പെരിയാറിലെ രാസമലിനീകരണത്തിനെതിരെ നടന്ന റാലിയും പൊതുസമ്മേളനവും

പെരിയാറിലെ രാസമലിനീകരണത്തിനെതിരെ നടന്ന റാലിയും പൊതുസമ്മേളനവും

കൊച്ചി: പെരിയാറിലെ രാസമലിനീകരണത്തിനെതി രെ വിവിധ സന്നദ്ധപ്രസ്ഥാനങ്ങളുടെ കൂട്ടായ്മയായ കളക്ടീവ് ഫോര്‍ റൈറ്റ് ടു ലിവിന്‍റെയും (കോറല്‍) എറണാ കുളം-അങ്കമാലി, വരാപ്പുഴ അതിരൂപതകളിലെ സംയുക്ത പരിസ്ഥിതി സമിതിയുടെയും നേതൃത്വത്തില്‍ കൊച്ചി നഗരത്തില്‍ നടന്ന ബഹുജനറാലിയിലും മറൈന്‍ ഡ്രൈവില്‍ നടന്ന പൊതുസമ്മേളനത്തിലും ആയിരങ്ങള്‍ പങ്കെടുത്തു. രണ്ട് അതിരൂപതകളിലെയും വൈദിക, സമര്‍പ്പിത, അല്മായര്‍ക്കു പുറമേ, സമൂഹത്തിന്‍റെ നാനാതുറകളില്‍നിന്നുള്ളവരും പെരിയാറിനായി ഒത്തുകൂടി.
പണവും സ്വാധീനവുമുള്ളവരുടെ അത്യാര്‍ത്തിയാണു പെരിയാര്‍ മലിനീകരിക്കപ്പെടുന്നതിനു പിന്നിലെന്നു സമ്മേളനം ഉദ്ഘാടനം ചെയ്ത മണിപ്പൂരിലെ സമരനായികയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ഇറോം ശര്‍മിള പറഞ്ഞു. വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. പെരിയ വിഷത്തിന്‍റെ ആറായി മാറിക്കൊണ്ടിരിക്കുന്ന പെരിയാറിന്‍റെ ഉയിര്‍ത്തെഴുന്നേല്‍പിനായി കൂട്ടായ പ്രയത്നം ആവശ്യമാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
പുഴകളും വായുവും മണ്ണും മലിനമാക്കപ്പെടുമ്പോള്‍ ജീവന്‍റെ സംസ്കാരമാണു ചോദ്യം ചെയ്യപ്പെടുന്നതെന്ന് എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടില്‍ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി.
പെരിയാര്‍ മലിനീകരണ വിരുദ്ധ സമരത്തിന്‍റെ അടുത്ത ഘട്ടം കോറല്‍ കോ ഓര്‍ഡിനേറ്റര്‍ ഫാ. അഗസ്റ്റിന്‍ വട്ടോലി അവതരിപ്പിച്ചു.
പെരിയാറിലെ രാസമാലി ന്യത്തെക്കുറിച്ചു ഡോ. ജി. ഡി. മാര്‍ട്ടിന്‍ എഴുതിയ പഠനഗ്രന്ഥം ചടങ്ങില്‍ പ്രകാശനം ചെയ്തു. ഡോ. സാറാ ജോസഫ്, തിരുവനന്തപുരം പാളയം മുന്‍ ഇമാം യൂസഫ് മുഹമ്മദ്, കേരള ധീവര മഹാസഭ പ്രസിഡന്‍റ് കെ. കെ. ദിനകരന്‍, ഐഎന്‍ടിയുസി അഖിലേന്ത്യാ സെക്രട്ടറി കെ.പി. ഹരിദാസ്, എം.കെ. പ്രസാദ്, ഡോ. ജി. ഡി. മാര്‍ട്ടിന്‍, ആദിവാസി ഗോത്രമഹാസഭ സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ എം. ഗീ താനന്ദന്‍, കുടിവെള്ള സംരക്ഷണസമിതി ചെയര്‍മാന്‍ സി.എസ്. മുരളി, എന്‍.ജെ. പയസ്, വിവിധ സംഘടനകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
നേരത്തെ മറൈന്‍ഡ്രവില്‍ നിന്നാരംഭിച്ച റാലി ബിഷപ് മാര്‍ ജോസ് പുത്തന്‍വീട്ടില്‍ നയിച്ചു. നോര്‍ത്ത് മേല്പാലത്തിനടുത്തെത്തി തിരിച്ചു മറൈന്‍ ഡ്രൈവില്‍ സമാപിച്ച റാലിയില്‍, വൈദികരും സമര്‍പ്പിതരും പരിസ്ഥിതി സ്നേഹികളും ഉള്‍പ്പെടെ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു.
ദശകങ്ങളായി പെരിയാറില്‍ രാസമാലിന്യം തള്ളിക്കൊണ്ടിരുന്ന റെഡ് കാറ്റഗറി വ്യവസായങ്ങള്‍ അടച്ചുപൂട്ടുക, കുടിവെള്ള പമ്പിംഗ് അടിയന്തിരമായി സുരക്ഷിതമേഖലയിലേക്ക് മാറ്റുക, പെരിയാറിലെ മാലിന്യം നീക്കാന്‍ സമഗ്ര പദ്ധതി ത യ്യാറാക്കുക, മത്സ്യതൊഴിലാളി കര്‍ഷക പരമ്പരാഗത സമൂഹങ്ങള്‍ക്കു നഷ്ടപരിഹാരം നല്കി പുനരധിവസിപ്പിക്കുക, കൊച്ചിയിലെ കാന്‍സര്‍, കിഡ്നി രോഗങ്ങളെ സംബന്ധിച്ച് സമഗ്ര സര്‍വേ നടത്തി ധവളപത്രം പുറപ്പെടുവിക്കുക തുടങ്ങിയ ആവശ്യങ്ങളുയര്‍ത്തി ജലദിനമായ 22-ന് ഹൈക്കോടതി ജംഗ്ഷനില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദി. മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്ത ഉപവാസ സത്യഹ്രഹത്തിന്‍റെ തുടര്‍ച്ചയായാണ്, റാലിയും പൊതുസമ്മേളനവും നടന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org