ഗ്രിഗോറിയന്‍ കുര്‍ബാനകള്‍ ആര്‍ക്കുവേണ്ടി?

ഗ്രിഗോറിയന്‍ കുര്‍ബാനകള്‍ ആര്‍ക്കുവേണ്ടി?

ഫാ. സിജോ കണ്ണമ്പുഴ ഒ.എം.

സമീപകാലത്ത് ഗ്രിഗോറിയന്‍ കുര്‍ബാനകള്‍ ആവ ശ്യപ്പെട്ടുകൊണ്ട് കൂടുതല്‍ ആളുകള്‍ സമീപിക്കുന്നതായി വൈദീകര്‍ അഭിപ്രായപ്പെ ടുകയുണ്ടായി. ഈ പ്രത്യേകമായ ആവശ്യവുമായി സമീ പിക്കുന്നവര്‍ പലപ്പോഴും ഇതിനെക്കുറിച്ച് കാര്യമായ അറിവോ, അവബോധമോ ഇല്ലാ തെയാണ് വൈദികരെ സമീപിക്കുന്നതെന്നും മനസ്സിലായിട്ടുണ്ട്.
തുടര്‍ച്ചയായി മുപ്പത് ദിവസം പരി. കുര്‍ബാന അര്‍പ്പി ച്ചു മരിച്ചുപോയ ഒരാളുടെ ആത്മാവിനു നിത്യശാന്തിക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നതിനെയാണ് ഗ്രിഗോറിയന്‍ കുര്‍ബാന എന്നതുകൊണ്ടുദ്ദേശിക്കുന്നത്. ഇത് മരിച്ചുപോയ ഒരാളുടെ ആത്മാവിനു വേണ്ടി മാത്രമാണെന്നത് ശ്രദ്ധിക്കേണ്ടതാണ്.
590 മുതല്‍ 604 വരെ സഭയെ നയിച്ചിരുന്ന മഹാനായ ഗ്രിഗറി പാപ്പയുടെ പേരിലാണ് ഈ ഭക്തകൃത്യം അറിയപ്പെടുന്നത്. മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ബെനഡിക്‌ടൈന്‍ സന്ന്യാസിയായിരുന്നു ഗ്രിഗറി പാപ്പാ. അദ്ദേഹം പാപ്പായായി തിരഞ്ഞെടുക്കപ്പെടുന്നതിനു മുമ്പ് റോമിലെ വി. അന്ത്രയോസിന്റെ നാമത്തിലുള്ള ആശ്രമത്തില്‍ ജസ്റ്റസ് എന്നു പേരായ ഒരു സന്ന്യാസി ഉണ്ടായിരുന്നു. ദാരിദ്ര്യവ്രതത്തിനെതിരെ ഗൗരവമായ തെറ്റ് ചെയ്തതായി ബോധ്യ പ്പെട്ടതിനാല്‍ ജസ്റ്റസ് ശിക്ഷിക്കപ്പെട്ടു. വൈകാതെ അദ്ദേഹം മരിച്ചു. അദ്ദേഹം ചെയ്ത പാപം അദ്ദേഹത്തിന് സ്വര്‍ഗ്ഗം നഷ്ടപ്പെടുത്തുമോ എന്നും കൂടുതല്‍ സമയം ശുദ്ധീകരണ സ്ഥലത്ത് കിടക്കേണ്ടിവരുമോ എന്നും ഗ്രിഗറി അടക്കമുള്ള സന്ന്യാസികള്‍ ഭയപ്പെട്ടു. ഗ്രിഗറിയുടെ നിര്‍ദ്ദേശപ്രകാരം മുപ്പത് ദിവസം തുടര്‍ച്ചയായി ജസ്റ്റസിനുവേണ്ടി പരി. കുര്‍ബാന അര്‍പ്പിച്ചു പ്രാര്‍ ത്ഥിക്കാന്‍ തീരുമാനമായി. മുപ്പത് ദിവസം കഴിഞ്ഞപ്പോള്‍ ജസ്റ്റസ് തന്റെ ആശ്രമത്തിലെ മറ്റൊരു സഹോദരന് സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് താന്‍ ശുദ്ധീകരണസ്ഥലത്തു നിന്നും മോചിക്കപ്പെട്ടു എന്ന് സന്ദേശം നല്‍കിയതായാണ് വിശ്വസിക്കപ്പെടുന്നത്. അന്ന് മുതലാണ് മരിച്ചുപോയ ഏതെങ്കിലും ആത്മാവിനു നിത്യശാന്തി ലഭിക്കുന്നതിനായി ഈ പ്രത്യേകമായ ഭക്ത്യാഭ്യാസം അനുഷ്ഠിക്കുന്നത്.
മുപ്പതുദിവസത്തെ ഗ്രിഗോറിയന്‍ കുര്‍ബാനയര്‍പ്പ ണത്തില്‍ മുടക്കം വരരുതെന്നും അങ്ങനെ വന്നാല്‍ പിന്നെയും ആദ്യം മുതലേ ആ രംഭിക്കണമെന്നുമായിരുന്നു പഴയ നിഷ്‌കര്‍ഷകള്‍. അതുപോലെ തന്നെ ഒരേ വൈദീകന്‍ തന്നെ ബലിയര്‍പ്പിക്കണം എന്നും നിഷ്ഠയുണ്ടായിരുന്നു. കുര്‍ബാന അര്‍പ്പിക്കുന്നത് ഒരേ അള്‍ത്താരയില്‍ ആകണമെന്നും നിര്‍ബന്ധമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് അല്പം കൂടി ലാഘവത്വം നല്കപ്പെട്ടിട്ടുണ്ട്. ഏതെങ്കിലും വൈദീകര്‍ക്ക് രോഗമോ മറ്റ് അസൗകര്യമോ മൂലം ഏറ്റെടുത്ത കുര്‍ബാന അര്‍പ്പി ക്കാന്‍ സാധിച്ചില്ലെങ്കില്‍ അത് വേറെ ഒരു വൈദികനെ ഏല്‍പ്പിക്കാമെന്നും ഒരു അള്‍ത്താരയില്‍ തന്നെ ഈ കുര്‍ബാന അര്‍പ്പിക്കണമെന്ന് നിര്‍ബന്ധമില്ലെന്നും പുതിയ മാറ്റ ങ്ങള്‍ നിര്‍ദ്ദേശിക്കുന്നു.

പാരമ്പര്യമായി കൈമാറ്റം കിട്ടിയ ധാരാളം
ഭക്താനുഷ്ഠാനങ്ങള്‍ നമുക്കുണ്ട്. അതിന്റെ നന്മകള്‍
നഷ്ടപ്പെടുത്താതെ സൂക്ഷിക്കുക എന്നത് നമ്മുടെ
ഉത്തരവാദിത്വമാണ്. എന്നാല്‍ അറിവില്ലായ്മയും
ഗൗരവക്കുറവും മൂലം ഇത്തരത്തിലുള്ള
ഭക്താനുഷ്ഠാനങ്ങള്‍ ദുരുപയോഗിക്കപ്പെടുന്നുണ്ട്.


സാധാരണ ഇത്തരം കുര്‍ബാനകള്‍ ചൊല്ലാനായി ഇടവക വൈദീകര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. മുപ്പത് ദിവസം തുടര്‍ച്ചയായി ഒരേ ആള്‍ക്കുവേണ്ടി കുര്‍ബാന അര്‍പ്പിക്കാന്‍ ഒത്തിരി ആളുകളുള്ള ഇടവകകളില്‍ വൈദീകന് സാധിക്കാത്തതുകൊണ്ടാണ് അത്. അതിനാല്‍ സാധാരണ സന്ന്യാസ ആശ്രമങ്ങളിലോ, വൈദീക മന്ദിരങ്ങളിലോ, സെമിനാരികളിലോ ഒക്കെയാണ് ഈ കുര്‍ബാന ഏല്പിക്കപ്പെടുന്നത്.
ഗ്രിഗോറിയന്‍ കുര്‍ബാനയ്ക്ക് സാധാരണ കുര്‍ബാനയില്‍ നിന്നും അല്പം കൂടുതല്‍ പണം ആവശ്യപ്പെടാറുണ്ട്. 30 ദിവസം മറ്റ് ശുശ്രൂഷകള്‍ക്കൊന്നും പോകാതെ ഇത് മാത്രമായി ശുശ്രൂഷകള്‍ ചുരുക്കപ്പെടുന്നതിനാലാണ് ഇത് സംഭവിക്കുന്നത്.
ഗ്രിഗോറിയന്‍ കുര്‍ബാനകള്‍ ആവശ്യപ്പെടുന്നവര്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഗ്രിഗോറിയന്‍ കുര്‍ബാന മറ്റ് കുര്‍ബാനകളില്‍ നിന്ന് വ്യത്യസ്തമല്ല. അതില്‍ ആര്‍ക്കും പങ്കെടുക്കാവുന്നതാണ്. മരിച്ച ഒരാളുടെ ആത്മാവിനു വേണ്ടി പ്രാര്‍ത്ഥിക്കുന്നു എന്നത് മാത്രമാണ് അതിന്റെ സവിശേഷത. പ്രത്യേകമായ കര്‍മ്മങ്ങളോ പ്രാര്‍ത്ഥനകളോ ഒന്നും ഇതിലില്ല. ഒരാളുടെ ആത്മാവിനു വേണ്ടി മാത്രമാണ് ഇത് അര്‍പ്പിക്കുക. ഒരു കുടുംബത്തില്‍ നിന്ന് മരിച്ചുപോയ എല്ലാവര്‍ക്കും വേണ്ടി ഇത് അര്‍പ്പിക്കാറില്ല. മാത്രമല്ല, മറ്റ് യാതൊരു നിയോഗവും ഇതിനു ഉണ്ടായിരിക്കരുത്. ജോലി ലഭിക്കാനോ, കുട്ടികള്‍ ഉണ്ടാകുന്നതിനോ, വിവാഹ തടസ്സം മാറിക്കിട്ടുന്നതിനോ ഈ കുര്‍ബാന ആവശ്യപ്പെടാന്‍ പാടില്ല.
ഗ്രിഗോറിയന്‍ കുര്‍ബാന അര്‍പ്പിക്കപ്പെടുന്ന ദിവസങ്ങളില്‍ സാധിക്കുന്ന എല്ലാവരും മുഴുവന്‍ കുര്‍ബാനയില്‍ പങ്കുകൊള്ളുകയും കുടുംബ പ്രാര്‍ത്ഥന, കുമ്പസാരം, ജപമാല എന്നിവയില്‍ വീഴ്ച വരുത്താതിരിക്കാനും ശ്രദ്ധിക്കണം. അല്പം പണം നല്‍കി ഗ്രിഗോറിയന്‍ കുര്‍ബാന ഏല്‍പ്പിച്ചാല്‍ എല്ലാ കടമകളും തീര്‍ന്നു എന്ന് കരുതരുത്.
ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളെ പരി. ബലി യുടെ യോഗ്യതകളാല്‍ സഹായിക്കാമെന്ന് വിശ്വാസം വഴിയായി സാക്ഷ്യപ്പെടുത്തുന്ന അനുഷ്ഠാനമാണ് ഗ്രിഗോറിയന്‍ കുര്‍ബാനകള്‍. ശുദ്ധീ കരണസ്ഥലത്തിലെ സഹന സഭ, ഭൂമിയിലെ സമര സഭയുടെ സഹായത്താല്‍ സ്വര്‍ഗ്ഗത്തിലെ വിജയ സഭയാകുന്ന പരിണാമമാണ് ഇവിടെ സംഭ വിക്കുക.
എന്നാല്‍ അറിവില്ലായ്മയും ഗൗരവക്കുറവും മൂലം ഇത്തരത്തിലുള്ള ഭക്താനുഷ്ഠാനങ്ങള്‍ ദുരുപയോഗിക്കപ്പെടുന്നുണ്ട്. യാതൊരു തത്വദീക്ഷയുമില്ലാതെ ഗ്രിഗോറിയന്‍ കുര്‍ബാന ചൊല്ലാന്‍ ആവശ്യപ്പെട്ടു കൊണ്ട് പലരും സമീപിക്കാറുണ്ട്. കിണര്‍ കുഴിക്കുമ്പോള്‍ വെള്ളം കാണാനും, ജോലി ലഭിക്കാനും, പരീക്ഷ പാസാകാനും ഒക്കെ ഗ്രിഗോറിയന്‍ കുര്‍ബാന ആവശ്യപ്പെടുന്നവരുടെ എണ്ണം അനുദിനം കൂടുകയാണ്.
അതുപോലെ ചില കൗണ്‍സിലര്‍മാരും അല്മായരുമെല്ലാം പല പ്രശനങ്ങള്‍ക്കും പ്രതിവിധിയായി ഗ്രിഗോറിയന്‍ കുര്‍ബാനകള്‍ നിര്‍ദ്ദേശിക്കുന്നത് കണ്ടിട്ടുണ്ട്. ഇത് തെറ്റായ കീഴ്‌വഴക്കമാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയുള്ള ഇക്കാലയളവുകളില്‍ ഇങ്ങനെയുള്ള ഭക്താഭ്യാസങ്ങള്‍ ഒഴിവാക്കേണ്ടതാണ്. അതുപോലെ വീട്ടില്‍ നിന്ന് ആരുമരിച്ചാലും ഗ്രിഗോറിയന്‍ കുര്‍ബാന ആവശ്യപ്പെടുന്ന രീതിയും തിരുത്തപ്പെടണം. പ്രായമായ മാതാപിതാക്കള്‍ക്ക്, വേണ്ട സംരക്ഷണവും ഭൗതീകവും ആത്മീയവുമായ ആവശ്യങ്ങളും സാധിച്ചുകൊടുക്കുകയാണ് ആദ്യം വേണ്ടത്. അവര്‍ ജീവിച്ചിരിക്കുമ്പോള്‍ കാണിക്കാത്ത താല്പര്യവും തീഷ്ണതയും അവരുടെ മരണശേഷം കാണിക്കുന്നതില്‍ വലിയ അര്‍ത്ഥമില്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org