പാപ്പാ മൊറോക്കോയിലേക്ക് കുടിയേറ്റപ്രശ്നത്തിന് ഊന്നല്‍

പാപ്പാ മൊറോക്കോയിലേക്ക് കുടിയേറ്റപ്രശ്നത്തിന് ഊന്നല്‍

മാര്‍ച്ച് അവസാന ദിനങ്ങളില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ മൊറോക്കോ സന്ദര്‍ശിക്കുമ്പോള്‍ കുടിയേറ്റക്കാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് ഊന്നലേകുമെന്ന് മൊറോക്കോയിലെ മെത്രാന്മാര്‍ കരുതുന്നു. ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്ന് യൂറോപ്പിലേക്ക് കടക്കാനാഗ്രഹിക്കുന്ന അഭയാര്‍ത്ഥികള്‍ താവളമാക്കുന്ന രാജ്യമാണ് മൊറോക്കോ. ഇതൊരു മുസ്ലീം ഭൂരിപക്ഷ രാജ്യമാണ്. ഇവിടെ വന്നുപെടുന്നവരില്‍ നല്ലൊരുപങ്കു കുടിയേറ്റക്കാരും ക്രൈസ്തവരാണ്. ദരിദ്രരാജ്യമായ മൊറോക്കോയിലെത്തുന്ന കുടിയേറ്റക്കാര്‍, യൂറോപ്പിലേക്കു കടക്കുന്നതുവരെ അതീവ ദയനീയമായ സാഹചര്യങ്ങളിലാണ് കഴിയുന്നതെന്ന് മൊറോക്കോയിലെ ടിംഗിയര്‍ ആര്‍ച്ചുബിഷപ് സാനിയാഗോ മാര്‍ട്ടിനെസ് പറഞ്ഞു. കുടിയേറ്റക്കാര്‍ക്ക് ചില സഹായങ്ങളൊക്കെ ചെയ്യാന്‍ മൊറോക്കന്‍ സഭയ്ക്കു കഴിയുന്നുണ്ടെങ്കിലും അവര്‍ക്ക് അവശ്യം വേണ്ട ഒരു കാര്യം നല്കാനാവുന്നില്ല – അവര്‍ അര്‍ഹിക്കുന്ന ആദരവാണത്. അവര്‍ മനുഷ്യരാണ്, മൃഗങ്ങളല്ലല്ലോ – ആര്‍ച്ചുബിഷപ് പറഞ്ഞു. മാര്‍പാപ്പയുടെ സന്ദര്‍ശനം ഈ സാഹചര്യങ്ങളെ മെച്ചപ്പെടുത്തുമെന്ന പ്രത്യാശ അദ്ദേഹം പങ്കുവച്ചു. ഈ വര്‍ഷം ഇതുവരെ 47500 കുടിയേറ്റക്കാരാണ് കടല്‍ മാര്‍ഗ്ഗം സ്പെയിനിലെത്തിയത്. ഇവരില്‍ 564 പേരെ യാത്രയ്ക്കിടെ കടലില്‍ കാണാതായി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org