റോമിലെങ്ങും പാപ്പായെ പ്രകീര്‍ത്തിക്കുന്ന പോസ്റ്ററുകള്‍

റോമിലെങ്ങും പാപ്പായെ പ്രകീര്‍ത്തിക്കുന്ന പോസ്റ്ററുകള്‍

ഈസ്റ്റര്‍ ദിനങ്ങളില്‍ റോമിലെങ്ങും ഫ്രാന്‍സിസ് മാര്‍പാപ്പയെ പ്രകീര്‍ത്തിക്കുന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. യേശുക്രിസ്തുവും ബൈബിളും ആവശ്യപ്പെടുന്ന തരത്തില്‍ സ്നേഹവും കരുണയുമുള്ള ശരിയായ ക്രൈസ്തവ ഇടപെടല്‍ സമൂഹത്തില്‍ നടത്തുന്നതിനു മാര്‍പാപ്പയ്ക്കു നന്ദി പറയുന്ന നൂറു കണക്കിനു പോസ്റ്ററുകളാണ് നഗരത്തില്‍ പതിച്ചിട്ടുള്ളത്. ഗ്ലോബല്‍ ടോളറന്‍സ് ഇനിഷ്യേറ്റീവ് എന്ന സംഘടനയാണ് പോസ്റ്ററുകള്‍ തയ്യാറാക്കിയിട്ടുള്ളത്. 2017-ലെ 'ആഗോള സഹിഷ്ണുതാ നായകന്‍' ആയി ഫ്രാന്‍സിസ് മാര്‍പാപ്പയെ ഇവര്‍ തിരഞ്ഞെടുത്തിരിക്കുന്നു.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ജ്ഞാനപൂര്‍ണമായ ഉപദേശങ്ങള്‍ പിന്തുടരാനും വി. ബൈബിള്‍ തുറന്ന കണ്ണുകളോടും ഹൃദയങ്ങളോടും മനസ്സുകളോടും കൂടി വായിക്കാനും ലോകത്തിലെ എല്ലാ കര്‍ദ്ദിനാള്‍മാരോടും മെത്രാന്മാരോടും വൈദികരോടും ഈ പോസ്റ്ററുകള്‍ ആഹ്വാനം ചെയ്യുന്നു. ചിന്തിക്കുന്ന ഹൃദയത്തോടും സ്നേഹിക്കുന്ന മനസ്സോടും കൂടി സഭയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ക്രൈസ്തവരോട് അഭ്യര്‍ത്ഥിക്കുന്ന പോസ്റ്ററുകള്‍ ഇംഗ്ലീഷ്, ഇറ്റാലിയന്‍ ഭാഷകളിലാണ് തയ്യാറാക്കിയിട്ടുള്ളത്. മാര്‍പാപ്പയുടെ കൂരിയാ പരിഷ്കരണ ശ്രമങ്ങളെ വിമര്‍ശിക്കുന്ന ഏതാനും പോസ്റ്ററുകള്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ നഗരത്തില്‍ പതിച്ചിരുന്നു. അനുമതിയില്ലാതെയാണു പോസ്റ്ററുകള്‍ പതിപ്പിച്ചതെന്നു ചൂണ്ടിക്കാട്ടി നഗരാധികൃതര്‍ അവ നീക്കം ചെയ്തിരുന്നു. എന്നാല്‍ ഇവ നഗരാധികൃതരുടെ അനുമതിമുദ്രയോടെയാണ് പതിച്ചിരിക്കുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org