കൊലകള്‍ തുടര്‍ക്കഥ: ഫിലിപ്പൈന്‍സ് വൈദികര്‍ തോക്കു ലൈസന്‍സ് തേടുന്നു

കൊലകള്‍ തുടര്‍ക്കഥ: ഫിലിപ്പൈന്‍സ് വൈദികര്‍ തോക്കു ലൈസന്‍സ് തേടുന്നു

ഫിലിപ്പൈന്‍സില്‍ കത്തോലിക്കാ പുരോഹിതരുടെയും മതപ്രവര്‍ത്തകരുടെയും പക്കല്‍ നിന്നു തോക്ക് സൂക്ഷിക്കുന്നതിനുള്ള ലൈസന്‍സിനുള്ള അപേക്ഷകള്‍ ധാരാളമായി ലഭിക്കുന്നതായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. 188 കത്തോലിക്കാ വൈദികരാണ് തോക്കു ലൈസന്‍സിനായി അപേക്ഷ നല്‍കിയിട്ടുള്ളത്. കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ മൂന്നു വൈദികര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണിത്. അതേസമയം മെത്രാന്മാര്‍ വൈദികരുടെ ഈ നീക്കത്തോട് എതിരഭിപ്രായം രേഖപ്പെടുത്തി കഴിഞ്ഞിട്ടുണ്ട്.

ഫിലിപ്പൈന്‍സില്‍ ഒരു വൈദികനായിരിക്കുക എന്നത് കൊല്ലപ്പെടാനിടയുള്ള ഒരു ജോലിയായി കരുതുകയാണു വേണ്ടതെന്ന് കത്തോലിക്കാ മെത്രാന്‍ സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ് റോമുലോ വാല്ലെസ് പ്രസ്താവിച്ചു. സ്വയം പ്രതിരോധത്തിനായി ഒരു വൈദികന്‍ ആയുധമേന്തി നടക്കുന്നത് അധാര്‍മ്മികവും പൗരോഹിത്യത്തിനു നിരക്കുന്നതുമല്ലെന്ന് ബിഷപ് പാബ്ലോ ഡേവിഡ് അഭിപ്രായപ്പെട്ടു. തോക്കുമായി നടക്കാനാഗ്രഹിക്കുന്ന പുരോഹിതര്‍ പൗരോഹിത്യമുപേക്ഷിച്ച് പട്ടാളത്തില്‍ ചേരുകയോ ഗൗരവമായ ഒരു കൗണ്‍സലിംഗിനു വിധേയനാകുകയോ വേണം – ബിഷപ് പറഞ്ഞു. മെത്രാന്മാരുടെ കൂടി അനുമതിയില്ലാതെ വൈദികര്‍ക്ക് ആയുധധാരികളാകാന്‍ കഴിയില്ലെന്നും ബിഷപ് ചൂണ്ടിക്കാട്ടി. തന്‍റെ രൂപതയിലെ വൈദികര്‍ക്ക് തോക്കു സൂക്ഷിക്കാനുള്ള അനുമതി നല്‍കുകയില്ലെന്ന് ബിഷപ് റുപെര്‍ട്ടോ സാന്‍റോസ് വ്യക്തമാക്കി.

വൈദികര്‍ തോക്കു സ്വന്തമാക്കുന്നതിനോടു മെത്രാന്മാര്‍ എതിരാണെങ്കിലും പോലീസ് അധികാരികള്‍ അതിനെ അനുകൂലിക്കുകയാണ്. വൈദികര്‍ക്ക് തോക്കു ലൈസന്‍സ് നല്‍കുന്നതിനും തോക്കുപയോഗിക്കുന്നതിനുള്ള പരിശീലനം നേടുന്നതിനും തങ്ങള്‍ സഹായിക്കാമെന്ന് പോലീസ് ഡയറക്ടര്‍ ജനറല്‍ അറിയിച്ചു.
സ്വജീവന്‍ രക്ഷിക്കുന്നതിനുള്ള പോരാട്ടത്തിനിടെ മറ്റൊരാള്‍ കൊല്ലപ്പെട്ടാലും അതില്‍ തെറ്റില്ലെന്നാണ് വി. തോമസ് അക്വീനാസ് സുമ്മാ തിയോളിക്കയില്‍ എഴുതിയിട്ടുള്ളത്. അതേസമയം ആത്മരക്ഷാര്‍ത്ഥമാണെങ്കില്‍ പോലും വൈദികര്‍ ആയുധമെടുക്കുന്നത് ശരിയല്ലെന്നും അതേ ഗ്രന്ഥത്തില്‍ വി. അക്വീനാസ് വിശദീകരിക്കുന്നുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org