പ്രപഞ്ചവും ആരംഭവുംശാസ്ത്രീയ വിശദീകരണങ്ങള്‍ – ഭാഗം 2

വിശദീകരണം തേടുന്ന വിശ്വാസം -21

ബിനു തോമസ്, കിഴക്കമ്പലം

പ്രപഞ്ചത്തിന് ഒരു ആരംഭമുണ്ടോ? മഹാവിസ്ഫോടനമെന്ന ശാസ്ത്രീയസിദ്ധാന്തമാണ് നമ്മള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്.

മഹാവിസ്ഫോടനവും ശാസ്ത്രലോകത്തിന്‍റെ വൈമനസ്യവും
ഇരുപതാം നൂറ്റാണ്ടിലെ വിശ്വവിജ്ഞാനീയം, മഹാവിസ്ഫോടനസിദ്ധാന്തം പറയുന്ന പ്രപഞ്ചാരംഭത്തെ നിഷേധിക്കുവാനുള്ള, ഒന്നിനുപിറകെ ഒന്നായിട്ടുള്ള പരാജയപ്പെട്ട പരിശ്രമങ്ങളുടെ ആകെത്തുകയാണെന്ന് അമേരിക്കന്‍ തത്ത്വചിന്തകന്‍ വില്ല്യം ക്രേയ്ഗ് പറയുന്നു. സ്ഥിരപ്രപഞ്ചവാദത്തിന്‍റെ ഒട്ടനേകം സിദ്ധാന്തങ്ങള്‍ അവതരിപ്പിക്കപ്പെടുകയും അല്‍പ്പസമയം മാത്രം നിലനിന്നതിനുശേഷം തള്ളിക്കളയപ്പെടുകയും ചെയ്തു പോന്നു. ആദ്യമാദ്യം, ബിഗ് ബാംഗ് തിയറി ആശ്ലേഷിക്കാന്‍ ശാസ്ത്രലോകം മടി കാണിച്ചു. കാരണം, യഹൂദ-ക്രിസ്ത്യന്‍ വി ശ്വാസത്തിന്‍റെ പ്രപഞ്ചാശയമാണ്ബിഗ്ബാംഗ് അവതരിപ്പിച്ചത്. വൈമനസ്യം കാണിച്ച ശാസ്ത്ര ലോകത്തില്‍, തെളിവുകള്‍ക്കു മേല്‍ തെളിവുകളിലൂടെ സ്വയം അടിച്ചേല്‍പ്പിക്കുകയായിരുന്നു ഈ സിദ്ധാന്തം എന്ന് ചരിത്രം കാണിച്ചുതരുന്നു. ശാസ്ത്രം തെളിവുകളുടെ അടിസ്ഥാനത്തില്‍ അറിവുകള്‍ സ്വായത്തമാക്കുന്നു. പക്ഷേ, ശാസ്ത്രജ്ഞന്മാര്‍ മനുഷ്യരാണ്. നമുക്ക് എല്ലാവര്‍ക്കും ഉള്ളതുപോലെയുള്ള മുന്‍വിധികള്‍ അവരെയും നിയന്ത്രിക്കുന്നു. ഇതിന്‍റെ ഒന്നാന്തരം തെളിവാണ് മഹാവിസ്ഫോടനസിദ്ധാന്തത്തിനെ ശാസ്ത്രലോകം സ്വീകരിച്ച വഴി.

മള്‍ട്ടിവേഴ്സുകള്‍ എന്ന ആശയമാണ് ബിഗ് ബാംഗ് മാതൃക അവതരിപ്പിക്കുന്ന പ്രാപഞ്ചികാരംഭത്തെ മറികടക്കാന്‍ നിരീശ്വരവാദി കളായ ചില തത്ത്വചിന്തകന്മാര്‍ അവതരിപ്പിക്കുന്നത്. അതായത്, നമ്മുടെ പ്രപഞ്ചം അനേകമനേകം പ്രപഞ്ചങ്ങളിലെ ഒരു പ്രപഞ്ചം മാത്രമാണത്രെ. ഒരു വലിയ അമ്മപ്രപഞ്ച(മള്‍ട്ടിവേഴ്സ്)ത്തിലുള്ള ഒരു കൊച്ചുപ്രപഞ്ചത്തിന്‍റെ ആരംഭം മാത്രമാണ് ബിഗ്ബാംഗ് അവതരിപ്പിക്കുന്നത് എന്നാണ് ഇവര്‍ പറയുന്നത്. ശാസ്ത്രീമായ തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ലെങ്കിലും, പ്രപഞ്ചത്തിലെ ദ്രവ്യത്തി ന്‍റെ ആരംഭം ഒഴിവാക്കാന്‍ മറ്റൊരു മാര്‍ഗവും ഇല്ലാത്തതിനാല്‍ ഇവര്‍ ഈ മാതൃകയില്‍ വിശ്വസിക്കുന്നു (വിശ്വാസം, അതല്ലേ എല്ലാം! പ്രപഞ്ചാരംഭത്തെ നിഷേധിക്കാന്‍ വേണ്ടി മറ്റ് എന്തില്‍ വേണമെങ്കിലും വിശ്വസിക്കാം എന്നതാണ് ചിലരുടെ പോളിസി).

സംശയങ്ങള്‍ക്ക് അവസാനം
2003-ല്‍, അരവിന്ദ് ബോര്‍ഡെ, അലന്‍ ഗുത്, അലക്സാണ്ടര്‍ വിലെങ്കിന്‍ എന്നിവര്‍ ചേര്‍ന്ന് ഒരു കാര്യം തെളിയിച്ചു നമ്മുടെ പ്രപഞ്ചമോ, മറ്റേതെങ്കിലും അമ്മപ്രപഞ്ചമോ ആയിക്കൊള്ളട്ടെ, വികസിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രപഞ്ചത്തിന് ഒരു ആരംഭം ഉണ്ടായേ തീരൂ. ബോര്‍ഡെ-ഗുത്ത്-വിലങ്കിന്‍ തിയറം എന്ന പേരിലാണ് ഈ സിദ്ധാന്തം അറിയപ്പെടുന്നത്. അതായത്, മള്‍ട്ടിവേഴ്സ് ഉണ്ടെങ്കില്‍, ആ മള്‍ട്ടിവേഴ്സിനും ഒരു ആരംഭം ഉണ്ടെന്നു സാരം. അപ്പോള്‍, പ്രപഞ്ചാരംഭം എന്നത് ഒഴിവാക്കാന്‍ സാധ്യമല്ല എന്നു വരുന്നു.

ഇത് തെളിയിച്ച വിലെങ്കിന്‍ പറയുന്നു, "ആലോചനാശേഷിയുള്ള ഒരാളെ വാദംകൊണ്ട് ബോധ്യപ്പെടുത്താന്‍ സാധിക്കും. അതില്ലാത്ത ഒരാളെ ബോധ്യപ്പെടുത്താന്‍ തെളിവുകള്‍ക്കേ സാധിക്കൂ. ഇതാ തെളിവായിക്കഴിഞ്ഞിരിക്കുന്നു. ഇനി, അനന്തമായ ഭൂതകാലമുള്ള ഒരു പ്രപഞ്ചം എന്ന സാധ്യതയ്ക്ക് പിന്നില്‍ ഒളിഞ്ഞിരിക്കാന്‍ ഒരു ശാസ്ത്രകാരനും സാധ്യമല്ല. പ്രപഞ്ചാരംഭം എന്ന പ്രശ്നത്തില്‍ നിന്ന് ആര്‍ക്കും ഓടിയൊളിക്കാന്‍ ആവില്ല."

പ്രപഞ്ചം "ക്വാണ്ടംവാക്വം ഫീല്‍ഡ്" എന്ന ഊര്‍ജ്ജസമുദ്രത്തിലെ ചലനങ്ങളില്‍നിന്ന് ഉളവായതാണ് എന്നതാണ് മറ്റൊരാശയം. പക്ഷേ, ഈ വാക്വം ഫീല്‍ഡിലെ ഊര്‍ജ്ജത്തിന്‍റെ ആരംഭവും പ്രപഞ്ചാരംഭം പോലെതന്നെ ഉത്തരം നല്‍കേണ്ട ഒരു ചോദ്യമാണ്. ക്രിസ്റ്റഫര്‍ ഇഷാം പോലുള്ള പ്രഗത്ഭരായ ക്വാണ്ടം ശാസ്ത്രജ്ഞര്‍ മാതൃകയുടെ അപാകതമൂലം പതിറ്റാണ്ടുകള്‍ക്കു മുമ്പേ നിരാകരിച്ച ആശയം ഇന്നും നിരീശ്വരവാദികളുടെ ഇടയില്‍ പച്ചപിടിച്ചു നില്‍ക്കുന്നത് കൌതുകകരമാണ്.

പ്രപഞ്ചാരംഭം തെളിവുകളുടെ സംഗ്രഹം
പ്രപഞ്ചത്തിന് ആരംഭമുണ്ടെന്നതിന് രണ്ടുതരം തെളിവുകളാണ് നാം ഇതുവരെ ചര്‍ച്ച ചെയ്തത്.

ഒന്ന്, തത്ത്വചിന്താപരമായ തെളിവുകള്‍: അനന്തത ഒരു ഭൗതിക യാഥാര്‍ത്ഥ്യമല്ല എന്ന് നാം കണ്ടു. അനന്തത എന്ന സങ്കല്‍പ്പം ഗണിതശാസ്ത്രത്തിലും ഭൗതിക യാഥാര്‍ത്ഥ്യത്തെ അവതരിപ്പിക്കുന്ന ഒരു ആശയമല്ല എന്നും നമ്മള്‍ കണ്ടു. അനന്തത എന്ന ആശയം ഭൗതികയാഥാര്‍ത്ഥ്യത്തില്‍ പ്രയോഗിച്ചാല്‍, യുക്തിവിരുദ്ധമായ ഭൗതികതയായിരിക്കും പരിണിത ഫലം എന്നും നമ്മള്‍ കണ്ടു.

രണ്ട്, ശാസ്ത്രീയമായ തെ ളിവുകള്‍: മഹാവിസ്ഫോടനസിദ്ധാന്തം എപ്രകാരം പ്രപഞ്ചത്തിന്‍റെ ആരംഭം അംഗീകരിക്കുന്നു എന്നു നാം കണ്ടു. പ്രപഞ്ചാരംഭത്തെ നിഷേധിക്കുവാന്‍ അവതരിപ്പിക്കുന്ന മള്‍ട്ടിവേഴ്സ് ആശയങ്ങള്‍ക്കും, ബോര്‍ഡ്-ഗുത്ത്-വിലെങ്കിന്‍ തിയറത്തെ അതിജീവിക്കാന്‍ സാധ്യമല്ല എന്നും നമ്മള്‍ കണ്ടു.

പ്രധാനമായും ഉയര്‍ത്തപ്പെടുന്ന ചില മറുചോദ്യങ്ങള്‍ കൂടി പരിഗണിക്കേണ്ടിവരും. ഒന്ന്, അനന്തത യാഥാര്‍ത്ഥ്യമല്ലെങ്കില്‍, ദൈവം അനന്തമാകുന്നതെങ്ങനെ? ഇത് ഒരു കുടുക്കുചോദ്യമാണ്. അനന്തത ഭൗതികയാഥാര്‍ത്ഥ്യമല്ല എന്നു മാത്രമാണ് നാം കണ്ടത്. ദൈവത്തെ ഒരു ഭൗതികയാഥാര്‍ത്ഥ്യമായിട്ട് ഒരു വിശ്വാസിയും കണക്കാക്കുന്നില്ല. അതുകൊണ്ട്, അനന്തതയുടെ അയാഥാര്‍ത്ഥ്യം ദൈവത്തിന് ബാധകമാണെന്നു പറയാനാവില്ല.

രണ്ട്, പ്രപഞ്ചത്തിന്‍റെ ആരംഭം അംഗീകരിച്ചാലും, അതിനു മുന്‍പ് സമയമോ ശാസ്ത്രസത്യങ്ങളോ ഇല്ലാത്തതുകൊണ്ട്, ദൈവാസ്ഥിത്വവും എങ്ങനെ തെളിയിക്കും? ശാസ്ത്രീയമായി തെളിയിക്കുക അസാധ്യം തന്നെ, സംശയമില്ല. പക്ഷേ, ഫിസിക്സ് അവസാനിക്കുന്നിടത്താണ് മെറ്റാഫിസിക്സ് ആരംഭിക്കുന്നത്. ദൈവാസ്ഥിത്വം എന്നത് ഒരു തത്ത്വശാസ്ത്രപരമായ ചോദ്യമാണ്. ആ ചോദ്യത്തിന്‍റെ സാധുത തത്ത്വശാസ്ത്രപരമായി ഇല്ലാതാകുന്നില്ല.

മൂന്ന്, ശാസ്ത്രീയ സത്യങ്ങള്‍ മാറ്റപ്പെടുവാന്‍ സാധ്യതയുണ്ട്. നാളെ, ബിഗ്ബാംഗ് തിയറി തെറ്റാണെന്നു തെളിഞ്ഞാല്‍, ഈ വാദഗതിയും തെറ്റാവില്ലേ? തീര്‍ച്ചയായും. പക്ഷേ, അപ്പോഴും, പ്രപഞ്ചാരംഭത്തെപ്പറ്റിയുള്ള താത്വികമായി കാരണങ്ങള്‍ നിലകൊള്ളും, കാരണം, അവ താല്‍ക്കാലിക (provisional) ശാസ്ത്രസത്യങ്ങളില്‍ പടുത്തുയര്‍ത്തിയതല്ല, മറിച്ച്, യുക്തി ചിന്തയില്‍ ഊന്നിയതാണ്. അപ്പോള്‍, ബിഗ്ബാംഗ് തിയറിയില്‍ മാത്രമല്ല പ്രപഞ്ചാരംഭമെന്ന സങ്കല്‍പ്പം ആശ്രയിച്ചിരിക്കുന്നത്.

ആരംഭമുള്ള എന്തിനും കാരണമുണ്ടെന്നും, പ്രപഞ്ചത്തിന് ആരംഭമുണ്ടെന്നും നാം ഇതിനകം കണ്ടുകഴിഞ്ഞു. എന്തൊക്കെയാണ് സാധ്യമായ ആ കാരണങ്ങള്‍? അടുത്ത അധ്യായത്തില്‍ പരിശോധിക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org