മനുഷ്യന്‍റെ സ്വതന്ത്രമനസ്സും ദൈവശക്തിയും

വിശദീകരണം തേടുന്ന വിശ്വാസം അധ്യായം-39

ബിനു തോമസ്, കിഴക്കമ്പലം

മനുഷ്യന്‍റെ സ്വതന്ത്രമനസ്സ് എന്ന അടിസ്ഥാനത്തിലാണ് ധാര്‍മിക തിന്മകളുടെ ഉറവിടമെന്ന് നാം കണ്ടു. ഈ അടിസ്ഥാനത്തില്‍ ധാര്‍മികതിന്മകളുടെ ഉത്തരവാദിത്ത്വത്തില്‍ നിന്ന് ദൈവത്തെ ഒഴിവാക്കാന്‍ സാധിക്കുമോ? ഇതിനെപ്പറ്റിയുള്ള ചില ചോദ്യങ്ങള്‍ക്ക് ഒരു വിശ്വാസി ഉത്തരം കൊടുക്കേണ്ടതുണ്ട്.

ചോദ്യം(1): ദൈവം സര്‍വ്വശക്തനാണല്ലോ. അപ്പോള്‍, തിന്മ ചെയ്യാന്‍ ഒരുമ്പെടുന്ന മനുഷ്യനെ തടഞ്ഞാല്‍ പോരേ?

ഉത്തരം: സ്വതന്ത്രമനസ്സിനെ തടഞ്ഞു കീഴടക്കുക എന്നു വച്ചാല്‍, ദൈവം മനുഷ്യന്‍റെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നു എന്നാണര്‍ത്ഥം. ഇത് മനസ്സിലാകാന്‍ ഒരുദാഹരണം നമുക്ക് പരിശോധിക്കാം. മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ സോഫിയ എന്ന റോബോട്ടിനെ എടുക്കുക. എന്തെങ്കിലും കാരണത്താല്‍, അതൊരു മനുഷ്യനെ ആക്രമിക്കാന്‍ ശ്രമിക്കുന്ന ഒരു സാഹചര്യം പരിഗണിക്കുക. അതിനെ ആ അക്രമത്തില്‍ നിന്നു തടയാന്‍, അതിന്‍റെ ബാറ്ററി ഊരിയെടുത്താല്‍ മതി. പക്ഷേ, അതോടുകൂടി, പ്രവര്‍ത്തിക്കാനുള്ള അതിന്‍റെ സ്വാതന്ത്ര്യം നഷ്ടമാകുന്നു. ഇതുപോലെ, തിന്മ ചെയ്യാന്‍ ഒരുമ്പെടുന്ന മനുഷ്യനെ എപ്പോഴും തടയുന്ന ഒരു ദൈവം, മനുഷ്യനെ ഫലത്തില്‍ ഒരു റോബോട്ടോ, ഒരു യന്ത്രമോ ഒക്കെ ആക്കി മാറ്റുകയാണ് ചെയ്യുന്നത്. മനുഷ്യന്‍റെ സ്വാതന്ത്ര്യത്തിന് പ്രാധാന്യം കല്പ്പിക്കുന്ന ഒരു ദൈവത്തിന് അത് സാധ്യമല്ല.

ചോദ്യം(2): ദൈവം എന്തും ചെയ്യാന്‍ സാധിക്കുന്നവനല്ലേ? പ്രപഞ്ചം സൃഷ്ടിച്ച ഒരു ദൈവത്തിന്, മനുഷ്യനെ ഒരു യന്ത്രമാക്കാതെ തന്നെ നിയന്ത്രിക്കാന്‍ സാധിക്കുകയില്ലേ? അത് സാധ്യമല്ല എന്നു പറയുന്നത് വിശ്വസനീയമാണോ?

ഉത്തരം: ദൈവത്തിന്‍റെ സര്‍വ്വശക്തി എന്ന സങ്കല്പ്പം വളരെ തെറ്റിദ്ധരിക്കപ്പെടാന്‍ സാധ്യതയുള്ള ഒന്നാണ്. ദൈവം സര്‍വ്വശക്തന്‍ എന്നു പറയുമ്പോള്‍ നാം എന്താണ് ഉദ്ദേശിക്കുന്നത്? അര്‍ത്ഥരഹിതമോ യുക്തി വൈരുദ്ധ്യമുള്ളതോ ആയ കാര്യങ്ങള്‍ ചെയ്യാന്‍ ഒരു സര്‍വ്വശക്തന് സാധിക്കുമോ? ഒരുദാഹരണം പരിശോധിക്കാം – ദൈവത്തിന് വൃത്താകൃതിയുള്ള ചതുരം ഉണ്ടാക്കാന്‍ സാധിക്കുമോ? ദൈവത്തിന് സ്വയം നശിപ്പിക്കാന്‍ സാധിക്കുമോ?

ഇത്തരം ചോദ്യങ്ങള്‍ അവയില്‍ത്തന്നെ വൈരുദ്ധ്യം നിറഞ്ഞതാണ്. ചതുരം എന്നത് നാലു കോണുകള്‍ ഉള്ള ഒരു ആകൃതിയാണ്, വൃത്തം എന്നത് കോണുകള്‍ ഇല്ലാത്ത ആകൃതിയാണ്. അതുകൊണ്ട്, വൃത്താകൃതിയിലെ ചതുരം എന്ന അത്യുക്തി വൈരുദ്ധ്യമാണ്, അര്‍ത്ഥശൂന്യമാണ്. മനുഷ്യന്‍റെ ഭാഷയിലെ ഒരുതരം 'ട്രിക്ക്' എന്നതിനപ്പുറം, യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത ഒരു പദപ്രയോഗം മാത്രമാണത്. അതു പോലെ, അസ്ഥിത്വം (Existence) തന്നെയായ ദൈവം അസ്ഥിത്വം ഇല്ലാതെയാക്കുക എന്നതും ഇത്തരമൊരു ഭാഷ ചെപ്പടിവിദ്യമാത്രമാണ്. ഇങ്ങനെ യഥാര്‍ത്ഥമാകാന്‍ സാധ്യത തെല്ലുമില്ലാത്ത യുക്തിവിരുദ്ധമായ കാര്യങ്ങള്‍ ചെയ്യുവാന്‍ കഴിയും എന്നല്ല സര്‍വ്വശക്തന്‍ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.

ഇതുപോലെ, സ്വാതന്ത്ര്യത്തെ തടയാതെതന്നെ സ്വതന്ത്രമനസ്സിനെ നിയന്ത്രിക്കണമെന്നു പറയുന്നതും ഒരു യുക്തി വൈരുദ്ധ്യമാണ്. ഇവ രണ്ടും പരസ്പര വിരുദ്ധമാണ്, അതുകൊണ്ടുതന്നെ ദൈവത്തിന്‍റെ സര്‍വ്വശക്തികൊണ്ട് അത് സാധിക്കും എന്നു പറയുന്നതും യുക്തി വൈരുദ്ധ്യമാണ്.

ചോദ്യം(3): മനുഷ്യന്‍റെ സ്വാതന്ത്ര്യത്തെ ഹനിക്കാതെ ദൈവത്തിന് അവനെ നിയന്ത്രിക്കാന്‍ സാധ്യമല്ല എന്ന് അംഗീകരിച്ചാലും, മറ്റൊരു പ്രശ്നം ഉദിക്കുന്നു. ഒരു കൊടിയ തിന്മ നടക്കാന്‍ പോകുമ്പോള്‍, സ്വാതന്ത്ര്യം അല്പ്പം ഹനിക്കപ്പെടുന്നതില്‍ എന്താണ് തെറ്റ്? ഒരു കൊലപാതകിയുടെ സ്വതന്ത്രമനസ്സിനേക്കാള്‍ മൂല്യം കുറഞ്ഞതാണോ അയാള്‍ എടുക്കാന്‍ പോകുന്ന ഒരു ജീവന്‍? തീര്‍ച്ചയായും അല്ല. അപ്പോള്‍, കേവല മനുഷ്യര്‍ക്കു പോലും സാധ്യമാകുന്ന ധാര്‍മികവിവേചനം ദൈവത്തിന് അസാധ്യമാണോ?

ഉത്തരം: അത്തരമൊരു ധാര്‍മിക വിവേചനം എപ്പോഴും ദൈവം കാണിക്കുന്ന ഒരു ലോകം സങ്കല്പ്പിക്കുക. അവിടെ നന്മയുടെ തെരഞ്ഞെടുപ്പ് അസാധ്യമായി മാറുന്നു. മനുഷ്യര്‍ യാന്ത്രികമായി നല്ല കാര്യങ്ങള്‍ മാത്രം ചെയ്യുന്ന ഒരു ലോകമായി അത് മാറുന്നു. അത്തരമൊരു ലോകത്തില്‍ സ്വാതന്ത്ര്യമുണ്ട് എന്നു പറയാന്‍ സാധ്യമല്ല. ചുരുക്കത്തില്‍, സ്വതന്ത്രമനസ്സ് ഉള്ള ഒരു ലോകത്തില്‍ ദൈവത്തിന് അത്തരമൊരു ഇടപെടല്‍ നടത്താന്‍ സാധ്യമല്ല. മനുഷ്യര്‍ക്ക് അത് സാധ്യമാകുന്നത് അവന്‍റെ പരിമിതികള്‍ മൂലമാണ്. അവന്‍ സര്‍വ്വശക്തനല്ല. അവന്‍റെ ചുരുങ്ങിയ ശക്തിവലയത്തിനുള്ളില്‍ ഏകാധിപത്യപരമായി അവന്‍ പ്രവര്‍ത്തിച്ചാലും, ആ വലയത്തിന് അപ്പുറം വിശാലമായ ലോകവും അവിടുത്തെ സ്വാതന്ത്ര്യവുമുണ്ട്. പക്ഷേ, ദൈവത്തിന്‍റെ ശക്തിവലയത്തിന് അപ്പുറമൊരു ലോകമില്ല. അതുകൊണ്ട്, ദൈവത്തിന്‍റെ ശക്തിവലയത്തിനുള്ളില്‍ അത്തരമൊരു ഏകാധിപതിയാകാന്‍ ദൈവം തുനിഞ്ഞാല്‍, ആ ലോകത്തില്‍ സ്വതന്ത്രമനസ്സും അപ്രത്യക്ഷമാകും.

ചോദ്യം(4): ശരി. ദൈവം തിന്മയില്ലാതാക്കാന്‍ ശ്രമിച്ചാല്‍, സ്വാതന്ത്ര്യവും ഇല്ലാതാകും. എങ്കില്‍, ഈ സ്വാതന്ത്ര്യം എന്തുകൊണ്ടാണ് ഇത്രയ്ക്ക് പ്രാധാന്യമുള്ളതായിത്തീരുന്നത്? തിന്മയും സ്വാതന്ത്ര്യവും ഇല്ലാത്ത ഒരു ലോകത്തിന് എന്താണ് കുഴപ്പം? അതല്ലേ കുറച്ചുകൂടി നല്ലത്?

ഈ ചോദ്യത്തിനും അതിനൊപ്പം ഉയരുന്ന അനുബന്ധചോദ്യങ്ങള്‍ക്കും അടുത്ത അദ്ധ്യായത്തില്‍ ഉത്തരം തേടാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org