ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്ന പാര്‍ട്ടികള്‍ക്കു പിന്തുണ – ക്രൈസ്തവ നേതാക്കള്‍

ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്ന പാര്‍ട്ടികള്‍ക്കു പിന്തുണ – ക്രൈസ്തവ നേതാക്കള്‍

മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ ആറു മാസത്തിനുള്ളില്‍ നടക്കാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്ന പാര്‍ട്ടികള്‍ക്ക് വോട്ട് ചെയ്യണമെന്ന് അവിടത്തെ ക്രൈസ്തവ നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു. വിവിധ ക്രൈസ്തവ വിഭാഗങ്ങളുടെ കൂട്ടായ്മയായ 'സര്‍വ ഇസൈ മഹാസംഘ്' എന്ന സംഘടനയാണ് മതന്യൂനപക്ഷങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുകയും അവരോടു വിവേചനയും വിദ്വേഷവും പുലര്‍ത്തുകയും ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വോട്ടു നല്‍കരുതെന്ന് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും നിലവില്‍ ബിജെപി സര്‍ക്കാരാണ് ഭരണം നടത്തുന്നത്. അടുത്ത നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് അവിടെ നിയമസഭാ തിരഞ്ഞെടുപ്പു നടക്കേണ്ടത്. ബിജെപി ഭരിക്കുന്ന കേന്ദ്ര സര്‍ക്കാരിന്‍റെ കാലാവധി പൂര്‍ത്തിയാക്കി അടുത്തവര്‍ഷം മെയ്മാസത്തില്‍ പൊതുതിരഞ്ഞെടുപ്പും ആഗതമാകുകയാണ്.

രാജ്യത്തിന്‍റെ ചരിത്രത്തില്‍ മതത്തിന്‍റെയും ജാതിയുടെയും പേരില്‍ ജനങ്ങള്‍ വിഭജിതമാകുന്ന വളരെ നിര്‍ണായകമായ ഒരു കാലഘട്ടത്തിലൂടെയാണു നാം കടന്നു പോകുന്നതെന്ന് മധ്യപ്രദേശിന്‍റെ തലസ്ഥാനമായ ഭോപ്പാലിലെ ആര്‍ച്ചുബിഷപ് ലിയോ കൊര്‍ണേലിയോ പറഞ്ഞു. രാജ്യത്തിന്‍റെ മതേതര സങ്കല്‍പങ്ങള്‍ക്കു ഭീഷണിയാകുന്ന അപകടകരമായ ഒരു സാഹചര്യം നിലനില്‍ക്കുന്നുണ്ട്. അതെന്തായാലും ദരിദ്രരെയും അവശതയനുഭവിക്കുന്നവരെയും സഹായിക്കുന്ന ദൗത്യങ്ങള്‍ സഭ തുടരുക തന്നെ ചെയ്യും — ആര്‍ച്ചു ബിഷപ് വിശദീകരിച്ചു. മത ന്യൂനപക്ഷങ്ങള്‍ക്കു നേരെ വര്‍ദ്ധിതമാകുന്ന അസഹിഷ്ണുതകളെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ ഭോപ്പാലില്‍ സമ്മേളിച്ച എഴുനൂറോളം ക്രൈസ്തവ പ്രതിനിധികളുടെ യോഗത്തില്‍ പങ്കെടുക്കാനെത്തിയതാണ് ആര്‍ച്ചുബിഷപ് ലിയോ കൊര്‍ണേലിയോ.

ഹിന്ദുമത തീവ്രവാദികള്‍ ക്രൈസ്തവ ന്യൂനപക്ഷങ്ങളെ കരുതിക്കൂട്ടി ആക്രമിക്കുകയാണെന്ന് ക്രിസ്ത്യന്‍ നേതാക്കള്‍ ആരോപിച്ചു. ഹിന്ദു ദേശീയതയുടെയും ഹൈന്ദവരാഷ്ട്രം എന്ന ചിന്തയുടെയും പേരില്‍ ബിജെപിയുടെ പിന്തുണയോടെയാണ് അതിക്രമങ്ങള്‍ നടക്കുന്നത്. മുസ്ലീങ്ങളും ഇത്തരത്തില്‍ പീഡിപ്പിക്കപ്പെടുന്നതായി അവര്‍ കുറ്റപ്പെടുത്തി. ക്രിസ്ത്യന്‍ പാസ്റ്റര്‍മാരെയും മതപരമായ ശുശ്രൂഷകളില്‍ പങ്കെടുക്കുന്ന ക്രൈസ്തവരെയും ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ വര്‍ദ്ധിക്കുകയാണെന്നും ക്രൈസ്തവ നേതാക്കള്‍ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org