Latest News
|^| Home -> Pangthi -> കാഴ്ചപ്പാടുകൾ -> യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടാനും പ്രതിച്ഛായാനിര്‍മിതികള്‍

യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടാനും പ്രതിച്ഛായാനിര്‍മിതികള്‍

ഫാ. ജോര്‍ജ് നെല്ലിശ്ശേരി

ജനാധിപത്യമാണ് ഏറ്റവും മികച്ച ഭരണക്രമമെന്നു പറയുകയും തങ്ങളെല്ലാം ഉറച്ച ജനാധിപത്യവിശ്വാസികളാണെന്ന് അവകാശപ്പെടുകയും ചെയ്യുന്ന ആളുകളില്‍ നല്ല പങ്കും ശക്തനായ ഒരു നേതാവിനെ അനുഗമിക്കുവാന്‍ ആഗ്രഹിക്കുന്നവരാണ്. ശക്തനായ നേതാവ് കുറച്ചൊക്കെ ഏകാധിപത്യപ്രവണത കാണിക്കുന്നതില്‍ അവര്‍ അപാകതയൊന്നും കാണുകയില്ല. ജനങ്ങളുടെ ഈ ദ്വന്ദ്വാത്മകസമീപനം അറിയുന്ന ചില നേതാക്കന്മാര്‍ തങ്ങള്‍ക്കു ചില അമാനുഷശക്തികളുണ്ടെന്ന് അവകാശപ്പെട്ടേക്കാം. അവര്‍ അങ്ങനെ ഒരു പ്രതിച്ഛായ ബോധപൂര്‍വം സൃഷ്ടിച്ചെടുക്കും. ചില അനുയായികള്‍ അവര്‍ക്ക് എല്ലാവിധ പിന്തുണയും കൊടുക്കും. അനുയായികളുടെ ഭക്ത്യാദരവുകളും സ്തുതിവചനങ്ങളും മറ്റുള്ള ആളുകളെയും ഭക്തരാക്കി മാറ്റും. ഈ പ്രതിച്ഛായ ദീര്‍ഘകാലയളവില്‍ പ്രത്യേകിച്ച്, പ്രതിസന്ധികള്‍ നേരിടുമ്പോള്‍, നിലനിര്‍ത്തുക ദുഷ്കരമാണ്.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഇങ്ങനെയുള്ള ഒരു പ്രതിച്ഛായാപ്രതിസന്ധി നേരിടുകയാണ്. കരുത്തനായ നേതാവും പ്രഗത്ഭനായ ഭരണകര്‍ത്താവുമാണു പിണറായി വിജയന്‍ എന്നാണു സങ്കല്പം. പാര്‍ട്ടിയില്‍ എല്ലാ എതിര്‍പ്പുകളെയും മറികടന്നുകൊണ്ടു ദീര്‍ഘകാലം സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. ജനകീയനായ വി.എസ്. അച്യുതാനന്ദന്‍ നേതൃത്വം കൊടുത്ത എതിര്‍ ഗ്രൂപ്പിനെ അദ്ദേഹം ഛിന്നഭിന്നമാക്കി. അവസാനം മു ഖ്യമന്ത്രിസ്ഥാനം കൈക്കലാക്കി. വി.എസിനെ ഇപ്പോഴും പൂര്‍ണമായി അമര്‍ച്ച ചെയ്യാനായിട്ടില്ല എന്ന വസ്തുത അവശേഷിക്കുന്നു. നായനാര്‍ മന്ത്രിസഭയില്‍ പിണറായി വൈദ്യുതിമന്ത്രിയായിരുന്നു. ആ വകുപ്പു സാമാന്യം നന്നായി ഭരിച്ചുവെന്നു പറയാം. തന്‍റെ തീരുമാനങ്ങളോടു വിയോജിച്ചവരെ അദ്ദേഹം ഒതുക്കി. വിയോജിപ്പു ഫയലില്‍ രേഖപ്പെടുത്തിയ ഉദ്യോഗസ്ഥന്‍റെ തല കഴുകണമെന്നു കുറിപ്പെഴുതി. എസ്എന്‍സി ലാവ്ലിന്‍ കേസ് ആ ഭരണത്തിന്‍റെ ബാക്കിപത്രമാണെന്നതു മറന്നുകൂടാ.
ഇങ്ങനെയുള്ള പിണറായി വിജയന്‍ മുഖ്യമന്ത്രിയായപ്പോള്‍ ജനങ്ങള്‍ സ്വാഭാവികമായും കാര്യക്ഷമമായ ഭരണം പ്രതീക്ഷിച്ചു. മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുത്തതിനെത്തുടര്‍ന്ന് അദ്ദേഹം നടത്തിയ പ്രസ്താവനകള്‍ മനം കുളിര്‍പ്പിച്ചു. ഗവണ്‍മെന്‍റ് ഉദ്യോഗസ്ഥര്‍ കൃത്യമായി ജോലി ചെയ്യണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. വൈകി വന്നു ചായ കുടിച്ച്, നേരത്തെ ഇറങ്ങുന്ന രീതി തുടരാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ഫയലുകളില്‍ മനുഷ്യരുടെ ജീവല്‍ പ്രശ്നങ്ങളാണെന്നും അവയില്‍ വേഗം തീര്‍പ്പുണ്ടാകണമെന്നും അഭിപ്രായപ്പെട്ടു. ദേശീയപാതകള്‍ 45 മീറ്ററില്‍ വികസിപ്പിക്കും, ഭൂമി ഏറ്റെടുക്കാന്‍ വേണ്ട സത്വരനടപടികള്‍ സ്വീകരിക്കും എന്നിങ്ങനെ പല പ്രഖ്യാപനങ്ങളും നടത്തി. വിദ്യാഭ്യാസരംഗത്തെ കുഴഞ്ഞുമറിഞ്ഞ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന പ്രതീക്ഷയുണര്‍ന്നു. ഭരണത്തിലും പാര്‍ട്ടിയിലും വലിയ എതിര്‍പ്പില്ലാത്ത കരുത്തനായ മുഖ്യമന്ത്രി പിണറായി വിജയന്‍ വികസനരംഗത്തെ നായകനായി മാറാന്‍ പോകുന്നുവെന്ന പ്രതീതിയുണ്ടായി.
ഭരണം ഏറ്റെടുത്ത് എട്ടൊമ്പതു മാസം കഴിഞ്ഞപ്പോള്‍ എന്താണു സ്ഥിതി? സെക്രട്ടറിയേറ്റില്‍ ഫയലുകളൊന്നും നീങ്ങുന്നില്ല എന്നു സര്‍ക്കാര്‍തന്നെ സമ്മതിക്കുന്നു. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ സുപ്രധാന തീരുമാനങ്ങളൊന്നുമെടുക്കുന്നില്ല; പ്രത്യേകിച്ച്, സാമ്പത്തികമാനങ്ങളുള്ള തീരുമാനങ്ങള്‍ മന്ത്രിക്കു വിടുന്നു. രേഖാമൂലമുള്ള നിര്‍ദ്ദേശങ്ങള്‍ ഉണ്ടെങ്കിലേ ഉത്തരവിറക്കുന്നുള്ളൂ. വിജിലന്‍സ് ഡയറക്ടര്‍ തങ്ങളെ അനാവശ്യമായി കേസുകളില്‍ കുടുക്കുന്നുവെന്നാണ് അവരുടെ പ രാതി. അവര്‍ കൂട്ട അവധിയെടുത്തു പ്രതിഷേധിക്കാന്‍ തുടങ്ങിയതാണ്. മുഖ്യമന്ത്രി കര്‍ശനനിലപാടെടുത്തതുകൊണ്ട് അവര്‍ അതില്‍ നിന്നു പിന്മാറി. പക്ഷേ, അവരെ സാന്ത്വനിപ്പിക്കാന്‍ മുഖ്യമന്ത്രി ഒന്നും ചെയ്തില്ല. ഇവിടെയാണു പിണറായിയുടെ പ്രശ്നം. കര്‍ശന നിലപാടെടുക്കുന്നതൊക്കെ നല്ലത്. പക്ഷേ, കൂടെ പ്രവര്‍ത്തിക്കുന്നവരെ വിശ്വാസത്തിലെടുക്കണം. അവരെ ടീമായി കൊണ്ടുപോകാന്‍ കഴിയണം. ഐഎഎസുകാര്‍ പോയി തുലയട്ടെ എന്ന മട്ടു കാണിച്ചാല്‍ അവര്‍ അവരുടേതായ രീതിയില്‍ പ്രതികരിക്കും. അതു ഭരണത്തിന് ഏല്പിക്കുന്ന ക്ഷതം ചെറുതായിരിക്കുകയില്ല. വിജിലന്‍സ് ഡയറക്ടര്‍ ധനകാര്യ സെക്രട്ടറിക്കെതിരെ ചില നീക്കങ്ങള്‍ നടത്തി. വിജിലന്‍സ് ഡയറക്ടര്‍ തുറമുഖ ഡയറക്ടറായിരുന്നപ്പോള്‍ നടത്തിയ ചില ക്രമക്കേടുകള്‍ അദ്ദേഹം അന്വേഷിച്ചതാണ് പ്രകോപനം. ആ കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. ധനകാര്യ സെക്രട്ടറിയെ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞില്ല. പക്ഷേ, ഐഎഎസുകാരും ഐപിഎസുകാരും തമ്മിലുള്ള വടംവലി അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി നടപടി ഒന്നുമെടുത്തില്ല. ഇപ്പോഴും ആ ശീതസമരം തുടരുകയാണ്.
കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് ആരംഭിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ എടുത്തു. ജീവനക്കാരുടെയിടയില്‍ അതിനെതിരെ പ്രതിഷേധമുയര്‍ന്നു. അവരെ വിശ്വാസത്തിലെടുക്കാന്‍ മുഖ്യമന്ത്രി കാര്യമായൊന്നും ചെയ്തില്ല. അവരും മെല്ലെപ്പോക്കിലാണ്. ഉറച്ച തീരുമാനങ്ങള്‍ എടുത്താല്‍ മാത്രം പോരാ. അവരുടെ അനന്തരങ്ങളെ സൂക്ഷ്മമായി കൈകാര്യം ചെയ്യാനും കഴിയണം.
ചോദ്യം ചെയ്യപ്പെടാത്ത നേതാവായാണു പിണറായി മുഖ്യമന്ത്രി സ്ഥാനമേറ്റെടുത്തത്. ഇപ്പോള്‍ ചില മന്ത്രിമാര്‍ക്കുപോലും മുഖ്യമന്ത്രിയില്‍ വിശ്വാസമില്ലാത്തതുപോലെയാണ്. തിരുവനന്തപുരത്തെ ലോ അക്കാദമി പ്രശ്നത്തില്‍ സിപിഐ, സിപിഎമ്മിനും മുഖ്യമന്ത്രിക്കും എതിരാണ്. ബിജെപിയും യുഡിഎഫും സിപിഐയും മുഖ്യമന്ത്രിക്കെതിരെ സമരം ചെയ്യുകയാണ്. വിദ്യാഭ്യാസാവശ്യത്തിനുവേണ്ടി പതിച്ചുകൊടുത്ത സര്‍ക്കാര്‍ ഭൂമിയില്‍ സ്വകാര്യവ്യക്തി മറ്റു ബിസിനസ്സു തുടങ്ങിയെന്നതു വ്യക്തമാണ്. സിപിഐ ഭരിക്കുന്ന റവന്യൂവകുപ്പ് അതിന്മേല്‍ നടപടി ആരംഭിച്ചിരിക്കുകയാണ്. ദളിത് വിദ്യാര്‍ത്ഥികളെ ജാതി പ്പേരു വിളിച്ചാക്ഷേപിച്ചു, സ്വന്തം ഹോട്ടലില്‍ വിദ്യാര്‍ത്ഥികളെ പണിയെടുപ്പിച്ചു തുടങ്ങിയ ഗുരുതര ആ രോപണങ്ങള്‍ക്ക് വിധേയയായ ലക്ഷ്മിനായരെ രാജി വയ്പിക്കുന്നതിനു പകരം ചില വ്യക്തികളോടുള്ള പാര്‍ട്ടിക്കുള്ള താത്പര്യവും പിണറായി വിജയന്‍റെ സ്വഭാവത്തിനു സഹജമായിട്ടുള്ള ധാര്‍ഷ്ട്യവും നിമിത്തം ലോ അക്കാദമി പ്രശ്നം ഇന്നു മന്ത്രിസഭയെത്തന്നെ പിടിച്ചുകുലുക്കുന്ന വിഷയമായി മാറിയിരിക്കുന്നു.
കരുത്തനായ നേതാവ് എന്ന പിണറായി വിജയന്‍റെ ചുറ്റിലും നെയ്തിരിക്കുന്ന പ്രതിച്ഛായാ മുഖപടം അഴിഞ്ഞുവീഴുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

Leave a Comment

*
*