ഫോണിലൂടെ കുമ്പസാരം സാധുവല്ലെന്നു പണ്ഡിതര്‍

കോവിഡ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ഫോണിലൂടെ കുമ്പസാരം നടത്തുന്നതിനു പെറുവിലെ കാരവെല്‍ രൂപതാദ്ധ്യക്ഷന്‍ ബിഷപ് റെയിന്‍ഹോള്‍ഡ് നാന്‍ തന്‍റെ രൂപതയിലെ വൈദികര്‍ക്കു നല്‍കിയ അനുമതി അഞ്ചു ദിവസത്തിനു ശേഷം പിന്‍വലിച്ചു. കുമ്പസാരത്തെക്കുറിച്ചു വത്തിക്കാന്‍ നല്‍കിയ മാര്‍ഗനിര്‍ദേശങ്ങളുടെ വെളിച്ചത്തിലാണ് ഇതെന്ന് ബിഷപ് പറഞ്ഞു. പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ കുമ്പസാരത്തിന് ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്നാണ് വത്തിക്കാന്‍ നിര്‍ദേശം. അടച്ചിട്ട കുമ്പസാരക്കൂടുകള്‍ക്കു പുറത്തു കുമ്പസാരം നടത്തുക, മുഖാവരണം ധരിക്കുക, സുരക്ഷിത അകലം പാലിക്കുക തുടങ്ങിയവയാണു നിര്‍ദേശങ്ങള്‍. ഫോണിലൂടെയുള്ള കുമ്പസാരത്തെക്കുറിച്ച് ഇതില്‍ പരാമര്‍ശമില്ല.

വ്യക്തികളുടെ ഭൗതികസാന്നിദ്ധ്യമില്ലാതെ കൂദാശകള്‍ സാധുവാകില്ലെന്നു കാനോന്‍ നിയമപണ്ഡിതരും ദൈവശാസ്ത്രജ്ഞരും വ്യക്തമാക്കിയിട്ടുണ്ട്. കത്തുകളിലൂടെയുള്ള കുമ്പസാരം സാധുവല്ലെന്ന് പതിനേഴാം നൂറ്റാണ്ടില്‍ സഭ വിശദീകരിച്ചതായി അവര്‍ ഓര്‍മ്മിപ്പിക്കുന്നു. ഫോണ്‍ വിളിയും ഓണ്‍ലൈന്‍ മുഖാമുഖവും പോലുള്ള മാര്‍ഗങ്ങള്‍ സ്വകാര്യത, രഹസ്യപാലനം തുടങ്ങിയ കാര്യങ്ങളെ കുറിച്ചും ആശങ്കയുണര്‍ത്തുന്നുണ്ട്. അതേ സമയം കോവിഡ് ബാധിതപ്രദേശങ്ങളില്‍ വൈദികര്‍ സ്വന്തം വാഹനങ്ങളില്‍ വിശ്വാസികളെ അങ്ങോട്ടു ചെന്നു കാണുക, പൊതുസ്ഥലങ്ങളില്‍ അകലവും സ്വകാര്യതയും പാലിച്ചു കുമ്പസാരം നടത്തുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും ക്രിയാത്മകമായ ഇത്തരം നൂതനമാര്‍ഗങ്ങള്‍ തേടാവുന്നതാണെന്നും അവര്‍ വ്യക്തമാക്കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org