‘പാപ്പാ ഫ്രാന്‍സിസ്’: ആമസോണ്‍ നദിയിലെ ഒഴുകുന്ന ആശുപത്രി സേവനമാരംഭിച്ചു

‘പാപ്പാ ഫ്രാന്‍സിസ്’: ആമസോണ്‍ നദിയിലെ ഒഴുകുന്ന ആശുപത്രി സേവനമാരംഭിച്ചു

ആമസോണ്‍ നദീതടത്തിലെ നിര്‍ധനരായ ആളുകള്‍ക്കു ചികിത്സാസഹായം നല്‍കുന്നതിനായി കത്തോലിക്കാസഭ വലിയൊരു ബോട്ടില്‍ സജ്ജമാക്കിയിരിക്കുന്ന സഞ്ചരിക്കുന്ന ആശുപത്രി പ്രവര്‍ത്തനമാരംഭിച്ചു. ബോട്ടിന് പാപ്പാ ഫ്രാന്‍സിസ് എന്നാണു പേരു നല്‍കിയിരിക്കുന്നത്. വി. ഫ്രാന്‍സിസ് അസീസിയുടെ നാമത്തിലുള്ള ഒരു ലാറ്റിനമേരിക്കന്‍ സന്യാസ സമൂഹവും പ്രാദേശിക രൂപതയും ചേര്‍ന്നാണ് ബോട്ടിലെ ആശുപത്രി പുഴയിലിറക്കിയത്. ബ്രസീലിയന്‍ ഭരണകൂടത്തിന്‍റെ സഹായവും ലഭിച്ചിട്ടുണ്ട്.

32 മീറ്റര്‍ നീളമുള്ള ബോട്ടിലെ ആശുപത്രിയില്‍ ഓപറേഷന്‍ തിയേറ്ററും ലാബും എക്സ്-റേ, സ്കാനിംഗ്, ഇസിജി, മാമ്മോഗ്രാം തുടങ്ങിയ പരിശോധനകള്‍ക്കുള്ള സൗകര്യവും ഉണ്ട്. 20 വൈദ്യശാസ്ത്ര സന്നദ്ധ പ്രവര്‍ത്തകരും 10 ബോട്ട് ജീവനക്കാരുമാണ് ബോട്ടിലുള്ളത്. സന്യാസസമൂഹത്തിലെ അംഗമായ ഒരു ഡയറക്ടറും ഉണ്ടായിരിക്കും. ഓരോ യാത്രയും പത്തു ദിവസം നീണ്ടു നില്‍ക്കുന്നതായിരിക്കും.

ബോട്ടിന്‍റെ ഉദ്ഘാടനകര്‍മ്മത്തിനു ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദേശമയച്ചിരുന്നു. വെള്ളത്തിനു മീതെ നടക്കുകയും കടലിനെ ശാന്തമാക്കുകയും ശിഷ്യരുടെ വിശ്വാസത്തെ ശക്തിപ്പെടുത്തുകയും ചെയ്ത ക്രിസ്തുവിനെ പോലെ, സഹായമര്‍ഹിക്കുന്ന മനുഷ്യര്‍ക്ക് ആശ്വാസവും സമാധാനവുമെത്തിക്കാന്‍ ഈ ബോട്ടിനു കഴിയട്ടെയെന്നു കത്തില്‍ മാര്‍പാപ്പ ആശംസിച്ചു. സഭയെ എപ്പോഴും യുദ്ധരംഗത്തെ ആശുപത്രിയോട് ഉപമിക്കാറുളള മാര്‍പാപ്പ, ഇനി സഭയെ ജലത്തിലെ ആശുപത്രിയായും കാണാമെന്ന് അഭിപ്രായപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org