Latest News
|^| Home -> Pangthi -> നോമ്പിലെ ആഗ്രഹങ്ങള്‍ -> യാത്രക്കാരെ തേടുന്ന വഴി

യാത്രക്കാരെ തേടുന്ന വഴി

Sathyadeepam

ഫാ. വര്‍ഗ്ഗീസ് പെരുമായന്‍

“യേശുവാകുന്ന വഴിയിലെ യാത്രക്കാരനാകണം എനിക്ക്:
എന്നോടൊത്തുള്ള യാത്ര എല്ലാവര്‍ക്കും ആനന്ദത്തിന്‍റെ
അനുഭവമാകണം.”

പാരീസിലെ കത്തീഡ്രല്‍ ദേവാലയത്തില്‍ ഹന്നാന്‍ വെള്ളത്തൊട്ടിയിന്മേല്‍ യേശുവിനെക്കുറിച്ചു വിവിധ ഭാഷകളില്‍ എഴുതി വച്ചിരിക്കുന്നതു ശ്രദ്ധേയമാണ്. “ഞാനാകുന്നു വഴി; യാത്രക്കാരെ തേടുന്ന വഴി” (Iam the Way which Seeks Travellers) താനാകുന്ന വഴിയിലൂടെ സഞ്ചരിക്കുവാന്‍ യേശു എല്ലാവരെയും ക്ഷണിക്കുന്നുവെന്നു സാരം. ആ വഴിയിലൂടെ നാം നടക്കുമ്പോള്‍ യേശു നമ്മുടെ സഹയാത്രികനായി മാറുന്നു. അതേസമയം തന്നെ, മറ്റുള്ളവരുടെ ജീവിതവഴികളില്‍ നമ്മളും സഹയാത്രികരായി മാറുന്നു. യേശു നമ്മുടെയും നമ്മള്‍ മറ്റുള്ളവരുടെയും ജീവിതവഴികളില്‍ സഹയാത്രികരാകുന്നത് ഒരുമിച്ചു സംഭവിക്കുന്ന കാര്യങ്ങളാണ്. മറ്റുള്ളവരുടെ ജീവിതപാതകളില്‍ താങ്ങായിക്കൊണ്ടു മാത്രമേ നമുക്കു യേശുവാകുന്ന വഴിയിലൂടെ സഞ്ചരിക്കാനാകൂ. “എന്‍റെ ഏറ്റവും എളിയ ഈ സഹോദരന്മാരില്‍ ഒരുവനു നിങ്ങള്‍ ഇതു ചെയ്തുകൊടുത്തപ്പോള്‍ എനിക്കുതന്നെയാണു ചെയ്തുതന്നത്” (മത്താ. 25:40).
താനാകുന്ന വഴിയിലൂടെ സഞ്ചരിക്കുവാന്‍ യേശു നമ്മെ ക്ഷണിക്കുന്നത് എന്തിനുവേണ്ടിയാണ്? നമുക്ക് അവനോടുകൂടെ പങ്കുണ്ടാകുന്നതിനു വേണ്ടിയാണ് പാദം കഴുകുന്ന വേളയില്‍ എതിര്‍പ്പു പ്രകടിപ്പിച്ച പത്രോസിനോടു യേശു പറഞ്ഞത്: “ഞാന്‍ നിന്നെ കഴുകുന്നില്ലെങ്കില്‍ നിനക്ക് എന്നോടുകൂടെ പങ്കില്ല” (യോഹ. 13:8) എന്നാണ്. തന്‍റെ കുരിശുമരണവും ഉത്ഥാനവും വഴി മോശ നേടിയ രക്ഷയുടെ പങ്കു നമുക്കു ലഭിക്കണമെങ്കില്‍ നമ്മളും “അവന്‍ നടന്ന അതേ വഴിയിലൂടെ നടക്കേണ്ടിയിരിക്കുന്നു” (1. യോ ഹ. 2:6).
തന്നോടുകൂടെ പങ്കുണ്ടാകുന്നതിനുവേണ്ടി എല്ലാവരുടെയുംകൂടെ യാത്ര ചെയ്യുവാന്‍ ആഗ്രഹിക്കുന്നവനാണു യേശു. സുവിശേഷങ്ങളില്‍ എത്രയോ പേരുടെ സഹയാത്രികനായാണു യേശുവിനെ നാം കാണുന്നത് – നിക്കോദേമൂസ്, സക്കേവൂസ്, എമ്മാവൂസിലേക്കു പോയ ശിഷ്യന്മാര്‍, മഗ്ദലന മറിയം, സമരിയാക്കാരി സ്ത്രീ, മര്‍ത്താമറിയം സഹോദരിമാര്‍, നല്ല കള്ളന്‍, ചുങ്കക്കാര്‍, കുഷ്ഠരോഗികള്‍… അവരുടെയെല്ലാം കണ്ണീരിന്‍റെയും നിരാശയുടെയും വഴിയില്‍ യേശു കൂടെയുണ്ടായിരുന്നു. യൂദാസിന്‍റെയും ഇടതുവശത്തെ കള്ളന്‍റെയും പീലാത്തോസിന്‍റെയുമെല്ലാം സഹയാത്രികനായിരുന്നു യേശു. പക്ഷേ, കൂടെ നടന്നവന്‍റെ വചനം കേട്ടു ഹൃദയം ജ്വലിക്കുവാനോ അപ്പം മുറിക്കപ്പെടുന്നതുകണ്ടു കണ്ണുകള്‍ തുറക്കപ്പെടുവാനോ അവര്‍ ക്കു സാധിച്ചില്ല എന്നു മാത്രം. യേശുവിന്‍റെ രക്തത്തില്‍ ഒരു പങ്കുമില്ലെന്നു പറഞ്ഞു കൈകള്‍ കഴുകി സത്യത്തിന്‍റെ തീര്‍ത്ഥാടനത്തില്‍ നിന്നും സ്വയം ഒഴിഞ്ഞുമാറുകയായിരുന്നു പീലാത്തോസ്.
ആരെങ്കിലുമൊക്കെ യാത്ര ചെയ്താല്‍ മാത്രമേ ഒരു വഴി, വഴിയാകുന്നുള്ളൂ. എന്‍റെ വഴിയില്‍ സഹയാത്രികരാകാന്‍ എത്ര പേര്‍ സ്വമേധയാ തയ്യാറാണ്? എന്‍റെ കൂടെ യാത്ര ചെയ്യാന്‍ നിയോഗം ലഭിച്ചവര്‍ – ജീവിതപങ്കാളി, മക്കള്‍, മാതാപിതാക്കള്‍, സഹോദരങ്ങള്‍, സഹപ്രവര്‍ത്തകര്‍… സന്തോഷത്തോടെയാണോ എന്‍റെ ഒപ്പമായിരിക്കുന്നത്. ജീവിതത്തില്‍ ചിലരുടെ കൂടെ കുറച്ചു ദൂരമെങ്കിലും യാത്ര ചെ യ്യാന്‍ സാധിക്കുന്നത് എത്രയോ വലിയ ഭാഗ്യമായാണു നാം കരുതുന്നത്. അവരെയൊക്കെ ജീവിതത്തില്‍ കണ്ടുമുട്ടിയതും പരിചയപ്പെടാന്‍ സാധിച്ചതും നന്ദിയോടെ മാത്രമേ നമുക്ക് ഓര്‍മ്മിക്കാനാകൂ. എന്‍റെ കൂടെ യാത്ര ചെയ്യാനാകുന്നതു വലിയ ഭാഗ്യമായി മറ്റുള്ളവര്‍ കരുതണമെങ്കില്‍ സ്നേഹിക്കപ്പെടുന്നതിന്‍റെ അനുഭവം അവര്‍ക്കു സമ്മാനിക്കാനാകണം. എന്നെ സ്നേഹിക്കുന്നതും എന്‍റെ കൂടെ നടക്കുന്നതും മറ്റുള്ളവര്‍ക്കു ഞാന്‍ ഓരോ ദിവസവും കൂടുതല്‍ എളുപ്പമാക്കി കൊടുക്കണം. എന്‍റെ വ്യക്തിത്വ വൈകല്യങ്ങള്‍ നിമിത്തം രൂപപ്പെടുന്ന ഒറ്റയാന്‍ ശൈലി എന്‍റെ കൂടെ നടക്കുന്നതില്‍ നിന്നു മറ്റുള്ളവരെ പിന്തിരിപ്പിക്കുന്നുണ്ടാകാം. അല്ലെങ്കില്‍, വളരെ ഭാരത്തോടെ ആയിരിക്കാം മനമില്ലാ മനസ്സോടെ അവര്‍ എന്‍റെ കൂടെ സഞ്ചരിക്കുന്നത്.
നോമ്പുകാലത്തെ ഏഴാമത്തെ ആഗ്രഹമിതാണ്: “യേശുവാകുന്ന വഴിയിലെ യാത്രക്കാരനാകണം എനിക്ക്: എന്നോടൊത്തുള്ള യാത്ര എല്ലാവര്‍ക്കും ആനന്ദത്തിന്‍റെ അനുഭവമാകണം.”
യേശുവേ, നീയാകുന്ന വഴിയിലൂടെ സഞ്ചരിക്കുവാനും നിന്നോടുകൂടെ പങ്കുണ്ടാകുവാനും എന്നോടൊത്തു യാത്ര ചെയ്യുന്നവര്‍ക്കു സ്നേഹസാന്നിദ്ധ്യമാകാനും എന്നെ അനുഗ്രഹിക്കണമേ.
നമ്മുടെ നോമ്പുകാല ആഗ്രഹങ്ങള്‍ കാണുമ്പോഴുള്ള യേശുവിന്‍റെ ചോദ്യമിതായിരിക്കാം: “ഞാന്‍ കുടിച്ച പാനപാത്രം കുടിക്കാന്‍ നിങ്ങള്‍ക്കു കഴിയുമോ?” നമുക്കു കഴിയുമെന്ന ഉത്തരം കേള്‍ക്കാനാണു യേശുവിനിഷ്ടം.

Leave a Comment

*
*