ഫോണ്‍ ഇന്‍ പരിപാടി

ഫോണ്‍ ഇന്‍ പരിപാടി

മാനന്തവാടി: ജില്ലയിലെ സ്കൂളുകള്‍ ആദിവാസി സൗഹൃദമായെങ്കില്‍ മാത്രമേ കൊഴിഞ്ഞുപോക്ക് തടയാന്‍ സാധിക്കുകയുളളൂവെന്ന് സബ് കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് പറഞ്ഞു. റേഡിയോ മാറ്റൊലി നവംബര്‍ 15-ന് സംഘടിപ്പിച്ച തത്സമയ ഫോണ്‍ ഇന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദിവാസി വിദ്യാര്‍ത്ഥികളെ ക്ലാസ്സ് ലീഡര്‍ സ്ഥാനത്തേക്ക് നിയമിക്കുകയും മറ്റും ചെയ്ത് വിദ്യാര്‍ത്ഥികളെ സ്കൂളുകളിലേക്ക് ആകര്‍ഷിക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂളുകളിലെത്തുന്നതിന് സൈക്കിള്‍ നല്‍കുന്ന പദ്ധതി പഞ്ചായത്തുകള്‍ ആവിഷ്കരിക്കുകയും ഫണ്ട് നീക്കിവെക്കുകയും വേണം. വിദ്യാഭ്യാസപരമായി ഉയര്‍ന്ന് വന്നെങ്കില്‍ മാത്രമേ ആദിവാസി വിഭാഗങ്ങള്‍ക്കിടയിലെ പോഷകാഹാരക്കുറവും മദ്യപാനശീലവും ഇല്ലാതാക്കാന്‍ കഴിയുകയുളളൂവെന്നും അദ്ദേഹം പറഞ്ഞു.

വയനാടിന്‍റെ വികസന സ്വപ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് സംഘടിപ്പിച്ച തത്സമയ പരിപാടി ശ്രോതാക്കളുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. പ്രളയാനന്തര ഭവന നിര്‍മ്മാണം, റോഡുകളുടെ ശോച്യാവസ്ഥ, കുടിവെളള പ്രശ്നം എന്നീ വിഷയങ്ങളാണ് ശ്രോതാക്കള്‍ പ്രധാനമായും സബ്കളക്ടറിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയത്. ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യവികസനം എന്നീ മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ച് നവ വയനാട് സൃഷ്ടിക്കുന്നതിനുളള പരിശ്രമങ്ങളാണ് നടക്കുന്നതെന്ന് സബ് കളക്ടര്‍ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org