വാളയാര്‍ കേസ്: രാഷ്ട്രീയ പ്രേരിത വിധികളുടെ ദുര്‍ഗതി

വാളയാര്‍ കേസ്: രാഷ്ട്രീയ പ്രേരിത വിധികളുടെ ദുര്‍ഗതി

രാഷ്ട്രീയ താല്പര്യമനുസരിച്ചല്ല പബ്ലിക് പ്രോസിക്യൂട്ടറെ വയ്‌ക്കേണ്ടതെന്നും പോക്‌സോ കോടതികളിലെ ന്യായാധിപര്‍ക്ക് കാര്യമായ പരിശീലനം കൊടുക്കണമെന്നുമാണ് വളയാര്‍ കേസിലെ വിചാരണ കോടതിയുടെ വിധി റദ്ദാക്കിയ ഹൈക്കോടതിയുടെ നിരീക്ഷണം. കേരളത്തില്‍ പിണറായി സര്‍ക്കാര്‍, "പാവപ്പെട്ടവരുടെ സര്‍ക്കാര്‍" അധികാരത്തില്‍ വന്നതില്‍ പിന്നെ പാവപ്പെട്ടവര്‍ക്കെന്നല്ല പണാധികാരത്തിന്റെ ശക്തിയും സ്വാധീനവുമില്ലാത്തവര്‍ക്ക് നീതി ലഭിക്കാത്ത പരിതാപകരമായ സ്ഥിതിവിശേഷമാണ് സംജാതമായിരിക്കുന്നത്.
കേരളത്തിന്റെയത്ര സാക്ഷരതയോ സമത്വബോധമോ ഇല്ലാത്ത ഉത്തേരന്ത്യയില്‍ ഹസ്രത്തിലെ പെണ്‍കുട്ടിയുടെ കേസിലുണ്ടായ ആവേശം പോലും കേരളത്തിലെ മാധ്യമങ്ങളിലോ ജനസമൂഹത്തിന്റെ ഇടയിലോ വാളയാര്‍ പെണ്‍കുട്ടികളുടെ കേസില്‍ ഉണ്ടായില്ല എന്നതും ശ്രദ്ധി ക്കേണ്ട കാര്യമാണ്. സമൂഹത്തില്‍ ജാതിമതവര്‍ഗ്ഗ ചിന്ത കേരളത്തില്‍ എത്ര രൂക്ഷമാണെന്നറിയണമെങ്കില്‍ വാളയാര്‍ പെണ്‍കുട്ടികളുടെ കാര്യമെടുത്താല്‍ മതി. അവരുടെ അമ്മയുടെയും മനുഷ്യാവകാശപ്രവര്‍ത്തകരുടെയും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായുള്ള മുറവിളിക്കുള്ള ഉത്തര മാണ് ഹൈക്കോടതി വിധി.
വാളയാര്‍ കേസിലെ പൊലീസ് അന്വേഷണം വെറുപ്പുളവാക്കുന്നു വെന്നാണ് കോടതിയുടെ നിരീക്ഷണം. അതു നൂറുശതമാനം ശരിയാണ്. കേസ് അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെയാണ് ആ കേസ് തേച്ച്മാച്ച് കളയാന്‍ മുന്‍കൈ എടുത്തത്. വാളയാര്‍ കേസിലെ പാളിച്ചകള്‍ ഹൈക്കോടതി ബഞ്ച് അക്കമിട്ടാണ് നിരത്തി യിരിക്കുന്നത്. ആത്മാര്‍ത്ഥതയും കഴിവും ഇല്ലാത്ത ഓഫീസര്‍ പൊലീസ് സേനയ്ക്ക് ആകെ കളങ്കമാണ് എന്നാണ് കേസ് അന്വേഷിച്ചവരെക്കുറിച്ച് ജസ്റ്റീസ് എ. ഹരിപ്രസാദും ജസ്റ്റീസ് എം.ആര്‍. അനിതയും അടങ്ങിയ ഡിവിഷന്‍ ബഞ്ച് പറഞ്ഞത്.
2017 ജനുവരി 13 നാണ് വാളയാറിലെ അടച്ചുറപ്പില്ലാത്ത വീട്ടില്‍ 13 വയസ്സുള്ള പെണ്‍കുട്ടി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മാര്‍ച്ച് മാസം നാലിന് അവളുടെ ഇളയ സഹോദരി 9 വയസ്സുകാരിയും തൂങ്ങി മരിച്ചു. ഇവരുടെ ശരീരത്തില്‍ വളരെ ഭയനാകമായി പ്രകൃതി വിരുദ്ധ ലൈംഗീക പീഡനം നടത്തിയതിന്റെ മുറിവുകളും അടയാളങ്ങളുമുണ്ടാ യിരുന്നു. പോസ്റ്റുമാര്‍ട്ടത്തിനു ശേഷം പൊലീസ് ആ കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ജഡം പോലും വിട്ടുകൊടുത്തില്ല. അവരെ ഏതോ ശ്മശാന ത്തില്‍ അടക്കി തെളിവുകള്‍ പോലും നശിപ്പിക്കുന്ന ഹീന പ്രവൃത്തിയാ ണ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത ആ കുട്ടികളുടെ അമ്മയുടെ നില വിളി ഇന്നും നിലച്ചിട്ടില്ല. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ അവള്‍ പറഞ്ഞത് ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലുള്ള സി.ബി.ഐ അന്വേഷണത്തിലൂടെ മാത്രമേ സത്യം പുറത്തുകൊണ്ടുവരാന്‍ സാധിക്കു കയുള്ളൂവെന്നാണ്.
ഹൈക്കോടതി ഉത്തരവില്‍ സന്തോഷം പ്രകടിപ്പിച്ച സര്‍ക്കാരിന്റെ കള്ളത്തരം ഇവിടെ വ്യക്തമാണ്. വാളയാര്‍ കേസ് അന്വേഷണം വഴിമാറ്റി വിട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം നല്കിയ സര്‍ക്കാരാണ് ഇപ്പോള്‍ നീതി ഉറപ്പാക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് പറയുന്നത്. വാസ്തവത്തില്‍ ഈ കേസിലെ പ്രധാനപ്രതി സര്‍ക്കാര്‍ തന്നെയാണ്. ഹൈക്കോടതി ഏറ്റവും കൂടുതല്‍ വിമര്‍ശിച്ചത് പബ്ലിക്ക് പ്രോസിക്യൂട്ടറെയാണെങ്കില്‍ അതു സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനം തന്നെയാണ്. തങ്ങള്‍ക്ക് ഇഷ്ടപ്പെട്ടവര്‍ക്ക് പബ്ലിക് പ്രോസിക്യൂട്ടറെ വയ്ക്കുകയും തങ്ങള്‍ക്ക് വേണ്ടപ്പെട്ടവരുടെ ഇംഗിതത്തിനനുസരിച്ച് കേസ് റിപ്പോര്‍ട്ട് ഉണ്ടാക്കുകയും ചെയ്യുന്നത് സര്‍ക്കാര്‍ തന്നെയാണ്. ഇവിടെ നീതിക്കു വേണ്ടി ജീവിക്കുന്ന ഏതാനും ന്യായാധിപന്മാരുള്ളതുകൊണ്ടു മാത്രമാണ് പാവപ്പെട്ടവര്‍ക്കും ദളിതര്‍ക്കും നീതി ലഭിക്കുന്നത്. അല്ലാതെ സര്‍ക്കാ രിന്റെ ഔദാര്യത്തിലല്ല. വിചാരണക്കോടതിയെ കണക്കറ്റു ശകാരിച്ച ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് അഭിനന്ദനം അര്‍ഹിക്കുന്നു.
വിചാരണ കേവലം പ്രഹസനമായിരുന്നുവെന്നു പറയാന്‍ ഹൈക്കോടതി മടിച്ചില്ല. തെളിവെടുപ്പിലും സാക്ഷി വിസ്താരത്തിലും വിചാരണ യിലും ദയനീയമായി പരാജയപ്പെട്ട വിചാരണ കോടതിയുടെ വിധി നില നില്ക്കുന്നതല്ലെന്നു വിധിച്ചു. തുടര്‍ അന്വേഷണവും വിചാരണയും ആവശ്യപ്പെട്ട ഹൈക്കോടതി രാഷ്ട്രീയ സ്വാധീനമുപയോഗിച്ചു കേസുകള്‍ ചമയ്ക്കുകയും കുറ്റകൃത്യങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്യുന്ന എല്ലാവര്‍ക്കും ശക്തമായ മുന്നറിയിപ്പാണ് നല്കുന്നത്. കേരള ത്തില്‍ ജനാധിപത്യമില്ലാതായിട്ട് ഏറെ വര്‍ഷങ്ങളായി. പണത്തിനും അധികാരത്തിനും മുമ്പില്‍ ഒച്ഛാനിച്ചു നില്‍ക്കുന്ന പാര്‍ട്ടികളും സര്‍ക്കാരും ഇനിയും ഇവിടെ നാണക്കേടുകളുടെ ചരിത്രം സൃഷ്ടിക്കുമെന്നതില്‍ തര്‍ക്കമില്ല.

ഫുള്‍സ്റ്റോപ്പ്: പ്രതികള്‍ സമുദായ നേതാക്കന്മാരോ രാഷ്ടീയ സമുന്നതരോ കോര്‍പ്പറേറ്റ് ഭീമന്മാരോ ആണെങ്കില്‍ ഇന്നത്തെ കേരളത്തില്‍ ഏതു കുറ്റകൃത്യത്തില്‍ നിന്നും രക്ഷപ്പെടാം. രാഷ്ട്രീയക്കാരോട് അടുപ്പം കാണിച്ച് അവരെ സ്വാധീനിക്കാന്‍ പണമോ വോട്ട് ബാങ്കിന്റെ കുത്തകയോ നല്കിയാല്‍ മതി, ഏതു കുറ്റകൃത്യവും പുണ്യപ്രവൃത്തിയാകും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org