അവസ്ഥയിലും സ്വന്തം കഴിവുകളെ പരമാവധി ഉപയോഗിച്ച് പരിശ്രമിക്കുന്നത് സംതൃപ്തി നല്‍കുന്നു എന്നാണ് ഞാന്‍ പറയുവാന്‍ ശ്രമിക്കുന്നത്. ഈ സന്ദേശം നല്‍കുവാന്‍ ഞാന്‍ എല്ലാവര്‍ക്കും സുപരിചിതമായ ഒരു കഥ ഉപയോഗിക്കുന്നുവെന്നു മാത്രം. അതായത്, ഞാന്‍ എന്‍റെ സന്ദേശം പകര്‍ന്നുകൊടുക്കാന്‍ ഉപയോഗിച്ച ആമയുടെയും മുയലിന്‍റെയും കഥ ഒരു മീഡിയം – മാധ്യമം-മാത്രമാണ്. എന്‍റെ വാക്കുകള്‍ കേള്‍ക്കുന്ന എല്ലാവര്‍ക്കും മനസ്സിലാകുന്ന ഒരു മാധ്യമം. സാധാരണകഥയില്‍നിന്ന് ഞാന്‍ വ്യത്യാസപ്പെടുത്തി അവതരിപ്പിച്ച ഭാഗമാണ് എന്‍റെ യഥാര്‍ത്ഥ കഥയും സന്ദേശവും.

ഇങ്ങനെ, സമാനകഥകളിലെ വ്യത്യസ്ഥതകളിലൂടെ സന്ദേശം മനസ്സിലാക്കാന്‍ സാധിക്കുന്നു. വ്യത്യസ്ഥതകള്‍ മാത്രമല്ല, ഇതു പോലെയുള്ള മറ്റനേകം സങ്കേതങ്ങള്‍ ഉപയോഗിച്ചാണ് മിത്തോ- ഹിസ്റ്ററി വായിക്കുന്ന പണ്ഡിതര്‍ അവയെ മനസ്സിലാക്കുന്നത്. ഉല്‍പ്പത്തിയിലെ ആദ്യഭാഗങ്ങളെയും ഇപ്രകാരം സമീപിച്ചാല്‍, ആ വിവരണങ്ങളുടെ യഥാര്‍ത്ഥ അക്ഷരാര്‍ത്ഥം നമുക്ക് വെളിപ്പെടുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org