അമ്മയെ തിരിച്ചറിയാത്തത് എന്തുകൊണ്ട്?

പോള്‍ തേലക്കാട്ട്

കോവിഡ്-19 ന്റെ കാലമാണ്. ഒരു വസന്തയുടെ കഥയാണ് സോഫോക്ലീസ്സിന്റെ ഈഡിപ്പസ് രാജാവ്. തേബസ് എന്ന രാജ്യം വസന്തയിലായി. ഒന്നും വിളയുന്നില്ല, ആടുമാടുകള്‍ പെരുകുന്നില്ല, സ്ത്രീകള്‍ വന്ധ്യകളായിരിക്കുന്നു. വസന്തയുടെ കാരണക്കാരിയായ യക്ഷി (Sphinx) ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് നാട്ടുകാര്‍ക്കാര്‍ക്കും ഉത്തരം പറയാന്‍ കഴിഞ്ഞില്ല. വിദേശിയായ ഈഡിപ്പസ് യക്ഷിയെ നേരിട്ടു; ഉത്തരം പറഞ്ഞു, വസന്തയകന്നു. അയാള്‍ അവിടെ രാജാവായി; മുന്‍രാജാവിന്റെ രാജ്ഞിയെ വിവാഹം ചെയ്തു. പിന്നീട് ഉണ്ടായ വസന്തയില്‍ രാജാവ് ബലിയാടാക്കപ്പെട്ടു. കണ്ണുകുത്തി അന്ധനായി വിദേശത്ത് അലയുന്നവന്‍ പഴയ യക്ഷിയുടെ സാന്നിദ്ധ്യമറിഞ്ഞു. യക്ഷിയോട് ഈഡിപ്പസ് ചോദിച്ചു "എന്റെ അമ്മയെ എനിക്കു തിരിച്ചറിയാന്‍ കഴിയാതിരുന്നത് എന്തുകൊണ്ട്?" "നീ പറഞ്ഞ ഉത്തരം തെറ്റായിരുന്നു." രാവിലെ നാലു കാലിലും ഉച്ചയ്ക്കു രണ്ടു കാലിലും വൈകുന്നേരം മൂന്നു കാലിലും നടക്കുന്നതു ആരാണ് എന്നായിരുന്നല്ലോ ചോദ്യം. ഈഡിപ്പസ് പറഞ്ഞു "എന്റെ ഉത്തരമാണല്ലോ എല്ലാം മാറ്റിയത്?" "അല്ല, നീ എന്റെ ചോദ്യത്തിനു മനുഷ്യന്‍ (Man) എന്നാണ് ഉത്തരം പറഞ്ഞത്. നീ സ്ത്രീയെക്കുറിച്ച് ഒന്നും പറഞ്ഞില്ല." യക്ഷി പറഞ്ഞു. "മനുഷ്യനില്‍ സ്ത്രീയും ഉള്‍ക്കൊള്ളുന്നല്ലോ?" അവര്‍ പറഞ്ഞു "നീ അങ്ങനെ വിചാരിക്കുന്നു."

എന്തുകൊണ്ട് വസന്ത എന്നതിന് ഉത്തരത്തിന്റെ സൂചന നല്കുന്നതാണ് യക്ഷിയുടെ പരാമര്‍ശം. സമൂഹത്തിന്റെ സന്തുലിതാവസ്ഥ നഷ്ടമായിരിക്കുന്നു. വിരുദ്ധങ്ങള്‍ തമ്മില്‍ സന്തുലിതാവസ്ഥയുണ്ടാകണം. വിരുദ്ധങ്ങള്‍ അനിവാര്യമാണ്. രാത്രിയും പകലും സ്ത്രീയും പുരുഷനും പ്രകൃതിയും സംസ്‌കാരവും, വൈരൂപ്യവും സൗന്ദര്യവും ഇതൊക്കെ വിരുദ്ധങ്ങളാണ്. പക്ഷെ, രണ്ടും തമ്മില്‍ സമതുലനം വേണം. ജനനവും മരണവും തമ്മിലും ഈ ബാലന്‍സ് വേണം. സമതുലനം നഷ്ടമായാല്‍ സമൂഹത്തിന്റെ നിലനില്പ് അപകടത്തിലാകും. മരണത്തോളമെങ്കിലും ജനനമില്ലെങ്കില്‍ സമൂഹത്തില്‍ പ്രതിസന്ധികളായി… സ്ത്രീകള്‍ അസന്നിഹിതരായി, സാന്നിദ്ധ്യം മുഴവന്‍ പുരുഷന്റെയായാലും ഇതു സംഭവിക്കും. സ്ത്രീയെ ഇരുട്ടിലാക്കുന്ന പുരുഷമേധാവിത്വം പുരുഷനില്‍ സ്ത്രീയും ഉള്‍ക്കൊള്ളുന്നു എന്നു കരുതും. അതു സമൂഹത്തിന്റെ ആധിപത്യത്തിന്റെ സാധൂകരണമാണ്. ഏതു വസന്തയും സമൂഹവത്കരണത്തിന്റെ അകത്തുണ്ടാകുന്ന പ്രതിസന്ധിയാണ്. സ്ത്രീയെ അടിച്ചമര്‍ത്തുന്ന മനുഷ്യജീവിതവ്യാകരണമാണ് ഇവിടെ പ്രതിസന്ധിയിലാകുന്നത്. വന്ധ്യത സ്ത്രീയുടെ തിരിച്ചടിയാണ് പ്രകൃതിയുടെ കോപമാണ്. സ്ത്രീകള്‍ക്കു പുരുഷന്മാരാകേണ്ടി വരുമ്പോള്‍ സ്വാഭാവികമായ ദുരന്തം. സ്വാഭാവികമായി തോന്നുന്ന അതും വൈരുദ്ധ്യമായി മാറുന്നു. നാടകാവസാനത്തില്‍ ഈഡിപ്പസ് പറയന്നതും ഇതു തന്നെ. "എല്ലായിടത്തും വൃത്തികേടാണല്ലോ, എവിടെയാണ് അല്പമെങ്കിലും സൗന്ദര്യമുള്ളത് എനിക്കു കാണാന്‍?" ഈ വൈരൂപ്യത്തിന്റെ ഏകാധിപത്യമാണ് വസന്തയായി മാറുന്നത്.

നമ്മുടെ സമൂഹത്തിലും ഈ വസന്തയുടെ വൈരുദ്ധ്യം കാണാം. സമ്പത്തിന്റെ താത്പര്യം എല്ലാം താത്പര്യങ്ങളെയും ഭരിക്കുന്ന അവസ്ഥയിലാണ് നാം. സാമ്പത്തികശാസ്ത്രം എല്ലാ ശാസ്ത്രങ്ങളേയും നിയന്ത്രിക്കുകയാണ്. എല്ലാം കണക്കാക്കുന്ന ഒരു യുഗമാണിത്, കണക്കിന്റെ കമ്മട്ടത്തിലാണ് എല്ലാം നിര്‍ണ്ണയിക്കപ്പെടുന്നത് – അതാണ് കമ്പ്യൂട്ടര്‍ യുഗം. ഈ യുഗത്തില്‍ കവിതയ്ക്കു പ്രസക്തി ഇല്ലാതായിരിക്കുന്നു; മൂല്യങ്ങള്‍ അപ്രസക്തമായി അസന്നിഹിതവുമായി. കച്ചവടം എല്ലാ മൂല്യങ്ങളെയും ചവിട്ടിത്താഴ്ത്തി. ഇവിടെ എല്ലാം വിജയത്തിന്റെ മഹത്വവല്‍ക്കരണത്തിലാണ്. വിജയത്തിനേ മൂല്യമുള്ളൂ. കണക്കിന്റെ ആധിപത്യത്തില്‍ കണക്കില്ലാത്തത് അസന്നിഹിതമായി. ഒരു കിലോ തീയുടെ തൂക്കമെന്ത്? ഒരു ക്യൂബിക് അടി കാറ്റിന്റെ തൂക്കമോ? കണക്കില്ലാത്ത കാരുണ്യം ഏതു കണക്കില്‍പ്പെടുത്തും?

ഈ വസന്തയുടെ ദുരന്തമാണ് ഈഡിപ്പസ് നാടകം അവതരിപ്പിക്കുന്നത്. ദുരന്തം വസന്തയായി വരുന്നു – അതു സമൂഹത്തെ ബാധിക്കുന്ന പ്രതിസന്ധിയാണ്. ഈഡിപ്പസ് രാജാവ് വസന്തയകറ്റാന്‍ ശ്രമിച്ചു. ഉത്തരം പകുതി മാത്രം ശരിയായിരുന്നു, അയാള്‍ രാജാവായി. പക്ഷെ, അവിടെയും ദുരന്തം വായ്പിളര്‍ന്നു. ഈഡിപ്പസ് ഡല്‍ഫി ക്ഷേത്രകവാടത്തിലെ ആലേഖനം പ്രകാരം സ്വയം അറിയാനാണ് ശ്രമിച്ചത്. തന്നെത്തന്നെ അറിയുക എന്ന വാചകത്തിന്റെ പിന്നാലെയായിരുന്നു അദ്ദേഹം. പക്ഷെ, നാടകം അവസാനിക്കുമ്പോള്‍ ആ ജീവിതം വലിയ ദുരന്തമായി. അയാളുടെ യുക്തിയുടെ വഴി അയാളെ രക്ഷിച്ചില്ല. അയാള്‍ മൗലികമായ കാര്യങ്ങള്‍ അറിയാത്ത വിഡ്ഢിയായി. സ്വന്തം പിതാവിനെ അറിയാത്തവന്‍ പിതൃഘാതകനായി. അമ്മയെ അറിയാത്തവന്‍ അമ്മയെ ഭാര്യയാക്കി. സങ്കല്പിക്കാന്‍ പോലും കഴിയാത്ത വൈരുദ്ധ്യങ്ങള്‍ ദുരന്തങ്ങള്‍. പക്ഷെ, അയാള്‍ ധാര്‍മ്മികമായി കുറ്റക്കാരനാണോ? അല്ല. ഈ കുറ്റത്തില്‍ നിന്നു സമൂഹത്തിനു മാറി നില്‍ക്കാനാവുമോ? മതത്തിനും മാറി നില്‍ക്കാനാകില്ല. സമൂഹം സൃഷ്ടിച്ച ചില മാമൂലുകളും ആചാരങ്ങളും അയാളെ തന്തയും തള്ളയുമില്ലാത്തവനാക്കി. ഇത്തരം വിധികള്‍ സൃഷ്ടിച്ച ഒരു സംസ്‌കാരത്തിന്റെ ഇരയായി മാറിയ മനുഷ്യന്‍. സോഫോക്ലീസ്സിന്റെ നാടകത്തിന്റെ മര്‍മ്മവും അതിന്റെ ക്ലാസ്സിക്കല്‍ ജീനിയസ്സും ഇവിടെയാണ്. കുട്ടിയെ കൊല്ലാനും ഉപേക്ഷിക്കാനും കാരണമായത് ഒരു മതസസംസ്‌കാരവും അതിന്റെ പ്രവാചക വാക്കുകളുമാണ്. സ്വന്തം പിതാവിനെയും മാതാവിനെയും പീഡിപ്പിക്കുന്ന വഴിയില്‍ അയാളെ ആക്കിയത് ഒരു പാരമ്പര്യമാണ്. ഈ പ്രവാചക പാരമ്പര്യത്തിന്റെ പ്രവാചകനെ നിഷേധിക്കുന്നവനാണ് ഈഡിപ്പസ്. പക്ഷെ, ഈഡിപ്പസ് യക്ഷിയോടു പറഞ്ഞതില്‍ താന്‍ വിമര്‍ശിക്കുന്നത് അബോധത്തിന്റെ മുന്‍വിധിയായി നിലനിന്നു. സ്ത്രീയെ അവഗണിക്കുന്ന കാഴ്ചപ്പാടിന്റെ അന്ധത. ഇവിടെ അമ്മ പെങ്ങളെ തിരിച്ചറിയാത്തവനായി മാറി. ഇത് ഇന്നത്തെ മതപാരമ്പര്യങ്ങളിലും കാണാവുന്നതാണ്. ക്രൈസ്തവ സഭപോലും സ്ത്രീകളോടും കന്യാസ്ത്രീകളോടും ക്ഷമചോദിച്ച് പരിഹാരം ചെയ്യേണ്ട കാലമാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org