Latest News
|^| Home -> Pangthi -> കാലവും കണ്ണാടിയും -> അമൂല്യര്‍ നമ്മള്‍! (ലൂക്കാ 15-ന് ഒരു ആമുഖം)

അമൂല്യര്‍ നമ്മള്‍! (ലൂക്കാ 15-ന് ഒരു ആമുഖം)

Sathyadeepam
ഫാ. അജോ രാമച്ചനാട്ട്
ഏറെ കാവ്യാത്മകമാണ് വി. ലൂക്കായുടെ സുവിശേഷം. ഭിഷഗ്വരനും ചിത്രകാരനുമായിരുന്നു അദ്ദേഹമെന്ന് പാരമ്പര്യങ്ങള്‍ ഓര്‍മപ്പെടുത്തുന്നുണ്ട്. ലൂക്കാസുവിശേഷകന്‍ സമയമെടുത്ത്, ശേഖരിച്ച വിവരങ്ങള്‍ ക്രോഡീകരിച്ചാണ് സുവിശേഷമെഴുതിയതെന്നു ആമുഖത്തില്‍ തന്നെ ഉണ്ടല്ലോ. അങ്ങനെ ക്രമീകരിക്കപ്പെട്ട വിവരണങ്ങളുടെ നല്ല ഒരു ഉദാഹരണമാണ് ലൂക്കായുടെ പതിനഞ്ചാം അദ്ധ്യായം.
ലൂക്കായുടെ സുവിശേഷത്തിലെ 15- ാമധ്യായത്തിന്റെ കാതല്‍ എന്നത് മൂന്ന് നഷ്ടപ്പെടലുകളുടെയും മൂന്ന് വീണ്ടെടുക്കലുകളുടെയും വിവരണമാണ്. മൂന്നിലും നിഴലിക്കുന്നതാകട്ടെ, ദൈവത്തിന്റെ അഗാധമായ കരുണയും. ആദ്യം ആ നഷ്ടപ്പെട്ട മൂന്നിനെക്കുറിച്ചും ചില ചിന്തകള്‍.
1. നാണയം: ജീവനില്ല, ബുദ്ധിയില്ല, മൂല്യമുണ്ട്
നഷ്ടപ്പെട്ട നാണയം അചേതനമാണ്. അതിന് ജീവനില്ല, അതിനാല്‍ തന്നെ സ വിശേഷബുദ്ധിയില്ല. നഷ്ടപ്പെട്ടു എന്ന് സ്വയം തിരിച്ചറിയാനോ അതിന് പരിഹാരം കാണാനോ നാണയത്തിന് കഴിയില്ല. പക്ഷെ, ആ ചെറു നാണയത്തിനും മൂല്യമുണ്ട്. അതിനെത്തേടിയിറങ്ങുന്ന ഒരമ്മ. നിലവിളിക്കാനോ, ഉടമസ്ഥന്റെ അടുത്തേയ്ക്ക് തിരികെ വരാനോ കഴിയാത്ത ഒരു നാണയത്തെ കണ്ടുകിട്ടുവോളം തേടി നടക്കുന്ന അമ്മ.
2. ആട്: ജീവനുണ്ട്, ബുദ്ധിയില്ല, മൂല്യമുണ്ട്
നാണയത്തേക്കാള്‍ ഒരുപടി കൂടി മുകളിലാണ് ആട്. അതിന് ജീവനുണ്ട്, അധികം ആലോചനാശക്തി ഇല്ല. പക്ഷെ, മൂല്യമുണ്ട്. എങ്ങനെയോ വഴി തെറ്റി എന്ന് അതിന് മനസ്സിലാകുന്നുണ്ട്. തിരികെ വരാന്‍ പറ്റുന്നില്ലെങ്കിലും യജമാനന്‍ കേള്‍ക്കെ നിലവിളിക്കാന്‍ ആകുന്നുണ്ട്. അങ്ങനെ നഷ്ടപ്പെട്ട ആടിന്റെ നിലവിളി തേടി, കാല്‍പാടുകള്‍ തേടി, നിശ്വാസം തേടി ഒടുവില്‍ ആടിന്റെ അരികില്‍ എത്തുന്ന ഇടയന്‍.
3. മനുഷ്യന്‍: ജീവനുണ്ട്, ബുദ്ധിയുണ്ട്, മൂല്യമുണ്ട്
മൂന്നാമത് ധൂര്‍ത്തപുത്രന്റെ ഉപമയില്‍ നഷ്ടപ്പെടുന്നത് മനുഷ്യനെയാണ്. ജീവനുള്ള, സവിശേഷബുദ്ധിയുള്ള, ആലോചനാശേഷിയുള്ള മനുഷ്യന്‍. തെറ്റും ശരിയും വി വേചിക്കാന്‍ പ്രാപ്തിയുള്ളവന്‍. ഇടര്‍ച്ചയുടെ ആദ്യനിമിഷത്തില്‍ തന്നെ തെറ്റാണെന്ന് അറിഞ്ഞവന്‍. തെറ്റിയ വഴിയിലൂടെ മുന്നോട്ട് പോയ ഓരോ നിമിഷത്തിലും തിരികെ വരാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്നവന്‍. അവന്‍ തുടങ്ങി വച്ച തിരിച്ചു നടത്തം തനിയെ പൂര്‍ത്തീകരിക്കാന്‍ സമ്മതിക്കാതെ ഓടിച്ചെന്നു കെട്ടിപ്പിടിച്ച് ചുംബിച്ച് സ്വന്തമാക്കുന്ന അപ്പന്‍.
ദൈവമെന്ന ഫാന്‍സി ഡ്രസ്സ് കളിക്കാരന്‍!
നോക്കൂ, ഭൂമിയില്‍ വിലയില്ലാത്ത എന്താണുള്ളത്? നഷ്ടപ്പെട്ടതിന് മൂല്യം ഉള്ളതു കൊണ്ട് – ചെറുതായാലും വലുതായാലും -അത് വീണ്ടെടുക്കപ്പെടണം എന്നതാണ് കരുണ തന്നെയായ ദൈവത്തിന്റെ ഇഷ്ടം. നഷ്ടപ്പെട്ട മനുഷ്യനും മൃഗവും നാണയവും എല്ലാം ദൈവ തിരുമുന്‍പില്‍ ഒന്നുപോലെയാണ്. എല്ലാം മക്കളെപ്പോലെ പ്രിയപ്പെട്ടത് തന്നെ. എല്ലാ നഷ്ടപ്പെടലിന്റെയും വേദന ഒന്നുതന്നെ. തിരികെ വരുമ്പോഴത്തെ ആഘോഷങ്ങള്‍ നോക്കൂ – മൂന്നും പരസ്പരം തോല്പിക്കുന്ന തരത്തിലാണ്. അപ്പനായും ഇടയനായും വീട്ടുകാരത്തിയായും ഒക്കെ ദൈവം തമ്പുരാന്‍ ഫാന്‍സിഡ്രസ്സ് കളിക്കുന്നതും ഇതുകൊണ്ടാണ് !
എനിക്ക് രക്ഷയുണ്ടോ?
പാപസങ്കീര്‍ത്തനവേദികളിലും, ധ്യാനകേന്ദ്രങ്ങളിലും, എന്തിന് മനസ്സ് തുറന്ന ഒരു മൊബൈല്‍ ചാറ്റില്‍ പോലും തകര്‍ന്ന മനുഷ്യരുടെയൊക്കെ സങ്കടം ഇതാണ്-ഞാന്‍ രക്ഷപ്പെടുമോ?
ഒരുപാട് വലിയ വീഴ്ചകളില്‍പ്പെട്ട് പാപജീവിതം നയിക്കേണ്ടി വന്ന ഒരാള്‍ ‘എനിക്കിനി രക്ഷപ്പെടാന്‍ ആകുമോ’യെന്ന് സങ്കടപ്പെട്ടത്, അറിയാതെ മിഴി നനച്ചത് നന്നായി ഓര്‍മ്മയുണ്ട്. എന്റെ കുഞ്ഞേ, നിനക്കെന്നല്ല, ഭൂമിയിലുള്ള ചെറുപുല്‍നാമ്പ് പോലും ദൈവകരുണയുടെ അവകാശിയാണ്.
സുഹൃത്തേ, അതുകൊണ്ട് മനസ്സ് തളരാതെ അവന്റെ ഹൃദയത്തോടു ചേര്‍ന്ന് നിന്ന് നിന്നോളുക – അത്താഴ മേശയിലെ യോഹന്നാനെപ്പോലെ!
ലൂക്കായുടെ സുവിശേഷം – കരുണയുടെ സുവിശേഷം എന്നാണ് മറ്റൊരു പേര് – പ്രത്യേകിച്ച് ആ പതിനഞ്ചാം അദ്ധ്യായം നമ്മെ ഓര്‍മപ്പെടുത്തുന്നതും ഇതുതന്നെ, എത്ര പാപിയും തകര്‍ന്നവനുമാകട്ടെ, എനിക്കും നിനക്കും രക്ഷ ഉണ്ടെന്ന്.
പച്ച കെടാത്ത ദൈവകരുണയുടെ സമൃദ്ധി ആശംസിക്കുന്നു.

Leave a Comment

*
*