കഴിഞ്ഞ നാലു വര്‍ഷങ്ങളില്‍ ക്രൈസ്തവ പീഡനങ്ങള്‍ ക്രമാതീതമായി വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്

കഴിഞ്ഞ നാലു വര്‍ഷങ്ങളില്‍ ക്രൈസ്തവ പീഡനങ്ങള്‍ ക്രമാതീതമായി വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്

കഴിഞ്ഞ നാലു വര്‍ഷത്തെ കാലയളവില്‍ (2016 – 2019) ഭാരതത്തിലെ 25 സംസ്ഥാനങ്ങളിലും മൂന്നു കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി ക്രൈസ്തവര്‍ക്കു നേരിടേണ്ടി വന്നത് വിദ്വേഷത്തിന്‍റെ പേരിലുള്ള 1774 പീഡനങ്ങളാണെന്ന് പെര്‍സിക്യൂഷന്‍ റിലീഫിന്‍റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരായ പീഡനങ്ങള്‍ 59.6 ശതമാനമാണെന്ന് ഇതു സംബന്ധിച്ചു പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങള്‍ വര്‍ദ്ധമാനമാകുകയാണെന്ന് കണക്കുകള്‍ സമര്‍ത്ഥിക്കുന്നു. കഴിഞ്ഞ വര്‍ഷം 527 സംഭവങ്ങളുണ്ടായി. 2018 ല്‍ 447, 2017 ല്‍ 440, 2016 ല്‍ 330 എന്നിങ്ങനെയാണ് ക്രൈസ്തവ വിദ്വേഷത്തിന്‍റെ തോത്. 2016 ല്‍ നിന്ന് 2019 ലേക്കു വരുമ്പോള്‍ കുറ്റകൃത്യങ്ങളുടെ വര്‍ദ്ധന 179.4 ശതമാനമാണെന്നും ഭാരതത്തിലെ ക്രൈസ്തവ പീഡനങ്ങള്‍ നിരീക്ഷിക്കുന്ന പൊതുസമിതിയായ പെര്‍സിക്യൂഷന്‍ റിലീഫിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ മൂന്നു വര്‍ഷങ്ങള്‍ തുടര്‍ച്ചയായി നോക്കിയാല്‍ ക്രൈസ്തവ പീഡനങ്ങള്‍ കൂടുതല്‍ നടന്നിട്ടുള്ളത് ഉത്തര്‍പ്രദേശിലാണ്. രണ്ടാം സ്ഥാനം 75 സംഭവങ്ങളുമായി തമിഴ്നാടിനാണെങ്കില്‍ 32 സംഭവങ്ങള്‍ അരങ്ങേറിയ കര്‍ണാടക മൂന്നാം സ്ഥാനത്തു നില്‍ക്കുന്നു. തൊട്ടുപിന്നില്‍ മഹാരാഷ്ട്രയും ബീഹാറുമാണ്.

2019 ല്‍ നാലു ക്രിസ്ത്യാനികള്‍ അതിക്രമങ്ങളില്‍ കൊല്ലപ്പെടുകയുണ്ടായി. അതേവര്‍ഷം ഭീഷണിയുടെയും ഉപദ്രവങ്ങളുടെയും 199 സംഭവങ്ങള്‍ അരങ്ങേറി, ദേവാലയങ്ങള്‍ക്കു നേരെ 104 അക്രമങ്ങള്‍ നടന്നു. ശാരീരിക ആക്രമണത്തിന്‍റെ 85 സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു. വര്‍ഗീയവാദികളുടെയോ പ്രാദേശിക ഭരണകൂടത്തിന്‍റെയോ ഉദ്യോഗസ്ഥരുടെയോ നിര്‍ബന്ധത്താല്‍ നൂറോളം പള്ളികളും പ്രാര്‍ത്ഥനാലയങ്ങളും അടച്ചുപൂട്ടേണ്ടി വന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

2017 ല്‍ നല്‍കപ്പെട്ട പെര്‍സിക്യൂഷന്‍ റിലീഫിന്‍റെ ടോള്‍ ഫ്രീ നമ്പറിലേക്ക് കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് 2718 ഫോണ്‍ വിളികളാണു വന്നത്. 2019 ല്‍ മാത്രം 739 ഫോണ്‍ കോളുകള്‍ വന്നു. ഏതെങ്കിലും പ്രത്യേക സംസ്ഥാനത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല ക്രൈസ്തവ പീഡനങ്ങളെന്നും ബിജെപി നിയന്ത്രണത്തിലുള്ള സംസ്ഥാനങ്ങളില്‍ മതസ്വാതന്ത്ര്യത്തിനും മതന്യൂനപക്ഷങ്ങള്‍ക്കുള്ള ഭരണഘടനാപരമായ അവകാശങ്ങള്‍ക്കും എതിരായുള്ള പ്രവണതകളില്‍ നിന്നു ജനക്കൂട്ടത്തെ പിന്തിരിപ്പിക്കാനുള്ള പരിശ്രമങ്ങള്‍ ഉത്തരവാദിത്വപ്പെട്ടവര്‍ സ്വീകരണിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org