“പാതകളുടെ പദവിമാറ്റം സുപ്രീംകോടതി വിധികളെ അപ്രസക്തമാക്കും”

രാജ്യത്തെ പരമോന്നത കോടതിയുടെ സുപ്രധാന വിധികളെ അപ്രസക്തമാക്കുന്നതാവും ദേശീയ-സംസ്ഥാന പാതകളുടെ പദവി മാറ്റവുമായി ബന്ധപ്പെട്ട സര്‍ക്കാരിന്‍റെ നീക്കമെന്നും ഇതിനെ നിയമപരമായിതന്നെ നേരിടേണ്ടതാണെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന നേതൃയോഗം അഭിപ്രായപ്പെട്ടു.

സുപ്രീംകോടതിയുടെ രണ്ടുവിധികളും അര്‍ത്ഥശങ്കക്കിടയില്ലാതെ വ്യക്തമാക്കിയത് രാജ്യത്തെ ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ നിമിത്തം ഓരോ വര്‍ഷവും കൊല്ലപ്പെടുന്നതും അപകടപ്പെടുന്നതുമായ മനുഷ്യജീവനുകളുടെ കണക്കുകളുടെ അടിസ്ഥാനമാണ്. പാതകളുടെ പേരിന്‍റെ പേരിലല്ല അപകടം സംഭവിക്കുന്നതെന്ന് വ്യക്തമാണ്. പദവിയോ ബോര്‍ഡോ മാറ്റിയാല്‍ ഈ സാഹചര്യം മാറുന്നില്ലായെന്ന് ഭരണക്കാര്‍ അറിയണം.

ടൂറിസം മേഖലയിലെ തിരിച്ചടിക്ക് കാരണം മദ്യശാലകളുടെ നിരോധനമാണെന്ന പ്രചരണം ശുദ്ധ അസംബന്ധമാണ്. യഥേഷ്ടം മദ്യശാലകള്‍ അനുവദിച്ച് മദ്യവര്‍ജ്ജനം പറയുന്നവര്‍ സ്വയം അവഹേളിതരാകുകയാണ്. വര്‍ജ്ജനമാണ് തങ്ങളുടെ നയമെന്ന് പറയുന്നതിലെ രഹസ്യാത്മകതയാണ് പാതകളുടെ പദവിമാറ്റ നീക്കവും ഓര്‍ഡിനന്‍സും. പതിറ്റാണ്ടുകളുടെ ശ്രമഫലമായി നേടിയെടുത്ത ദേശീയ പാതാ പദവി ഫണ്ടുകളും ആനുകൂല്യങ്ങളും പാത സംരക്ഷണവുമെല്ലാം മദ്യശാലകള്‍ക്കുവേണ്ടി ഇല്ലാതാക്കുന്നുണ്ടെങ്കില്‍ അതിന് പിന്നില്‍ ദുരൂഹതയുണ്ട്. കെസിബിസി മദ്യവിരുദ്ധ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് റെമീജിയൂസ് ഇഞ്ചനാനിയില്‍, ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്യോസ്, ബിഷപ് ഡോ. ക്രിസ്തുദാസ് ആര്‍., ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, അഡ്വ. ചാര്‍ളി പോള്‍, പ്രസാദ് കുരുവിള, ഫാ. പോള്‍ കാരാച്ചിറ, യോഹന്നാന്‍ ആന്‍റണി, സിസ്റ്റര്‍ ആനീസ് തോട്ടപ്പിള്ളി, രാജു വലിയാറ, ജോസ് ചെമ്പിശ്ശേരി, തോമസുകുട്ടി മണക്കുന്നേല്‍, ദേവസ്യ കെ. വര്‍ഗീസ്, ബനഡിക്ട് ക്രിസോസ്റ്റോം, തങ്കച്ചന്‍ വെളിയില്‍, ആന്‍റണി ജേക്കബ്, തങ്കച്ചന്‍ കൊല്ലക്കൊമ്പില്‍, ഷിബു കാച്ചപ്പള്ളി, വൈ. രാജു എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org