പഴയ പള്ളികള്‍: വത്തിക്കാനില്‍ സമ്മേളനം നടത്തി

വിശ്വാസികളില്ലാത്തതിനാല്‍ അടച്ചു പൂട്ടുന്ന പള്ളികള്‍ എന്തു ചെയ്യണമെന്നതു സംബന്ധിച്ച് രൂപതകള്‍ക്കു നല്‍കേണ്ട മാര്‍ഗദര്‍ശനങ്ങളെ കുറിച്ചാലോചിക്കാന്‍ വത്തിക്കാനില്‍ സമ്മേളനം നടത്തി. ആരാധനാലയങ്ങളില്‍ ആരാധനയ്ക്ക് ആളില്ലാതായാലും അവയെ സുവിശേഷവത്കരണത്തിനും ഉപവിയ്ക്കും ഉള്ള ഉപകരണങ്ങളായി ഉപയോഗിക്കാന്‍ കഴിയുമെന്ന് സമ്മേളനത്തിനയച്ച സന്ദേശത്തില്‍ മാര്‍പാപ്പ ചൂണ്ടിക്കാട്ടി. വത്തിക്കാന്‍ സാംസ്കാരിക കാര്യാലയമാണ് സമ്മേളനം സംഘടിപ്പിച്ചത്. സഭ ഉപേക്ഷിക്കുന്ന ചില പള്ളികള്‍ തികച്ചും മതവിരുദ്ധമായ കാര്യങ്ങള്‍ക്കായി ഉപയോഗിക്കപ്പെടുകയും അതു സംബന്ധിച്ച വാര്‍ത്തകള്‍ ഉതപ്പുകളുണ്ടാക്കുകയും ചെയ്യുന്ന സാഹചര്യത്തിലായിരുന്നു വത്തിക്കാനിലെ സമ്മേളനം.

പഴയ പള്ളികളുടെ അള്‍ത്താരകളടക്കം പുതിയ ഉടമകള്‍ നിലനിറുത്തുകയും പലതരം ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയും ചെയ്യുന്നത് വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. പള്ളികളുടെ വാസ്തുശില്പപൈതൃകത്തിനിണങ്ങുന്ന ആവശ്യങ്ങള്‍ക്കു മാത്രമേ അവ ഉപയോഗിക്കാന്‍ നല്‍കാവൂ എന്ന നിര്‍ദേശം സഭയില്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. വിശ്വാസികളുടെ എണ്ണം കുറയുന്നതും നടത്തിപ്പിനുള്ള ബുദ്ധിമുട്ടുകളും മൂലം യൂറോപ്പിലും അമേരിക്കയിലും നിരവധി പള്ളികളുടെ ഉടമസ്ഥത സഭ കൈമാറിയിരുന്നു. പുതിയ യാഥാര്‍ത്ഥ്യങ്ങളുടെ സങ്കീര്‍ണത മനസ്സിലാക്കിയും വിശ്വാസം കൈവിടാതെയും ഇക്കാര്യങ്ങള്‍ കൈകാര്യം ചെയ്യണമെന്നു സമ്മേളനത്തില്‍ നിര്‍ദേശമുയര്‍ന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org