സത്യത്തിന്റെ പാതയിലെ സംപൂജ്യങ്ങള്‍

സത്യത്തിന്റെ പാതയിലെ സംപൂജ്യങ്ങള്‍

പോള്‍ തേലക്കാട്ട്

13-ാം നൂറ്റാണ്ടിലെ ലോകം മുഴുവന്‍ ബാധിച്ച ഒരു നവീന ചിന്തയുടെ ശ്രോതസ്സ് ഇറ്റലിക്കാരനായ ജൊവാക്കി ഫിയോരെ (1135-1202) ആയിരുന്നു. ഫ്രാന്‍സിസ്‌ക്കന്‍ സന്യാസ പാരമ്പര്യത്തിലെ ഒരു സന്യാസ സമൂഹത്തിന്റെ അദ്ധ്യക്ഷനായിരുന്നു അദ്ദേഹം. മൂന്നു യുഗങ്ങളെക്കുറിച്ചുള്ള ദര്‍ശനമാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. പിതാവായ ദൈവത്തിന്റെ പഴയ നിയമയുഗമാണ് പ്രഥമം. രണ്ടാം യുഗം യേശുക്രിസ്തുവിന്റെ സുവിശേഷത്തിന്റെയാണ്. ഈ യുഗം അന്തിക്രിസ്തുവില്‍ അവസാനിക്കുന്നു. മൂന്നാമത്തെ യുഗം പരിശുദ്ധാത്മാവിന്റെയാണ്. അതു ഫ്രാന്‍സിസ്‌ക്കന്‍ സന്യാസി മാര്‍പാപ്പയാകുന്നതോടെ ആരംഭിക്കുന്നു. അതു വെളിപാട് പുസ്തകത്തില്‍ (14:6) പറയുന്ന ദൂതന്‍ സംവഹിക്കുന്ന "സനാതന സുവിശേഷ"ത്തിന്റെയായിരിക്കും.
ഡാന്റെയുടെ ഡിവൈന്‍ കോമഡി ജൊവാക്കിമിനെ പറുദീസയില്‍ ആക്കി പരാമര്‍ശിക്കുന്നു. ഇദ്ദേഹത്തിന്റെ സമ്പുഷ്ടമായ കാല്പനികത സ്വാധീനിച്ച പല സാഹിത്യകാരന്മാരും കവികളുമുണ്ട്. വില്യം ബ്ലേക്ക് അവരിലൊരുവനാണ്. വില്യം ബ്ലേക്ക് "സനാതന സുവിശേഷ"ത്തില്‍ അവതരിപ്പിക്കുന്ന ക്രിസ്തു ചരിത്രത്തിലെ യേശുവല്ല. ആത്മീയനായ ആ ക്രിസ്തുവാണ്. ഈ ക്രിസ്തു മോശയുടെ നിയമങ്ങളെ അസാധുവാക്കുന്നു; ധാര്‍മ്മികതയെ മറികടക്കുന്നു. അദ്ദേഹം എഴുതി "നീയാണു മനുഷ്യന്‍, ഇനി ദൈവം ഇല്ല. നിന്റെ മാനവീകതയെ ആരാധിക്കാന്‍ പഠിക്കുക." "നല്ലവനാകുക എന്നാല്‍ ദൈവമാകുകയാണ്."
1215-ല്‍ നടന്ന നാലാം ലാറ്ററന്‍ സൂനഹദോസ് ജൊവാക്കിമിന്റെ ദര്‍ശനങ്ങളെ പാഷണ്ഡതയായി വിധിച്ചു. അപ്പോഴേയ്ക്കും അദ്ദേഹം മരിച്ചിരുന്നു. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയായ ജോസഫ് റാറ്റ്‌സിംഗര്‍ ജൊവാക്കിമിന്റെ പാഷണ്ഡതയെക്കുറിച്ച് എഴുതിയതു ശ്രദ്ധേയമാണ്. "ഏതു പാഷണ്ഡതയും വിശ്വാസസത്യത്തിന്റെ ചിത്രത്തിലെ ഒരു പൂജ്യമാണ് (Every heresy in history of …dogma is a cipher for an abiding truth") നിലനില്ക്കുന്ന സത്യത്തിന്റെ പൂജ്യം."
ഇവിടെ പൂജ്യം എന്നതുകൊണ്ട് ഗണിതശാസ്ത്രത്തിന്റെ ശൂന്യത്തെ സൂചിപ്പിക്കുന്നു. അതിന് സ്വന്തമായ ഉള്ളടക്കമില്ല. സത്യത്തിലേക്കു സംപൂജ്യമായ അടയാളങ്ങളുണ്ട്. അടയാളങ്ങളുടെ ഉള്ളടക്കമല്ല, സൂചനയാ ണ് പ്രധാനം. സത്യത്തിലേക്കുള്ള പാത ഇങ്ങനെ സംപൂജ്യമായ നിഴലുകളിലൂടെയാണ്; അടയാളങ്ങ ളിലൂടെയാണ്. ഈ അടയാളമല്ല, അടയാളത്തിന്റെ ഉള്ളടക്കമല്ല സത്യം. അ തുകൊണ്ട് തന്നെ വിശു ദ്ധ ബൊനവഞ്ചെര്‍ തന്റെ ദൈവശാസ്ത്രത്തില്‍ ജോവാക്കിമിന്റെ കാവ്യദര്‍ശനങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്നു. വിശ്വാസസത്യങ്ങള്‍ ഇങ്ങ നെ സംപൂജ്യ അടയാള ങ്ങളിലൂടെ അവതരിപ്പിക്കുന്നു. പൂജ്യം ശുദ്ധ ശൂന്യതയാണ്. അതു ചൂണ്ടുന്നു. അതിനപ്പുറം ഈ അടയാളത്തെ എടുത്താല്‍ അടയാളത്തെ സത്യമായി കരുതുന്ന വിഗ്രഹാരാധനയാകും.
"സുവിശേഷം" എന്ന പദം ഇങ്ങനെ ഒരു പൂജ്യമാണ്. അതിനു അര്‍ത്ഥമുണ്ടാകുന്നത് നാല് എഴുതപ്പെട്ട സുവിശേഷങ്ങളും യേശുക്രിസ്തുവുമായി ബന്ധപ്പെടുമ്പോഴാണ്. വസ്തുനിഷ്ഠമായി അതില്‍ ഒന്നും ചേര്‍ക്കാനില്ല. അത് അടഞ്ഞ പുസ്തകമാണ്. പക്ഷെ, അതിന്റെ അര്‍ത്ഥം അടഞ്ഞതല്ല തുറന്നു കിടക്കുന്നു. അവിടെ അറിവില്‍ വളര്‍ച്ചയും വികാസവുമുണ്ട്. സുവിശേഷങ്ങളെക്കുറിച്ചും യേശുവിനെക്കുറിച്ചും അറിവ് വികസി ക്കും. ഇവിടെ പുതുമകള്‍ ഉണ്ടാകും, ചരിത്രം ആവര്‍ത്തിക്കാം, പക്ഷെ, ചരിത്രം ഇരട്ടിക്കുകയല്ല. പുതുമകള്‍ സത്യത്തിലേക്കു നയിക്കുന്ന സംപൂജ്യ അടയാളങ്ങള്‍ ആണ്. ചരിത്രം വീണ്ടും വീണ്ടും ആവര്‍ത്തിച്ചേക്കാം, പക്ഷേ, അതു പഴയതിന്റെ ഇരട്ടിക്കലല്ല. ഫ്രാന്‍സിസ് അസ്സീസിയെ രണ്ടാം ക്രിസ്തു എന്നു പറയുന്നു, ക്രിസ്തു ആവര്‍ത്തിക്കുന്നു, ഇരട്ടിക്കുകയല്ല.
യഹൂദരുടെ ജറുസലേം ദേവാലയത്തിന്റെ നാശത്തിനു ശേഷം ദേവാലയം പണിതില്ല. അവര്‍ അതു ആവര്‍ത്തിച്ചതു പകരം ഉണ്ടാക്കിയാണ്. അതാണ് ഹെലാകിക് പാരമ്പര്യം. ദേവലായം അവിടെ "നടപ്പ്" (walking) ആകുന്നു. അനുദിന ജീവിതചര്യയുടെ ഭാഗമാണ് ദേവാലയം. ജീവിതത്തിന്റെ നടപ്പ് തീര്‍ക്കുന്ന സത്യം. ബലിയുടെ ആവര്‍ത്തനമായി വായന; അതു ഇരട്ടിപ്പില്ല, ബലിയുടെ പകരമാണ്. ആദിമ ക്രൈസ്തവര്‍ ക്രിസ്തുവിന്റെ രണ്ടാമത്തെ ആഗമനം ഉടന്‍ ഉണ്ടാകുമെന്നു കരുതി. അതു പിന്നെ കാത്തിരിപ്പും പ്രതീക്ഷയുമായി തുടര്‍ന്നു. ഇവിടെ ശ്രദ്ധേയമായതു നാം പുലര്‍ത്തേണ്ട വിവേകമാണ്. പാഷണ്ഡതയാരോപിച്ച് എത്രയോ പേരെയാണ് കൊന്നിട്ടുള്ളത്. ഈ വേട്ട അക്രൈസ്തവമാണ് എന്നു മാത്രമല്ല സത്യത്തിലേക്കു നാം നിഴലുകളിലൂടെയും അടയാളങ്ങളിലൂടെയും നീങ്ങുന്നു എന്നതു ധരിക്കാതെയാണ്. പൂജ്യമായതു സ്വയം കാണിക്കുകയല്ല, മറ്റെന്തോ കാണിക്കുന്ന, കാണിക്കാനുള്ളതിനെ ഭൗതികമാക്കാതെ കാണിക്കാന്‍ കാണിക്കുന്ന അടയാളം ശൂന്യമാകണം – എന്നാല്‍ മാത്രമേ അതു പൂജ്യമാകൂ. പൂജ്യമാകുന്നതു ശൂന്യതയല്ല, അതു സൂചിപ്പിക്കുന്നതാണ്. ദൈവം എന്ന വാക്കില്‍ ദൈവമില്ല. വാക്കിനെ ദൈവമാക്കുന്നവര്‍ വാക്കിനെ സത്യമാക്കി സത്യത്തിനുവേണ്ടി രക്തസാക്ഷികളെ ഉണ്ടാക്കുന്നു. സത്യത്തിന്റെ സംരക്ഷണത്തിന് സത്യത്തിന്റെ മുഖം മൂടിവച്ച യോദ്ധാക്കള്‍ ഉണ്ടാകുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org