പാപുവായിലെ ആദിവാസി വൈദികരുടെ മരണങ്ങള്‍ വത്തിക്കാന്‍ അന്വേഷിക്കണമെന്നാവശ്യം

പാപുവായിലെ ആദിവാസി വൈദികരുടെ മരണങ്ങള്‍ വത്തിക്കാന്‍ അന്വേഷിക്കണമെന്നാവശ്യം

ഇന്‍ഡോനേഷ്യയിലെ ആദിവാസിമേഖലയായ പാപുവായിലെ ഒരു മെത്രാനും ഏതാനും വൈദികരും അപ്രതീക്ഷിതമായി മരണമടഞ്ഞതിന്‍റെ പിന്നിലെ യഥാര്‍ത്ഥ കാരണങ്ങള്‍ കണ്ടെത്തുന്നതിന് വത്തിക്കാന്‍ ഒരു വസ്തുതാന്വേഷണം നടത്തണമെന്നു പ്രാദേശിക സഭാനേതാക്കള്‍ ആവശ്യപ്പെട്ടു. ഇന്‍ഡോനേഷ്യന്‍ ഭരണകൂടം നടത്തുന്ന അന്വേഷണങ്ങളില്‍ തങ്ങള്‍ക്കു വിശ്വാസമില്ലെന്നും അവര്‍ പറഞ്ഞു. ബിഷപ് ജോണ്‍ ഫിലിപ് സാക്ലില്‍, ഫാ. നെലെസ് ടെബേയ്, ഫാ. യുലിയാനുസ് മോട്ടെ, ഫാ. ജാക് മോട്ടെ, ഫാ. മൈക്കിള്‍, ടെകെഗെ, ഫാ. നാറ്റോ ഗോബേ എന്നിവരാണ് അടുത്തടുത്ത ദിവസങ്ങളില്‍ മരണപ്പെട്ടത്. പാപുവായിലെ ആദിവാസികളുടെ അവകാശസംരക്ഷണത്തിനായി മുന്‍നിരയില്‍ നിന്നു പ്രവര്‍ത്തിച്ചിരുന്നവരാണ് എല്ലാവരും തന്നെ.

ആഗസ്റ്റ് 2-ന് ഉച്ചഭക്ഷണത്തിനു ശേഷം പെട്ടെന്നു കുഴഞ്ഞു വീണു മരിക്കുകയായിരുന്നു ബിഷപ് സാക്ലില്‍. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ഫാ. യുലിയാനുസ് ആശുപത്രിയില്‍ വച്ചു മരിച്ചു. എയര്‍ പോര്‍ട്ടില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചിരുന്നത്. 51 വയസ്സായിരുന്നു അദ്ദേഹത്തിന്. മറ്റുളളവരില്‍ ഒരാളുടേതൊഴികെ മറ്റെല്ലാ മരണങ്ങളും സമാനമാണ്. ഒരു വൈദികന്‍റെ മരണം രക്താര്‍ബുദം ബാധിച്ചാണെന്നാണ് ആശുപത്രിയധികൃതരുടെ റിപ്പോര്‍ട്ട്. പക്ഷേ പാപുവായിലെ ജനങ്ങള്‍ പൊതുവെ ഇതു വിശ്വസിക്കുന്നില്ല.

ഇന്‍ഡോനേഷ്യന്‍ ഭരണകൂടത്തിനെതിരെ 1960-കള്‍ മുതല്‍ അവകാശസമരങ്ങള്‍ നടത്തി വരുന്ന ഒരു പ്രദേശമാണ് പാപുവ. ജനങ്ങളില്‍ പകുതിയും ആദിവാസികളാണ്. കുടിയേറ്റക്കാര്‍ അവരെ ചൂഷണം ചെയ്യുകയും ആദിവാസിക്ഷേമപദ്ധതികളുടെ പ്രയോജനം കുടിയേറ്റക്കാര്‍ സ്വന്തമാക്കുകയും ചെയ്യുന്നുവെന്നതാണ് ആദിവാസികളുടെ പരാതി. ഇന്‍ഡോനേഷ്യയില്‍ നിന്നു സ്വാതന്ത്ര്യം വേണമെന്നാവശ്യപ്പെട്ട് നിരവധി പ്രക്ഷോഭങ്ങള്‍ ഇവിടെ നടന്നിട്ടുണ്ട്. ഹിതപരിശോധന നടത്തണമെന്നാവശ്യപ്പെട്ട് 18 ലക്ഷം പാപുവാ നിവാസികള്‍ ഒപ്പു വച്ച നിവേദനം ഐക്യരാഷ്ട്രസഭയ്ക്കു നല്‍കിയിരുന്നു. പ്രക്ഷോഭകരില്‍ അനേകം പേര്‍ ദുരൂഹസാഹചര്യങ്ങളില്‍ ജയിലിലും മറ്റുമായി കൊല്ലപ്പെട്ടിട്ടുണ്ട്. ആദിവാസികളുടെ മനുഷ്യാവകാശസംരക്ഷണത്തിനായി ശക്തമായി പ്രവര്‍ത്തിക്കുന്നവരാണ് ഇവിടത്തെ കത്തോലിക്കാവൈദികര്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org