സമാധാനം അനുദിനം മനുഷ്യന്‍ നിര്‍മ്മിക്കേണ്ടത് -ഫ്രാന്‍സിസ് മാര്‍പാപ്പ

സമാധാനം അനുദിനം മനുഷ്യന്‍ നിര്‍മ്മിക്കേണ്ടത് -ഫ്രാന്‍സിസ് മാര്‍പാപ്പ

സമാധാനം മനുഷ്യന്‍ സ്വന്തം കരങ്ങള്‍ കൊണ്ടു നിര്‍മ്മിക്കുന്നതാണെന്നും അത് ഓരോ ദിവസവും നിര്‍മ്മിച്ചുകൊണ്ടിരിക്കേണ്ടതാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. ജനതകള്‍ക്കിടയിലെ സൗഹൃദം, പരസ്പര ധാരണ, പരസ്പരാദരവ് എന്നിവയെല്ലാം ഇങ്ങനെ തന്നെയാണ്. നിങ്ങളുടെ ചിന്ത സത്യസന്ധമായി വെളിപ്പെടുത്തിക്കൊണ്ട് മറ്റുള്ളവരെ ആദരിക്കുക – മാര്‍പാപ്പ പറഞ്ഞു. ഫാത്തിമാ മാതാവിന്‍റെ തീര്‍ത്ഥകേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തി മടങ്ങുമ്പോള്‍ വിമാനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു മാര്‍പാപ്പ. ഫാത്തിമായില്‍ പരി. മാതാവ് ദര്‍ശനം നല്‍കിയതിന്‍റെ ശതാബ്ദിയാഘോഷങ്ങളോടനുബന്ധിച്ചായിരുന്നു മാര്‍പാപ്പയുടെ സന്ദര്‍ശനം. ദര്‍ശനം ലഭിച്ച മൂന്ന് ഇടയബാലകരെ വിശുദ്ധരായി പ്രഖ്യാപിക്കുകയും ചെയ്തു. ഫാത്തിമായിലെ ബാലകരിലൂടെ നല്‍കപ്പെട്ടത് മനുഷ്യവംശത്തിനുള്ള സമാധാന സന്ദേശമായിരുന്നു എന്ന് മാര്‍പാപ്പ വ്യക്തമാക്കി. ദര്‍ശനങ്ങളുടെ ചാപ്പലില്‍ നടന്ന പ്രാര്‍ത്ഥനയില്‍ സ്വയം "വെള്ള വസ്ത്രമിട്ട മെത്രാന്‍" എന്നു മാര്‍പാപ്പ വിശേഷിപ്പിച്ചിരുന്നു. ഫാത്തിമായില്‍ മാതാവ് നല്‍കിയ സന്ദേശത്തില്‍ ഇങ്ങനെയൊരു പരാമര്‍ശമുണ്ടായിരുന്നു. അത് മാര്‍പാപ്പയെയാണ് സൂചിപ്പിക്കുന്നത് എന്നും പറയപ്പെട്ടിരുന്നു. ഇപ്പോള്‍ ഈ വിശേഷണമുപയോഗിച്ചതിനെക്കുറിച്ചു ചോദിച്ചപ്പോള്‍, അ തു തീര്‍ത്ഥകേന്ദ്രത്തിന്‍റെ അധികൃതര്‍ തയ്യാറാക്കിയ പ്രാര്‍ത്ഥനയാണെന്നായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മറുപടി. ഫാത്തിമായിലെ മൂന്നാം രഹസ്യം 2000-ല്‍ അന്നു കാര്‍ഡിനല്‍ റാറ്റ്സിംഗറായിരുന്ന ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ പൂര്‍ണമായി വെളിപ്പെടുത്തിയതാണെന്നും അതില്‍ കൂടുതലൊന്നും അതേക്കുറിച്ചു പറയാനില്ലെന്നും ഫ്രാന്‍ സിസ് മാര്‍പാപ്പ വ്യക്തമാക്കി.

താന്‍ വ്യക്തികളെ വിധിക്കാറില്ലെന്നു യു എസ് പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപു മായുള്ള കൂടിക്കാഴ്ചയെ കുറിച്ചുള്ള ചോദ്യത്തിനു മാര്‍പാപ്പ മറുപടി നല്‍കി. കാര്യങ്ങള്‍ സംഭാഷണത്തില്‍ നിന്ന് ഉരുത്തിരിയട്ടെ. അദ്ദേഹത്തിന്‍റെ ചിന്ത അദ്ദേഹവും എന്‍റെ ചിന്ത ഞാനും പറയും. കുടിയേറ്റത്തെക്കുറിച്ചുള്ള എന്‍റെ അഭിപ്രായം ഇതിനകം നിങ്ങള്‍ക്കറിയാം. പൂര്‍ണമായി അടയാത്ത വാതിലുകള്‍ എപ്പോഴും ലഭ്യമാണ്. അതിലൂടെ കടന്ന് അഭിപ്രായ ഐക്യമുള്ള കാര്യങ്ങളെക്കുറിച്ചു സംസാരിക്കുകയും പടിപടിയായി മുന്നോട്ടു പോകുകയും വേണം – മാര്‍പാ പ്പ വിശദീകരിച്ചു.

മെജുഗോറിയില്‍ ഉണ്ടാകുന്നുവെന്നു പറയുന്ന പ. മാതാവിന്‍റെ ദര്‍ശനങ്ങളെല്ലാം സ്വകാര്യതലത്തിലുള്ള കാര്യമാണെന്നും പൊതുപ്രബോധനത്തിന്‍റെ ഭാഗമല്ലെന്നും മാര്‍പാപ്പ വ്യക്തമാക്കി. കാര്‍ഡിനല്‍ റുയിനിയുടെ നേതൃത്വത്തില്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ മെജുഗോറി ദര്‍ശനങ്ങളെ കുറിച്ചന്വേഷിക്കാന്‍ ഒരു കമ്മീഷനെ നിയമിച്ചിരുന്നുവെന്നും അവര്‍ വളരെ നല്ല ഒരു പഠനറിപ്പോര്‍ട്ട് അതേ കുറിച്ചു നല്‍കിയിട്ടുണ്ടെന്നും പാപ്പ ചൂണ്ടിക്കാട്ടി. ദര്‍ശകര്‍ കുട്ടികളായിരുന്ന സമയത്തുണ്ടായ ആദ്യകാല ദര്‍ശനങ്ങളെ പിന്നീടുണ്ടായതായി പറയുന്ന ദര്‍ശനങ്ങളില്‍ നിന്നു വേറിട്ടു കാണണമെന്നാണ് ആ റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നത്. ഇപ്പോള്‍ ഉണ്ടാകുന്നതായി പറയുന്ന ദര്‍ശനങ്ങളെക്കുറിച്ച് ആ റിപ്പോര്‍ട്ട് ചില സംശയങ്ങള്‍ മുന്നോട്ടു വയ്ക്കുന്നുണ്ട് – മാര്‍പാപ്പ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org