സെക്രട്ടറിയേറ്റു സമുച്ചയത്തില്‍ ദേവാലയത്തിനു നിവേദനം

സെക്രട്ടറിയേറ്റു സമുച്ചയത്തില്‍ ദേവാലയത്തിനു നിവേദനം
Published on

ഹൈദരാബാദ്: തെലുങ്കാനയില്‍ പുതിയതായി നിര്‍മ്മിക്കുന്ന സെക്രട്ടറിയേറ്റ് സമുച്ചയത്തില്‍ ക്രിസ്ത്യന്‍ ദേവാലയം നിര്‍മ്മിക്കാനുള്ള അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് തെലുങ്കാനയിലെ സഭകളുടെ കൂട്ടായ്മയായ ഫെഡറേഷന്‍ ഓഫ് തെലുങ്ക് ചര്‍ച്ചസ് സര്‍ക്കാരിനു നിവേദനം നല്‍കി. സെക്രട്ടറിയേറ്റു പുനര്‍നിര്‍മ്മാണത്തിനിടെ കോമ്പൗണ്ടിലുണ്ടായിരുന്ന രണ്ടു മോസ്‌ക്കുകള്‍ക്കും ഒരു ക്ഷേത്രത്തിനും കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഭക്തജന ങ്ങളുടെയും പ്രതിപക്ഷത്തിന്റെയും എതിര്‍പ്പുകള്‍ ക്ഷണിച്ചുവരുത്തിയ ഇതിനു പ്രതിവിധിയായി ഈ ആരാധാന കേന്ദ്രങ്ങള്‍ സെക്രട്ടറിയേറ്റ് സമുച്ചയത്തില്‍ പുനര്‍നിര്‍മ്മിച്ചു നല്‍കുമെന്നു മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു പ്രഖ്യാപിച്ചിരുന്നു.

ഈ സാഹചര്യത്തില്‍ പഴയ സെക്രട്ടറിയേറ്റില്‍ മുന്‍പു ക്രൈസ്തവ ആരാധനകള്‍ക്കായി സൗകര്യം ഏര്‍പ്പെടുത്തിയിരുന്ന കാര്യം അനുസ്മരിപ്പിച്ചുകൊണ്ട് പുതിയ നിര്‍മ്മാണത്തില്‍ ദേവാലയത്തിനു സ്ഥലം കണ്ടെത്തണമെന്നാണ് ക്രൈസ്തവ മതനേതാക്കള്‍ ആവശ്യമുന്നയിച്ചിരിക്കുന്നത്. മുന്‍പ് എല്ലാ ബുധനാഴ്ചകളിലും ഉച്ചഭക്ഷണസമയത്ത് കെ ബ്ലോക്കിലെ അസോസിയേഷന്‍ ഹാളിലും പിന്നീട് 2007-ല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വൈ.എസ്. രാജശേഖര റെഡ്ഡി ഉദ്ഘാടനം ചെയ്ത എല്‍ ബ്ലോക്കിനു എതിര്‍വശത്തുള്ള ഷെഡ്ഡിലും ക്രൈസ്തവര്‍ക്കായി പ്രാര്‍ത്ഥ നകള്‍ നടത്തിയിരുന്നതായി നിവേദന ത്തില്‍ മതനേതാക്കള്‍ വ്യക്തമാക്കി.

സെക്രട്ടറിയേറ്റ് സമുച്ചയത്തില്‍ ദേവാലയത്തിനു സ്ഥലം നല്‍കണമെന്ന ആവശ്യം ഏറെ നാളുകളായി നിലനില്‍ക്കുന്നതാണ്. ഇപ്പോള്‍ ക്ഷേത്രവും മോസ്‌കും നിര്‍മ്മിച്ചു നല്‍കുന്ന വേളയില്‍ രാജ്യത്തിന്റെ മതേതര പാരമ്പര്യം സംരക്ഷിച്ചുകൊണ്ട്, ക്രൈസ്തവര്‍ക്കായി ദേവാലയവും നിര്‍മ്മിച്ചു നല്‍കണമെന്ന ആവശ്യമാണ് മതനേതാക്കള്‍ മുന്നോട്ടു വയ്ക്കുന്നത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org