കാര്‍ഷിക ബില്ലുകള്‍ ജനാധിപത്യവിരുദ്ധമായി നിയമമാകുമ്പോള്‍

കാര്‍ഷിക ബില്ലുകള്‍ ജനാധിപത്യവിരുദ്ധമായി നിയമമാകുമ്പോള്‍

ഫാ. സേവ്യര്‍ കുടിയാംശ്ശേരി

ചോദ്യങ്ങളില്ലാതെ, ഉത്തരങ്ങളില്ലാതെ, അഭിപ്രായങ്ങള്‍ കേള്‍ക്കാതെ, ചര്‍ച്ചകള്‍ വേണ്ടെന്നുവച്ച് കോവിഡിന്റെ മറവില്‍ നിയമങ്ങള്‍ പാസ്സാക്കിയെടുക്കുമ്പോള്‍ പാര്‍ലമെന്റ് പാര്‍ലമെന്റല്ലാതാകുന്നു, നിയമങ്ങള്‍ നിയമങ്ങളല്ലാതാകുന്നു. ഓര്‍ഡിനന്‍സിന്റെ വിലയേ ഉണ്ടാകുന്നുള്ളൂ. ജനജീവിതത്തെ ബാധിക്കുന്ന സു പ്രധാന ബില്ലുകളെല്ലാം ഒരു ചര്‍ച്ചയുമില്ലാതെ ഓര്‍ഡിനന്‍സു പോലെ തന്നെ പാര്‍ലമെന്റു കടത്തിവിടുന്നു എന്നേയുള്ളൂ. കര്‍ഷകര്‍ക്കുവേണ്ടി ധൃതിപിടിച്ച് മൂന്നു ബില്ലുകള്‍ പാര്‍ലമെന്റ് പാസ്സാക്കിയിരിക്കുന്നു. കര്‍ഷകര്‍ക്കുവേണ്ടി എന്നതാണ് പ്രഖ്യാപനം. എന്നിട്ടെന്തേ കര്‍ഷകരെ കേള്‍ക്കുന്നില്ല. അവരുടെ പ്രതിനിധികളുമായി ചര്‍ച്ച ചെയ്യുന്നില്ല. ഈ ബില്ലുകള്‍ പാസ്സാക്കിയെടുക്കാന്‍ കാണിച്ച തിടുക്കം എന്തിനായിരുന്നു. കൂടുതല്‍ ചര്‍ച്ചകള്‍ക്കായി സിലക്ട് കമ്മിറ്റിക്കു വിടണമെന്ന ആവശ്യവും നിരാകരിക്കപ്പെട്ടു. കര്‍ഷക രക്ഷയ്‌ക്കെന്ന പേരില്‍ പാസ്സാക്കിയ ബില്ല് കര്‍ഷകവിരുദ്ധമെന്നു പറഞ്ഞ് ഫുഡ് പ്രൊസസിംഗ് ഇന്‍ഡസ്ട്രീസ് മന്ത്രി ശിരോമണി അകാലിദളിലെ ഹര്‍സിമൃത്കൗര്‍ രാജി വച്ചു. ശിരോമണി അകാലിദള്‍ പാര്‍ട്ടി എന്‍ഡിഎ വിട്ടു. അതു സൂചിപ്പിക്കുന്നത് ഘടകകക്ഷികളുടെ പോലും അഭിപ്രായം ആരാഞ്ഞിട്ടില്ല എന്നാണല്ലോ. കോവിഡ് കാലത്ത് അസാധാരണമായി ഞായറാഴ്ച ചേര്‍ന്ന സഭാസമ്മേളനം ഡെപ്യൂട്ടി ചെയര്‍മാന്‍ ചട്ടലംഘനത്തിലൂടെ നടപടിക്രമങ്ങളെ അട്ടിമറിച്ചു എന്നാണ് ആരോപണം. കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ കര്‍ഷക ബില്ലുകള്‍ പാസ്സാക്കി പ്രസിഡന്റ് ഒപ്പുവച്ച് നിയമമാക്കിയതിനെതിരെ രാജ്യ വ്യാപകമായ പ്രക്ഷോഭങ്ങളുയരുകയാണ്. ബില്ലില്‍ ഒപ്പുവയ്ക്കരുതെന്ന് ഉത്തരവാദിത്വപ്പെട്ട പാര്‍ട്ടികളും നേതാക്കളും പ്രസിഡന്റിനോടാവശ്യപ്പെട്ടിരുന്നതാണ്. കര്‍ഷകബില്ലുകള്‍ കര്‍ഷകരെ അടിമപ്പെടുത്തുന്നതാണെന്ന് രാഹുല്‍ഗാന്ധി ആരോപിച്ചു. കാര്‍ഷികമേഖല കോര്‍പ്പറേറ്റുകള്‍ക്കു തീറെഴുതി നല്‍കാനാണ് നീക്കമെന്ന് പ്രതിപക്ഷം ആരോപിച്ചു. കര്‍ഷകവരുമാനം അഞ്ചുവര്‍ഷത്തിനകം ഇരട്ടിയാക്കുമെന്നു പറഞ്ഞ പ്രധാനമന്ത്രി ഇപ്പോള്‍ കൊണ്ടുവന്നിരിക്കുന്ന ബില്ലുകള്‍ കര്‍ഷകരുടെ എല്ലൊടിക്കുന്നതാണ്. എല്ലാ പ്രതിഷേധങ്ങളേയും ധിക്കരിച്ച് പ്രസിഡന്റ് ഒപ്പുവച്ചു നിയമമാക്കി. ഇത്രയേറെ പ്രതിഷേധമുയര്‍ന്നപ്പോള്‍ പ്രസിഡന്റു പദവിയുടെ മഹത്വവും ഗൗരവവും കണക്കിലെടുത്ത് ഒന്നന്വേഷിക്കാനെങ്കിലും ക്ഷമ കാട്ടാമായിരുന്നു. അതായിരുന്നില്ലേ ജനാധിപത്യത്തിന്റെ കാവലാള്‍ ചെയ്യേണ്ടിയിരുന്നത്.
മൂന്ന് ബില്ലുകളാണ് കര്‍ഷക രക്ഷയ്‌ക്കെന്ന പേരില്‍ പാസ്സാക്കിയത്.

1. Farmers' produce Trade and commerce (promotion and Facilitation) Bill 2020
കാര്‍ഷീകോല്‍പ്പന്ന വ്യാപാര -വാണീജ്യ പ്രോത്സാഹനവും സൗകര്യമൊരുക്കലും ബില്‍ 2020

2. Farmers' (Empowerment and protection) Agreement of price assurance and Farm services Bill 2020
കാര്‍ഷീക ശാക്തീകരണ സംരക്ഷണ ബില്ല് 2020

3. The essential Commodities (Amendment) Bill
അവശ്യവസ്തു നിയമ ഭേദഗതി ബില്‍ 2020

ഈ നിയമ നിര്‍മ്മാണങ്ങള്‍ വഴി കര്‍ഷകന്‍ കോര്‍പ്പറേറ്റുകളുടെ അടിമയായി മാറുന്നു. കര്‍ഷകരുടെ വിലപേശല്‍ ശേഷി നിശ്ശേഷം ഇല്ലാതാകും. കര്‍ഷകര്‍ക്ക് പൂര്‍ണമായും കോര്‍പ്പറേറ്റുകളെ ആശ്രയിക്കേണ്ട അവസ്ഥ വരും. കൃഷി ഭൂമി പാട്ടത്തിനെടുക്കുന്ന കോര്‍പ്പറേറ്റുകളുടെ കൈയിലെത്തും. രാജ്യത്തിന്റെ ഭക്ഷ്യോല്‍പാദനം ആര്‍ക്കുവേണ്ടിയാകുമെന്നത് കോര്‍പ്പറേറ്റുകള്‍ തീരുമാനിക്കുന്ന അവസ്ഥവരും. കോര്‍പ്പറേറ്റുകള്‍ പറയുന്ന വിലയ്ക്ക് കാര്‍ഷികോത്പന്നങ്ങള്‍ ഉത്പാദിപ്പിച്ചു നല്‍കേണ്ടി വരും. പൂഴ്ത്തിവയ്പ്പിനും കരിഞ്ചന്തയ്ക്കും മോദിസര്‍ക്കാര്‍ നിയമസാധുത നല്‍കുന്നു എന്നാണ് പൊതുവേയുള്ള ആക്ഷേപം. ഗ്രാമീണമേഖലയിലെ കര്‍ഷകത്തൊഴിലുകള്‍ നഷ്ടമാകും. അതു നഗര കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കും. കര്‍ഷകരെ സ്വതന്ത്രക മ്പോളത്തിലേക്ക് എറിഞ്ഞുകൊടുക്കുന്നു. പൊതുവിതരണ സംവിധാനം തകരും. താങ്ങുവില ഇല്ലാതാകും.


ഇതുവരെ സംസ്ഥാന സര്‍ക്കാരുകള്‍ക്കു സ്റ്റോക്കു ചെയ്യാവുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് പരിധിയുണ്ടായിരുന്നു. ഇനി അതുണ്ടാവില്ല. വരള്‍ച്ച, യുദ്ധം മുതലായ പ്രശ്‌നങ്ങള്‍ ഉള്ളപ്പോള്‍ മാത്രമേ സംസ്ഥാനങ്ങള്‍ക്കു സ്റ്റോക്കു ചെയ്യാന്‍ വിലക്കുണ്ടായിരുന്നുള്ളു. അതിനാല്‍ പൂഴ്ത്തിവയ്പും അനധികൃത വിലക്കയറ്റവും ഉണ്ടാവും അതുവഴി നേട്ടമുണ്ടാകുന്നതു കച്ചവടക്കാര്‍ക്കും. അവശ്യ വസ്തു നിയമം ഭേദഗതി ചെയ്യുന്നതിലൂടെ വന്‍തോതില്‍ പൂഴ്ത്തിവയ്പിനു സാധ്യത ഒരുങ്ങും. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള കൃഷിയെ കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനു തുല്യം. താങ്ങുവിലയുടെ സമ്മര്‍ദ്ദം ഉള്ളതു കൊണ്ടാണ് സ്വകാര്യ സംഭരണശാലകള്‍ കര്‍ഷകര്‍ക്ക് നല്ല വില നല്‍കാന്‍ നിര്‍ബന്ധിതരാകുന്നത്. ലാഭം മാത്രമാകും വിളകള്‍ തിരഞ്ഞെടുക്കുന്നതിന്റെ അടിസ്ഥാനം. നഗരകമ്പോളങ്ങളെ ലക്ഷ്യമിടുന്ന കൃഷിക്കാര്‍ക്കായിരിക്കും പ്രാമുഖ്യം. ഇന്‍ഡ്യയുടെ ഭക്ഷ്യസുരക്ഷ പ്രതിസന്ധിയിലാകും.
ഇക്കാരണങ്ങളാല്‍ ഇന്‍ഡ്യ ഒട്ടാകെ കര്‍ഷകര്‍ സമരരംഗത്താണ്. ഡല്‍ഹിയില്‍ ഇന്ത്യാഗെയ്റ്റിനു മുന്നില്‍ ട്രാക്ടര്‍ കത്തിച്ചുവരെ സമരം നടന്നു. കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ സോണിയാഗാന്ധി കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പുതിയ നിയമം നിര്‍മ്മിക്കുന്നതിനുള്ള സാധ്യത ആരായാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. കൃഷി സംസ്ഥാന വിഷയമാണെങ്കിലും കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും ഒരുപോലെ ഇടപെടാവുന്ന പൊതുപ്പട്ടികയില്‍(കണ്‍കറന്റ് ലിസ്റ്റ്)പ്പെട്ടതാണ് കാര്‍ഷികവ്യാപാരം. ഇതിനനുസരിച്ചാണ് കേന്ദ്രം നിയമം പാസ്സാക്കിയത്. പൊതുപ്പട്ടികയുടെ അടിസ്ഥാനത്തില്‍ ഭരണഘടനയുടെ അനുച്ഛേദം 254, 254(2) എന്നിവ ഉപയോഗിച്ച് നിയമം നിര്‍മ്മിക്കുന്നതിനെക്കുറിച്ച് ആലോചിക്കാനാണ് സോണിയ കോണ്‍ഗ്രസ് മുന്നണിയായി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പുതിയ നിയമനിര്‍മ്മാണ സാധ്യതകളെക്കുറിച്ചാലോചിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.
ഈ അടുത്ത നാളുകളിലായി തൊഴില്‍ നിയമങ്ങള്‍, ദേശിയ വിദ്യാഭ്യാസ പോളിസി എഫ്.സി.ആര്‍.എ. അമന്റ്‌മെന്റ് തുടങ്ങിയ നിയമങ്ങള്‍ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ അനിവാര്യതയായ ചര്‍ച്ചപോലുമില്ലാതെ ധൃതി പിടിച്ച് എന്തൊക്കെയോ ലക്ഷ്യം വച്ച് പാസ്സാക്കി ഏകാധിപത്യ സമ്പ്രദായത്തിലേക്കു കൂപ്പുകുത്തുന്നു. ഉണ്ടാക്കുന്ന നിയമങ്ങളും പോളിസികളുമെല്ലാം കേന്ദ്രീകരിച്ചു കൊണ്ടുപോകുന്ന രീതിയാണ് കാണുക. ജനങ്ങളില്‍ നിന്നു കിട്ടിയ ഭൂരിപക്ഷം ജനങ്ങളെ പീഡിപ്പിക്കാനും അവരെ ധിക്കരിച്ച് ഏകാധിപത്യത്തിലേക്കു രാജ്യത്തെ കൊണ്ടുചെന്നു കെട്ടാനും ശ്രമിക്കുമ്പോള്‍ നിലനില്‍പിനു വേണ്ടിയുള്ള പ്രതിഷേധങ്ങള്‍ ഉയരുക തന്നെ വേണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org