ആത്മരതി ഉപേക്ഷിച്ച് അപരനിലേയ്ക്കു നോക്കണമെന്ന് യുവജനങ്ങളോടു മാര്‍പാപ്പ

ആത്മരതി ഉപേക്ഷിച്ച് അപരനിലേയ്ക്കു നോക്കണമെന്ന് യുവജനങ്ങളോടു മാര്‍പാപ്പ

അവരവരിലേയ്ക്കു നോക്കിക്കൊണ്ടിരിക്കുന്ന നാര്‍സിസിസ്റ്റ് പ്രവണത ആധുനിക സമൂഹത്തിന്‍റെ ഒരു രോഗമാണെന്നും അതില്‍ നിന്നു പുറത്തു കടന്ന് മറ്റുള്ളവരിലേയ്ക്കു നോക്കാനും മറ്റുള്ളവരെ സഹായിക്കാനും യുവജനങ്ങള്‍ തയ്യാറാകണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. വളരെയധികം സ്വാര്‍ത്ഥത നിറഞ്ഞ ഒരു സംസ്കാരത്തിലാണ് നാമിന്നു ജീവിക്കുന്നത്. എന്നാല്‍ ഈ ആത്മരതി ദുഃഖമാണ് ഉണ്ടാക്കുക. ഓരോ ദിവസവും മറ്റുള്ളവരുടെ മുമ്പില്‍ എങ്ങനെ പ്രത്യക്ഷപ്പെടണമെന്ന ചിന്ത ഈ രോഗമുള്ളവരെ ആകുലരാക്കിക്കൊണ്ടിരിക്കും. ഇതിനെ കണ്ണാടിയുടെ രോഗമെന്നു വിളിക്കാം. ഈ കണ്ണാടി യുവജനങ്ങള്‍ തകര്‍ക്കണം. കണ്ണാടിയില്‍ നോക്കരുത്. കാരണം കണ്ണാടി കബളിപ്പിക്കുന്നു – മാര്‍ പാപ്പ പറഞ്ഞു. സ്പെയിനില്‍ നിന്നുള്ള ഒരു തീര്‍ത്ഥാടക സംഘത്തോടു സംസാരിക്കുകയായിരുന്നു മാര്‍പാപ്പ.

സ്പെയിനില്‍ സ്ഥാപിതമായ ഒരു ഭക്തസംഘടനയുടെ വാര്‍ഷികാഘോഷത്തോടനുബന്ധിച്ചായിരുന്നു അവരുടെ വത്തിക്കാന്‍ സന്ദര്‍ശനം. വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ സന്ദര്‍ശക സംഘത്തിലുണ്ടായിരുന്നു. പോള്‍ ആറാമന്‍ ഹാളില്‍ വച്ചു അവരുമായി സംവദിച്ച മാര്‍പാപ്പ അവര്‍ സ്വന്തം അനുഭവസാക്ഷ്യങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ ശ്രദ്ധാപൂര്‍വം കേള്‍ക്കുകയും പതിവുപോലെ നോട്ടുകള്‍ പകര്‍ത്തുകയും ചെയ്തുകൊണ്ടിരുന്നു. ഏകാന്തതയുടെയും ലഹരിയാസക്തിയുടെയും പിടിയില്‍ നിന്നു മോചിതരായവരുടെ സാക്ഷ്യങ്ങള്‍ ശ്രവിച്ച മാര്‍പാപ്പ അവരോടു പ്രത്യേകമായി സംസാരിക്കുകയും ചെയ്തു. കരുണയെ കുറിച്ചുള്ള പറച്ചില്‍ കൊണ്ടു മാത്രം കാര്യമില്ലെന്നും പുറത്തേക്കിറങ്ങി മറ്റുള്ളവരിലേയ്ക്കെത്തിച്ചേരണമെന്നും മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org