എന്തുകൊണ്ട് സമരിയാക്കാരന്‍

എന്തുകൊണ്ട് സമരിയാക്കാരന്‍

പോള്‍ തേലക്കാട്ട്

ആരാണ് അയല്‍ക്കാരന്‍ എന്ന ചോദ്യത്തിന് ഉത്തരമായി പറഞ്ഞ കഥയിലെ പ്രധാന കഥാപാത്രം സമരിയാക്കാരനാണ്, യഹൂദനല്ല. സമരിയാക്കാര്‍ യഹൂദ തനിമ കളഞ്ഞ് കുളിച്ചവരാണ്. അസ്സീറിയന്‍ അടിമത്തത്തില്‍ നാടുകടത്തപ്പെട്ടപ്പോള്‍ അസ്സീറിയായില്‍ വച്ച് മിശ്രവിവാഹത്തിലൂടെ വംശശുദ്ധി കളഞ്ഞവരാണ് സങ്കരവര്‍ഗ്ഗക്കാരായി മാറിയ സമറിയാക്കാര്‍. ആദ്യകാലങ്ങളില്‍ യഹൂദരുമൊത്തു അടുത്തു താമസി ച്ചപ്പോള്‍ അവരേയും യഹൂദരായി പരിഗണിച്ചിരുന്നു എന്നു പറയുന്നുണ്ട്. പിന്നീട് അവരെ യഹൂദരായി പരിഗണിച്ചിട്ടില്ല. അവര്‍ക്കു സ്വന്തമായ ക്ഷേത്രമോ മതസ്ഥാപനങ്ങളോ അനുഷ്ഠാനങ്ങളോ ഉണ്ടായിരുന്നില്ല. വര്‍ഗ്ഗശുദ്ധിപോയ രണ്ടാംകിടക്കാരായി മാത്രമാണ് അവരെ യഹൂദര്‍ പരിഗണിച്ചിരുന്നത്.
എന്നാല്‍ കഥയില്‍ വഴിയില്‍ ആക്രമിക്കപ്പെട്ട, കൊള്ള ചെയ്യപ്പെട്ടവന്റെ തനിമയുടെ ഒരു കാര്യവും കഥയിലില്ല. തനിമ – ജന്മം, മാതാപിതാക്കന്മാര്‍, നാട്, ഗോത്രം, വംശം എന്നിവയാണല്ലോ. ഇതൊന്നും പറയാത്ത വെറും മനുഷ്യന്‍. എന്നാല്‍ കഥയിലെ മറ്റെല്ലാവര്‍ക്കും തനിമയുണ്ട്, സ്വത്വമുണ്ട്. കഥയില്‍ ആക്രമിക്കപ്പെട്ടവനെ ശുശ്രൂഷിക്കുന്നതും സത്രത്തിലാ ക്കുന്നതും സമറിയാക്കാരനാണ്. എന്നാല്‍ അവനു മുന്‍പേ മുറിവേറ്റവനെ കണ്ട് കടന്നുപോയവര്‍ പുരോഹിതനും ലേവായനുമായിരുന്നു. മതത്തിന്റെ വ്യക്തമായ തനിമയുടെ സ്വത്വമുള്ളവരാണവര്‍. അവര്‍ കടന്നുപോയതു സ്വത്വബോധം മൂലവുമാകാം. ചത്തവനാണെങ്കില്‍ അവനെ തൊട്ടാല്‍ അശുദ്ധമാകാം. രക്തം തൊട്ടാലും അശുദ്ധിയുണ്ടാകാം. അതൊക്കെ മനു ഷ്യനെ ശുശ്രൂഷിക്കുന്നതില്‍ നിന്നു അവരെ തടയുന്നു. സ്വത്വം അവരെ അകറ്റിനിര്‍ത്തി. തൊട്ടുകൂടായ്മയുടെ സ്വത്വപരിപാലനം. എല്ലാ സ്വത്വരാഷ്ട്രീയത്തിന്റെ അള്‍ത്താരയിലും ബലി ചെയ്യപ്പെടുന്നതു മനുഷ്യത്വത്തിന്റെ ധര്‍മ്മമാണ്. യഹൂദ മതത്തിന്റെ കാതല്‍ പത്തു കല്പനകളുടെ വെളിപാടാണ്. യഹൂദ പാരമ്പര്യപ്രകാരം ഈ വെളിപാടിലൂടെ പത്തുകല്പനകള്‍ കൊടുത്തത് ഉടമസ്ഥനില്ലാത്ത സ്ഥലത്തുവച്ചാണ്. അതുകൊണ്ട് ഇസ്രയേല്‍ക്കാര്‍ക്ക് മറ്റുള്ളവരോട് "നിങ്ങള്‍ക്ക് ഇതില്‍ പങ്കില്ല" എന്നു പറയാനാവില്ല. അതുകൊണ്ട് ഇത് എല്ലാവര്‍ക്കും വേണ്ടി പരസ്യമായി പൊതു സ്ഥലത്തു നല്കപ്പെട്ടതാണ്. ഇതിനര്‍ത്ഥം പ്രമാണങ്ങള്‍ക്കു ദേശവര്‍ഗ്ഗജാതികളുടെ വേലികെട്ടാന്‍ പാടില്ലാത്തതാണ്.
മുറിവേറ്റവന്റെ അടുക്കല്‍ചെന്നു പരിചരിക്കാന്‍ നിര്‍ബന്ധിതമായ ഒരു കാര്യം സ്വന്തം തനിമ അഴിച്ചുമാറ്റുക എന്നതാണ്. ജാതി വര്‍ഗ്ഗങ്ങളുടെ തൊടല്‍ പാടില്ലാത്ത ആഢ്യഅനാഢ്യ വേഷങ്ങള്‍ അഴിച്ചുമാറ്റണം, സ്വന്തം വംശവും, ദാവീദിന്റെ കുലവും കടന്നുപോകാനാവാത്തവന് മുറിവേറ്റവനെ ശുശ്രൂഷിക്കാനാവില്ല. വംശശുദ്ധിയുടെ രാഷ്ട്രീയം റദ്ദാക്കിയാല്‍ മാത്രമേ മുറിവേറ്റവന് ആതിഥ്യം നല്കാനാവൂ. ഇസ്രായേല്‍ ഒരു രാജ്യമായപ്പോള്‍ അതിന്റെ പ്രവാചക സ്വഭാവം അപകടത്തിലായി എന്ന് ലെവീനാസ് എഴുതി. "വ്യക്തി നാടിനേക്കാള്‍ വിശുദ്ധമാണ്, വിശുദ്ധ നാടായാലും" അദ്ദേഹം കുറിച്ചു. സമറിയാക്കാരന്‍ ജാതിയും ഗോത്രവും മറന്നാണ് അവനെ ശുശ്രൂഷിച്ചത്. തൊടല്‍ അനുവദിക്കാത്ത ജാതി വര്‍ഗ്ഗതനിമകള്‍ അഴിച്ചു മാറ്റുകതന്നെ വേണം. ദൈവത്തിന്റെ കല്പന തൊട്ടു കൂടായ്മകളെ റദ്ദാക്കുന്നു.
ഈ ഉപമ കഥയാണ്. അതു തനിമയുടെ രാഷ്ട്രീയത്തിന്റെ വിമര്‍ശനവുമാണ്. ജാതിയില്‍ നങ്കുരമിട്ട യഹൂദര്‍ തങ്ങളുടെ ഗോത്രത്തിന്റെ അതിരുവിടലിനെയും യഹൂദ തനിമ ലംഘിക്കാതെയും സമറിയാക്കാരന്‍ ചെ യ്തത് സാധ്യമല്ല. നിനക്ക് മനുഷ്യത്വം വേണമെങ്കില്‍ മനുഷ്യനെ തൊ ടാനാവാത്ത തനിമയുടെ വെളിയില്‍ കടക്കണം. ആധുനിക യഹൂദന്റെ അയല്‍ക്കാരന്‍ അറബിയായിരിക്കും.
തൊടാന്‍ കഴിയാത്ത അതിരുകളും വേലികളും കടമ്പകളും പൊളിച്ചുമാറ്റണം. സമുദായബോധത്തിലും തനിമാബോധത്തിലും ജാത്യസിദ്ധമായ മഹിമകളിലും കുടുങ്ങി കഴിയുന്നവര്‍ക്ക് യേശുവിന്റെ ഉപമ വല്ലാത്ത പ്രതിസന്ധി സൃഷ്ടിക്കുന്നു. ഈ തനിമക്കാര്‍ക്കു ലെവീനാസ് പറയുന്നതുപോലെ കാമമില്ലാതെ സ്‌നേഹിക്കാനാവില്ല. സ്വന്തമായതിലേക്കല്ല ജീവിതയാത്ര – വിശ്വാസിക്ക് എപ്പോഴും പുറപ്പാട് യാത്രയാവണം. ധര്‍മ്മത്തിന്റെ ഭാഷ എല്ലാ ഭാഷകളിലേക്കും കടന്നുകയറുന്ന ഒരു സാര്‍വ്വത്രിക ഭാഷയാണ്. മനസ്സാക്ഷി എന്നതു സ്വന്തം ശക്തികളെ അതിലംഘിക്കുന്ന സമ്മര്‍ദ്ദശബ്ദമാണ്.
അപരന്‍ ഒരു വസ്തുവല്ല, ഒരു പ്രതിബന്ധമാണ്, തടസ്സം. സമറിയാക്കാരന്റെ യാത്രമുടക്കിയ തടസ്സം. മാത്രമല്ല അപരന്‍ എന്നെ ഭീഷണിപ്പെടുത്തുന്നു, വെല്ലുവിളിക്കുന്നു. അപരനെ ഉപയോഗിക്കാനുള്ള കാമത്തെ ഞാന്‍ ബലി ചെയ്യണം. "അങ്ങേയ്ക്കു ശേഷം…" എന്നു പറഞ്ഞ് അപരനെ അകത്തേക്ക് എതിരേറ്റപ്പോള്‍ ഞാന്‍ എന്റെ സ്വാഭാവിക പ്രകൃതിയെ വൃണപ്പെടുത്തുകയാണ്.
"എന്റെ വിശ്വാസം നഷ്ടമായി."
"ആരാ നിന്റെ വിശ്വാസം ചോദിച്ചത്?"
"ചോദിച്ചതു വിശ്വാസമല്ല, കര്‍മ്മമാണ്."
അതു മുളപൊട്ടിവരുന്നത് അകത്തെ നിലപാടില്‍നിന്നാണ്. താപസ്സമായ മാനവികത വിഷമം പിടിച്ച ആരാധനയുണ്ടാക്കും. ധര്‍മ്മം പ്രകൃതി വിരുദ്ധമാണ്. എന്റെ അസ്തിത്വത്തിനു മുന്‍ഗണന നല്കുന്നതില്‍ നിന്നു ഞാന്‍ എന്നെ വിലക്കുന്നു. എന്റെ തനിമ മറക്കാതെ നിന്നിലേക്കു എത്തില്ല. അപരനെക്കുറിച്ചുള്ള ആകുലതയാണ് ജീവിതത്തിന്റെ പ്രാഥമിക നിയമം. അതു കുടുംബം, ജാതി, കുലം ഇവയുടെ തനിമയാണ് തല്ലി ഉടയ്ക്കുന്നത്. അപരനുവേണ്ടി അനുസരിക്കുകയും വേദനിക്കുകയും ചെയ്യുന്നതിലുള്ള ചാരിതാര്‍ത്ഥ്യം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org